ADVERTISEMENT

‘മന്ത്രിസഭയെ ഇരുട്ടിൽ നിർത്തി ഈ കരാറുമായി മുന്നോട്ടുപോയ ഉദ്യോഗസ്ഥനെ ഐടി സെക്രട്ടറി പദവിയിൽനിന്നു നീക്കണം’‌; ഏപ്രിൽ 20നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നൽകിയ കത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

സിപിഐയുടെ നിർദേശം മാനിച്ചു സ്പ്രിൻക്ലർ ഇടപാടിന്റെ പേരിൽ എം.ശിവശങ്കറിനെ അന്നു പദവികളിൽനിന്നു നീക്കിയിരുന്നുവെങ്കിൽ ഇപ്പോഴത്തെ ആഘാതത്തിന്റെ അളവു കുറഞ്ഞേനെയെന്നു മുഖ്യമന്ത്രിയും കോടിയേരിയും ചിന്തിക്കാതിരിക്കില്ല. ചട്ടങ്ങളെല്ലാം കാറ്റിൽപറത്തി വിദേശ കമ്പനിയായ സ്പ്രിൻക്ലറുമായി കരാറിലേർപ്പെട്ടതിനു ശിവശങ്കർ വഹിച്ച നേതൃപരമായ പങ്കാണു സിപിഐയെ അന്നു പ്രകോപിപ്പിച്ചത്.

പക്ഷേ, സിപിഐയുടെ ആവശ്യം പരിഗണിക്കുന്നതിനു പകരം അന്നു സർക്കാർ ചെയ്തത് കാനത്തെ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കാൻ അതേ ശിവശങ്കറിനെ ചുമതലപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തി; കാനത്തിന്റെ കത്തു കിട്ടി രണ്ടാം ദിവസം – ഏപ്രിൽ 22ന്. ആരോപണവിധേയനായ ഉദ്യോഗസ്ഥൻ രാഷ്ട്രീയ നേതൃത്വത്തെ കണ്ടു വിശദീകരണത്തിനു മുതിർന്ന അപൂർവ സന്ദർഭം.

കാനത്തോടു മുൻകൂർ അനുമതി ചോദിച്ചാണു ശിവശങ്കർ എത്തിയത്. ഇരുവരും അരമണിക്കൂറോളം സൗഹൃദത്തോടെ സംസാരിച്ചു. കരാറിന്റെ ആവശ്യവും നടപടിക്രമങ്ങൾ മാറ്റിവച്ച് അതിൽ ഏർപ്പെടാൻ ഇടയായ സാഹചര്യവും ബോധ്യപ്പെടുത്താൻ ശ്രമിച്ചു. തിരിച്ചു രണ്ടു കാര്യങ്ങളാണു കാനം വ്യക്തമാക്കിയത്.

1) ഡേറ്റ സുരക്ഷയുടെ വക്താക്കളായാണ് ഇടതുപക്ഷം സ്വയം വിശേഷിപ്പിക്കുന്നത്. ഡേറ്റയുടെ വിൽപനക്കാരായി കോൺഗ്രസിനെയും ബിജെപിയെയും കുറ്റപ്പെടുത്താറുമുണ്ട്. ഇടതുപക്ഷത്തിന്റെ ഈ നയം ഒറ്റ നടപടികൊണ്ടു കള‍ഞ്ഞുകുളിച്ചു.

2) ഉദ്യോഗസ്ഥർക്കു ദിശാബോധം നൽകേണ്ട ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വത്തിനാണെന്ന കാഴ്ചപ്പാടാണു സിപിഐക്കുള്ളത്. തിരിച്ച്, ഉദ്യോഗസ്ഥൻ പഠിപ്പിക്കുന്നത് ഏറ്റുപാടുന്ന ശീലം ഇല്ല.

‘നിങ്ങൾക്കു പോകാം’ എന്നു കാനം പറഞ്ഞില്ലെങ്കിലും കൂടിക്കാഴ്ചയുടെ അവസാനം ഏതാണ്ട് അതുപോലെയായിരുന്നു. അതിനു ശേഷം മുഖ്യമന്ത്രിയെയും കോടിയേരിയെയും നേരിട്ടു കണ്ടപ്പോഴും സിപിഐ സെക്രട്ടറി ഇക്കാര്യങ്ങൾ ആവർത്തിച്ചു. കരാറിനെ സർക്കാർ ന്യായീകരിക്കുന്ന ഘട്ടത്തിൽ അദ്ദേഹത്തെ നീക്കുന്നതു പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുമെന്നു ചൂണ്ടിക്കാട്ടിയ അവർ, ഉദ്യോഗസ്ഥരുടെ ആത്മവീര്യത്തെ അതു ബാധിക്കുമെന്നും ന്യായീകരിച്ചു. വാർത്താസമ്മേളനങ്ങളിൽ ശിവശങ്കറിനെ മുഖ്യമന്ത്രി പൂർണമായും പ്രതിരോധിച്ചു. ബവ്‌ക്യു ആപ് പാളിയപ്പോഴും പിണറായിക്കു തന്റെ വിശ്വസ്തനിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ല.

1200-sivasankar-kanam-pinarayi

മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്നു തങ്ങളുടെ വകുപ്പുകളിലും കൈകടത്തുന്നുവെന്ന ശിവശങ്കറിനെക്കുറിച്ചുള്ള പരാതി സിപിഐ മന്ത്രിമാർക്കു മാത്രമായിരുന്നില്ല; അദ്ദേഹം പ്രകടിപ്പിച്ച പ്രതാപം ചില സിപിഎം മന്ത്രിമാരെയും അമർഷത്തിലാക്കിയിരുന്നു. അപ്പോഴെല്ലാം വിശ്വസ്തനായി ഒപ്പം നിർത്തിയ ഉദ്യോഗസ്ഥനെയാണു മുഖ്യമന്ത്രിക്ക് ഒടുവിൽ കൈവിടേണ്ടി വന്നത്; ഇപ്പോൾ അദ്ദേഹം കസ്റ്റഡിയിലാകുമ്പോൾ രാഷ്ട്രീയജീവിതത്തിലെ വലിയ പ്രതിസന്ധികളിലൊന്നു പിണറായി വിജയൻ അഭിമുഖീകരിക്കുന്നു. സഖ്യകക്ഷി നേതാവു നൽകിയ മുന്നറിയിപ്പു കേട്ടിരുന്നുവെങ്കിൽ എന്ന തോന്നൽ ഇപ്പോൾ ഒരു പക്ഷേ, അദ്ദേഹത്തിനുണ്ടാവാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com