തിരുത്തേണ്ടത് എവിടെ?

subhadinam
SHARE

പാലു വിറ്റാണ് അയാൾ ഉപജീവനം നടത്തുന്നത്. പക്ഷേ, പാലിൽ വെള്ളം ചേർത്തു മാത്രമേ അയാൾ വിൽക്കൂ. ഒരു ദിവസം പാലിൽ വെള്ളം ചേർക്കുന്നതിനിടെ മാലാഖ പ്രത്യക്ഷപ്പെട്ടു ചോദിച്ചു: താങ്കൾ എന്തിനാണു പാലിൽ വെള്ളം ചേർക്കുന്നത്?  അയാൾ പറഞ്ഞു: കൂടുതൽ ലാഭം കിട്ടാൻ. മാലാഖ പറഞ്ഞു: ‘അങ്ങനെ ചെയ്യുന്നതു വഞ്ചനയാണ്. ഞാൻ ഒരു പാത്രം പാൽ കൂടുതൽ തരാം.’ പാൽ കിട്ടിയതോടെ അയാൾക്കു സന്തോഷമായി. പിന്നെയും എന്തോ ആലോചിച്ചു നിൽക്കുന്ന അയാളോടു മാലാഖ ചോദിച്ചു: ഇനി എന്താണു പ്രശ്നം? അയാൾ പറഞ്ഞു: എനിക്ക് ഒരു പാത്രം വെള്ളം കൂടി തരുമോ?! 

നിയന്ത്രിക്കാനാവാത്ത തഴക്കദോഷങ്ങളിൽ നിന്നാണു തകർച്ച ആരംഭിക്കുന്നത്. താൽക്കാലിക സംതൃപ്തിക്കു വേണ്ടിയോ നേട്ടങ്ങൾക്കു വേണ്ടിയോ തുടങ്ങിയ ദുശ്ശീലങ്ങൾ പിന്നീടു ദിനചര്യയുടെ ഭാഗമാകും. നാം ശീലങ്ങളെ നിയന്ത്രിക്കുന്നതിനു പകരം ശീലങ്ങൾ നമ്മെ നിയന്ത്രിക്കുന്നതാണ് അടിമത്തം. 

ശ്രേഷ്ഠമായ മനസ്സിൽനിന്നു മാത്രമേ ശ്രേഷ്ഠമായ പ്രവൃത്തികൾ ഉണ്ടാകൂ. ആനുകൂല്യങ്ങളിലൂടെ സൗജന്യമായി മോടി പിടിപ്പിച്ചാലും പരിശീലനങ്ങളിലൂടെ തിളക്കം വർധിപ്പിച്ചാലും ഉള്ളിലെ പോട് ഒരിക്കൽ പുറത്തുനിൽക്കുന്നവർക്കു ദൃശ്യമാകും. സ്വയംനിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് ആന്തരിക പരിവർത്തനം സാധ്യമാക്കുന്നത്; അടിമുടി മാറ്റം സൃഷ്ടിക്കുന്നത്. പുറത്തുനിന്നു വരുത്തുന്ന എല്ലാ മാറ്റങ്ങളും ചായംപൂശൽ മാത്രമാണ്; അകത്തുനിന്നു സൃഷ്ടിക്കുന്ന മാറ്റങ്ങൾ ബലമേകലും. 

പ്രവൃത്തികൾ നന്നാകണമെങ്കിൽ പ്രവൃത്തികളുടെ ഉറവിടം നന്നാകണം. പ്രവൃത്തി പരിഷ്കരണ പരിശീലനങ്ങളെക്കാൾ മനസ്സു നവീകരണ യജ്ഞങ്ങളാണ് കാതലായ മാറ്റങ്ങൾക്കു വഴിയൊരുക്കുന്നത്. എല്ലാ തിരുത്തുകളും വേരിൽനിന്നോ വിത്തിൽനിന്നോ വേണം ആരംഭിക്കാൻ. വിളവ് ഒരു ഉൽപന്നം മാത്രമാണ്. വിളവിനെ മാത്രം പഴിക്കുകയും തിരുത്തുകയും ചെയ്യുന്നതുകൊണ്ടാണ് കൃത്യമായ ഇടവേളകളിൽ പുഴുക്കുത്തുകൾ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA