പുലിയായ പൂച്ചയും പൊല്ലാപ്പും

notes visual
SHARE

സിബിഐയോടു സംസ്ഥാന സർക്കാരിന് ഒരുകാലത്തു പെരുത്ത പ്രേമമോ മറ്റെന്തൊക്കെയോ ആയിരുന്നു. നേരറിയാൻ സിബിഐ എന്നായിരുന്നു ആപ്തവാക്യം. അവരെക്കാൾ നേരത്തേ നേരറിയിക്കാൻ പാർട്ടിപത്രത്തിനു മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.

ഏത് അന്വേഷണ ഏജൻസിയും കേരളത്തിലെ ഏതു കേസും അന്വേഷിക്കുന്നതിൽ പിണറായി സഖാവിനു വിരോധമുണ്ടായിരുന്നില്ല. അദ്ദേഹം അതു പലവട്ടം തുറന്നു പറഞ്ഞതുമാണ്. എന്നാൽ, ലൈഫ് മിഷൻ കേസ് സിബിഐ ഏറ്റെടുത്തതോടെ ആ നിലപാടു മാറിയിരിക്കുകയാണ്. ഇപ്പോൾ സിബിഐ എന്നു കേൾക്കുമ്പോൾ സിപിഎമ്മിനും മുഖ്യമന്ത്രിക്കും പെരുവിരലിൽനിന്നു തരിച്ചു കയറും.

പൂച്ചയാണെന്നു കരുതിയ ജീവി പുലിയാണെന്ന തിരിച്ചറിവുണ്ടാകുമ്പോൾ ആർക്കും ഉണ്ടാകുന്ന വെപ്രാളവും വേവലാതിയും മനസ്സിലാക്കാൻ പ്രയാസമില്ല. പുലിയെ നേരിടാൻ ചങ്കൂറ്റമില്ലാത്തതുകൊണ്ടു കേരളത്തെ പുലിനിരോധിത മേഖലയായി പ്രഖ്യാപിക്കാനാണു സിപിഎമ്മിന്റെ ശ്രമം. കേരളത്തിലെ കേസുകൾ അന്വേഷിക്കുന്നതിൽനിന്നു സിബിഐക്കു വിലക്കു കൽപിക്കണമെന്നാണ് പാർട്ടിയുടെ മിനിമം ഡിമാൻഡ്.

ഇതിൽ തെറ്റൊന്നുമില്ല. സിബിഐ ഇല്ലാതിരുന്ന കാലത്തും തിരുവിതാംകൂറും കൊച്ചിയും മലബാറുമെല്ലാം ഉണ്ടായിരുന്നു. അക്കാലത്തും കേരളത്തിൽ തട്ടിപ്പും വെട്ടിപ്പും പറ്റിപ്പുമെല്ലാം നടന്നിരുന്നു. അതുകൊണ്ട് ആർക്കും വലിയ ചേതമുണ്ടായിട്ടില്ല. മടിയിൽ കനമുള്ളവർക്കു മാത്രമേ, അക്കാലത്തു വഴിയിൽ ഭയമുണ്ടായിരുന്നുള്ളൂ.

ഇക്കാലത്താണെങ്കിൽ ആരും മടിശ്ശീലയിൽ ഡോളറും ദിർഹവും വച്ചുകെട്ടി കാൽനട യാത്ര ചെയ്യാറില്ല. പരമാവധി ഒന്നോ രണ്ടോ എടിഎം കാർഡ് കാണും. അത്ര തന്നെ. അതുകൊണ്ട് തീവെട്ടിക്കൊള്ള, പിടിച്ചുപറി തുടങ്ങിയവ ഇക്കാലത്തു കേട്ടുകേൾവി മാത്രമാണ്. പിന്നെ സിബിഐ അല്ല എഫ്ബിഐ വിചാരിച്ചാലും തട്ടിപ്പ്, വെട്ടിപ്പ്, പറ്റിപ്പ് (ചുരുക്കത്തിലാണെങ്കിൽ ടിവിപി) എന്നിവ തടയാൻ കഴിയില്ല.

ഒന്നും മിണ്ടല്ലേ ജീ... ലോക്കലാ!

രാഹുൽ ഗാന്ധി കേരളത്തിലെ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതില്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞെന്നും പറ‍ഞ്ഞില്ലെന്നും രണ്ടു പക്ഷമുണ്ട്. രാഹുൽജി സംസ്ഥാന സർക്കാരിന് ഗുഡ് സർവീസ് എൻട്രിയോ മറ്റോ കൊടുത്തതാണത്രെ പ്രകോപനം എന്നാണു രമേശിന്റെ എതിരാളികൾ പ്രചരിപ്പിക്കുന്നത്. അതു സത്യമാകാൻ ഒരു സാധ്യതയുമില്ല. ഗാന്ധികുടുംബത്തിലെ എല്ലാവരുടെയും പടങ്ങൾ രമേശിന്റെ പൂജാമുറിയിൽ ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്.

ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നാൽ കുളിച്ചു ശുദ്ധനായി പൂജാമുറിയിൽ കയറി 108 തവണ സോണിയമന്ത്രം ഉരുക്കഴിക്കുന്നതാണ് അദ്ദേഹത്തിന്റെ പതിവ്. പിന്നീടു രാഹുൽസ്തോത്രം, പ്രിയങ്കാസ്തവം തുടങ്ങിയവ ഉച്ചത്തിൽ ചൊല്ലും. ഇത് എത്ര തവണയാണെന്നു നിജപ്പെടുത്തിട്ടില്ല. അതും കഴിഞ്ഞേ അദ്ദേഹത്തിനു ജലപാനം പോലും പതിവുള്ളൂ. അങ്ങനെയുള്ള രമേശ്, രാഹുൽജിക്കെതിരെ സ്വപ്നത്തിൽപോലും ഒന്നും പറയില്ലെന്നു നൂറുവട്ടം ഉറപ്പാണ്.

ഇനി അങ്ങനെ വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ, അതു രാഹുലിന്റെ ഭാവിയും ഉയർച്ചയും ലക്ഷ്യമിട്ടായിരിക്കണം. ഈ കൊച്ചുകേരളത്തിലെ ചീളു കേസുകളിൽ ഇടപെട്ടു സമയം കളയേണ്ട ആളാണോ രാഹുൽജി? അതെല്ലാം കൈകാര്യം ചെയ്യാൻ ഞാൻജിയും മുല്ലപ്പള്ളിജിയും ഹസൻജിയുമെല്ലാമില്ലേ? സത്യത്തിൽ രാഹുൽജി ദേശീയ കാര്യങ്ങളിൽപോലും അഭിപ്രായം പറയേണ്ട ആളല്ല. ദേശീയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഡൽഹിയിൽ നമ്മുടെ ആന്റണിജിയും വേണുഗോപാൽജിയുമില്ലേ? പോരാത്തതിന് കേരള ദേശീയതയുടെ ശക്തനായ വക്താവായ കുഞ്ഞൂഞ്ഞുമുണ്ട്.

രാഹുൽജി ശരിക്കും രാജ്യാന്തര കാര്യങ്ങളിലാണ് ഇടപെടേണ്ടത്. പ്രത്യേകിച്ചും ബർമ,  ബുർക്കിനഫാസോ തുടങ്ങിയ നാടുകളിലെ പ്രശ്നങ്ങളിൽ. ഏതു കാര്യത്തിലായാലും രാഹുൽജി എന്തു പറയുന്നുവെന്ന് അന്നാട്ടുകാർ ചെവി ചെത്തിക്കൂർപ്പിച്ചിരിപ്പാണ്. അതുകൊണ്ടു രാഹുൽജി കേരളത്തിലെ കാര്യങ്ങളിൽ ഇടപെട്ടു സമയം പാഴാക്കരുത് എന്നായിരിക്കണം രമേശ് ഉദ്ദേശിച്ചത്. ‘രാഹുൽജി തും ആഗേ ബഡോ, ഹം തുമാരാ പിഛേ ഹേ’ എന്ന ഉറപ്പുകൂടി ഹിന്ദി വിദ്വാനായ രമേശിന്റെ മനസ്സിൽ ഉണ്ടായിരിക്കാം.

ഇങ്ങനെ ചില ഒറ്റമൂലികൾ 

ചോദ്യം ചെയ്യൽ, അറസ്റ്റ് നീക്കം തുടങ്ങിയവ ഉണ്ടാകുമ്പോൾ മിക്കവരിലും കാണുന്ന രോഗമാണു തലകറക്കം, ബോധക്ഷയം തുടങ്ങിയവ. ഇതെല്ലാം കണ്ടുകണ്ട് അന്വേഷണ ഏജൻസികൾ തഴമ്പിച്ചു. അതോടെ ഹൃദ്രോഗമായി അടുത്ത അടവ്. നേരെ സ്വകാര്യ ആശുപത്രിയിലേക്കു വച്ചുപിടിപ്പിക്കും. അവിടെ അഡ്മിറ്റായാൽ പിന്നെ കാര്യം കുശാൽ. അതോടെ അന്വേഷണ ഏജൻസികളും അടവു മാറ്റിപ്പിടിക്കാൻ തുടങ്ങി. നേരെ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിപ്പിക്കും. അതോടെ ഹൃദ്രോഗം പോയവഴിക്കു പുല്ലുമുളയ്ക്കില്ല. പണ്ടൊരു നേതാവ് രക്തത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാണെന്നു പറഞ്ഞ് ജയിലിൽനിന്നു പഞ്ചനക്ഷത്ര ആശുപത്രിയിൽ സുഖചികിത്സ നേടിയ കഥ പലരും മറന്നുകാണും. നേതാവിന്റെ രോഗത്തിന്റെ പേർ കേട്ടതോടെ ജയിലർമാരും പൊലീസുകാരും ബോധംകെട്ടു പോയി എന്നാണു സംഭവത്തിന്റെ ദൃക്സാക്ഷികൾ പറയുന്നത്. ഇരുമ്പിന്റെ അംശം കൂടുതലാണെങ്കിൽ സത്യത്തിൽ നടത്തേണ്ടിയിരുന്നതു കാന്തചികിത്സയാണ്.

ഇരുമ്പിന്റെ അംശം കൂടുതലാണെന്നു പറഞ്ഞാൽ അന്വേഷണ ഏജൻസികൾ വല്ല ഇരുമ്പുപണിക്കാരന്റെ ആലയിലേക്കോ മറ്റോ കൊണ്ടുപോയാലോ എന്നു പേടിച്ച് ആ അസുഖം ഇപ്പോൾ ആർക്കും ബാധിക്കാറില്ല. പകരം രക്തത്തിൽ പൊട്ടാസ്യത്തിന്റെ അംശം കുറവാണെന്നോ ലിഥിയത്തിന്റെ അംശം കൂടുതലാണെന്നോ ഒക്കെയാണു ന്യായം പറയാറ്. ഇതെല്ലാം തരാതരം പോലെ സാക്ഷ്യപ്പെടുത്താൻ ഡോക്ടർമാരും മെഡിക്കൽ ബോർഡുകളുമുണ്ട്. മേടിക്കൽ ബോർഡ് ആകുമ്പോൾ നിരക്കു കൂടുമെന്നു മാത്രം.

മറ്റെല്ലാം പരാജയപ്പെടുമ്പോൾ കാളൻ നെല്ലായി എന്നു പറഞ്ഞപോലെ ചോദ്യം ചെയ്യലും അറസ്റ്റും ഒഴിവാക്കാനുള്ള ഒറ്റമൂലി ആയർവേദത്തിലുണ്ട്. ശിരോവസ്തി, നവരക്കിഴി, എണ്ണത്തോണിയിൽ കിടത്തൽ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. എണ്ണത്തോണിയിൽ കിടന്നാൽ അന്വേഷണ ഏജൻസികൾ പിടിക്കാൻ ശ്രമിച്ചാലും നിഷ്പ്രയാസം വഴുതിമാറാം (ഇതിൽ പറയുന്നതെല്ലാം സാങ്കൽപിക സംഭവങ്ങളാണ്. മരിച്ചുപോയവരോ ജീവിച്ചിരിക്കുന്നവരോ ആയ ആരോടെങ്കിലും ഇതിനു സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അതു തികച്ചും യാദൃച്ഛികമാണ്).

സ്റ്റോപ് പ്രസ്: യുവതിയെ അപമാനിക്കുന്ന അശ്ലീല ഫെയ്സ്ബുക് പോസ്റ്റ് സിപിഎം നേതാവ് ചാനൽ ചർച്ചയിൽ വായിച്ചുകേൾപ്പിച്ചു.

നേതാവിന്റെ ഗവേഷണ പ്രബന്ധത്തിന്റെ  വിഷയം ‘കലയും പ്രത്യയശാസ്ത്രവും:  ഇഎംഎസിന്റെ വിചാരലോകം’  എന്നാണെന്നു കൂടി മനസ്സിലാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA