നിരുപാധിക സ്നേഹം

subhadianm
SHARE

സൗജന്യങ്ങൾ, ഇളവുകൾ എന്നിവയെക്കുറിച്ചുള്ള പരസ്യങ്ങൾക്കു താഴെ കൂട്ടിച്ചേർക്കുന്ന ചെറിയൊരു വാചകമുണ്ട്: ‘നിബന്ധനകൾക്കു വിധേയം.’ നൽകുന്നവർ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കുന്നവർക്കു മാത്രമാണ് അതിനർഹത. അല്ലാത്തവർക്ക് അതൊരു ആകർഷണം മാത്രം. 

നിബന്ധനകൾ വച്ചു സ്നേഹം പരിശീലിക്കുമ്പോഴാണ് അതു താൽക്കാലികവും അപക്വവുമാകുന്നത്. തനിക്ക് ഇഷ്ടമുള്ളതു മാത്രം ചെയ്യുന്നവരെയും തന്റെ വ്യവസ്ഥകളിലൂടെ മാത്രം സഞ്ചരിക്കുന്നവരെയും ഇഷ്ടപ്പെടാനും ചേർത്തു നിർത്താനും ആർക്കും കഴിയും. സ്നേഹത്തിനു നിയമാവലി ഉണ്ടാക്കുന്നവർ സ്നേഹിക്കുന്നത് അവനവനെ മാത്രമാണ്. 

വ്യവസ്ഥകളുള്ള സ്നേഹത്തിന് എപ്പോഴും അളവുകൾ ഉണ്ടാകും. ഇടയ്ക്കു പരിശോധന നടത്തി ഗുണനിലവാരം തിട്ടപ്പെടുത്തും. അളവിൽ ദൃശ്യമാകുന്ന ഏറ്റക്കുറച്ചിലുകൾ തിരിച്ചുള്ള സ്നേഹപ്രകടനത്തിലും വ്യക്തമാകും. 

ഒരാൾക്ക് എക്കാലവും മറ്റൊരാളെ സ്നേഹിക്കാൻ കഴിയുമോ? ഒരാളെ എന്നും ഒരുപോലെ സ്നേഹിക്കാൻ സാധിക്കുമോ?  ഇങ്ങോട്ടുള്ള സ്നേഹം അളന്നെടുക്കുന്നുണ്ടെങ്കിൽ അങ്ങോട്ടുള്ള സ്നേഹത്തിനും അളവുകോൽ ഉണ്ടാകില്ലേ? ലാഭനഷ്ടക്കണക്കുകളോ നിബന്ധനകളോ ഇല്ലാതെ ആരെങ്കിലും ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടാകുമോ? സ്നേഹിക്കുന്നവരുടെ ഇഷ്ടങ്ങൾ തന്റെ ഇഷ്ടങ്ങൾക്കു മീതെ പറക്കാൻ ഏതെങ്കിലും സ്നേഹിതൻ അനുവദിക്കുമോ? 

എന്തെങ്കിലും കാരണത്തിന്റെ പേരിൽ ആരെയെങ്കിലും സ്നേഹിച്ചാൽ ആ കാരണം അവസാനിക്കുമ്പോൾ സ്നേഹവും നിലയ്ക്കും. ഒരു കാരണവുമില്ലാതെ സ്നേഹിക്കാൻ കഴിയുന്നവർക്കു മാത്രമേ സമ്മർദങ്ങളില്ലാതെ സ്നേഹിക്കാനാകൂ. കൊടുക്കൽ വാങ്ങലുകൾക്കിടയിൽ വ്യവസ്ഥകളുണ്ടെങ്കിൽ അതിനെ സ്നേഹം എന്നല്ലല്ലോ വിളിക്കേണ്ടത്; കച്ചവടം എന്നല്ലേ?  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA