ADVERTISEMENT

ആണുങ്ങൾ പെൺവേഷം കെട്ടിയാടിയ കാലത്തിനുമേൽ പലതവണ കർട്ടനുയർന്നുതാണപ്പോൾ, പെണ്ണായിപ്പിറന്ന നായികമാരെ നാടകത്തിനു കിട്ടിയെങ്കിലും ചാരിത്രശുദ്ധിക്കു തൊട്ടുകൂടായ്മ വേണമെന്നു നാം വിശ്വസിച്ചു. 

പ്രിയേ എന്നു വികാരവിവശനായി വിളിച്ച് നായകന്റെ കൈ നീളുമ്പോൾ പിടികൊടുക്കാതെ നായികയുടെ താടി അകലം പാലിച്ചു.

നിൻ വിരിമാറിലെ തൂവാലയാകാൻ മോഹം എന്നു പാടിയഭിനയിക്കുമ്പോൾ നായിക വിരിമാറിൽനിന്നു രണ്ടിഞ്ചെങ്കിലും അകന്നുനിന്നു.

സ്കൂൾ – കോളജ് കലാപ്രകടനങ്ങളിൽ ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളും അണിനിരന്നപ്പോൾ അധ്യാപകർ, വിശേഷിച്ചും അധ്യാപികമാർ, അകലം അളക്കാൻ അദൃശ്യ സ്കെയിലുമായി കാവൽനിന്നു.  

ക്രമേണ കാണാവേലികൾ പൊളിഞ്ഞുവീഴുകയും കലയിൽനിന്നു തൊട്ടുകൂടായ്മ അപ്രത്യക്ഷമാവുകയും ചെയ്തു. 

ഇപ്പോഴിതാ, കോവിഡ് എന്ന വില്ലൻ സ്റ്റേജിൽ കയറിനിന്ന് അകലംകൊണ്ട് ഇടങ്കോലിടുന്നു. കലാവതരണങ്ങളിൽ കലാകാരന്മാർ ശാരീരിക അകലം പാലിക്കണമെന്നാണ് കഴിഞ്ഞയാഴ്ച കേന്ദ്രം നിർദേശം പുറപ്പെടുവിച്ചത്. 

സ്റ്റേജിൽ നടീനടന്മാർക്കായി വരയ്ക്കുന്ന വൃത്തങ്ങളിൽ കയറിനിന്ന് കല ഇനി വട്ടത്തിലോടും. നായിക ചങ്കു പൊട്ടിക്കരയുമ്പോൾ, ഈ കണ്ണീർ തുടയ്ക്കാനല്ലേ എനിക്കു കഴിയൂ എന്ന ഡയലോഗ് മാത്രമേ പറ്റൂ; തുടയ്ക്കാൻ പറ്റില്ല. കോവിഡ് അനുവദിക്കില്ല. 

കാലം കർട്ടനിട്ടു മുറിച്ച് അടുത്ത രംഗത്തിൽ നായിക കണ്ണീരില്ലാതെ പ്രത്യക്ഷപ്പെടുമ്പോൾ നാടകം മുന്നോട്ടു പോകും. 

തൊട്ടു, തൊട്ടില്ല എന്നതിൽനിന്നു തൊടുന്ന ഭാഗം പുറത്താകുന്നതോടെ പണ്ടാരോ പറഞ്ഞതുപോലെ കലയ്ക്കുവേണ്ടി മാത്രമാകും നമ്മുടെ കല. 

കർട്ടൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com