നവകേരളം എന്ന പിറന്നാളാശംസ

HIGHLIGHTS
  • കോവിഡ് അനന്തര വെല്ലുവിളികൾ ഓർമിപ്പിച്ച്, നാളെ കേരളപ്പിറവി
sun
പ്രതീകാത്മക ചിത്രം
SHARE

നമ്മുടെ സ്വന്തം കേരളത്തിന്റെ പിറന്നാളാണു നാളെ. ഭാഷയിൽ ഒരുമിച്ച ഒരു സംസ്ഥാനത്തിന്റെ ജന്മദിനം; മലയാളിക്കു കസവുകരയിട്ട അഭിമാനം. എന്നാൽ, കേരളപ്പിറവിയുടെ ഈ അറുപത്തിനാലാം വാർഷികദിനം ഓർമിപ്പിക്കുന്നതു സംസ്ഥാനമുണ്ടായശേഷമുള്ള ഏറ്റവും കടുത്ത പ്രതിസന്ധിയെക്കുറിച്ചാണ്; കോവിഡ് അനന്തര വെല്ലുവിളികളെ നേരിട്ട് നാം നിർമിക്കേണ്ട നവകേരളത്തെക്കുറിച്ചുമാണ്.

രണ്ടു തുടർപ്രളയങ്ങൾ ചവിട്ടിക്കുഴച്ചിട്ട മണ്ണിൽനിന്നു കേരളം നിവർന്നുനിന്നു തുടങ്ങുമ്പോഴാണു കോവിഡ് ബാധയും ലോക്ഡൗണുമുണ്ടായത്. അനുബന്ധമായി സമസ്തമേഖലകളും തളർച്ചയിലാണ്ടു. അതുകൊണ്ടുതന്നെ, വികസനം എന്ന വാക്കാവും കോവിഡ് അനന്തര കേരളത്തിന്റെ ഗതിയും വിധിയും നിർണയിക്കുക. കേരളത്തിന്റെ സാമ്പത്തികവും തൊഴിൽപരവുമായ പുനരുജ്ജീവനത്തിനുള്ള പ്രായോഗികമായ മാർഗങ്ങളിൽനിന്നാണു നാം നാളെയെക്കുറിച്ച് ആലോചിക്കേണ്ടത്.

കോവിഡ് പ്രതിസന്ധിക്കു ശേഷമുള്ള പുതുലോകം സൃഷ്ടിക്കുന്നതിൽ കേരളത്തിനു മാതൃകയാകാൻ കഴിയുമെന്ന് ഇന്ത്യയിൽ ടെലികോം വിപ്ലവത്തിനു നേതൃത്വം നൽകിയ സാങ്കേതിക വിദഗ്ധൻ സാം പിത്രോദ മലയാള മനോരമ മേയിൽ സംഘടിപ്പിച്ച വെബിനാറിൽ പറഞ്ഞതിൽ നമുക്കുള്ള വലിയ പ്രതീക്ഷയുണ്ട്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ജർമനിയും ജപ്പാനും പോലുള്ള രാജ്യങ്ങൾ ഉയിർത്തെഴുന്നേറ്റതു കോവിഡ് അനന്തര കേരളത്തിനു മാതൃകയാകണം. ഇതിനായി പക്ഷേ, നിലവിലുള്ള പല ചിട്ടവട്ടങ്ങളും മാറേണ്ടിവരും. സർക്കാർ സംവിധാനങ്ങളിലെ ചുവപ്പുനാടകൾ പൊട്ടിച്ചെറിയേണ്ടിയും വരും.

ഭക്ഷ്യസുരക്ഷയെക്കുറിച്ചും കൃഷിയെക്കുറിച്ചും പതിവായി നടക്കുന്ന ആലോചനകൾ കോവിഡ് അനന്തര കാലത്തിനു മതിയാകില്ലെന്നു തീർച്ച. ആ കാലത്തിനായി കേരളത്തിലെ കൃഷിയും പുതിയ വഴികൾ തേടേണ്ടതുണ്ട്. വയൽ മുതൽ വിപണി വരെ ഏകോപിപ്പിക്കുന്നതാകണം പുതിയ കാർഷിക സംസ്കാരം. കർഷകൻ ഉൽപാദകൻ മാത്രമായി ഒതുങ്ങാതെ കാർഷിക സംരംഭകനായി മാറണം. മടങ്ങിവരുന്ന പ്രവാസികളിൽ കൃഷിയോടു താൽപര്യമുള്ളവർക്കു വലിയ സാധ്യതകളാണു കാർഷിക സംരംഭങ്ങൾ മുന്നിൽവയ്ക്കുന്നത്.

സഞ്ചാരികൾക്കു മുന്നിൽ ടൂറിസത്തിന്റെ വാതിലുകൾ നാം വീണ്ടും തുറന്നുതുടങ്ങി. ടൂറിസത്തിന്റെ വീണ്ടെടുപ്പിനും പുതിയ നിക്ഷേപങ്ങൾക്കുമായി കേരളത്തെ റീബ്രാൻഡ് ചെയ്യുകകൂടി വേണം. ആരോഗ്യപരിചരണരംഗത്ത് ഗ്ലോബൽ ഹെൽത്ത് ഹബ്ബായി മാറാൻ കേരളത്തിനു കഴിയുമെന്ന പ്രതീക്ഷയും നമുക്കു മുന്നിലുണ്ട്. ഐടി രംഗത്തെ പുതിയ കുതിപ്പുകൾ വർക് ഫ്രം ഹോം ഉൾപ്പെടെയുള്ള കോവിഡ് അനന്തര രീതികൾ കൂടി ഉൾക്കൊള്ളണം. കേരളത്തിലെ മനുഷ്യ വിഭവശേഷിയും സുരക്ഷിത സാഹചര്യങ്ങളും പ്രകൃതിയും രാജ്യാന്തര യാത്രാസൗകര്യങ്ങളും ഐടി വികസനത്തിൽ നമുക്ക് അനുകൂല ഘടകങ്ങളാണ്. ഇത്തരത്തിൽ പുനരുജ്ജീവനം തേടുന്ന നമ്മുടെ ഓരോ മേഖലയ്ക്കും ആവശ്യമായ മാർഗനിർദേശങ്ങൾ അതതു രംഗത്തെ വിദഗ്ധരിൽനിന്നു സർക്കാർ ശേഖരിക്കുകയും അതിൽ തുടരാലോചനകൾ നടത്തുകയും വേണം.

നവകേരളനിർമിതിയിൽ ഏറ്റവും പ്രധാനം അതിനുവേണ്ട സംശുദ്ധ സാഹചര്യം ഒരുക്കുക എന്നതുതന്നെയാണ്. സംസ്ഥാന ഭരണസിരാകേന്ദ്രവും ഏറ്റവും വലിയ ഭരണകക്ഷിയും വരെ വിവാദങ്ങളിൽ നിഴലാർന്നുനിൽക്കുമ്പോൾ നവകേരളം കൈവരിക്കേണ്ട പ്രഥമവും പ്രധാനവുമായ കാര്യം സർവരംഗങ്ങളിലുമുള്ള സംശുദ്ധി തന്നെയാണെന്നതിൽ സംശയമില്ല.

ഓരോ പ്രതിസന്ധിയും ഓരോ അവസരമാണെന്നു പറയാറുണ്ട്. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും കടുത്ത പ്രതിസന്ധി വികസനത്തിനുള്ള ഏറ്റവും മികച്ച അവസരമാക്കിയാവണം നാം കോവിഡ് അനന്തര കേരളം നിർമിക്കേണ്ടത്. നമ്മുടെ സംസ്ഥാനത്തിനു നാളെ നാം ഒരേ സ്വരത്തിൽ നൽകേണ്ട ഏറ്റവും സാർഥകമായ ജന്മദിനാശംസയ്ക്കു നവകേരളം എന്നുതന്നെ പേരിടാം.

Content highlights: Kerala Day 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA