ശീലങ്ങളുടെ തടവറ

lock
SHARE

പതിവുപോലെ ആ രണ്ടു കള്ളന്മാരും മോഷണത്തിനിറങ്ങി. പൂട്ടുപൊളിച്ച് അകത്തു കടക്കുന്നതാണ് അവരുടെ പതിവ്. ഒന്നാമൻ വാതിലിനു മുന്നിലെത്തി പകച്ചുനിൽക്കുന്നതു കണ്ട് രണ്ടാമൻ ചോദിച്ചു: നീയെന്താണ് അകത്തു കയറാത്തത്?  അയാൾ പറഞ്ഞു: ഈ വാതിൽ പൂട്ടിയിട്ടില്ല! 

വിലക്കപ്പെട്ട കാര്യങ്ങൾ ചെയ്യുക എന്നതു സ്വയംപ്രേരിത ശീലമാണ്. അനുമതിയില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന ‘സുഖം’ അനുമതിയുള്ളതു ചെയ്യുമ്പോൾ ലഭിക്കില്ല. ചെയ്യുന്ന പ്രവൃത്തികളിലെ ശരിതെറ്റുകളെക്കാൾ, അവ നൽകുന്ന വീരപരിവേഷത്തിലാണ് ചെയ്യുന്നവരുടെ സംതൃപ്തി. അനായാസ പ്രവൃത്തികളോടൊന്നും അവർക്കു താൽപര്യമുണ്ടാകില്ല. എന്തു കിട്ടി എന്നതിനെക്കാൾ, എന്തു ചെയ്തു എന്നതിലാകും പ്രവൃത്തിയുടെ പ്രതിഫലം. ഫലവും പ്രവൃത്തിയും ഒരുപോലെ ശരിയാകുന്നിടത്തല്ലേ, കർമങ്ങൾ അർഥവത്താകുന്നത്? സാഹസികത മാത്രം നോക്കി ഒരു പ്രവൃത്തിയെയും വിലയിരുത്താനാകില്ലല്ലോ; ഇംഗിതം കൂടി പരിഗണിക്കണ്ടേ? 

ശീലങ്ങളുടെ വാഹകരാണ് എല്ലാവരും. ചിലർ ശീലങ്ങളുടെ അടിമകൾ, ചിലർ ഉടമകൾ. എന്നും തുടരുന്ന പതിവു കർമങ്ങൾ എല്ലാവർക്കുമുണ്ട്. പലതും സ്വയമറിയാതെ തുടരുന്നതുമാകും. ശീലങ്ങളുടെ അടിമകളാകുന്നവർക്ക് സ്വയം തിരുത്താനോ ഭേദഗതി വരുത്താനോ ആകില്ല. മറ്റാരെങ്കിലും ചൂണ്ടിക്കാണിച്ചാൽ പോലും അവ തിരിച്ചറിയാനോ അംഗീകരിക്കാനോ കഴിഞ്ഞെന്നു വരില്ല. ശീലങ്ങളുടെ ഉടമകൾക്കു സ്വയംതിരുത്തൽ ശേഷിയുണ്ട്. വേണ്ടാത്തവയെ ഉപേക്ഷിക്കാനും വേണ്ടവയെ സ്വീകരിക്കാനുമുള്ള ആർജവം അവർക്കുണ്ടാകും. ശീലങ്ങൾ അവർക്കു രൂപം നൽകുകയല്ല, അവർ ശീലങ്ങൾക്കു രൂപം നൽകുകയാണ്. ഉപേക്ഷിക്കാൻ കഴിയാത്ത ശീലങ്ങളെ മുറുകെപ്പിടിക്കുന്നതുകൊണ്ടാണ് പലരും അപ്രസക്തരാകുന്നത്. 

Content highlights: Satisfaction of work

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA