മെഡൽ നൽകേണ്ട അനാസ്ഥ

HIGHLIGHTS
  • കാണാതായ കായിക ഉപകരണങ്ങൾ വീണ്ടെടുത്ത് അർഹർക്കു നൽകണം
games
SHARE

കേരളം ആതിഥ്യം വഹിച്ച 2015ലെ ദേശീയ ഗെയിംസിനായി വാങ്ങിയ ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന അത്‌ലറ്റിക്സ് മത്സര ഉപകരണങ്ങളിൽ പലതും ഇപ്പോൾ എവിടെയാണെന്ന് കായികവകുപ്പിന് അറിയില്ലെന്ന വിവരം ‘മലയാള മനോരമ’യിലൂടെ പുറത്തുവന്നതു കഴിഞ്ഞ ദിവസമാണ്. ദേശീയ ഗെയിംസിന്റെ മികച്ച സംഘാടനത്തിലൂടെ കേരളം നേടിയെടുത്ത തിളക്കത്തിന്റെ മാറ്റു കുറയ്ക്കുന്നതായി ഈ അനാസ്ഥ.

ദേശീയ ഗെയിംസിനു ശേഷം കായിക ഉപകരണങ്ങൾ കേരളത്തിലെ പുതിയ താരങ്ങളുടെ പരിശീലനത്തിനു വിനിയോഗിക്കുമെന്നു സർക്കാർ മുൻപു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ലെന്നു മാത്രമല്ല, ഗെയിംസ് കഴിഞ്ഞ് 5 വർഷം പിന്നിടുമ്പോൾ മത്സര ഉപകരണങ്ങൾ പലതും എവിടെയെന്നുപോലും അറിയില്ലെന്ന വിവരം കായികകേരളത്തെ വേദനിപ്പിക്കുന്നതായി.

ദേശീയ ഗെയിംസിനു വേണ്ടി ആകെ 32.6 കോടി രൂപയുടെ കായിക ഉപകരണങ്ങൾ കേരളം വാങ്ങിയെന്നാണു കണക്ക്. അതിൽ അത്‌ലറ്റിക്സിനായി വാങ്ങിയ ഒന്നരക്കോടി രൂപയുടെ ഉപകരണങ്ങളത്രയും സർക്കാർ ഉത്തരവു പ്രകാരം സ്പോർട്സ് കൗൺസിലിനു കൈമാറിയെന്നു കായികവകുപ്പു പറയുന്നു. എന്നാൽ, വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ, കേരള സ്പോർട്സ് കൗൺസിലിന്റെ കൈവശമുള്ളതായി പറയുന്നത് 50 ലക്ഷം രൂപയുടെ മത്സര ഉപകരണങ്ങൾ മാത്രമാണ്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത 84 ജാവലിനുകൾ, 110 ഹർഡിലുകൾ, 8 സ്റ്റാർട്ടിങ് ബ്ലോക്കുകൾ എന്നു തുടങ്ങി പലതും ഇപ്പോഴും കാണാമറയത്തുതന്നെ. അത്‌ലറ്റിക്സ് മത്സരങ്ങൾക്കായി വാങ്ങിയ 33.9 ലക്ഷം രൂപയുടെ വിധിനിർണയ ഉപകരണങ്ങൾ എവിടെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം നൽകാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. 

അത്‌ലറ്റിക്സിനു പുറമേയുള്ള വിവിധ ഇനങ്ങളിലെ മത്സര ഉപകരണങ്ങളിൽ പലതും സ്റ്റേഡിയങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെന്നു സർക്കാർ മറുപടി നൽകിയിരുന്നു. ഇതെക്കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ചതും ഞെട്ടിക്കുന്ന വിവരങ്ങളാണ്. 10 ലക്ഷം രൂപ വീതം വിലമതിക്കുന്ന 2 ബോക്സിങ് റിങ്ങുകൾ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കീറിപ്പറിഞ്ഞു കിടക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയത്തിൽ എത്തിച്ച ഹൈജംപ്, പോൾവോൾട്ട് ബെഡുകളാകട്ടെ, വർഷങ്ങളായി മഴയും വെയിലുമേറ്റു കിടക്കുകയാണ്.

കേരളത്തിന്റെ കായികരംഗത്തോടു സർക്കാർ ചെയ്യുന്ന അനീതിയുടെ നേർസാക്ഷ്യമാണിത്. പരിമിതമായ സൗകര്യങ്ങളിൽ പരിശീലനം നടത്തിയാണ് കേരളത്തിലെ ഓരോ അത്‌ലീറ്റും ദേശീയ – രാജ്യാന്തര തലങ്ങളിൽ അഭിമാനനേട്ടം കൈവരിക്കുന്നത്. പുതിയ താരങ്ങളെ കണ്ടെത്തി അവരെ പരിശീലിപ്പിച്ചു മികവുള്ളവരാക്കി മാറ്റുന്ന കായിക അക്കാദമികളുടെ കഠിനാധ്വാനത്തിന്റെ ഫലംകൂടിയാണത്. ഈ അക്കാദമികൾ മികച്ച പരിശീലന സൗകര്യവും സഹായവും തേടിയുള്ള അപേക്ഷകളുമായി എത്രയോ വട്ടം സർക്കാർ ഓഫിസുകളുടെ പടി കയറിയിറങ്ങുന്നു. ഏറെപ്പേർക്കും എക്കാലവും നിരാശ മാത്രമാണു ഫലം. ദേശീയ ഗെയിംസിനു ശേഷം മത്സര ഉപകരണങ്ങൾ പരിശീലന കേന്ദ്രങ്ങൾക്കു നൽകുമെന്ന സർക്കാരിന്റെ വാക്കു വിശ്വസിച്ച് അപേക്ഷ നൽകിയ അക്കാദമികളും ഒട്ടേറെയുണ്ട്. ഇവർക്കാർക്കും മത്സര ഉപകരണങ്ങൾ നൽകാനോ പുതിയവ വാങ്ങാൻ പണം അനുവദിക്കാനോ സർക്കാരിനു കഴിഞ്ഞിട്ടില്ല.

കായിക ഉപകരണങ്ങൾ കാണാനില്ലെന്ന വാർത്തയെത്തുടർന്ന് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച കായികമന്ത്രി ഇ.പി.ജയരാജന്റെ നിലപാടു സ്വാഗതാർഹമാണ്. പക്ഷേ, റിപ്പോർട്ട് വാങ്ങി ഫയലിൽ വയ്ക്കുന്നതിൽ ഒതുങ്ങരുത് ഇടപെടൽ. ഗെയിംസിനായി വാങ്ങിയ മത്സര ഉപകരണങ്ങളെ സംബന്ധിച്ച് കായികവകുപ്പ് അടിയന്തരമായി ഓഡിറ്റ് നടത്തണം. ഉപകരണങ്ങൾ വാങ്ങിയതിലും ദേശീയ ഗെയിംസിനു ശേഷം കൈമാറിയതിലും അഴിമതിയുണ്ടോ എന്നു പരിശോധിക്കണം. കൗൺസിലിന്റെയും അസോസിയേഷനുകളുടെയും കൈവശമുള്ള ഉപകരണങ്ങൾ കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ആർക്കും ഉപകരിക്കാതെ മത്സര ഉപകരണങ്ങൾ മുറികളിൽ പൂട്ടിവയ്ക്കുന്ന രീതി അവസാനിപ്പിച്ച്, അത് അർഹതയുള്ള പരിശീലനകേന്ദ്രങ്ങൾക്കു കൈമാറിയാൽ വരുംനാളുകളിൽ മെഡലുകളായി ഫലം ലഭിക്കുമെന്ന തിരിച്ചറിവും അധികൃതർക്ക് ഉണ്ടായേതീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA