ADVERTISEMENT

ഐക്യരാഷ്ട്ര സംഘടന (യുഎൻ) സ്ഥാപിതമായതിന്റെ 75-ാം വാർഷികമാണ് ഇന്ന്. ദൗർഭാഗ്യവശാൽ ഇത്‌ യുഎൻ നയരേഖ വിഭാവനം ചെയ്യുന്ന ബഹുരാഷ്ട്ര സഹവർത്തിത്വം വലിയ തകർച്ച നേരിടുന്ന കാലഘട്ടം കൂടിയാണ്. ആഗോളവൽക്കരണത്തിനു കടകവിരുദ്ധമായ ലോക സങ്കൽപത്തിന് (ഡീഗ്ലോബലൈസേഷൻ) കോവിഡ് മഹാമാരി തുടക്കം കുറിച്ചിരിക്കുന്നു. പരമാധികാരം, ദേശീയത, സ്വാശ്രയത്വം എന്നിവയിൽ കേന്ദ്രീകരിച്ച് സ്വയരക്ഷയ്ക്കായി ഒറ്റയ്ക്കു നിൽക്കുന്ന മനോഭാവത്തിലേക്കു രാജ്യങ്ങൾ മാറുകയാണ്.

വിദേശ രാഷ്ട്രങ്ങളോടുള്ള ആശ്രിതത്വം നിരസിക്കുന്നത് വിദേശ ഇടപെടലുകൾ ചെറുക്കുന്നതു പോലെ തന്നെ കണക്കാക്കപ്പെടുമ്പോൾ, രാഷ്ട്രങ്ങളുടെ ഐക്യവേദി എന്ന സ്വന്തം പ്രാധാന്യത്തെക്കുറിച്ച് ആശങ്കപ്പെടാൻ യുഎന്നിനു കാരണങ്ങളെറെ. കോവിഡ് മൂലം സാമ്പത്തിക രംഗത്തും മനുഷ്യജീവന്റെ കാര്യത്തിലും ലോകത്തിനും യുഎന്നിനും ഉണ്ടായ കഷ്ടനഷ്ടങ്ങളും തിരിച്ചടികളും വ്യക്തമാക്കുന്നതാണ്  സെപ്റ്റംബർ 22ന് യുഎൻ പൊതുസഭയിൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നടത്തിയ പ്രസംഗം.

ജന്മം നൽകിയവർ കഴുത്തു ഞെരിക്കുന്നു

യുഎൻ ഇന്നൊരു അസ്തിത്വ പ്രതിസന്ധി നേരിടുകയാണ്. സ്ഥാപക രാഷ്ട്രങ്ങൾ തന്നെ അതിന്റെ അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിക്കുന്നു. ബഹുരാഷ്ട്ര സഹവർത്തിത്വം എന്ന അടിസ്ഥാന ആശയത്തിൽനിന്നു പിൻവലിയാൻ യുഎസ് ഭരണകൂടം തീരുമാനമെടുത്തത് ഇതിന് ഉദാഹരണം. രാഷ്ട്രങ്ങൾ പരമാധികാരം മുറുകെപ്പിടിക്കുകയും രാജ്യാന്തര ഉടമ്പടികളുടെ സാധുത അംഗീകരിക്കാതാകുകയും ചെയ്യുമ്പോൾ ബഹുരാഷ്ട്ര സഹവർത്തിത്വം അപകടത്തിലാകുന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഏറെ അധ്വാനിച്ചു രൂപപ്പെടുത്തിയെടുത്ത ആഗോള ഘടന ഇല്ലാതാകുന്നതിന്റെ സൂചനയാണ് ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള യുഎസിന്റെ പിന്മാറ്റം.

Shashi-Tharoor

പരസ്പര സഹകരണത്തിൽ അധിഷ്ഠിതമായ ലോകക്രമത്തിനു ഭീഷണിയാണ് അയവില്ലാതെ തുടരുന്ന യുഎസ് - ചൈന തർക്കങ്ങൾ. ആഗോള സഹവർത്തിത്വത്തിനു നിരക്കുന്നതല്ല ചൈന കാണിക്കുന്ന ‘സഹകരണ’ മനോഭാവം. സമതുലിതമല്ലാത്ത ഉഭയകക്ഷി ധാരണകളിലൂടെ മറ്റു രാഷ്ട്രങ്ങളെ കെണിയിൽപെടുത്തി തങ്ങളുടെ വരുതിയിലാക്കുന്ന രീതിയാണു ചൈനയുടെത്. ബെൽറ്റ് റോഡ് പദ്ധതി ഇതിന് ഉദാഹരണമാണ്.

കോവിഡിന്റെ തുടക്കത്തിൽ നിർണായക വിവരങ്ങൾ മറച്ചുവച്ചതു വഴി ലോകനന്മയോടുള്ള ചൈനയുടെ പ്രതിലോമ നിലപാടു വ്യക്തമായതാണ്. ഈ വിഷയത്തിൽ ലോകാരോഗ്യ സംഘടന നടത്തിയ ദുർബല പ്രതികരണങ്ങൾ സുപ്രധാന രാജ്യാന്തര ഏജൻസികളുടെ തളർച്ചയെയാണു സൂചിപ്പിക്കുന്നത്.

കാലാവസ്ഥാ മാറ്റത്തിൽ തുടരുന്ന നിഷ്ക്രിയത്വം

യുഎൻ നേതൃത്വം നൽകിയ രാഷ്ട്രീയ - സാമ്പത്തിക ധാരണ തകർന്നതിന് ഏറ്റവും വലിയ ഉദാഹരണമാണു കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രതിസന്ധികളുടെ ലഘൂകരണത്തിലെ വീഴ്ച. ലോകത്തു കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മുൻപെന്നത്തെക്കാളും കൂടുതൽ വ്യക്തവും വിനാശകരവുമാണിന്ന്. കാലാവസ്ഥാമാറ്റം മൂലം അഭയാർഥികളാക്കപ്പെട്ടവരുടെ എണ്ണം സംഘർഷ മേഖലകളിൽനിന്ന് അഭയാർഥികളാക്കപ്പെട്ടവരെക്കാളും മെച്ചപ്പെട്ട ജീവിതം തേടി പലായനം ചെയ്യുന്നവരെക്കാളും കൂടുതലാണിപ്പോൾ. എന്നാൽ, ഈ അവസ്ഥ പരിഹരിക്കുന്നതിനു കൂട്ടായ ഒരു ശ്രമവും ഇന്നു ലോകത്തില്ല.

സമാധാന സംരക്ഷണം ഭാരമാകുന്നു

ആഗോള തലത്തിൽ യുഎൻ സ്തുത്യർഹമായി നിർവഹിക്കുന്ന ഒന്നാണ് സമാധാന സംരക്ഷണം. 95,000 ലേറെ പേർ ഇതിനായി യത്നിക്കുന്നു. പ്രതിവർഷം 800 കോടി ഡോളർ (57,600 കോടി രൂപ) ചെലവുള്ള ഈ സേവനം എക്കാലത്തും കമ്മി ബജറ്റിലായിരുന്നു. ലോകരാജ്യങ്ങൾ സൈനിക ശാക്തീകരണത്തിനായി 1.9 ലക്ഷം കോടി ഡോളർ (137 ലക്ഷം കോടി രൂപ) ചെലവിടുമ്പോഴാണ് സമാധാന സംരക്ഷണത്തിന്റെ ഈ ദുരവസ്ഥ.

ദരിദ്രരാഷ്ട്രങ്ങളിൽ യുഎൻ നടത്തുന്ന അമൂല്യമായ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക പിന്തുണ തീർത്തും അപര്യാപ്തമാണ്. വികസ്വര രാഷ്ട്രങ്ങളാണ് യുഎന്നിന്റെ പ്രധാന പ്രവർത്തന മണ്ഡലം. ആഗോളതലത്തിൽ ആ രാഷ്ട്രങ്ങളുടെ ശബ്ദം ഉയരുന്നത് യുഎന്നിലാണ്. അസന്തുലിതമായ ലോകമെന്ന പേമാരിയിൽ നിന്ന് ദരിദ്ര രാഷ്ട്രങ്ങളെ ബഹുരാഷ്ട്ര സഹവർത്തിത്വം എന്ന കുടക്കീഴിൽ സംരക്ഷിച്ചു നിർത്തുകയായിരുന്നു യുഎൻ ചെയ്തിരുന്നത്.

കോവിഡ് പഠിപ്പിച്ച പാഠങ്ങൾ

കോവിഡ് യുഎന്നിന്റെ ദുർബലാവസ്ഥ തുറന്നു കാട്ടിയിരിക്കുകയാണ്. യുഎൻ ഫലപ്രദമായി ഇടപെട്ടിരുന്നെങ്കിൽ കൊറോണ വൈറസിനെ അതിവേഗം തിരിച്ചറിയുന്നതിനും നേരത്തെ മുന്നറിയിപ്പു നൽകി അതുവഴി അതിന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള പ്രചാരണ നടപടികൾ നടത്താനും കഴിയുമായിരുന്നു. എന്നാൽ പുരോഗതി തടയുന്ന, വിനാശകരമായ അടച്ചിടലുകളിലേക്കാണ് ലോക രാഷ്ട്രങ്ങളെ കോവിഡ് കൊണ്ടെത്തിച്ചത്. 

ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്തു കഴിഞ്ഞാൽ കോവിഡ് പാഠങ്ങൾ ഉൾക്കൊണ്ട് അടുത്തൊരു മഹാമാരിയെ തുടക്കത്തിലേ പ്രതിരോധിക്കാനായി തങ്ങളുടെ രാജ്യാന്തര ഏജൻസികളെ ശക്തിപ്പെടുത്തുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനും യുഎൻ തയാറാകണം.

ഭാവിയിലെ പ്രതിസന്ധികളെ നേരിടുന്നതിന് ഉതകും വിധത്തിലുള്ള ആഗോള നേതൃശക്തിയായി മാറാൻ ഈ 75-ാം വാർഷികത്തിൽ യുഎന്നിന് കഴിയേണ്ടിയിരിക്കുന്നു. അതല്ലെങ്കിൽ യുഎൻ മുന്നോട്ടുവയ്ക്കുന്ന മഹത്തായ ആശയമായ മാനവികതയെത്തന്നെ ഇല്ലാതാക്കുന്ന രീതിയിലായിരിക്കും ലോകത്തിന്റെ പ്രതികരണം.

(യുഎൻ മുൻ അണ്ടർ സെക്രട്ടറി ജനറലാണ് ലേഖകൻ)

English Summary: 75 Years of United Nations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com