ADVERTISEMENT

അവയവദാന സന്ദേശത്തിന്റെ എത്രയോ മഹനീയ മാതൃകകൾ ഉണ്ടായ നാടാണു നമ്മുടേത്. എന്നിട്ടും, കേരളത്തിലും അവയവക്കച്ചവടം നടക്കുന്നുണ്ടെന്നതും ഇതിന്റെ പിന്നിൽ വലിയ സംഘംതന്നെ സജീവമാണെന്നതും നാടിനെ ഞെട്ടിക്കുന്നു. അവയവം മാറ്റിവയ്ക്കൽ രംഗത്തെ അനാരോഗ്യ പ്രവണതകൾ തടയാനും അർഹതയുള്ളവർക്കു നേരായ വഴിയിലൂടെ അവയവദാനം ഉറപ്പാക്കാനുമായി രൂപീകരിച്ച സർക്കാർ ഏജൻസിയായ ‘മൃതസഞ്ജീവനി’യെപ്പോലും അട്ടിമറിച്ചാണ് ഇടനിലക്കാർ കച്ചവടം നടത്തുന്നത്. കേരളം അഭിമുഖീകരിക്കുന്ന വലിയൊരു സാമൂഹികവിപത്തിന്റെ സൂചന തന്നെയാണ് ഈ കണ്ടെത്തൽ.

സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ സജീവമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ 2 വർഷത്തെ അവയവദാനങ്ങൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ ഡിജിപി ലോക്നാഥ് ബെഹ്റ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ, ക്രൈംബ്രാഞ്ച് ഐജി നടത്തിയ അന്വേഷണത്തിൽ, അവയവദാനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ ഇടപാടു നടത്തുന്ന മാഫിയ ഇവിടെ ശക്തമാണെന്നു വ്യക്തമാക്കുകയുണ്ടായി. വൃക്കദാതാക്കളുടെ ജീവിതസാഹചര്യം നോക്കി ഇടനിലക്കാരാണു വില ഉറപ്പിക്കുന്നതെന്നും 2 ലക്ഷം മുതൽ 15 ലക്ഷം വരെ നൽകിയിട്ടുണ്ടെന്നും തുച്ഛമായ തുക മുൻകൂറായി നൽകി ചിലരെ വഞ്ചിച്ചുവെന്നുമൊക്ക ഈ അന്വേഷണത്തിൽ വെളിപ്പെട്ടു. ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും ഇടനിലക്കാരാണു ചെയ്യുന്നതെന്നത് സംസ്ഥാനത്തെ അവയവക്കച്ചവടത്തിന്റെ ഉന്നതതല ബന്ധമാണു സൂചിപ്പിക്കുന്നത്.

‘മൃതസഞ്ജീവനി’ വഴി മാത്രമേ സംസ്ഥാനത്ത് അവയവദാനം സാധ്യമാകുകയുള്ളൂ. എന്നാൽ, ഈ സംവിധാനത്തെ ഇടനിലക്കാർ അട്ടിമറിക്കുന്നതായാണു കണ്ടെത്തിയിരിക്കുന്നത്. സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന കേരള നെറ്റ്‌വർക് ഫോർ ഓർഗൻ ഷെയറിങ്ങിന്റെ (കെഎൻഒഎസ്) അവയവദാന പദ്ധതിയിൽ പേരു റജിസ്റ്റർ ചെയ്താണ് അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നത്. ആശുപത്രികളാണു പദ്ധതിയിൽ രോഗിയുടെ പേരു റജിസ്റ്റർ ചെയ്യുക. മസ്തിഷ്കമരണം സ്ഥിരീകരിച്ചാൽ ആർക്കാണ് അവയവം നൽകേണ്ടതെന്നു തീരുമാനിക്കുന്നത്, റജിസ്റ്റർ ചെയ്ത രോഗികളുടെ അവസ്ഥ പരിഗണിച്ച് കെഎൻഒഎസിന്റെ സംസ്ഥാനതല സമിതിയാണ്.

ഇത്രയും സുതാര്യവും സുസജ്ജവുമാണെന്നു കരുതിപ്പോരുന്ന ‘മൃതസഞ്ജീവനി’യെത്തന്നെ അട്ടിമറിച്ചുവെന്ന കണ്ടെത്തൽ അങ്ങേയറ്റം ഗൗരവമുള്ളതാണ്. രേഖകളെല്ലാം ഹാജരാക്കിയാൽ അനുമതി നൽകാതിരിക്കാൻ മൃതസഞ്ജീവനിക്കു സാധിക്കില്ലെന്നതും അവയവദാതാവും സ്വീകർത്താവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നേരിട്ടു പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സംവിധാനം ഇല്ലെന്നതും അവയവക്കച്ചവടക്കാർക്കു കാര്യങ്ങൾ സുഗമമാക്കി.

സംസ്ഥാനത്തു നാലായിരത്തിലേറെ അപകടമരണങ്ങളാണു പ്രതിവർഷം നടക്കുന്നത്. ഇതിൽ ആയിരത്തിലേറെപ്പേർക്കെങ്കിലും മസ്തിഷ്കമരണങ്ങൾ സ്ഥിരീകരിക്കാവുന്നതാണെന്നും അവരുടെ അവയവങ്ങൾ ദാനം ചെയ്യാവുന്നതാണെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, കർശനമായ ചട്ടങ്ങൾ മൂലവും ഭാവിയിലുണ്ടായേക്കാവുന്ന വിവാദങ്ങൾ കണക്കിലെടുത്തും മസ്തിഷ്കമരണ സ്ഥിരീകരണത്തിനു പോലും പല ഡോക്ടർമാരും മടിക്കുന്ന സാഹചര്യമാണുള്ളത്. ഇന്ത്യയിൽ അവയവദാന നിയമം നിലവിൽവന്ന് (1994) കാൽ നൂറ്റാണ്ടിനു ശേഷം ആദ്യമായി കേരളത്തിലാണ് മസ്തിഷ്കമരണം നിശ്ചയിക്കാനുള്ള കൃത്യമായ നടപടിക്രമങ്ങൾ ഈയിടെ നിർവചിക്കപ്പെട്ടത്. സർക്കാരിന്റെ പുതിയ നടപടിക്രമങ്ങൾ ‘മൃതസഞ്ജീവനി’യെ പുനരജ്ജീവിപ്പിക്കുന്നതിനോടൊപ്പം ഗൂഢലക്ഷ്യങ്ങൾ പരാജയപ്പെടുത്താൻ സജ്ജമാക്കുകകൂടി വേണം.

ഇതിനിടയിലാണ്, കോവിഡ് വ്യാപനത്തിനിടെ മതിയായ സുരക്ഷ ഒരുക്കാനാവാതെ സർക്കാർ മേഖലയിൽ അവയവമാറ്റ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലായത്. മസ്തിഷ്കമരണം സംഭവിച്ചവരിൽ രണ്ടുപേരിൽ നിന്നും ജീവിച്ചിരിക്കുന്ന മുപ്പതിലേറെ ദാതാക്കളിൽ നിന്നും മാത്രമാണു സർക്കാർ മേഖലയിൽ ഈ വർഷം അവയവമാറ്റ ശസ്ത്രക്രിയ നടന്നത്. സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയകളെയും കോവിഡ്ഭീതി ബാധിച്ചിട്ടുണ്ടെങ്കിലും മസ്തിഷ്കമരണം സംഭവിച്ച പതിനാറിലേറെപ്പേരുടെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സ്വകാര്യമേഖലയിൽ നടന്നിട്ടുണ്ട്.

മരണാനന്തര അവയവദാനത്തിലെ സങ്കീർണമായ കുരുക്കുകൾ അഴിച്ചും ബന്ധുക്കൾക്കായി ബോധവൽക്കരണം നടത്തിയും അവയവക്കച്ചവടത്തിന്റെ വേരറുത്തും മഹാദാനത്തിന്റെ തുടർച്ച എത്രയുംവേഗം ഇവിടെ ഉറപ്പാക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com