ADVERTISEMENT

അണികളെയും സൈബർസേനയെയും സർക്കാർ സംവിധാനങ്ങളെത്തന്നെയും ഉപയോഗിച്ചു മാധ്യമങ്ങളെ നേരിടുന്ന രാഷ്ട്രീയനേതൃത്വത്തിന് ഇപ്പോൾ നിയമത്തിന്റെയും പൊലീസിന്റെയും സഹായംകൂടി കൈവരുന്നത് അങ്ങേയറ്റം ആശങ്കയോടെയേ കാണാനാവൂ. 

സമൂഹമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ, 5 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന പൊലീസ് ആക്ട് ഭേദഗതിക്കു മന്ത്രിസഭ ഗവർണർക്കു നൽകിയ ശുപാർശയുടെ കാണാപ്പുറങ്ങളെക്കുറിച്ചാണ് ആശങ്ക. സമൂഹമാധ്യമങ്ങൾക്കു പുറമേ മുഖ്യധാരാ മാധ്യമങ്ങൾക്കും ഇതു ബാധകമാകുമെന്നതിനാൽ മാധ്യമസ്വാതന്ത്ര്യത്തിനും വിലങ്ങുതടിയാകുമെന്നുവേണം കരുതാൻ. ഏതെങ്കിലും മാധ്യമത്തിൽ വരുന്ന ഒരു ലേഖനത്തിന് ആരെയെങ്കിലും അപകീർത്തിപ്പെടുത്താൻ ഉദ്ദേശ്യമുണ്ടെന്നു പൊലീസിനു തോന്നിയാൽപോലും പുതിയ നിയമത്തിന്റെ ചുവടുപിടിച്ചു നടപടി സാധ്യമാകുമെന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാവും ഉണ്ടാക്കുക. ആരും പരാതി ഉന്നയിക്കാതെ തന്നെ പൊലീസിനു സ്വമേധയാ കേസെടുക്കാൻ കഴിയുന്ന തരത്തിൽ നിയമം കൊണ്ടുവരുന്നതു നല്ലതല്ലെന്നും അതിൽ ദുരുപയോഗ സാധ്യതകളേറെയുണ്ടെന്നും നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. 

അടുത്തകാലത്തു സൈബർവേദികൾ ഉപയോഗിച്ചു നടത്തിയ ചില കുറ്റകൃത്യങ്ങൾ സ്ത്രീകൾക്കു വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനു നിലവിലുള്ള നിയമം അപര്യാപ്തമാണെന്നു കണ്ടതിനാലാണു പൊലീസ് ആക്ടിൽ ഭേദഗതി തീരുമാനിച്ചത്. ഇത്തരം സാമൂഹികവിരുദ്ധർക്കു കടിഞ്ഞാണിടേണ്ടത്  അടിയന്തരാവശ്യം തന്നെ. പക്ഷേ, അതിനു വേണ്ടിയുള്ള  ഇപ്പോഴത്തെ നിയമഭേദഗതി മാധ്യമങ്ങൾക്കു പൊതുവായി കൂച്ചുവിലങ്ങിടാനുള്ള ഉപാധിയാക്കിയതാണ് ആശങ്കയുളവാക്കുന്നത്. ഭരണഘടനാവിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണ് എന്നു ചൂണ്ടിക്കാട്ടി ഐടി നിയമത്തിലെ 66 എ വകുപ്പ്, കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പ് എന്നിവ 2015ൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാൽ, റദ്ദാക്കപ്പെട്ട നിയമങ്ങളുടെ ചുവടുപിടിച്ചാണ് പുതിയ ഭേദഗതിയും വരുന്നതെന്നതു നിർഭാഗ്യകരമാണ്. 

വ്യാജവാർത്തകൾ കണ്ടെത്താനായി സംസ്ഥാനങ്ങൾ ഒരുക്കിയ ‘ഫാക്ട് ചെക്’ എന്ന ഔദ്യോഗിക സംവിധാനത്തിന്റെ ദുരുപയോഗം വിമർശനത്തോടുള്ള അസഹിഷ്ണുതയുടെ സമീപകാല ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. വ്യാജവാർത്തകൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനും അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാനതല പൊലീസ് സംഘം രൂപീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ മാസം വെളിപ്പെടുത്തിയപ്പോഴും ആ നീക്കത്തിന്റെ കാണാപ്പുറങ്ങളെക്കുറിച്ച് ആശങ്കയുണർന്നു. ‌തങ്ങൾക്ക് അപ്രിയമായ വാർത്തകൾക്കു കൂച്ചുവിലങ്ങിടാനാണു സർക്കാരിന്റെ നീക്കമെന്ന് ഇപ്പോഴത്തെ നിയമഭേദഗതിയുടെ പശ്ചാത്തലത്തിലും ന്യായമായും സംശയിച്ചേതീരൂ. 

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയിൽ ആശങ്ക വേണ്ടെന്നും ആവിഷ്കാര സ്വാതന്ത്ര്യം തടയുകയോ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുകയോ ചെയ്യില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ദുരുപയോഗസാധ്യത ഏറെയുള്ള നിയമഭേദഗതികൾ കൊണ്ടുവരുമ്പോൾ അധികാരികൾ പറയാറുള്ള പതിവു ന്യായീകരണം മാത്രമായേ ഇതിനെ കാണാനാവൂ. വാർത്തകൾ തങ്ങൾക്ക് അനുകൂലമാകുമ്പോൾ മാധ്യമങ്ങളെ വാഴ്ത്തുകയും വിമർശനപരമാകുമ്പോൾ അവയുടെ വായടപ്പിക്കുകയും ചെയ്യാനുള്ള പ്രവണത ഭരിക്കുന്നവരിൽ ഏറിവരുമ്പോൾ ഇങ്ങനെയൊരു നീക്കമുയർത്തുന്ന ആപൽസൂചനകൾ ഏറെയാണ്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ നിയമഭേദഗതിയിൽ മാധ്യമസമൂഹത്തിനും പൊതുസമൂഹത്തിനുതന്നെയുമുള്ള  കനത്ത ആശങ്കകൾക്കു പരിഹാരമുണ്ടായേ തീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com