വിശ്വമലയാളി

kr-narayanan-image
SHARE

പരിചയസമ്പത്തിലൂടെ പക്വമാക്കപ്പെട്ട മഹത്തായ സ്വഭാവശൈലിയുടെ  ഉടമയായിരുന്നു കെ.ആർ.നാരായണൻ. ആ മനസ്സ് ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും അതിർത്തികൾക്ക് അതീതമായിരുന്നു. സഹജമായ സാർവദേശീയ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്

വാത്സല്യത്തിന്റെ ആൾരൂപമായിരുന്നു രാഷ്ട്രപതി കെ.ആർ.നാരായണൻ; ഒപ്പം ലക്ഷ്യബോധത്തിൽ വിട്ടുവീഴ്ചയില്ലാത്ത നായകനും. അദ്ദേഹത്തിന്റെ ഹൃദയവിശാലതയെക്കുറിച്ചു സ്റ്റാഫ് അംഗങ്ങളിൽ ഒരാൾക്കും സംശയമുണ്ടായിരുന്നില്ല. എന്നാൽ, പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ അവരുടെ അനുമാനങ്ങൾക്ക് അതീതമായിരുന്നു.

വിനയമായിരുന്നു ആ വ്യക്തിത്വത്തെ വേറിട്ടു നിർത്തിയത്. കൂർമബുദ്ധി അതിന്റെ പ്രധാന സവിശേഷതയും. സ്വാഭാവികവും നിഷ്കളങ്കവുമായിരുന്നു അദ്ദേഹത്തിന്റെ പുഞ്ചിരി. എല്ലാവരും അതു കണ്ടറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ നീരസവും അതുപോലെതന്നെ സ്വാഭാവികമായിരുന്നു. അതു പക്ഷേ, അപൂർവമായേ പ്രകടിപ്പിച്ചിരുന്നുള്ളൂ എന്നുമാത്രം.

വിയോജിപ്പുകളെ വികാരപരമായി കാണാതെ, അവയെക്കുറിച്ച് ആഴത്തിൽ ചിന്തിച്ച് അവഗണിക്കേണ്ടവയെ അകറ്റി നിർത്തുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. പരിചയസമ്പത്തിലൂടെ പക്വമാക്കപ്പെട്ട മഹത്തായ സ്വഭാവശൈലി.‘എന്നെ ചെറുതാക്കിക്കാണുന്നവരോടു നീരസമല്ല തോന്നുക. മറിച്ച് അവരെ നയിക്കുന്ന മുൻവിധികളെയും ചിന്തയിലെ നിസ്സാരതയെയും ഓർത്ത് എനിക്കവരോടു സഹതാപമേ തോന്നാറുള്ളൂ’ എന്ന് ഒന്നിലേറെത്തവണ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

വ്യക്തിമൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ

അപഹസിക്കുന്നവരോടുള്ള അതേ സമീപനം തന്നെയാണ് അപമര്യാദ, ഹൃദയശൂന്യത എന്നിവയോടെ പെരുമാറുന്നവരോടും കെ. ആർ.നാരായണന് ഉണ്ടായിരുന്നത്. പെരുമാറ്റരീതികളും സ്വഭാവവും കൃത്യമായി നിരീക്ഷിച്ച ശേഷമാണ് അദ്ദേഹം വ്യക്തികളെ വിലയിരുത്തുക. ആ വിലയിരുത്തൽ തീർത്തും ബുദ്ധിപരമായിരിക്കും; ഒരിക്കലും വികാരപരമാകുകയില്ല.

ബൗദ്ധികമായും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും അദ്ദേഹത്തിന് അതിവിശാല കാഴ്ചപ്പാട് ഉണ്ടായിരുന്നു. യാഥാസ്ഥിതിക മനോഭാവത്തിന്റെയും കപട സദാചാരത്തിന്റെയും പരമ്പരാഗത അളവുകോലുകൾ ഉപയോഗിച്ചായിരുന്നില്ല അദ്ദേഹം വ്യക്തികളെയും അവരുടെ പ്രവൃത്തികളെയും വിലയിരുത്തിയിരുന്നത്. പ്രാമാണികമെന്ന് സമൂഹം മുദ്രയടിച്ചു വച്ചിട്ടുള്ള ഔചിത്യ, സദാചാര ചട്ടങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ചിന്തകളും ചിട്ടകളും. അതേസമയം, പെരുമാറ്റ മര്യാദ, സംസ്കാരസമ്പന്നമായ ഭാഷയും സംസാരവും, സ്വഭാവമഹിമ എന്നീ മൂല്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായതുമില്ല.

അരാജകത്വത്തിലൂടെയും അനുചിത നടപടികളിലൂടെയും ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ അദ്ദേഹം ഭയപ്പെട്ടിരുന്നു. കേമത്തം നടിക്കുന്നവരോടു വെറുപ്പായിരുന്നു. ചുരുക്കത്തിൽ, എല്ലാത്തരം കാപട്യങ്ങൾക്കും അദ്ദേഹം എതിരായിരുന്നു.

സർവവ്യാപിയായ ചിന്തയുടെ മഹത്വം

വാക്കുകൾ കൊണ്ടോ ജ്ഞാനപ്രകടനം കൊണ്ടോ കെ.ആർ.നാരായണനെ വിഡ്ഢിയാക്കാൻ ഒരായുസ്സു മുഴുവൻ ശ്രമിച്ചാലും ആർക്കും കഴിയുമായിരുന്നില്ല. അതിനു ശ്രമിച്ചവരുടെ മനസ്സിൽ നിറഞ്ഞിരുന്ന അഹംഭാവത്തിന്റെ കാറ്റ് അവർപോലും അറിയാതെ അഴിച്ചുവിടാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു.

ഉപരിപ്ലവമായ സ്വഭാവവൈശിഷ്ട്യ പ്രകടനം കൊണ്ടൊന്നും കെ.ആർ.നാരായണനിൽ മതിപ്പുളവാക്കാൻ ഒരാൾക്കും കഴിയില്ല. അതുകൊണ്ടു തന്നെ, നാട്യങ്ങളില്ലാത്ത യഥാർഥ മനുഷ്യർക്കും ന്യായമായ കാരണങ്ങൾക്കും സത്യസന്ധമായ നിലപാടുകൾക്കും അദ്ദേഹത്തിന്റെ ബഹുമാനാദരങ്ങൾ ലഭിച്ചു.

‘ഏതൊരാൾക്കും ഒരു മൂല്യമുണ്ട്. ചില കഴിവുകളുണ്ട്. സ്വഭാവ മഹിമകളുമുണ്ട്. രൂപമോ സ്ഥിതിയോ നോക്കി ആരെയും എഴുതിത്തള്ളരുത്’ – ഈ വാക്കുകളും അദ്ദേഹത്തിൽനിന്നു പലതവണ കേട്ടിരിക്കുന്നു.

കേരളത്തിലായിരുന്നു അദ്ദേഹത്തിന്റെ വേരുകൾ. പക്ഷേ, ആ മനസ്സ് ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും അതിർത്തികൾക്ക് അതീതമായിരുന്നു. അദ്ദേഹത്തെപ്പോലെ സഹജമായ സാർവദേശീയ കാഴ്ചപ്പാടുള്ള വളരെക്കുറച്ചു വ്യക്തികളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. സർവവ്യാപിയായ ചിന്ത! അതു ‘ലോകവ്യാപകം’ എന്ന പ്രയോഗത്തെക്കാൾ എത്രയോ മഹത്തരമാണ് എന്ന് അദ്ദേഹം കാണിച്ചുതന്നു.

കെ.ആർ.നാരായണന്റെ മനസ്സ് കറങ്ങുന്ന പമ്പരമായിരുന്നില്ല. ഓരോ മുഖവും പൂർണമായി പ്രതിഫലിപ്പിക്കുന്ന സ്ഫടികം പോലെയായിരുന്നു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവർ ഭാഗ്യമുള്ളവരാണ്. ലോകത്തെ അദ്ഭുതങ്ങളെയും യാതനകളെയും ഒരുപോലെ തിരിച്ചറിയാനുള്ള പരിശീലനമാണ് അദ്ദേഹത്തിൽനിന്ന് അവർക്കു ലഭിച്ചത്.

(രാഷ്ട്രപതിയായിരിക്കെ കെ.ആർ.നാരായണന്റെ സെക്രട്ടറി ആയിരുന്നു ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA