ADVERTISEMENT

അഴിമതിക്കുമേൽ സർക്കാർ സംരക്ഷണക്കുട നിവർക്കുന്നതിന്റെ കാഴ്ചകൾ പലതും ഇതിനകം കേരളം കണ്ടുകഴിഞ്ഞതാണ്. അഴിമതിക്കെതിരെ സന്ധിയില്ലാസമരം നടത്തുമെന്നു പറഞ്ഞ് അധികാരത്തിലേറിയ സർക്കാരിന്റെ മറ്റൊരു ജനവിരുദ്ധ ഇടപെടൽകൂടി പൊതുസമൂഹത്തിന്റെ മുന്നിലെത്തിയിരിക്കുന്നു.

സംസ്ഥാനത്തെ മിക്ക അന്വേഷണ ഏജൻസികളും ഒടുവിൽ രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ സിബിഐയും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയ കേസ് എന്നെന്നേക്കുമായി അട്ടിമറിക്കപ്പെടാൻ സംസ്ഥാന സർക്കാരിന്റെതന്നെ മുഖ്യകാർമികത്വത്തിൽ നടത്തുന്ന ശ്രമങ്ങൾ നാടിനെ നാണംകെടുത്തുന്നതാണ്. കേരള സംസ്ഥാന കശുവണ്ടി വികസന കോർപറേഷനിലെ തോട്ടണ്ടി അഴിമതിക്കേസിലെ മുഖ്യപ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകേണ്ടതില്ലെന്ന സംസ്ഥാന സർക്കാർ തീരുമാനം അഴിമതിവിരുദ്ധ സമൂഹം എന്ന സങ്കൽപത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണെന്നു തീർച്ച. സിബിഐയുടെ അന്വേഷണ റിപ്പോർട്ട് അതേപടി അംഗീകരിച്ച് ഒപ്പുവച്ച മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ തീരുമാനമാണു വൻ രാഷ്ട്രീയ സമ്മർദത്തിനൊടുവിൽ അട്ടിമറിക്കപ്പെട്ടത്. അനുമതി നൽകാനാവില്ലെന്ന് ഇന്നലെയാണ് സംസ്ഥാന സർക്കാർ ഒൗദ്യോഗികമായി സിബിഐയെ അറിയിച്ചത്.

തോട്ടണ്ടി ഇടപാടുകൾ തലനാരിഴ കീറി പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്നു കേസ് ഏറ്റെടുത്ത സിബിഐ 5 വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അന്നത്തെ കോർപറേഷൻ ചെയർമാൻ, അന്നത്തെ എംഡി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സർക്കാരിനെ സമീപിച്ചത്. കശുവണ്ടി മേഖലയിൽ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസിൽ, പ്രതികളെ നിയമവിചാരണയിൽനിന്നു രക്ഷപ്പെടുത്തിയെടുക്കാൻ സർക്കാർ കാട്ടിയ താൽപര്യം നിയമവൃത്തങ്ങളിൽ ആശ്ചര്യമുണ്ടാക്കിയെന്നു മാത്രമല്ല, അഴിമതിവിരുദ്ധ ഭരണസംവിധാനം സ്വപ്നം കാണുന്ന പൊതുസമൂഹത്തിൽ വല്ലാത്ത ആപത്‌സന്ദേശം പരത്തുകയും ചെയ്തു.

വിദേശരാജ്യങ്ങളിൽ നിന്നടക്കം 2006 മുതൽ 2015 വരെ കോർപറേഷൻ തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ ഏറ്റവും കുറഞ്ഞത് 500 കോടി രൂപയുടെ തട്ടിപ്പു നടന്നുവെന്ന പരാതിയാണു ഹൈക്കോടതി പരിഗണിച്ചത്. വിവിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. സെൻട്രൽ വിജിലൻസ് കമ്മിഷന്റെ മാർഗനിർദേശങ്ങളും സ്റ്റോർ പർച്ചേസ് മാന്വലും ടെൻഡർ വ്യവസ്ഥകളുമെല്ലാം അട്ടിമറിച്ചു സ്വകാര്യ കമ്പനിയിൽനിന്നു തോട്ടണ്ടി വാങ്ങിയതിലൂടെ കോടികളുടെ തട്ടിപ്പു നടന്നുവെന്നു സിബിഐ അന്വേഷണത്തിൽ കണ്ടെത്തി.

തട്ടിപ്പിന്റെ വഴികൾ അക്കമിട്ടു നിരത്തുന്ന അന്വേഷണ റിപ്പോർട്ട് സഹിതം പ്രോസിക്യൂഷന് അനുമതി തേടി സിബിഐ സംസ്ഥാന സർക്കാരിനു കൈമാറിയിട്ടും മാസങ്ങളോളം അതിൽ തീരുമാനമെടുക്കാതെ സർക്കാർ പൂഴ്ത്തിവച്ചു. ഒടുവിൽ, നിയമോപദേശം എന്ന സർക്കാർ സംവിധാനത്തിന്റെ പഴുതിലൂടെ സിബിഐയുടെ കണ്ടെത്തലുകൾ നിലനിൽക്കുന്നതല്ലെന്ന ന്യായം കണ്ടെത്തി പ്രതികളെ രക്ഷിച്ചെടുക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു.

കോൺഗ്രസ് നേതാവ് കൂടിയായ അന്നത്തെ ചെയർമാനെ ഉൾപ്പെടെ രക്ഷിച്ചെടുക്കാൻ ഇടതുസർക്കാർ കാട്ടിയ താൽപര്യം രാഷ്ട്രീയകേരളം അദ്ഭുതത്തോടെയാണു വീക്ഷിക്കുന്നത്. നിയമോപദേശത്തിന്റെ പഴുതുകൾ സൃഷ്ടിച്ചെടുക്കുന്നതു കീഴ്‌വഴക്കമായി മാറിയാൽ, കേരളത്തിലിനി എത്ര വലിയ അഴിമതിക്കേസ് ആണെങ്കിലും പ്രതികൾക്കു കോടതി കയറേണ്ടിവരില്ലെന്ന സന്ദേശമല്ലേ സർക്കാരിന്റെ നടപടിമൂലം സൃഷ്ടിക്കപ്പെടുക? 2015ലെ ഓണക്കാലത്തു കോർപറേഷൻ നടത്തിയ തോട്ടണ്ടി ഇടപാടിൽ ഗുരുതര ക്രമക്കേടു കണ്ടെത്തിയ വിജിലൻസിനെക്കൊണ്ടു തന്നെ പിന്നീടു തെളിവില്ലെന്നു പറഞ്ഞ് ഈ സർക്കാർ അത് എഴുതിത്തള്ളിച്ചതും ഒപ്പം ചേർത്തുവായിക്കണം.

അഴിമതിയുടെ പേരുപറഞ്ഞു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുതേടിയ സിപിഎമ്മും സിപിഐയും ഈ വിഷയത്തിൽ ഇനി എന്തു പറയുന്നുവെന്നാണു കേരളം ഉറ്റുനോക്കുന്നത്. അഴിമതി വരുത്തിവച്ച നഷ്ടംമൂലം തൊഴിലും ബോണസും ഗ്രാറ്റുവിറ്റിയുമടക്കം നഷ്ടപ്പെട്ട കശുവണ്ടിത്തൊഴിലാളികൾ ഉന്നയിക്കാൻ പോകുന്ന ചോദ്യങ്ങൾക്കു മുന്നിൽ മൗനംകൊണ്ടു സർക്കാരിനു പിടിച്ചുനിൽക്കാനാവില്ലെന്നു തീർച്ച.

Content highlights: Kerala State Cashew Development Corporation Corruption

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com