ADVERTISEMENT

പാർലമെന്ററി സമിതികളിൽ ഉദ്യോഗസ്ഥരെ നിർത്തിപ്പൊരിക്കുന്ന, ബിജെപി എംപിയാണ് നിഷികാന്ത് ദുബെ. ക്രോസ്‌വിസ്താരം നടത്തുന്നതിൽ പേരുകേട്ട മറ്റൊരു ബിജെപി എംപി, കർണാടകയിൽനിന്നുള്ള ശിവകുമാർ ഉദാസിയാണ്. ‘ലവകുശന്മാർ’ എന്നാണ് ദുബെയും ഉദാസിയും എംപിമാർക്കിടയിൽ അറിയപ്പെടുന്നത്. ഉദാസി തന്റെ സൂക്ഷ്മവിമർശന പാടവം പാർലമെന്ററി സമിതികൾക്കകത്ത് ഒതുക്കിനിർത്തുമ്പോൾ, ദുബെ തനിക്കു മുന്നിൽ വരുന്ന ഏതു വിഷയത്തിലും കയറി ഇടപെട്ടുകളയും. താൻ അംഗമായ സമിതികളുടെ ചെയർമാൻമാരുമായി ഏറ്റുമുട്ടാനും അദ്ദേഹത്തിനു മടിയില്ല.

പാർലമെന്റിന്റെ ഐടി സ്ഥിരസമിതി അധ്യക്ഷനായ ശശി തരൂരുമായി ഈയിടെ ദുബെ ഒന്നു കോർത്തു. സമൂഹമാധ്യമഭീമനായ ഫെയ്സ്ബുക്കിന്റെ ഇന്ത്യൻ അധികൃതരെ പാർലമെന്ററി സമിതിക്കു മുൻപാകെ വിളിച്ചുവരുത്താനുള്ള തരൂരിന്റെ തീരുമാനമാണ് ഇരുവരും തമ്മിൽ ഇംഗ്ലിഷ് പദങ്ങൾ പ്രയോഗിച്ചുള്ള പോരായി വളർന്നത്. അപൂർവവും വിചിത്രവുമായ ഇംഗ്ലിഷ് വാക്കുകൾ എടുത്തുപയറ്റുന്നതിൽ പേരുകേട്ട ആളാണല്ലോ തരൂർ. വിമർശനമുനയേറിയ ഇംഗ്ലിഷ് പദങ്ങൾ ദുബെയും പ്രയോഗിച്ചു. പരസ്പരം അവകാശലംഘനം ആരോപിച്ച് ഇരുവരും ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് അയച്ച നീണ്ട കത്തും കടുകട്ടി ഇംഗ്ലിഷിൽത്തന്നെ. പാർലമെന്റിനകത്തും പുറത്തും അംഗങ്ങൾ ഹിന്ദി ഉപയോഗിക്കണമെന്നു നിർബന്ധമുള്ളയാളാണു സ്പീക്കർ എന്നോർക്കുക.

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിദ്വേഷസന്ദേശങ്ങളുടെ കാര്യത്തിൽ വിശദീകരണം തേടിയാണ് ഫെയ്സ്ബുക്, വാട്സാപ് അധികൃതരോടു സമിതിക്കു മുൻപാകെ ഹാജരാകാൻ തരൂർ നിർദേശിച്ചത്. ഇംഗ്ലിഷ് ചാനലുകളിൽ പരസ്യങ്ങൾ നൽകുന്ന വൻകിട ഇന്ത്യൻ കമ്പനികളെ വിമർശിച്ച് അദ്ദേഹം ട്വീറ്റും ചെയ്തു. ചാനലുകൾ വെറുപ്പു പ്രചരിപ്പിക്കുന്നുവെന്നാണു തരൂർ കുറ്റപ്പെടുത്തിയത്. ഇതിനു പിന്തുണയുമായി രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തു.

എന്നാൽ, തന്നോടും മറ്റ് അംഗങ്ങളോടും ആലോചിക്കാതെ ആരെയും സമിതിക്കു മുൻപാകെ വിളിച്ചുവരുത്താൻ തരൂരിന് അവകാശമില്ലെന്നു പറഞ്ഞ് ദുബെ രംഗത്തെത്തി. തരൂരിന്റേത് ഏകാധിപത്യ നടപടിയാണെന്നു വിമർശിച്ച ദുബെ, അദ്ദേഹത്തിനെതിരെ അവകാശലംഘനക്കുറ്റവും ആരോപിച്ചു. തരൂരും അതേ നാണയത്തിൽ തിരിച്ചടിച്ചു. തുടർന്ന് ദുബെ സ്പീക്കർക്ക് ഇംഗ്ലിഷിൽ ഒരു നീണ്ട കത്തെഴുതി – തന്നെ സമിതിയിൽനിന്ന് ഒഴിവാക്കണം!

ജാർഖണ്ഡിലെ ഗോഡ്ഡ മണ്ഡലത്തിൽനിന്നാണു ദുബെ ലോക്സഭയിലെത്തിയത്. തരൂർ യുപിഎ സർക്കാരിൽ സഹമന്ത്രിയായിരുന്ന കാലത്ത് ദുബെ പിൻസീറ്റിലെ ശക്തമായ പ്രതിപക്ഷ സ്വരമായിരുന്നു. വിഷയത്തിലെ അറിവും നല്ല തയാറെടുപ്പുമാണു ദുബെയുടെ കരുത്ത്. എന്നാൽ, ജാർഖണ്ഡിലെ ദുബെയുടെ എതിരാളികൾ പറയുന്നത്, അദ്ദേഹത്തിന്റെ എംബിഎ വ്യാജമാണെന്നാണ്. വിവരാവകാശ അപേക്ഷകനു ലഭിച്ച മറുപടി പ്രകാരം, 1993ൽ ഡൽഹി സർവകലാശാലയിൽ ഈ പേരിലൊരു വിദ്യാർഥി പഠിച്ചിട്ടില്ല! ബിരുദവിഷയത്തിൽ വിവാദമുണ്ടെങ്കിലും ഇംഗ്ലിഷിലും ഹിന്ദിയിലും നല്ല പദബലമുള്ള പ്രസംഗകനാണ് ദുബെ.

2014ലെ തിരഞ്ഞെടുപ്പിനു ശേഷം തരൂർ പ്രതിപക്ഷത്തും ദുബെ ഭരണപക്ഷത്തുമായി. അന്നു കോൺഗ്രസിലെ മുതിർന്ന നേതാക്കളായ വീരപ്പ മൊയ്‌ലിയും കെ.വി.തോമസും അധ്യക്ഷന്മാരായ ധനകാര്യ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളിലേക്കു ബിജെപി തിരഞ്ഞെടുത്ത ഉശിരുള്ള അംഗങ്ങളിലൊരാൾ ദുബെ ആയിരുന്നു. യുപിഎ സർക്കാരുകളിൽ മന്ത്രിമാരായിരുന്ന രണ്ട് അധ്യക്ഷന്മാരും കേന്ദ്രസർക്കാരിനു പാരയാകുന്ന റിപ്പോർട്ടുകൾ തയാറാക്കുമോ എന്നു ബിജെപി നേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നു. ഇതിനു തടയിടാനാണു ദുബെ അടക്കമുള്ളവരെ സമിതിയിലേക്കു നിയോഗിച്ചത്. 

സാമ്പത്തികമാന്ദ്യം മൂലം ജിഡിപി നിരക്കുകൾ കുത്തനെ ഇടിഞ്ഞപ്പോൾ, രാജ്യത്തിന്റെ സാമ്പത്തികവളർച്ചയുടെ സൂചനയായി ജിഡിപിയെ പരിഗണിക്കുന്നതിനെ വിമർശിച്ചു ദുബെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അന്നത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കുമെതിരെ ഉയർന്ന വിമർശനങ്ങളുടെ മുനയൊടിക്കുകയായിരുന്നു ലക്ഷ്യം. രണ്ടാം മോദി സർക്കാർ വന്നപ്പോൾ ദുബെക്കു പ്രമുഖ സമിതികളിൽ ഇടം കിട്ടിയില്ല. ഐടി സമിതിയിലാണു നിയോഗിച്ചത്.

പാർലമെന്റോ പാർലമെന്റ് സമിതികളോ മുൻപ് ഏതെങ്കിലും ബഹുരാഷ്ട്ര കുത്തകകളുടെ തലവന്മാരെ വിളിച്ചു വരുത്തുകയോ തെളിവെടുപ്പു നടത്തുകയോ ചെയ്തിട്ടില്ല. 1977ൽ ജോർജ് ഫെർണാണ്ടസ് വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് കോക്കകോളയെയും ഐബിഎമ്മിനെയും രാജ്യത്തുനിന്നു പുറത്താക്കിയത്. അന്നതു പാർലമെന്റിന്റെ പരിശോധനയ്ക്കു വിധേയമായില്ല. 

1991ൽ ഉദാരവൽക്കരണം വന്നതോടെ ഒട്ടേറെ വിദേശകമ്പനികൾ രാജ്യത്തേക്കു വന്നെങ്കിലും അതൊന്നും കാര്യമായ ചലനങ്ങളുയർത്തിയില്ല. രാജ്യത്തെ 348 പൊതുമേഖലാ സ്ഥാപനങ്ങളെ വിലയിരുത്താനുള്ള പ്രത്യേകസമിതി ഉൾപ്പെടെയുള്ള പാർലമെന്ററി സമിതികൾ പൊതുവേ സർക്കാർ പ്രവർത്തനങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിക്കുക.

തരൂർ ഫെയ്സ്ബുക്കിനെ ഉന്നമിട്ടപ്പോൾ, ഡേറ്റ സംരക്ഷണം സംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതിയെ നയിക്കുന്ന ബിജെപി എംപി മീനാക്ഷി ലേഖി ഫെയ്സ്ബുക്കിനോടും ആമസോണിനോടും ഹാജരാകാൻ ആവശ്യപ്പെട്ടു. പക്ഷേ, ഡൽഹി നിയമസഭാ സമിതിക്കു മുൻപാകെ ഹാജരാകാനുള്ള നിർദേശം ഫെയ്സ്ബുക് നിരാകരിച്ചത് അവകാശലംഘന പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com