‘തൊഴിലാളി സംഘടനാ പ്രവർത്തനം തൊഴിൽ സമരം മാത്രമല്ല’

amarjeet
അമർജീത് കൗർ
SHARE

ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന് (എഐടിയുസി) ഇന്നു 100 വയസ്സ്. രാജ്യത്തെ ആദ്യത്തേതും അംഗസംഖ്യയിൽ നിലവിൽ മൂന്നാമതുള്ളതുമായ തൊഴിലാളി പ്രസ്ഥാനം. അംഗബലം 1.4 കോടി. ലാല ലജ്പത് റായി, ജവാഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, വി.വി.ഗിരി തുടങ്ങിയവർ നേതൃത്വം നൽകിയിട്ടുള്ള പ്രസ്ഥാനം രൂപംകൊണ്ടത് 1920 ഒക്ടോബർ 31ന് ആണ്. സംഘടനയുടെ പിറന്നാൾ ദിനത്തിൽ എഐടിയുസി ജനറൽ സെക്രട്ടറിയും സിപിഐ ദേശീയ സെക്രട്ടറിയുമായ അമർജീത് കൗർ മനോരമയോട്:

∙എഐടിയുസിയുടെ വലിയ ചരിത്രത്തെക്കുറിച്ച്...

1827ലെ ആദ്യ പണിമുടക്കു മുതൽ സമരങ്ങളുടെ നീണ്ട ചരിത്രമാണ് രാജ്യത്തെ തൊഴിലാളി വർഗത്തിനുള്ളത്. ബ്രിട്ടിഷ് ഭരണത്തെ ചെറുക്കാൻ തൊഴിലാളികളും കൃഷിപ്പണിക്കാരും ആദിവാസികളുമാണ് ആദ്യം സമരം ചെയ്തത്. 1860 മുതൽ തൊഴിലാളികൾ സംഘടിച്ചെങ്കിലും ഏറെയും സമുദായ അടിസ്ഥാനത്തിലായിരുന്നു.1890 മുതലാണ് അതു തൊഴിൽമേഖലകൾ തിരിച്ചുള്ളതായത്. 

1900–1920 കാലത്തേതായി 1000 സമരങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യപ്രക്ഷോഭം നിവേദനങ്ങളിലും ഹർജികളിലും മാത്രം ഒതുങ്ങിയ കാലമുണ്ടായിരുന്നു. തൊഴിലാളിസമരങ്ങൾ കണ്ടിട്ടാണ് ജനത്തെ സംഘടിപ്പിച്ചുള്ള സമരങ്ങളാണു വേണ്ടതെന്ന തിരിച്ചറിവു നേതാക്കൾക്കുണ്ടായത്. രാജ്യത്തിന്റെ പല ഭാഗത്തും തൊഴിലാളി യൂണിയനുകൾ ഉണ്ടായിരുന്നു. 1908ൽ ബാലഗംഗാധര തിലകനെ 6 വർഷം തടവിനു ശിക്ഷിച്ചപ്പോൾ 6 ദിവസമാണ് ബോംബെയിലെ തൊഴിലാളികൾ പണിമുടക്കിയത് – ഒരു വർഷത്തിന് ഒരു ദിവസമെന്ന തോതിൽ. 

കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്, കോൺഗ്രസ് ചിന്താധാരകളിൽ നിന്നുള്ളവരൊക്കെ ചേർന്നാണ് യൂണിയനുകൾക്കു പൊതുവേദി വേണമെന്നു തീരുമാനിച്ചത്. അങ്ങനെ 1920ൽ എഐടിയുസി രൂപംകൊണ്ടു; 1921ൽ ‘പൂർണ സ്വരാജ്’ എന്ന ആവശ്യം ഉന്നയിച്ചു. 8 വർഷം കഴിഞ്ഞാണ് അതു കോൺഗ്രസിന്റെ പ്രമേയമാകുന്നത്. 

1921ൽ തന്നെ ഞങ്ങളുടെ പ്രസ്ഥാനം ഭരണകൂടത്തോടു വിയോജിക്കാനും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെക്കുറിച്ചു പറഞ്ഞു. ബ്രിട്ടിഷ് രാജിനു കീഴിൽ സ്വയംഭരണം എന്ന ആശയത്തെ ഞങ്ങൾ എതിർത്തു. സ്വയംഭരണത്തിനൊപ്പം സ്വന്തം ഭരണഘടനയുമുള്ള രാജ്യത്തിനായി വാദിച്ചു. സംഘടിക്കാനുള്ള അവകാശം, മാതൃത്വ ആനുകൂല്യങ്ങൾ തുടങ്ങിയവ ഉറപ്പാക്കാൻ പിന്നീടു ഭരണഘടനാസഭയ്ക്കു നിവേദനവും നൽകി. ആ സമരങ്ങളുടെ മൂല്യമറിയാത്തവരാണ് ഇന്നു രാജ്യം ഭരിക്കുന്നത്. ബ്രിട്ടിഷുകാർ ചെയ്തതിനെക്കാൾ മോശമായി തൊഴിലാളികളെ അടിച്ചമർത്തുന്ന അവരുടെ നയങ്ങളെയാണ് ഇപ്പോൾ ചെറുക്കുന്നത്. 

∙ഇപ്പോൾ രാജ്യത്തു തൊഴിലാളികളുടെ സ്ഥിതി പണ്ടത്തെക്കാൾ ഏറെ മോശമായി? 

പുത്തൻ സാമ്പത്തിക നയങ്ങളാണ് അതിനു കാരണം. മുൻ സർക്കാരുകൾ ചർച്ചകൾക്കു തയാറായിരുന്നു, ആവശ്യങ്ങൾ അംഗീകരിക്കുമായിരുന്നു. മോദിസർക്കാർ വന്നതോടെ സ്ഥിതി മാറി. ലേബർ കോഡുകൾ ഉൾപ്പെടെയുള്ളവയിലൂടെ അവകാശങ്ങൾ നിഷേധിക്കുന്നു. കോവിഡിന്റെ മറവിൽ തൊഴിലാളിവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നു. തൊഴിൽ മേഖലയിലെ ദുരവസ്ഥയ്ക്കു കാരണം, കോവിഡാണെന്ന തെറ്റായ വാദം ഉന്നയിക്കുന്നു. നോട്ട് നിരോധനം, ജിഎസ്ടി എന്നിവ മൂലമുണ്ടായ പ്രശ്നങ്ങൾ മറച്ചുവയ്ക്കുന്നു. 

നാലര പതിറ്റാണ്ടിനിടെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മനിരക്കുണ്ടായതു കഴിഞ്ഞ വർഷമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിൽക്കാനാണ് അവർക്ക് ഉത്സാഹം. കൃഷിമേഖലയ്ക്കു ദോഷമാകുന്ന ബില്ലുകളും പാസാക്കി. ഇതിനെയൊക്കെ ചെറുക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണ് ഇപ്പോഴത്തേത്. 

∙സ്ത്രീശാക്തീകരണത്തെപ്പറ്റി ഏറെ പറയുമ്പോഴും, നാഷനൽ സാംപിൾ സർവേ ഓഫിസിന്റെ (എൻഎസ്എസ്ഒ) കണക്കനുസരിച്ച്, തൊഴിൽരംഗത്തു സ്ത്രീസാന്നിധ്യം കുറയുകയാണ്.

കഴിഞ്ഞ 15 വർഷമായി ഈ സ്ഥിതി വർധിക്കുന്നു. ഒൗപചാരിക മേഖലകളിലായിരുന്നു കൂടുതൽ പ്രശ്നം. ഇപ്പോഴത് അനൗപചാരിക മേഖലകളിലുമുണ്ട്. ലോക്ഡൗണിൽ സ്ഥിതി കൂടുതൽ മോശമായി. പുരുഷന്മാർക്കു തൊഴിൽ നഷ്ടപ്പെടുന്നില്ല എന്നല്ല; പക്ഷേ, കൂടുതൽ ദുരിതത്തിലാകുന്നതു സ്ത്രീകളാണ്. 

റിക്രൂട്മെന്റ് കുറഞ്ഞതും പ്രശ്നമാണ്. പുതിയ അവസരങ്ങൾ വരുമ്പോൾ ആദ്യ പരിഗണന പുരുഷന്മാർക്കാണ്. കഴിഞ്ഞ 10 വർഷത്തെ സ്ഥിതിയെടുത്താൽ ബാങ്കിങ് മേഖലയിൽ മാത്രമാണു സ്ത്രീകൾ വലിയ പ്രശ്നം നേരിടാത്തത്. 

∙അസംഘടിത മേഖലകളിൽ ഫലപ്രദമായ ഇടപെടലിനു തൊഴിലാളി സംഘടനകൾക്കു സാധിച്ചിട്ടില്ല. തൊഴിലാളി ഐക്യം പരമ്പരാഗത മേഖലകളിൽ ഒതുങ്ങുന്നു?

ആ വിലയിരുത്തൽ ശരിയല്ല. 12 സംസ്ഥാനങ്ങളിലെങ്കിലും ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുള്ളവരെ സംഘടിപ്പിക്കാൻ സാധിച്ചു. കേരളത്തിൽ നിർമാണ മേഖലയിലുള്ളവരെ സംഘടിപ്പിച്ചു. അസംഘടിത മേഖലകളിലുള്ളവരെ സംഘടിപ്പിക്കുന്നതിൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരൊക്കെ വലിയ പിന്തുണ നൽകി. 

ഐടി മേഖലയിൽ ഇടപെടൽ എളുപ്പമായില്ല. കുട്ടികളൊക്കെ ആദ്യമേ പറഞ്ഞു – ഞങ്ങൾക്കു നിങ്ങളുമായി ഇടപാടില്ല, അകന്നുനിൽക്കുക. എന്നാൽ, 2008ലൊക്കെ പിരിച്ചുവിടൽ പതിവായപ്പോൾ അവർ നിലപാടു മാറ്റി. ഞങ്ങളുടെ യൂണിയനുകളിൽ ഉൾപ്പെടേണ്ട, സംഘടിച്ചാൽ മതിയെന്നു ഞങ്ങൾ അവരോടു പറഞ്ഞു. തമിഴ്നാട്ടിലുള്ളവർ മുൻകയ്യെടുത്തു. ഇപ്പോൾ പുണെയിലും ബെംഗളൂരുവിലുമൊക്കെ അവർ സംഘടിക്കുന്നുണ്ട്. 

പല സ്ഥാപനങ്ങളും നേരിട്ടു നിയമനം നടത്താതെ കരാർ ഏജൻസികളെ ആശ്രയിക്കുകയാണ്. ഇതു സംഘടിക്കുന്നതിനു തടസ്സമാകുന്നു. സംഘടിച്ചാൽ പിരിച്ചുവിട്ടേക്കാമെന്ന ഭീതിയിലാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ. കേരളത്തിലും തമിഴ്നാട്ടിലുമൊക്കെനിന്ന് ഡൽഹിയിൽ വരുന്ന നഴ്സുമാർക്ക് ഇതു താൽക്കാലിക ഇടമാണ്. വിദേശരാജ്യങ്ങളാണ് അവരുടെ ലക്ഷ്യം. അതിനിടെ, പിരിച്ചുവിടൽ ഭീതിയിൽ ജീവിക്കാൻ അവർ താൽപര്യപ്പെടുന്നില്ല. തൊഴിലാളിവിരുദ്ധമായ ഏതു നടപടിയും സഹിച്ച് പിടിച്ചുനിൽക്കാനാണ് അവർ ശ്രമിക്കുക. അതിഥിത്തൊഴിലാളികളും ഇത്തരം ഭീതിയുള്ളവരാണ്. 

ചരിത്രപശ്ചാത്തലം കണക്കിലെടുക്കുമ്പോൾ, തൊഴിലാളികളുടെ അവകാശസമരങ്ങൾ നടത്തുന്നവർ മാത്രമായി ഇപ്പോൾ തൊഴിലാളി സംഘടനകൾ മാറി?

അവകാശപത്രികയെന്ന പതിവുരീതിയും ഒറ്റയ്ക്കു നിൽക്കുന്ന സമീപനങ്ങളും മാറ്റി, പൊതുവായ ഇടപെടലുകൾ നടത്തേണ്ട കാലമാണിത്. ആ തിരിച്ചറിവുണ്ടാകുന്നു. കർഷകസമരങ്ങളെ തൊഴിലാളി സംഘടനകളും തൊഴിലാളി സമരങ്ങളെ കർഷകരും പിന്തുണയ്ക്കുന്നു, ഒപ്പം നിൽക്കുന്നു. 

∙ദേശീയ തൊഴിലാളി പ്രസ്ഥാനത്തെ നയിക്കുക താങ്കൾക്ക് എത്ര ശ്രമകരമാണ്?

സ്ത്രീത്തൊഴിലാളികളുടെ സ്ഥിതികൂടി മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയുന്നുവെന്ന ബലം എനിക്കുണ്ട്. 68 വയസ്സായി. 15–ാം വയസ്സു മുതൽ സമരരാഷ്ട്രീയ നേതൃരംഗത്തുണ്ട്. വിദ്യാർഥി, യുവജന, മഹിളാ ഫെഡറേഷൻ പ്രവർത്തനങ്ങളും മുതിർന്ന നേതാക്കളുടെ പിന്തുണയും സഹപ്രവർത്തകരുടെ സഹകരണവും സഹായിച്ചു. ഏതു പ്രസ്ഥാനമായാലും നേതൃത്വത്തിലേക്കു വരിക സ്ത്രീകൾക്ക് എളുപ്പമല്ല. പിന്മാറാതെ പോരാടണം. ഇപ്പോഴത്തെ കേന്ദ്ര സർക്കാരിനെതിരെയും വേണ്ടത് അതാണ് – പോരാട്ടം. 

∙എഐടിയുസി രാജ്യത്തെ വലിയ സംഘടനയാണെങ്കിലും സിപിഐ കേരളത്തിൽ മാത്രമാണു നിർണായക ശക്തി. തൊഴിലാളിശക്തി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നില്ല.

അതൊരു വലിയ പ്രശ്നമാണ്. പല രാഷ്ട്രീയധാരകളിൽ നിന്നുള്ളവരാണല്ലോ എഐടിയുസി രൂപീകരിച്ചത്. രാഷ്ട്രീയപ്പാർട്ടികൾ, സർക്കാർ, മാനേജ്മെന്റുകൾ – ഇവയിൽനിന്നു സ്വതന്ത്രമായിരിക്കണം പ്രവർത്തനമെന്നു തീരുമാനിച്ചു. ആ നിലപാടിൽ മാറ്റമില്ല. എഐടിയുസിയിൽ കമ്യൂണിസ്റ്റുകളുണ്ട്. പക്ഷേ, ഒരു പാർട്ടിയുടെ നിർദേശാനുസരണമല്ല പ്രവർത്തനം. എഐടിയുസിക്കു രാഷ്ട്രീയമുണ്ട് – തൊഴിലാളിവർഗ രാഷ്ട്രീയം. ആ രാഷ്ട്രീയം വോട്ടായി മാറുന്നുണ്ടോ എന്നത് എല്ലാ തൊഴിലാളി സംഘടനകളും ആലോചിക്കണം. തൊഴിലാളിശക്തി വോട്ടായി മാറാത്തതിന്റെ ഉത്തരവാദിത്തം സംഘനകൾക്കും പാർട്ടികൾക്കുമുണ്ട്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 63% വോട്ട് മോദിക്ക് എതിരായിരുന്നു.‌ ആ 63 ശതമാനത്തിൽ തൊഴിലാളികളുടെ വോട്ടുമുണ്ടായിരുന്നു. അതു മുതലാക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. 

Content highlights: On celebrating hundred years of AITUC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA