ADVERTISEMENT

അടിയന്തര ചികിത്സ വേണ്ടിവരുന്ന അസുഖമാണ് മസ്തിഷ്കാഘാതം (സ്ട്രോക്ക്). നിലവിലെ കോവിഡ് സാഹചര്യം സ്ട്രോക്ക് ചികിത്സയ്ക്കും  വെല്ലുവിളിയുയർത്തുന്നു. ഇതു തരണം ചെയ്യേണ്ടത് എങ്ങനെ? 

ഏറ്റവും കൂടുതൽ അംഗപരിമിതിയുണ്ടാക്കുന്ന ജീവിതശൈലീരോഗമാണ് മസ്തിഷ്കാഘാതം (സ്ട്രോക്ക്). കോവിഡ്കാലത്ത് അടിയന്തര സ്ട്രോക്ക് ചികിത്സയും വെല്ലുവിളി നേരിടുന്നു. കോവിഡ് പ്രതിരോധത്തിനുള്ള മുന്നൊരുക്കങ്ങളും അനുബന്ധ പ്രവർത്തനങ്ങളും സ്ട്രോക്ക് ചികിത്സയെ നേരിയ തോതിലെങ്കിലും പ്രതികൂലമായി ബാധിക്കാം.

ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയും പുകവലി പോലുള്ള ദുശ്ശീലങ്ങളുമാണു സ്ട്രോക്കിന്റെ പ്രധാന കാരണങ്ങൾ. അനുനിമിഷം 2 ലക്ഷം മസ്തിഷ്കനാഡീകോശങ്ങൾ നശിച്ചുകൊണ്ടിരിക്കുന്ന ‘മെഡിക്കൽ എമർജൻസിയാണ്’ സ്ട്രോക്ക്. അതിനാൽ, കൃത്യസമയത്തു രോഗനിർണയവും അടിയന്തര ചികിത്സയും അനിവാര്യമാണ്. 

സ്ട്രോക്ക് രണ്ടുതരം – രക്തയോട്ടം തടസ്സപ്പെടുന്നതു (ബ്ലോക്ക്) മൂലമുണ്ടാകുന്നതും രക്തക്കുഴലുകൾ പൊട്ടി മസ്തിഷ്ക രക്തസ്രാവം (ഹെമറേജ്) കാരണം സംഭവിക്കുന്നതും. സ്ട്രോക്ക് എന്ന വിപത്തിനെക്കുറിച്ചു ജനങ്ങളിൽ അവബോധം വളർത്താനാണ് ഒക്ടോബർ 29 ലോക സ്ട്രോക്ക് ദിനമായി ആചരിക്കുന്നത്. 

ഉടനടിയുള്ള ബ്ലോക്ക് മാറ്റലും രക്തസമ്മർദ (ബിപി) നിയന്ത്രണവും രക്തക്കട്ടകൾ മാറ്റാനുള്ള അടിയന്തര ശസ്ത്രക്രിയയും സ്ട്രോക്ക് ചികിത്സയ്ക്ക് ആവശ്യമായി വന്നേക്കാം. ഇതിനൊക്കെ കോവിഡ് വെല്ലുവിളി ഉയർത്തുന്നുണ്ട്. 

കൊറോണയും സ്ട്രോക്കും

കോവിഡ് ബാധിതരിൽ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാതെ സുഖം പ്രാപിക്കുന്നു. 5 മുതൽ 10% പേരിൽ ഗുരുതര ലക്ഷണങ്ങൾ കണ്ടുവരുന്നു. ഇതിൽ ഏതാണ്ട് 5% ആളുകൾക്കു സ്ട്രോക്ക് ഉണ്ടാവാം. കൊറോണ വൈറസ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ അനിയന്ത്രിതമായി ഉത്തേജിപ്പിക്കുന്നതാണ് ഇതിനു കാരണം. ഇതിന്റെ ഭാഗമായി ഗുരുതര കോവിഡ് ബാധിതരിൽ ശ്വാസകോശത്തിനും ഹൃദയത്തിനും തകരാറുണ്ടാവും. 

ശരീരത്തിലെ സൈറ്റോകൈനുകൾ (cytokines) എന്ന പ്രതിരോധവസ്തുക്കൾ ക്രമാതീതമായി വർധിച്ച് ‘സൈറ്റോകൈൻ സ്റ്റോം’ (Cytokine storm) എന്ന അവസ്ഥയുണ്ടാകും. ഇതു ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ തകരാറുണ്ടാക്കുകയും രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂട്ടുകയും ചെയ്യുന്നു. ഇതുമൂലം ഹൃദയത്തിന്റെ പമ്പിങ്ങിലുണ്ടാകുന്ന കുറവും മിടിപ്പിലെ വ്യതിയാനവും സ്ട്രോക്കിലേക്കു നയിക്കാം. ചെറിയ രക്തക്കുഴലുകൾ ബ്ലോക്കാവുന്നതു കാരണവും ഇഷിമിക് സ്ട്രോക്ക് (Ischemic Stroke) സംഭവിക്കാം. ഗുരുതര കോവിഡ് രോഗികളിൽ പലരും വെന്റിലേറ്ററിലോ അബോധാവസ്ഥയിലോ ആയിരിക്കാം. അതിനാൽ സ്ട്രോക്ക് തിരിച്ചറിയണമെന്നില്ല.

 പലതരം പ്രയാസങ്ങൾ 

∙ ഗുരുതരമായ കോവിഡ് കാരണം സ്ട്രോക്ക് വന്നവരും കോവിഡ് പോസിറ്റീവായ സാധാരണ സ്ട്രോക്ക് രോഗികളുമുണ്ട്. സാധാരണ സ്ട്രോക്ക് രോഗികൾ രോഗലക്ഷണങ്ങൾ കണ്ടാലും കോവിഡ് ഭയന്ന് ആശുപത്രിയിലെത്താത്ത അവസ്ഥയുണ്ട്. ‘വാണിങ് സ്ട്രോക്ക്’ അതായത്, സ്ട്രോക്ക് ലക്ഷണങ്ങളായ ഒരുവശം തളർച്ച, കൈകാൽ കുഴയൽ, സംസാരശേഷിക്കുറവ് എന്നിങ്ങനെയുള്ളവ 10 –15 മിനിറ്റിനുള്ളിൽ ഭേദമാകുന്നു. ഇൗ ഘട്ടത്തിൽ ഡോക്ടറുടെ സഹായം തേടി, പരിശോധനകൾ നടത്തി സ്ട്രോക്ക് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം വൈകല്യമുണ്ടാക്കുന്ന  പൂർണ സ്ട്രോക്കിലേക്കു നയിച്ചേക്കാം.

∙ അത്യാഹിത വിഭാഗത്തിലെ രോഗി കോവിഡ് പോസിറ്റീവാണോ എന്നു പലപ്പോഴും അറിയില്ല. ഇത് ആശുപത്രി സംവിധാനത്തിൽ മൊത്തം കോവിഡ് പടരാൻ കാരണമായേക്കാം. സമയബന്ധിതമായ സ്ട്രോക്ക് ചികിത്സയ്ക്കു കോവിഡ് പരിശോധനയും അതിന്റെ ഫലമറിയാനുള്ള കാലതാമസവും തടസ്സമായേക്കാം. കോവിഡ് ബാധിതനായ സ്ട്രോക്ക് രോഗിക്കു പ്രത്യേകം സ്കാനിങ്ങും പ്രത്യേക ഐസിയുവും വാർഡും ആവശ്യമായി വരുന്നു. അവർ ഉപയോഗിച്ച സ്കാനിങ് മെഷീനും മറ്റും സാനിറ്റൈസ് ചെയ്യേണ്ടിയും വരും.

∙ കത്തീറ്റർ ചികിത്സ (Thrombectomy) കോവിഡ്കാലത്ത് കൂടുതൽ ദുഷ്കരമാകുന്നു. വലിയ രക്തക്കുഴലുകളിലെ ബ്ലോക്ക്, സ്റ്റെന്റ് ഉപയോഗിച്ചു നീക്കുന്ന ചികിത്സാരീതിയാണിത്. ഇതിനു പ്രത്യേക കാത്ത് ലാബ് വേണം. ടെക്നിഷ്യനും ഡോക്ടറും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കാര്യങ്ങൾ ചെയ്യേണ്ടിവരും. പിപിഇ കിറ്റ് ധരിച്ച് സങ്കീർണമായ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ന്യൂറോ ഇന്റർവെൻഷൻ ഡോക്ടർക്കു വെല്ലുവിളിയാണ്. ചികിത്സയിലെ അധികച്ചെലവുകൾ രോഗികൾക്കു താങ്ങാനാവാതെയും വരുന്നു.

∙ എല്ലാ സ്ട്രോക്ക് രോഗികളും വീണ്ടും സ്ട്രോക്ക് വരാതിരിക്കാൻ പതിവായി മരുന്നുകൾ കഴിക്കുകയും ചെക്കപ് നടത്തുകയും വേണം. മരുന്നു കിട്ടാനുള്ള ബുദ്ധിമുട്ട്, വരുമാനക്കുറവ് എന്നിവ കോവിഡ്കാലത്തു പ്രധാന പ്രശ്നമാണ്.

∙ 40% ശതമാനം രോഗികൾക്കു സ്ട്രോക്കിനു ശേഷം ചെറുതും വലുതുമായ അംഗപരിമിതികൾ ഉണ്ടാവാം. ഇവരുടെ ഫിസിയോ തെറപ്പിയും പരിചരണവും കോവിഡ്കാലത്തു പ്രയാസമാണ്. രോഗിയുടെ വീട്ടിലെത്തി ഫിസിയോ തെറപ്പി ചെയ്യാൻ കോവിഡ് വ്യാപനം തടസ്സമാകുന്നു. പലപ്പോഴും വീടുകൾ കണ്ടെയ്ൻമെന്റ് സോണുകളിലാകാം. സ്പീച്ച് തെറപ്പിപോലുള്ള സൗകര്യങ്ങൾ നമുക്കു സാധാരണ നിലയിൽ കുറവാണ് എന്നതും വെല്ലുവിളിയാണ്. സ്പീച്ച് തെറപ്പിസ്റ്റിനെ കിട്ടാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

എന്താണു പോംവഴി?

∙ സ്ട്രോക്ക് രോഗികൾ ആശുപത്രിയിൽ പോകാൻ ഭയക്കുന്ന സാഹചര്യത്തിൽ ടെലിമെഡിസിൻ, ടെലിസ്ട്രോക്ക് വഴിയുള്ള കൺസൽറ്റേഷനാണു പോംവഴി. മരുന്നുകൾ എങ്ങനെ തുടരണം, ഡോസ് എങ്ങനെ ക്രമീകരിക്കണം, പുരോഗതി എങ്ങനെ വിലയിരുത്തണം എന്നീ കാര്യങ്ങളിൽ ടെലിമെഡിസിൻ വഴി നിർദേശങ്ങൾ നൽകാനാവും. ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള മൊബൈൽ ഫോൺ വ്യാപകമായതിനാൽ ഡോക്ടറുടെ സേവനം തേടാനും തടസ്സമുണ്ടാകില്ല.

∙ കുടുംബാംഗങ്ങൾക്കു തന്നെ ചെയ്യിക്കാവുന്ന ചില ലഘു വ്യായാമമുറകളാണ് ഫിസിയോ തെറപ്പി തടസ്സപ്പെടുന്നതിനുള്ള പരിഹാരം. ദീർഘകാലം കിടക്കുന്നതു മൂലം ദേഹത്തു വ്രണങ്ങൾ (ബെഡ്സോർ) ഉണ്ടാകുന്നതു തടയുന്നതിനുള്ള മാർഗങ്ങൾ, ട്യൂബ് വഴി ഭക്ഷണം നൽകൽ എന്നിവ പരിചരിക്കുന്ന ബന്ധുക്കൾ നന്നായി പഠിക്കേണ്ടതും ഇക്കാലത്ത് അത്യാവശ്യം.

ഓൺലൈൻ വഴിയുള്ള ടെലി റീഹാബിലിറ്റേഷൻ വ്യായാമരീതിയും ശീലിക്കാം. ഇതു ബന്ധുക്കളുടെ മേൽനോട്ടത്തിൽ ചെയ്യാവുന്നതാണ്. രോഗിയെ എങ്ങനെ ഇരുത്താം, നടത്താം, നിർത്താം, പരിചരിക്കാം എന്നൊക്കെ വിഡിയോ വഴി നിർദേശിക്കാൻ ഫിസിയോ തെറപ്പിസ്റ്റിനു കഴിയും. ആപ് വഴി മൊബൈൽ ഫോൺ ഉപയോഗിച്ചു സ്പീച്ച് തെറപ്പിയും ചെയ്യാനാകും. 

(കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറും സ്ട്രോക്ക് വിഭാഗം മേധാവിയുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com