നോക്കാൻ മറക്കേണ്ട, തുറന്നതാണോ പൂട്ട്?

vaireal
ആനീസ് കൺമണിയുടേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിൽനിന്ന്.
SHARE

കുട്ടികളെല്ലാം ഓൺലൈൻ ക്ലാസുകളിലാണ്. എല്ലാവർക്കും ഫോണോ ടാബോ കംപ്യൂട്ടറോ ഇല്ലാതെ നിവൃത്തിയില്ല. ഈ സമയം നോക്കിയാണ്, വിദ്യാർഥികൾക്കു സൗജന്യമായി ലാപ്ടോപ്പുകൾ നൽകുന്നു എന്നൊരു പ്രചാരണം ഇന്റർനെറ്റിൽ തുടങ്ങിയത്. അതു വ്യാജമാണെന്നു മുൻപ് ഈ കോളത്തിൽ സൂചിപ്പിച്ചിരുന്നു.

ഇപ്പോൾ പ്രചരിക്കുന്നത്, ടാബ്‌ലറ്റ് ഫ്രീയായി കിട്ടുമെന്ന വ്യാജനാണ്. സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക് ചെയ്തു റജിസ്റ്റർ ചെയ്യണം എന്നായിരിക്കും നിർദേശം. ഈ ലിങ്ക് നമ്മുടെ പണവും വിവരങ്ങളും തട്ടിയെടുക്കാനുള്ള ചൂണ്ടയാണ്. ഫ്രീയായി ടാബ്‌ലറ്റോ ഫോണോ കൊടുക്കുന്ന പദ്ധതികളൊന്നുമില്ലെന്നു കേന്ദ്ര സർക്കാർതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാർഥികൾക്കു സബ്സിഡിയോടെയും മറ്റും ഇലക്ട്രോണിക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതികൾ ചില സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ചിട്ടുണ്ടെന്നതു സത്യമാണ്. ഉദാഹരണത്തിന് ഗുജറാത്ത് സർക്കാരിന് നമോ ഇ – ടാബ്‌ലറ്റ് യോജന എന്നൊരു പദ്ധതിയുണ്ട്. അത്തരം പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ സർക്കാർതന്നെ വിശ്വസനീയമായ മാധ്യമങ്ങളിലൂടെ അറിയിക്കും. അതല്ലാതെ, ഫോണിലോ സമൂഹമാധ്യമങ്ങളിലോ വരുന്ന, ആരാണ് അയച്ചതെന്നു വ്യക്തമല്ലാത്ത സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക് ചെയ്ത് അബദ്ധത്തിൽ പെടരുത്.

ഇന്റർനെറ്റിൽ നമ്മൾ നോക്കുന്നതു സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റാണോ എന്ന് ഉറപ്പുവരുത്തണം. നമ്മൾ തുറക്കുന്ന വെബ്സൈറ്റുകളുടെ വിലാസത്തിന്റെ ആദ്യ ഭാഗം https:// അല്ലെങ്കിൽ http:// എന്നായിരിക്കും. httpsൽ ആണു തുടങ്ങുന്നതെങ്കിൽ ആ സൈറ്റ് സുരക്ഷിതമാണെന്നു കണക്കാക്കാം. ‘ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ സെക്യൂർ’ എന്നാണ് ഇതിന്റെ പൂ ർണ രൂപം. 

വെറും http ആണെങ്കിൽ അതിൽ ‘S’ എന്ന അക്ഷരമില്ല. അതായത് സെക്യൂർ അല്ലെങ്കിൽ സുരക്ഷിതമല്ല എന്നർഥം. ഇത്തരം സൈറ്റുകൾ ബ്രൗസ് ചെയ്യുന്നതിൽ വലിയ അപകടമുണ്ടെന്നല്ല; പക്ഷേ, ബാങ്ക് അക്കൗണ്ട് പോലെയുള്ള നിർണായക വിവരങ്ങൾ അവിടെ എന്റർ ചെയ്താൽ അതിനു സുരക്ഷ ഉറപ്പുപറയാനാകില്ല.

അതുപോലെ https നൊപ്പം ബ്രൗസറിൽ ‘ലോക്ക്’ ചെയ്ത ഒരു പൂട്ടിന്റെ ചിത്രം കാണാം. പാഡ്‍ലോക്ക് ഐക്കൺ എന്നാണ് ഇതിനെ വിളിക്കുക. സുരക്ഷിതമായ സൈറ്റുകൾക്കാണ് ലോക്ക് ചെയ്ത പൂട്ടുണ്ടാവുക. http ആണെങ്കിൽ ആ പൂട്ട് തുറന്നിരിക്കും (ഒപ്പമുള്ള ചിത്രങ്ങൾ നോക്കൂ).

(പ്രത്യേകം ശ്രദ്ധിക്കുക: തട്ടിപ്പുകാരുടെ വെബ്സൈറ്റുകൾക്കും ചിലപ്പോൾ ലോക്കും https ഉണ്ടായിക്കൂടെന്നില്ല. സൈറ്റ് ഔദ്യോഗിക സർക്കാർ ഏജൻസികളുടേതാണോ എന്ന് ഉറപ്പാക്കണം)

‘ഇഡിയറ്റു’കളാകാതിരിക്കാം

കോവിഡിനെക്കുറിച്ച് അന്തമില്ലാത്ത രീതിയിലാണ് വ്യാജവാർത്തകളും വിവരങ്ങളും പ്രചരിച്ചതെന്നു നമുക്കറിയാം. യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത അത്തരം വിവരങ്ങൾ വിശ്വസിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നവരെ വിളിക്കാൻ ഇംഗ്ലിഷ് ഭാഷയിൽ പുതിയൊരു വാക്കുതന്നെ രൂപമെടുത്തിട്ടുണ്ട് – ‘കോവിഡിയറ്റ്’. Covid, Idiot എന്നീ വാക്കുകൾ ചേർത്തുണ്ടാക്കിയതാണ് ഈ പുതിയ വാക്ക്.

മഹാമാരികൾ, യുദ്ധം/സംഘർഷം, പ്രകൃതിദുരന്തങ്ങൾ, തിരഞ്ഞെടുപ്പ് എന്നിവയുണ്ടാകുമ്പോൾ അതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടാക്കാനും ദുരിതം സൃഷ്ടിക്കാനും ക്രിമിനൽ സ്വഭാവമുള്ളവർ വ്യാജവിവരങ്ങളും വിഡിയോകളും ചിത്രങ്ങളുമൊക്കെ പ്രചരിപ്പിക്കുക പതിവാണ്. ഇപ്പോൾ അമേരിക്കയിലും ഇന്ത്യയിൽ ബിഹാറിലുമൊക്കെ തിരഞ്ഞെടുപ്പു നടക്കുന്നു, ഫ്രാൻസിലും മറ്റും ഭീകരാക്രമണം ഉണ്ടാകുന്നു. ഇവയുടെ ചുവടു പിടിച്ച് ദിവസേനെയെന്നോണം വിഡിയോകളും ചിത്രങ്ങളുമൊക്കെ വാട്സാപ്പിലൂടെ പ്രചരിക്കുകയാണ്. അവയിൽ നല്ലൊരു ശതമാനം വ്യാജമാണ്. അത്തരത്തിൽ കിട്ടുന്ന ഒന്നും ഫോർവേഡ് ചെയ്യരുത്; സത്യാവസ്ഥ ബോധ്യപ്പെടാതെ.

നമ്മുടേതല്ല, ആ കൺമണി

ആനീസ് കൺമണി നമ്മുടെ അഭിമാനമാണ്. നഴ്സായിരുന്ന ആനീസ് സിവിൽ സർവീസ് പരീക്ഷ വിജയിച്ചതും പിന്നീട് കർണാടകയിലെ കുടക് കലക്ടർ എന്ന നിലയിൽ കോവിഡ് നിയന്ത്രിക്കുന്നതിൽ മികവു കാണിച്ചതുമൊക്കെ ഇവിടെ വാർത്തയുമായിരുന്നു. അതുകൊണ്ടു തന്നെ ആനീസിനെ കണ്ടാൽ നമുക്കറിയാം.

എന്നാൽ, കോവിഡ് പ്രതിരോധത്തിനു നേതൃത്വം കൊടുത്ത കലക്ടർ ആനീസിനെ കുടകിലെ ജനങ്ങൾ ആദരിക്കുന്നു എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം ഒരു വിഡിയോ പ്രചരിക്കാൻ തുടങ്ങി. ആളുകൾ ആനീസിന്റെ കാലുതൊട്ടു വന്ദിക്കുന്നതും പൂക്കൾ കൊടുക്കുന്നതുമൊക്കെയുണ്ട് വിഡിയോയിൽ.

എന്നാൽ, ആളെ അറിയാവുന്ന നമുക്ക് എളുപ്പത്തിൽ മനസ്സിലാകും, വിഡിയോയിലുള്ളത് ആനീസ് കൺമണിയല്ല എന്ന്. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മികവു കാട്ടിയ ജീവനക്കാരിക്കു നൽകിയ സ്വീകരണമാണ് വിഡിയോയിലുള്ളതെന്ന് വിവിധ ഫാക്ട് ചെക്കേഴ്സ് കണ്ടെത്തിക്കഴിഞ്ഞു. ഈ വിഡിയോ മുൻപേ സമൂഹമാധ്യങ്ങളിലുള്ളതുമാണ്.

Content highlights: Online frauds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA