ആ സമരം ഇനിയൊരു പുളകമല്ല

jose
SHARE

സമരങ്ങളും ആ പടനിലങ്ങളെക്കുറിച്ചുള്ള സ്മരണകളുമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മുന്നോട്ടു കുതിക്കാനുള്ള ഊർജം നൽകുന്നത്. അതുകൊണ്ടുതന്നെ, ജോസ് കെ.മാണിയെ വരവേൽക്കുമ്പോൾ സ്വന്തം സമരങ്ങളെ തള്ളിപ്പറയുന്ന പാർട്ടിയായി സിപിഎം മാറിയോ എന്ന ചോദ്യം കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ നിറയുന്നു.

2015ലെ ബജറ്റ് ദിനത്തിൽ കെ.എം.മാണിക്കെതിരെ നിയമസഭയിൽ നടത്തിയ ‘സമാനതകളില്ലാത്ത’ പ്രകടനം ഓർമകളായും ട്രോളുകളായും ഇന്നു സജീവമാണ്. എന്നാൽ, സഭയ്ക്കുള്ളിൽ തന്നെ മാണിക്കെതിരെ സിപിഎം ഉയർത്തിവിട്ട പ്രക്ഷോഭക്കനലുകൾ വേറെയുമുണ്ടായിരുന്നു.

വികസനപദ്ധതികൾക്കു തുക അനുവദിക്കുന്നതിൽ പ്രതിപക്ഷത്തോടു ധനമന്ത്രി കെ.എം.മാണി വിവേചനം കാണിക്കുന്നുവെന്ന ആരോപണവുമായി സിപിഎമ്മിലെ വി.ശിവൻകുട്ടി ബഹളമുണ്ടാക്കിയപ്പോൾ അദ്ദേഹത്തിനു കിട്ടിയതു സ്പീക്കറുടെ താക്കീത്. ബാർ കോഴയിൽ കേസെടുക്കാത്തതിനെതിരെ 2014 ഡിസംബർ 2നു സഭയിൽ പ്രതിപക്ഷം കോളിളക്കം സൃഷ്ടിച്ചു. വീണ്ടും മുന്നിൽ നിന്നപ്പോൾ ശിവൻകുട്ടിക്ക് ഒരു ദിവസത്തെ സസ്പെൻഷൻ; ഇന്നത്തെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, ടി.വി.രാജേഷ്, ആർ.രാജേഷ്, ബാബു എം.പാലിശേരി എന്നീ സിപിഎം അംഗങ്ങൾക്കു താക്കീതും. 

ബജറ്റ് ദിനം ഡസ്ക്കുകൾക്കു മുകളിലൂടെയുള്ള ശിവൻകുട്ടിയുടെ വേറിട്ട ‘കലാപ്രകടനം’ മാണിക്കെതിരായ മൂന്നാമത്തെ പ്രതിഷേധമായിരുന്നു. അതിന്റെ പേരിലുള്ള കൂട്ടനടപടികളും ഇനിയും തീരാത്ത കേസും വേറെ. നിയമസഭയിൽ അച്ചടക്കനടപടികൾ അപൂർ‍വമായിരിക്കെയാണ് ഒരേ നേതാവിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഇതെല്ലാം സിപിഎം അക്കൗണ്ടിലാക്കിയത്!

ബാർ കോഴയും സോളറും

സഭയ്ക്കകത്തും പുറത്തും തുറന്ന ആ സമരമുഖങ്ങൾ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഇടതുവിജയത്തിന് ആണിക്കല്ലായെന്നു രാഷ്ട്രീയ നിരീക്ഷകർ മാത്രമല്ല വിലയിരുത്തിയത്; സിപിഎം സംസ്ഥാനകമ്മിറ്റി കൂടിയാണ്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പു വിജയം അവലോകനം ചെയ്തു സംസ്ഥാനകമ്മിറ്റി പ്രതിപാദിച്ചു: ‘സോളർ അഴിമതി, ബാർ കോഴക്കേസ് തുടങ്ങിയ ഒട്ടേറെ അഴിമതികൾ സർക്കാരിന്റെ പ്രതിഛായയ്ക്കു മങ്ങലേൽപിക്കുന്ന സ്ഥിതിയുണ്ടായി’. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന രേഖയിലും സംശയമുണ്ടായില്ല – ‘യുഡിഎഫ് സർക്കാർ വമ്പിച്ച അഴിമതിയാണു നടത്തിയത്. സോളർ അഴിമതി, ബാർ കോഴക്കേസ് തുടങ്ങിയ അഴിമതികൾ സർക്കാരിന്റെ പ്രതിഛായയ്ക്കു നേരത്തേ തന്നെ മങ്ങലേൽപിച്ചിരുന്നു’.

മാണിക്കെതിരെ ബാർ കോഴക്കേസും ഉമ്മൻ ചാണ്ടിക്കെതിരെ സോളർ വിവാദവും ഉയർത്തിയാണ് സിപിഎം നിരന്തരം പോർമുഖങ്ങൾ തുറന്നത്, ആരോപണശരങ്ങൾ എയ്തത്; അങ്ങനെ ആ സമരങ്ങളുടെ തന്നെ ഉൽപന്നമാണു 2016ൽ അധികാരമേറിയ പിണറായി സർക്കാർ എന്ന് അഭിമാനിച്ചത്. അതേ മാണിയുടെ പൈതൃകം പേറുന്ന പാർട്ടിയെ വരവേൽക്കാനായി ഇന്ന് എൽഡിഎഫ് ചേരുമ്പോൾ സമരജ്വാല അവർ സ്വയം ഊതിക്കെടുത്തുകയല്ലേ എന്ന ചോദ്യം സ്വാഭാവികം.

സോളർ കേസിൽ സരിത നായർ ആക്ഷേപമുയർത്തിയ ഒരുപിടി നേതാക്കളുടെ പട്ടികയിൽ ജോസ് കെ. മാണിയും ഉണ്ടായിരുന്നു. ജോസിന്റെ പേരെടുത്തു പറഞ്ഞ് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ഡിജിപിക്കു പരാതി നൽകി. യുഡിഎഫ് ‘എ പടം’ പോലെയായി എന്ന് ആക്ഷേപിച്ചത് എംഎൻ സ്മാരകത്തിൽ ജോസിനെ സ്വാഗതം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നടത്തിയ മർമഭേദിയായ ‘ഡയലോഗുകൾ’ ഇന്നു ട്രോളുകളായി അവർക്കു മുന്നിലുണ്ട്. സോളർ കേസിൽ രക്ഷപ്പെട്ടെന്ന് ആരും കരുതേണ്ട എന്ന മുന്നറിയിപ്പ് ഇനി കോടിയേരി ആവർത്തിക്കുമോ എന്നാണു കണ്ടറിയേണ്ടത്.

അധികാര കൂട്ടുകെട്ടുകൾ

ബാർ കോഴ, സോളർസമര കുഴിമാടങ്ങൾ എന്നത്തേക്കുമായി മൂടുകയാണോ സിപിഎം? അദ്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ, എൽഡിഎഫ് പഴയതെല്ലാം മറന്ന് കേരള കോൺഗ്രസി(എം)നെ ഘടകകക്ഷിയാക്കും. ഒരു മുന്നണിയിലും ഇല്ലാതെ പുറത്തുനിൽക്കുന്നതു പാർട്ടിയിൽ ചോർച്ചയുണ്ടാക്കുമെന്നു ജോസിനറിയാം. അങ്ങനെ രാഷ്ട്രീയ ഓഹരിവിപണിയിലെ അവരുടെ മൂല്യം കുറയ്ക്കാൻ സിപിഎമ്മും ആഗ്രഹിക്കുന്നില്ല. കേന്ദ്ര ഏജൻസികൾ ചുറ്റിവരിയുകയും പ്രതിപക്ഷസമരങ്ങൾ കടുക്കുകയും ചെയ്യുമ്പോൾ ഈ ബാന്ധവം അവർ വേണ്ടെന്നുവയ്ക്കില്ല. മുങ്ങിച്ചാകാൻ നിൽക്കുന്നവർക്കു കച്ചിത്തുരുമ്പാണെന്നു പ്രതിപക്ഷം ആരോപിച്ചേക്കാം. 

മധ്യ തിരുവിതാംകൂറിലെ യുഡിഎഫ് കോട്ടകൾ പിടിക്കാനും തകർക്കാനുമുള്ള സാധ്യതയാണു സിപിഎമ്മിനു മുന്നിൽ. പാലാ എന്ന നെടുങ്കോട്ട പിടിച്ചത് അതേ പാർട്ടിയെ തോൽപിച്ചല്ലേ എന്നൊന്നും ചോദിക്കരുത്. ഓരോ തിരഞ്ഞെടുപ്പും വ്യത്യസ്തമാണെന്നാകും മറുപടി. ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളം കൂടി നഷ്ടപ്പെടുന്നതു സിപിഎമ്മിന് ഓർക്കാനാവില്ല. അധികാര രാഷ്ട്രീയത്തിന്റെ കമാനങ്ങൾ ഉയർത്തി നിർത്താനുള്ള തൂണുകളാണു തൽക്കാലം വേണ്ടത്; സമരസ്മരണകളും രണസ്മാരകങ്ങളുമല്ല.

Content highlights: K.M.Mani budget: LDF protest in assembly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA