ADVERTISEMENT

രാജ്യത്തിന് എക്കാലവും അഭിമാനം പകരുന്ന ഒരു മാർഗതാരത്തിന്റെ നൂറാം ജന്മവാർഷികദിനമാണിന്ന്. ഒരു ജീവിതത്തിന് എത്രത്തോളം അർഥപൂർണമാകാമെന്ന് അറിയിച്ച്, കോട്ടയം ജില്ലയിലെ ഉഴവൂർ എന്ന ഗ്രാമത്തിൽനിന്നു ലോകത്തോളം വളർന്ന അപൂർവ വ്യക്‌തിത്വമായ കെ.ആർ.നാരായണന്റെ ഈ ജന്മശതാബ്ദി പകരുന്ന സ്മൃതിസുഗന്ധം അമൂല്യമാണ്.

എങ്ങനെ വേണമെങ്കിലും വഴിമാറിപ്പോകാവുന്ന ഒരു ജീവിതത്തെയാണ് അസാധാരണ പ്രതിഭ കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും വ്യക്തിശോഭ കൊണ്ടും അദ്ദേഹം അനന്യവും മഹനീയവുമാക്കിയത്. സാമൂഹിക പിന്നാക്ക ചുറ്റുപാടുകളിൽനിന്നു രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലെത്തിയ കെ.ആർ.നാരായണന്റെ ജീവിതം അതുകൊണ്ടുതന്നെ നമുക്കു മുന്നിലുള്ള ഏറ്റവും വിശിഷ്ടമായ പാഠപുസ്തകങ്ങളിലൊന്നാകുന്നു. പ്രതികൂല സാഹചര്യങ്ങളിൽനിന്ന് അസാധാരണ യശസ്സിലേക്ക് ഉയർന്ന ജനകീയ രാഷ്‌ട്രനായകൻ എന്ന നിലയിൽ കെ.ആർ.നാരായണനെ ഇന്ത്യ എന്നെന്നും ഓർമിക്കുമെന്നതും തീർച്ച.

കർമതേജസ്സുള്ള ഒരു പൂർണജീവിതമെന്നാൽ എന്തെന്ന് അദ്ദേഹംചരിത്രത്തിൽ അടയാളപ്പെടുത്തി. ആ ജീവിതത്തിന്റെ വൈവിധ്യവും കയ്യാളിയ ഉത്തരവാദിത്തങ്ങളും എക്കാലവും നമ്മെ വിസ്മയിപ്പിക്കും. പത്രപ്രവർത്തകൻ, അധ്യാപകൻ, വൈസ് ചാൻസലർ, സ്ഥാനപതി, പാർലമെന്റ് അംഗം, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നിങ്ങനെയുള്ള എല്ലാ തലങ്ങളിലും സ്വന്തം വ്യക്‌തിവിശേഷംകൊണ്ട് അദ്ദേഹം മുദ്ര ചാർത്തി. മലയാളിയായ ആദ്യ രാഷ്ട്രപതി എന്നതു കേരളത്തിന്റെ സ്വന്തം അഭിമാനവുമാണ്.

ഇന്ത്യയുടെ രാഷ്ട്രപതിസ്‌ഥാനത്തിനു പുതിയ മാനം നൽകിയെന്നതാണ് കെ.ആർ.നാരായണന്റെ ഏറ്റവും വലിയ മഹത്വം. അദ്ദേഹം രാജ്യത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനയും അതുതന്നെ. രാഷ്ട്രപതി എന്ന നിലയിൽ, ഭരണഘടനയുടെ അന്തഃസത്തയും രാഷ്ട്രീയ സദാചാരത്തിലധിഷ്ഠിതമായ കീഴ്‍വഴക്കങ്ങളുമാണ് അദ്ദേഹത്തെ നയിച്ചത്. തനിക്കു പൂർണബോധ്യമാകാതെ, ഇന്ത്യൻ പ്രസിഡന്റിന്റെ അനുമതി വേണ്ട ഒരു കാര്യത്തിനും കെ.ആർ. നാരായണന്റെ ഒപ്പു ലഭിക്കില്ലായിരുന്നു. പ്രസിഡന്റ് പദവിയുടെ അന്തസ്സു കാത്ത തീരുമാനം എന്ന നിലയിലാണ് കെ.ആർ.നാരായണന്റെ ഈ ‘പിടിവാശി’ ഇന്ന് ഓർമിക്കപ്പെടുന്നത്. ഒപ്പം തന്നെ, തന്റെ അധികാരത്തിന്റെ അവകാശങ്ങൾ അദ്ദേഹം അർഥവത്തായി വിനിയോഗിച്ചു; ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽനിന്ന് ജനാധിപത്യത്തിന്റെയും നീതിവ്യവസ്ഥയുടെയും സംസ്ഥാപനത്തിനായി ഒരു രാഷ്ട്രപതിക്ക് എത്രമാത്രം മുന്നേറാമെന്നു തെളിയിച്ചു.

മലയാള മനോരമയുമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമാണ് കെ.ആർ.നാരായണനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഭാവനയ്‌ക്കു ചിറകുമുളയ്‌ക്കുന്ന കൗമാരകാലം മുതൽ തുടങ്ങിയതാണ് ആ ഹൃദയബന്ധം. അദ്ദേഹം ഉഴവൂർ ലൂർദ് സ്കൂളിൽ സിക്‌സ്‌ത് ഫോമിൽ പഠിക്കുമ്പോഴാണ് 1938ൽ ആദ്യ കവിത അച്ചടിച്ചുവരുന്നത്; മലയാള മനോരമയുടെ ബാലപംക്‌തിയിൽ. ‘കാന്താരചന്ദ്രിക’ എന്നായിരുന്നു കവിതയുടെ പേര്. ഏറെക്കാലം കാത്തുവച്ച ആ കവിത പിന്നെ അദ്ദേഹത്തിനു നഷ്‌ടപ്പെടുകയായിരുന്നു. പക്ഷേ, നഷ്ടപ്പെടാനായിരുന്നില്ല, ആ കവിതയുടെ വിധി. 1992 സെപ്‌റ്റംബർ ഇരുപത്തിയേഴിന്, കോട്ടയത്ത് മനോരമയുടെ ആസ്ഥാനത്തു ഡിജിറ്റൽ ഫോട്ടോ ട്രാൻസ്മിഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പുതിയ ഉപരാഷ്‌ട്രപതിക്കായി മനോരമ ഒരു വിസ്മയം കരുതിവച്ചിരുന്നു: പഴയ ആ കാന്താരചന്ദ്രിക!

പിന്നിട്ട വഴികളത്രയും കെ.ആർ.നാരായണൻ എന്നും മനസ്സിലെടുത്തുവച്ചു. ജീവിതത്തിന്റെ ആദ്യകാലത്ത് അനുഭവിച്ച വിശപ്പും കഷ്ടപ്പാടുകളും സങ്കടവുമൊക്കെ അദ്ദേഹത്തിൽ മായാതെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ, പദവികൾ നൽകുന്ന പകിട്ടിൽ അദ്ദേഹത്തിന്റെ ശ്രദ്ധ ഒരിക്കലും പതറിയില്ല. സാമ്പത്തിക പരിഷ്കാരങ്ങളുടെ ഗുണഭോക്താക്കൾ ഒരു ചെറിയ വിഭാഗം മാത്രമാവരുതെന്നും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ ജീവിക്കുന്നവരുടെ ക്ഷേമം കൂടി ഉറപ്പാക്കിയേ തീരൂവെന്നും അദ്ദേഹം എപ്പോഴും ഓർമിപ്പിച്ചു.

ഓർമപ്പെടുത്തലുകളുടേതാണ് ഈ ജന്മശതാബ്ദിവേള. ഉയരങ്ങളിലെത്തുമ്പോഴും സൂക്ഷിക്കേണ്ട വിനയത്തെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചും അദ്ദേഹം നമ്മെ ഓർമപ്പെടുത്തുന്നു. അധികാരപദവികളൊക്കെയും സാമൂഹികനീതിക്കും മാനവികതയ്‌ക്കുംവേണ്ടി നിലകൊള്ളണമെന്ന് ഓർമപ്പെടുത്തുന്നു. ഓരോ നിമിഷത്തെയും മൂല്യവത്താക്കാൻ കഴിഞ്ഞാൽ ജീവിതം എത്ര മഹത്തരമാണെന്നും ഓർമപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com