വാറന്റില്ലാതെ അറസ്റ്റിന് അധികാരം; അപകടകരം: ഗുരുതര പ്രത്യാഘാതം

cyber-attack
പ്രതീകാത്മക ചിത്രം (Photo courtesy - Shutterstock)
SHARE

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം തടയാൻ പൊലീസ് ആക്ടിൽ സർക്കാർ കൊണ്ടുവരുന്ന ഭേദഗതി, യഥാർഥ പ്രശ്നം പരിഹരിക്കുന്നതിനു പകരം ഗുരുതര പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കുന്നതാണ്. 

ഭരണഘടനാ വിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണ് എന്നു ചൂണ്ടിക്കാട്ടി ഐടി നിയമത്തിലെ 66 എ വകുപ്പ്, കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പ് എന്നിവ സുപ്രീംകോടതി റദ്ദാക്കിയതു 2015ൽ ആണ്. എന്നാൽ, ദൗർഭാഗ്യകരമെന്നു പറയട്ടെ, റദ്ദാക്കപ്പെട്ട നിയമങ്ങളുടെ ചുവടുപിടിച്ചാണ് പുതിയ ഭേദഗതിയും വരുന്നത്. അതുകൊണ്ടു തന്നെ ഈ ഭേദഗതിയുടെ സാധുത ചോദ്യം ചെയ്യപ്പെടുന്ന നിയമവ്യവഹാരത്തിനു വൈകാതെ നാം സാക്ഷ്യം വഹിച്ചേക്കാം. 2015ൽ റദ്ദാക്കപ്പെട്ട വകുപ്പുകൾ ഉണ്ടാക്കിയ അതേ പ്രത്യാഘാതം തന്നെ ഈ പുതിയ നിയമവും സൃഷ്ടിക്കുമെന്നു തീർച്ചയാണ്.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച്, ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ വിധിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണു ഭേദഗതി.

എന്നാൽ അപകീർത്തിപ്പെടുത്തൽ, അപമാനിക്കൽ തുടങ്ങിയവ വ്യക്തികേന്ദ്രീകൃതമായ വിലയിരുത്തലുകളാണെന്നിരിക്കെ, ഒരു പൊലീസ് ഓഫിസർക്ക് വാറന്റില്ലാതെ തന്നെ അറസ്റ്റ് ചെയ്യാവുന്ന കോഗ്നിസിബിൾ കുറ്റമാക്കി മാറ്റുന്നത് അപകടകരമാണ്. സമൂഹമാധ്യമങ്ങൾക്കു പുറമേ മുഖ്യധാരാ മാധ്യമങ്ങൾക്കും ഇതു ബാധകമാകുമെന്നതിനാൽ മാധ്യമസ്വാതന്ത്ര്യത്തിനും വിലങ്ങുതടിയാകും.

nottam
ബി.ജി. ഹരീന്ദ്രനാഥ്

ഐടി നിയമത്തിലെ 66 എ വകുപ്പു നീക്കം ചെയ്യാനിടയാക്കിയ ശ്രേയ സിംഗാളിന്റെ ഹർജിയിൽ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ പ്രസക്തമാണ്. അപകീർത്തി, ഭീഷണി തുടങ്ങിയ കാര്യങ്ങളിൽ ജഡ്ജിയുടെ ധാരണയനുസരിച്ച് ഒരാൾ കുറ്റക്കാരനാണോ അല്ലയോ എന്നു വിലയിരുത്തുന്നത് എങ്ങനെയെന്ന് യുകെ കോടതിയിലെ രണ്ടു വിധികൾ ചൂണ്ടിക്കാട്ടിയാണു സുപ്രീം കോടതി ചോദിച്ചത്. സമാനമായ രണ്ടു കേസുകളിൽ വ്യത്യസ്ത നിലപാടാണ് യുകെയിലെ ക്വീൻസ് ബെഞ്ചും ഹൗസ് ഓഫ് ലോർഡ്സും സ്വീകരിച്ചത്.

ഐപിസി 499, 500 അനുസരിച്ച് ഒരു വ്യക്തിക്കു മാനനഷ്ടക്കേസ് കൊടുക്കാമെന്നിരിക്കെ, ഒരു പരാതിക്കാരൻ പോലുമില്ലാതെ പൊലീസിനു സ്വമേധയാ കേസെടുക്കാൻ കഴിയുന്ന തരത്തിലേക്ക് ഒരു നിയമം കൊണ്ടുവരുന്നതു നല്ലതല്ല. സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾ തടയാൻ പൊലീസ് ആക്ടിലെ 119 –ാം വകുപ്പുമുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ കേസിലും പൊലീസ് ആദ്യം ഉപയോഗിക്കേണ്ടിയിരുന്നത് സെക്‌ഷൻ 119 ആയിരുന്നു.

നമ്മളെഴുതുന്ന ഒരു ലേഖനത്തിന് ആരെയെങ്കിലും അപകീർത്തിപ്പെടുത്താൻ ഉദ്ദേശ്യമുണ്ടെന്നു പൊലീസിനു തോന്നിയാൽ പോലും പുതിയ നിയമത്തിന്റെ ചുവടുപിടിച്ച് നടപടി സാധ്യമാകും. മാനനഷ്ടക്കേസ് നോൺ – കോഗ്നിസിബിൾ ആയതിനാൽ തുടർനടപടിക്കു മജിസ്ട്രേട്ടിന്റെ അനുവാദം വേണം. എന്നാൽ, പുതിയ നിയമത്തിന് അതു വേണ്ട. അതുകൊണ്ടു തന്നെ നിയമം ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.

വ്യക്തതയും കൃത്യതയും ഇല്ലെന്ന കാരണംകൂടി ചൂണ്ടിക്കാട്ടിയാണ് ഐടി ആക്ട് 66എ വകുപ്പിനൊപ്പം പൊലീസ് ആക്ടിലെ 118 ഡി എടുത്തുകളഞ്ഞത്. പ്രസ്താവന, അഭിപ്രായപ്രകടനം, ഫോൺവിളി എന്നിവയിലൂടെയോ ഏതെങ്കിലും വ്യക്തിയെ പിന്തുടർന്നോ ഏതെങ്കിലും ഉപകരണം വഴിയോ ഇമെയിൽ വഴിയോ അസഭ്യമായ രീതിയിൽ ശല്യപ്പെടുത്തിയാൽ മൂന്നു വർഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമായിരുന്നു 118 ഡി. എന്നാൽ, അതേ 118–ാം വകുപ്പിൽ പുതുതായി ഉൾച്ചേർക്കുന്ന നിയമത്തിനും അതേ അവ്യക്തതയുണ്ട്. 

നിയമങ്ങൾ ആവശ്യപ്പെടുന്നത് വ്യക്തതയും കൃത്യതയുമാണ്. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമായതിനാൽ ഇത്തരമൊരു നിയമനിർമാണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല.

(മുൻ നിയമ സെക്രട്ടറിയാണു ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA