ബിഹാറിലെ ‘സ്റ്റാർ വാർ’

lalu
ലാലുപ്രസാദ് യാദവ് (ആർജെഡി) തേജ് പ്രതാപ്, തേജസ്വി
SHARE

ബിഹാർ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും സ്ഥാനാർഥികളല്ലാത്തത് തിരഞ്ഞെടുപ്പിന്റെ ആവേശം കെടുത്തുന്നില്ല. ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗങ്ങളെന്ന നിലയിൽ നിതീഷിനും സുശീൽ മോദിക്കും മത്സരിക്കേണ്ട ആവശ്യമില്ല. ഇരുവരും പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തിരഞ്ഞെടുപ്പിൽ ജനശ്രദ്ധ നേടുന്ന താരമണ്ഡലങ്ങളെക്കുറിച്ച് 

tejaswi
തേജസ്വി യാദവ്

രാഘോപുർ

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആർജെഡി നേതാവ് തേജസ്വി യാദവിന്റെ സ്ഥാനാർഥിത്വം കൊണ്ടു ശ്രദ്ധയാകർഷിക്കുന്ന മണ്ഡലം. വൈശാലി ജില്ലയിലെ രാഘോപുർ, തേജസ്വിയുടെ സിറ്റിങ് സീറ്റ് കൂടിയാണ്. ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ് 1995, 2000 തിരഞ്ഞെടുപ്പുകളിലും ഭാര്യ റാബ്റി ദേവി 2005ലും വിജയിച്ച മണ്ഡലം. 2010ൽ പക്ഷേ, റാബ്റി ദേവി ജെഡിയു സ്ഥാനാർഥി സതീഷ് കുമാറിനോടു പരാജയപ്പെട്ടു. 

കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥിയായെത്തിയ സതീഷ് കുമാറിനെ തോൽപിച്ച് തേജസ്വി മണ്ഡലം തിരിച്ചുപിടിച്ചു. ഇക്കുറിയും സതീഷ് കുമാറാണ് തേജസ്വിയുടെ എതിരാളി. എൽജെപി സ്ഥാനാർഥിയായി മുൻ ബിജെപി അംഗം രാകേഷ് റോഷൻ രംഗത്തുള്ളത് ഫലത്തിൽ തേജസ്വിക്ക് അനുകൂലമാണ്. രാജ്പുത് സമുദായാംഗമായ രാകേഷ്, ബിജെപി വോട്ടുകൾ ഭിന്നിപ്പിച്ചേക്കാം.

tej
തേജ് പ്രതാപ് യാദവ്

ഹസൻപുർ

ലാലുപ്രസാദ് യാദവിന്റെ മൂത്തമകൻ തേജ് പ്രതാപ് യാദവ് സുരക്ഷിതമണ്ഡലമായി കണ്ടെത്തിയത് സമസ്തിപുർ ജില്ലയിലെ ഹസൻപുരാണ്. തേജ് പ്രതാപിന്റെ സിറ്റിങ് സീറ്റായ മഹുവയിൽ, വേർപിരിഞ്ഞു കഴിയുന്ന ഭാര്യ ഐശ്വര്യ റായി എതിർസ്ഥാനാർഥിയാകുമെന്ന അഭ്യൂഹം കാരണമാണ് മണ്ഡലമാറ്റം. ഹസൻപുരിൽ തുടർച്ചയായി രണ്ടുതവണ വിജയിച്ച ജെഡിയു സിറ്റിങ് എംഎൽഎ രാജ്കുമാർ റായിയാണു തേജ് പ്രതാപിന്റെ എതിരാളി.

bih
ശ്രേയസി സിങ്

ജമുയി

കോമൺവെൽത്ത് ഗെയിംസ് ഷൂട്ടിങ് സ്വർണമെഡൽ ജേതാവ് ശ്രേയസി സിങ്ങിന്റെ സ്ഥാനാർഥിത്വമാണ് ജമുയിയെ താരമണ്ഡലമാക്കുന്നത്. മുൻ കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ മകളായ ശ്രേയസി ഈയിടെയാണു ബിജെപിയിൽ ചേർന്നത്. ആർജെഡിയുടെ സിറ്റിങ് എംഎൽഎ വിജയ് പ്രകാശാണ് മുഖ്യ എതിരാളി. രാജ്പുത് സമുദായാംഗമായ ശ്രേയസിയും യാദവസമുദായക്കാരനായ വിജയ് പ്രകാശുമായുള്ള മത്സരം തീപാറിക്കുന്നുണ്ട്. മുൻ ബിജെപി നേതാവ് അജയ് പ്രതാപ് ആർഎൽഎസ്പി ടിക്കറ്റിൽ മത്സരിക്കുന്നത് ബിജെപിയുടെ രാജ്പുത് വോട്ടുകൾ ഭിന്നിപ്പിച്ചേക്കാം എന്നു നിരീക്ഷകർ വിലയിരുത്തുന്നു.

jithan
ജിതൻ റാം മാഞ്ചി

ഇമാംഗഞ്ച്

മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചി എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് ഗയ ജില്ലയിലെ ഇമാംഗഞ്ചിലാണ്. ആർജെഡിയുടെ ഉദയ നാരായൺ ചൗധരിയാണ് എതിർ സ്ഥാനാർഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജിതൻ റാം മാഞ്ചി മുപ്പതിനായിരത്തോളം വോട്ടിനു തോൽപിച്ചതും ഉദയ നാരായൺ ചൗധരിയെയാണ്. അന്ന് ഉദയനാരായൺ ചൗധരി ജെഡിയു സ്ഥാനാർഥിയായിരുന്നു എന്നു മാത്രം. മുൻപു സമതാ പാർട്ടി, ജെഡിയു ടിക്കറ്റുകളിൽ നാലുതവണ ഇമാംഗഞ്ച് എംഎൽഎയായിരുന്നു ഉദയനാരായൺ ചൗധരി.

pappu
പപ്പു യാദവ്

മധേപുര

ആർജെഡിയുടെ ശക്തികേന്ദ്രമായ മധേപുരയിൽ പുരോഗമന ജനാധിപത്യ സഖ്യത്തിന്റെ (പിഡിഎ) മുഖ്യമന്ത്രി സ്ഥാനാർഥിയും ജൻ അധികാർ പാർട്ടിയുടെ നേതാവുമായ പപ്പു യാദവ് (രാജേഷ് രഞ്ജൻ) സ്ഥാനാർഥിയായതോടെ മത്സരം കടുത്തു. തുടർച്ചയായി രണ്ടുതവണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആർജെഡിയുടെ ചന്ദ്രശേഖറിനു കടുത്ത വെല്ലുവിളിയാണ് പപ്പു യാദവ് ഉയർത്തുന്നത്. ജെഡിയു സ്ഥാനാർഥിയായി നിഖിൽ മണ്ഡലും കളത്തിലിറങ്ങിയതോടെ ത്രികോണ മത്സരമാണ് ഇവിടെ.

rai
ചന്ദ്രിക റായ്

പാർസാ

ലാലു കുടുംബത്തിലുണ്ടായ അനിഷ്ടസംഭവങ്ങളാണ് പാർസാ മണ്ഡലത്തിലെ മത്സരം ശ്രദ്ധേയമാക്കുന്നത്. ലാലുവിന്റെ മൂത്തമകൻ തേജ് പ്രതാപിന്റെ വിവാഹമോചനക്കേസോടെയാണ് ഭാര്യാപിതാവ് ചന്ദ്രികാ റായ് ആർജെഡി വിട്ട് ജെഡിയുവിൽ ചേർന്നത്. 

ജെഡിയു സ്ഥാനാർഥിയായി മത്സരിക്കുന്ന ചന്ദ്രികാ റായിയെ നേരിടാൻ ആർജെഡി രംഗത്തിറക്കുന്നത് കഴിഞ്ഞതവണ ചന്ദ്രികാ റായ് പരാജയപ്പെടുത്തിയ എൽജെപി സ്ഥാനാർഥി ഛോട്ടേലാൽ റായിയെ. പാർസായിൽ ചന്ദ്രികാ റായ് – ഛോട്ടേലാൽ റായ് മത്സരം തുടങ്ങിയിട്ടു കാലമേറെയായി. ജെഡിയു സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ രണ്ടുതവണ ഛോട്ടേലാലിനായിരുന്നു ജയം. ചന്ദ്രികാ റായ് ആറുതവണ പാർസായിൽ വിജയിച്ചതിൽ മൂന്നുതവണ മാത്രമാണ് ആർജെഡി ടിക്കറ്റിൽ മത്സരിച്ചത്. കോൺഗ്രസ്, ജനതാദൾ സ്ഥാനാർഥിയായും ഒരിക്കൽ സ്വതന്ത്രനായും ജയിച്ചു. 

ചന്ദ്രികാ റായിയുടെ കുടുംബമണ്ഡലം കൂടിയാണു പാർസാ. ചന്ദ്രികാ റായിയുടെ പിതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായിരുന്ന ദരോഗാപ്രസാദ് റായ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഏഴു തവണയാണ് ഇവിടെ വിജയിച്ചത്.

ചെരിയ ബറിയാർപുർ

മുസഫർപുർ ഷെൽട്ടർ ഹോം പീഡനക്കേസിന്റെ പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന മഞ്ജു വർമയ്ക്ക് ചെരിയ ബറിയാർപുർ മണ്ഡലത്തിൽ ജെഡിയു വീണ്ടും സീറ്റു നൽകിയതു വിവാദമായിട്ടുണ്ട്. കേസിൽ ജാമ്യത്തിൽ കഴിയുന്ന മഞ്ജു വർമയുടെ സ്ഥാനാർഥിത്വത്തോടെ, മുസഫർപുർ വിഷയം മഹാസഖ്യം പ്രചാരണായുധമാക്കുമെന്ന് ഉറപ്പ്. തുടർച്ചയായി രണ്ടുതവണ ഇവിടെ വിജയിച്ച മഞ്ജു വർമയെ നേരിടുന്നത് ആർജെഡിയുടെ രാജവംശി മഹതോ.

മക്കൾ കളത്തിൽ: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ‘മക്കൾ സ്ഥാനാർഥി’കളുടെ പടയിളക്കം.

കോൺഗ്രസ് മുൻ എംഎൽഎ ആദിത്യ സിങ് മരുമകൾ നീതുകുമാരിക്കു വേണ്ടിയാണു സീറ്റു സംഘടിപ്പിച്ചത്. ഹിസുവ മണ്ഡലത്തിലാണ് നീതുകുമാരി മത്സരിക്കുന്നത്.

ആർജെഡിയിലെ മക്കൾരാഷ്ട്രീയത്തെ പ്രചാരണ വിഷയമാക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിലും മക്കൾ സ്ഥാനാർഥികൾക്കു കുറവില്ല. ജെഡിയു മന്ത്രി കപിൽദേവ് കാമത്തിന്റെ മരുമകൾ മീണയ്ക്കും ജനാർദൻ മാഞ്ചി എംഎൽഎയുടെ മകൻ ജയന്തിനും പാർട്ടി ടിക്കറ്റ് കിട്ടി. സിപിഐ നേതാവ് കമല മിശ്ര മധുകറിന്റെ മകൾ ശാലിനി മിശ്രയ്ക്കും ജെഡിയു സീറ്റു നൽകി.ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചി മരുമകൻ ദേവേന്ദ്ര മാഞ്ചിക്കും ബന്ധുവായ ജ്യോതിദേവിക്കും പാർട്ടി ടിക്കറ്റ് സമ്മാനിച്ചു.

sharad
ശരദ് യാദവ് (ലോക്താന്ത്രിക് ജനതാദൾ) സുഭാഷിണി (ബിഹാറിഗഞ്ച് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി)
shatru
ശത്രുഘ്നൻ സിൻഹ (കോൺഗ്രസ്)ലവ് സിൻഹ (ബങ്കിപ്പുർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി)
divya
ജയപ്രകാശ് നാരായണൻ യാദവ് (ആർജെഡി) ദിവ്യ പ്രകാശ് (താരാപുർ മണ്ഡലത്തിൽ ആർജെഡി സ്ഥാനാർഥി)
sadanand
സദാനന്ദ് സിങ് (കോൺഗ്രസ്) ശുഭാനന്ദ് മുകേഷ് (കഹൽഗാവിൽ കോൺഗ്രസ് സ്ഥാനാർഥി)
tiwari
ജഗദാനന്ദ് സിങ്, ശിവാനന്ദ് തിവാരി. (ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ് സിങ്ങിന്റെ മകൻ സുധാകർ രാംഗഡിൽ പാർട്ടി സ്ഥാനാർഥിയായപ്പോൾ പാർട്ടി ഉപാധ്യക്ഷൻ ശിവാനന്ദ് തിവാരിയുടെ മകൻ രാഹുലിനു ഷാപുർ ബക്സറിൽ ടിക്കറ്റ് ലഭിച്ചു.)

Content highlights: Bihar election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA