ആശങ്കകളുടെ ഓർഡിനൻസ്

SHARE

അല്ലെങ്കിൽത്തന്നെ പല പ്രശ്നങ്ങളും അലട്ടുന്ന നമ്മുടെ മത്സ്യബന്ധന മേഖലയിൽ പുതിയൊരു ആശങ്ക ഇപ്പോൾ അലയടിക്കുകയാണ്. മത്സ്യലേലവും വിപണനവും ഗുണനിലവാരവും സംബന്ധിച്ച ഓർഡിനൻസ് ആണു വിവാദത്തിനു കാരണം. ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നു മത്സ്യത്തൊഴിലാളികളെ ഓർഡിനൻസ് രക്ഷിക്കുമെന്നും മീനിന് അർഹമായ വില ഉറപ്പുവരുത്തുമെന്നും സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോൾ തൊഴിലാളിവിരുദ്ധമായ ഒട്ടേറെക്കാര്യങ്ങൾ ഓർഡിനൻസിലുണ്ടെന്നും ഇതു മത്സ്യത്തൊഴിലാളികളെ കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നുമാണു വിമർശനം. 

മത്സ്യത്തിന്റെ ഗുണനിലവാര നിർണയവും ഏകീകൃത ലേലരീതിയും യാനങ്ങളുടെ റജിസ്ട്രേഷനും ഉറപ്പാക്കുന്ന ഓർഡിനൻസിന് അംഗീകാരമായതോടെയാണ് ഇതു സംബന്ധിച്ച ആശങ്കകളും ആരോപണങ്ങളും കൂടുതൽ കനത്തത്. പലവട്ടം നിർദേശിച്ചിട്ടും മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ചില തുറമുഖങ്ങളിൽ ലേലം നടക്കുന്നതും രാസവസ്തു കലർത്തിയ മത്സ്യം വിപണിയിൽ എത്തുന്നതുംകൂടി കണക്കിലെടുത്താണ് അടിയന്തരമായി ഓർഡിനൻസ് ഇറക്കിയതെന്നു പറയുന്നു. 

മീൻപിടിത്ത തുറമുഖങ്ങളിലും കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളിലും നടക്കുന്ന ലേലം വഴിയാണ്, തൊഴിലാളി പിടിച്ചുകൊണ്ടുവരുന്ന മീനിന്റെ വില ഇപ്പോൾ നിശ്ചയിക്കുന്നത്. മീൻ പിടിച്ചു കൊണ്ടുവരുന്ന തൊഴിലാളികൾക്കോ വള്ളങ്ങളുടെയും ബോട്ടുകളുടെയും ഉടമകൾക്കോ ഇതിൽ സ്വാധീനമോ നിയന്ത്രണമോ ചെലുത്താനാകില്ലെന്നും ലേലക്കാരും കമ്മിഷൻ ഏജന്റുമാരും ഒത്തുകളിച്ച്, ഒരേ മത്സ്യത്തിനു ദിവസത്തിന്റെ തുടക്കത്തിൽ ലഭിക്കുന്ന വില പിന്നീടുള്ള സമയങ്ങളിൽ കിട്ടാതാക്കുന്നുവെന്നും സർക്കാർ പറയുന്നുണ്ട്. നിലവിൽ മീനിന്റെ വിപണിവിലയുടെ 70% തൊഴിലാളികളല്ലാത്ത മറ്റു പലർക്കുമായി വിഭജിക്കപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം ചോർച്ച കുറച്ച് തൊഴിലാളിക്കു കൂടുതൽ വരുമാനം ഉറപ്പുവരുത്താൻ ഓർഡിനൻസ് സഹായിക്കുമെന്നും  സർക്കാർ പറയുന്നു. ഇനിമുതൽ ലേല കമ്മിഷനായി പരമാവധി 5% തുകയേ ഈടാക്കാവൂ എന്നു നിഷ്കർഷിക്കുന്നുമുണ്ട്. റജിസ്ട്രേഷനുള്ളവർക്കു മാത്രമേ ഇനി ലേലം ചെയ്യാനാകൂ.

പിടിച്ചെടുക്കുന്ന മത്സ്യം ഉടൻ ലേലം ചെയ്തു വിൽക്കണമെന്നും ഭക്ഷ്യയോഗ്യമല്ലെങ്കിൽ നടപടി സ്വീകരിച്ചശേഷം നശിപ്പിക്കണമെന്നുമുള്ള നിബന്ധനകളുമുണ്ട്. മത്സ്യത്തൊഴിലാളിക്കു ന്യായമായ വില ഉറപ്പാക്കുമെന്നതും ഓരോ ഇനം മത്സ്യത്തിന്റെയും അതതു ദിവസത്തെ വില പ്രസിദ്ധീകരിക്കുമെന്നതും ശ്രദ്ധേയമായ നീക്കമാണ്. അതേസമയം, വ്യത്യസ്ത മീൻപിടിത്ത രീതികൾ കാരണം പലയിനം മത്സ്യങ്ങൾക്കും വ്യത്യസ്ത ഗുണനിലവാരം ആകാമെന്നതിനാൽ സർക്കാർ ജീവനക്കാരും ട്രേഡ് യൂണിയൻ നേതാക്കളും ഉൾപ്പെടുന്ന സമിതിക്ക് എങ്ങനെ പ്രായോഗികമായി ഒറ്റ വില നിശ്ചയിക്കാൻ സാധിക്കുമെന്നതാണ് എതിർവാദം. 

ഓർഡിനൻസ് അപ്രായോഗികമാണെന്നു മാത്രമല്ല, ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനു പകരം പുതിയൊരു ചൂഷകവർഗത്തെ സൃഷ്ടിക്കുമെന്നും ഇതിനെതിരെ ശബ്ദമുയർത്തുന്നവർ പറയുന്നു. സംസ്ഥാനത്തെ 228 മത്സ്യഗ്രാമങ്ങളിൽ മീൻപിടിത്ത തുറമുഖങ്ങളും ചില ഫിഷ് ലാൻഡിങ് സെന്ററുകളും മാത്രമാണു സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ളത്. മറ്റെല്ലാ ഗ്രാമങ്ങളിലും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തലമുറകളായി മീൻപിടിത്തം നടത്തുന്നു. ഈ ഓർഡിനൻസോടെ, ഇത്തരം മീൻപിടിത്തം നിയമവിരുദ്ധമായി മാറുകയും ഈ തൊഴിലാളികൾ ശിക്ഷിക്കപ്പെടാവുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുമെന്ന ആശങ്ക അവർ പങ്കുവയ്ക്കുന്നു. മത്സ്യഗ്രാമങ്ങളിൽ നന്നായി പ്രവർത്തിക്കുന്ന മത്സ്യ സഹകരണ സംഘങ്ങളുടെ പ്രവർത്തനം ഓർഡിനൻസ് തകർക്കുമെന്ന ആശങ്കയുമുണ്ട്. മത്സ്യത്തൊഴിലാളിയുടെ വരുമാനത്തിൽനിന്നു ലേല ഫീസ് എന്ന പേരിൽ സർക്കാരിലേക്കു പണം സ്വരൂപിക്കുന്നത് പരോക്ഷ നികുതി തന്നെയാണെന്നും അവർ ആരോപിക്കുന്നു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അനുഭവസമ്പത്തും കഴിവുകളും അറിവുകളും മാനിച്ചുള്ള ഓർഡിനൻസല്ല തയാറാക്കിയിരിക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ടവരിൽനിന്നു നിർദേശങ്ങൾ സ്വീകരിച്ചശേഷം, അതതു സ്ഥലങ്ങളിലെ പ്രത്യേകതകൾ അനുസരിച്ചുള്ള മാർഗനിർദേശങ്ങൾകൂടി പരിഗണിച്ചു വേണം നിയമം നിർമിക്കേണ്ടതെന്നാണ് അവർ പറയുന്നത്. 

അറുനൂറു കിലോമീറ്ററോളം തീരദേശവും തീരത്തെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിനു വരുന്ന ജനസമൂഹവുമുള്ള കേരളത്തിൽ ഈ ഓർഡിനൻസ് ഉയർത്തിയിരിക്കുന്ന കടുത്ത ആശങ്കകൾ സർക്കാർ തിരിച്ചറിയുകതന്നെ വേണം. അതുകൊണ്ടുതന്നെ, അവ പരിഹരിച്ചുകൊണ്ടേ മുന്നോട്ടുപോകാവൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA