സിപിഎം കേന്ദ്ര കമ്മിറ്റി ഇന്നും നാളെയും; അറസ്റ്റ്: ആരെങ്കിലും ഉന്നയിച്ചാൽ മാത്രം ചർച്ച

cpm
SHARE

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയുടെ മകന്റെയും അറസ്റ്റ് സിപിഎമ്മിനെ വിഷമവൃത്തത്തിലാക്കിയതിനിടെ, പാർട്ടി കേന്ദ്ര കമ്മിറ്റി(സിസി) ഇന്നും നാളെയും ചേരും. ആരെങ്കിലും ഉന്നയിച്ചാലല്ലാതെ, അറസ്റ്റുകളെക്കുറിച്ചു സിസി ചർച്ച ചെയ്യില്ലെന്നു നേതാക്കൾ സൂചിപ്പിച്ചു. വിഡിയോ കോൺഫറൻസിലൂടെയാണു സിസി ചേരുക.

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും അസമിലും സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചാകും സിസിയിലെ മുഖ്യചർച്ച. കേരളത്തിൽ കേരള കോൺഗ്രസ് എമ്മിനെ എൽഡിഎഫിൽ ഉൾപ്പെടുത്തുന്നതിനു കേന്ദ്രനേതൃത്വം നേരത്തെ അനുമതി നൽകിയതാണ്.  ഇപ്പോഴത്തെ പ്രതിസന്ധികളെ മറികടന്നു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള മാർഗങ്ങളാണ് ആലോചിക്കാനുള്ളതെന്നു നേതാക്കൾ പറഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെ നയിക്കുന്ന മുന്നണിയുടെ ഭാഗമായാണു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പാർട്ടിക്കു ഗുണം ചെയ്ത ഈ രീതി തന്നെ തുടരും. 

കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലാതെ, തിരഞ്ഞെടുപ്പിൽ ധാരണയെന്ന പൊളിറ്റ്ബ്യൂറോയുടെ (പിബി) ഏകകണ്ഠമായ നിലപാടു സിസി വിശദമായ ചർച്ചയ്ക്കു വിധേയമാക്കും. കേരളമൊഴികെ എല്ലായിടത്തും കോൺഗ്രസുമായി ധാരണയാകാമെന്നു 2018ൽ പാർട്ടി കോൺഗ്രസ് തീരുമാനിച്ചെങ്കിലും ഈ നയം നടപ്പാക്കാമെന്നു കഴിഞ്ഞ ഞായറാഴ്ചത്തെ പിബിയിലാണു പിണറായിപക്ഷം സമ്മതിച്ചത്. 

ഈ നിലപാടനുസരിച്ചു ബംഗാളിലും അസമിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ തീരുമാനിക്കണം. 2 സംസ്ഥാനങ്ങളിലും കോൺഗ്രസിനാണു നിലവിൽ മേൽക്കൈ. തിരഞ്ഞെടുപ്പിൽ ഒരുമിച്ചു നിൽക്കുന്നതിനു കോൺഗ്രസിനും താൽപര്യമാണെങ്കിലും സീറ്റ് വിഭജനത്തിൽ അർഹമായ വിഹിതം പാർട്ടിക്ക് ഉറപ്പാക്കാൻ സാധിക്കണം. ബംഗാളിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏതാനും സീറ്റുകളിൽ ധാരണയാകാമെന്നു സിപിഎം തീരുമാനിച്ചെങ്കിലും ഒടുവിൽ കോൺഗ്രസ് വഴങ്ങിയില്ല. ഇതൊക്കെ പരിഗണിച്ച് എങ്ങനെ നീങ്ങണമെന്നു തീരുമാനിക്കേണ്ടതുണ്ടെന്നു നേതാക്കൾ പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA