അറസ്റ്റ് ഉയർത്തുന്ന വലിയ ചോദ്യങ്ങൾ

HIGHLIGHTS
  • മറുപടി പറയാൻ മുഖ്യമന്ത്രിക്കു ബാധ്യത
SHARE

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് ഒട്ടേറെ വലിയ ചോദ്യങ്ങളുയർത്തുന്നു. തന്റെ ഓഫിസിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥന്റെ അറസ്റ്റിലേക്കു നയിച്ച കാരണങ്ങളുടെ ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന ആവശ്യമുയർന്നിരിക്കെ, ഈ അധികാരകാലത്തെ ഏറ്റവും കഠിനസന്ധിയാണു പിണറായി വിജയൻ സർക്കാർ അഭിമുഖീകരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ കടിഞ്ഞാൺ പിടിച്ചിരുന്ന ശിവശങ്കർ വഹിച്ചിരുന്നത് ഉപദേശക സ്വഭാവമുള്ളതും ഭരണപരവുമായ പദവികളാണെന്നിരിക്കെ, ഇപ്പോഴുണ്ടായ അറസ്റ്റ് ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്നു വ്യക്തം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടേത് ഉപദേശക പദവിയാണെങ്കിൽ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയുടേതു ഭരണപരമായ തീരുമാനമെടുക്കാൻ അധികാരമുള്ള പദവിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇങ്ങനെയുള്ള നിർണായക പദവികളിലിരുന്നയാൾ പല വഴിവിട്ട ഇടപാടുകളിലും കണ്ണിയായെന്ന ആരോപണം രാജ്യത്തുതന്നെ ഒരു സർക്കാരും നേരിടാത്ത പ്രശ്നമാണ്.

കസ്റ്റഡിയിലെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും നീട്ടിക്കൊണ്ടുപോകാനായിരുന്നു ആശുപത്രിവാസമടക്കം ശിവശങ്കർ തിരഞ്ഞെടുത്തതെന്ന ആരോപണം ഗൗരവമുള്ളതാണ്. സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങളിൽ ശിവശങ്കർ ഇടപെടേണ്ടതി‌ല്ലായിരുന്നു ‌എന്നാണ് കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവ റജിസ്റ്റർ ചെയ്ത കേസുകളിൽ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളുമ്പോൾ ഇന്നലെ ഹൈക്കോടതി പറഞ്ഞത്.

ശിവശങ്കറിനു വേണ്ടി ആദ്യഘട്ടത്തിൽ ന്യായീകരണങ്ങളേറെ നിരത്തിയിരുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ഇന്നലെയുണ്ടായ അറസ്റ്റോടെ കൂടുതൽ സമ്മർദത്തിലായിരിക്കുകയാണ്. യുഎഇ കോൺസുലേറ്റിൽ കോൺസൽ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി പദവിയിൽനിന്ന് ഒഴിവാക്കപ്പെട്ട സ്വപ്നയെ ഐടി വകുപ്പിൽ നിയമിച്ചതിനു പിന്നിൽ ശിവശങ്കറിന്റെയും മറ്റും ഇടപെടലാണെന്ന് ആക്ഷേപമുയർന്നപ്പോൾതന്നെ സർക്കാരും എൽഡിഎഫും പ്രതിരോധത്തിലായിരുന്നു. സ്പ്രിൻക്ലർ ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങൾ ഉയർന്നപ്പോഴും ശിവശങ്കറിനെ സംരക്ഷിച്ചുനിർത്തുകയായിരുന്ന മുഖ്യമന്ത്രിക്ക് ഒടുവിൽ ഗത്യന്തരമില്ലാതെ, കൈവിടേണ്ടിയും വന്നു.

മുഖ്യമന്ത്രിയുടെ ഓഫിസ് സംശയത്തിന് അതീതമാകണമെന്നതിൽ ഒരു സംശയവുമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻവരെ തുറന്നടിച്ചിരുന്നു. ശിവശങ്കറിന് എന്തു സംഭവിച്ചാലും അത് അദ്ദേഹത്തിന്റെ മാത്രം കാര്യമെന്നു സിപിഎം നേതൃത്വമെടുത്ത മുൻകൂർ ജാമ്യം ഇനി വിലപ്പോകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ശിവശങ്കറിനെതിരെ നടപടിയെടുത്തു പുറത്താക്കിയതാണല്ലോ എന്നു വാദിച്ചാൽതന്നെ, അധികാരത്തിലിരുന്ന സമയത്തെ അദ്ദേഹത്തിന്റെ നടപടികൾക്ക് ആര് ഉത്തരം പറയുമെന്ന ചോദ്യം അവശേഷിക്കുന്നു.

തട്ടിപ്പുകാരും ചില സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഏറ്റവും ഉയരമുള്ള ഉദാഹരണമാണ് ശിവശങ്കറിന്റെ അറസ്റ്റിലൂടെ വെളിപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രധാന ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ വഴിവിട്ട നിയമനങ്ങൾ നടത്തുകയും കരാറുകളിലേർപ്പെടുകയും ചെയ്തെങ്കിൽ അതിന്റെ അർഥം സർക്കാരിന്റെ ഭരണസംവിധാനങ്ങൾ കുത്തഴിഞ്ഞുകിടക്കുകയാണെന്നു തന്നെയല്ലേ? ക്രൈംബ്രാഞ്ചിന്റെ കേസിൽ പ്രതിയായ സ്വപ്നയെ സർക്കാരിന്റെ ശ്രദ്ധേയമായൊരു പദവിയിൽ നിയമിക്കുമ്പോൾ ഇന്റലിജൻസ് അന്വേഷിച്ചിരുന്നില്ലേ?

ഈ മലിനസാഹചര്യത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു മുഖ്യമന്ത്രിക്കും സർക്കാരിനും മുന്നണിക്കും ഒഴിഞ്ഞുമാറാനാവില്ലെന്നു തീർച്ച. അതുകൊണ്ടുതന്നെ, ശിവശങ്കറിന്റെ അറസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നീളുന്ന സംശയമുനകൾ തിരിച്ചറിഞ്ഞ്, തന്റെ ഇതുവരെയുള്ള അധികാരജീവിതത്തിലെ ഏറ്റവും പ്രശ്നസങ്കീർണമായ ചോദ്യങ്ങൾക്കു മുഖ്യമന്ത്രി കേരളത്തോടു മറുപടി പറയുകതന്നെ വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA