ADVERTISEMENT

ആയുസ്സു മുഴുവൻ ആരായിരുന്നു എന്നത് അവസാനശ്വാസത്തിനു ശേഷം പ്രസക്തമല്ല. എല്ലാവരെയും തുല്യതയോടെ കാണുന്ന ഏക പ്രതിഭാസം മരണം മാത്രമായിരിക്കും. ധനികനായോ നേതാവായോ ആരാധനാപാത്രമായോ ജീവിച്ചാലും വിടപറയുന്നതു മനുഷ്യനായി മാത്രം. ജീവിച്ചിരിക്കുന്നവർക്കു മാത്രമുള്ളതാണ് അധികാരവും ആഡംബരവുമെല്ലാം. ക്ഷീണിതനാകുമ്പോൾ മുതൽ അവയിൽ കുറവുകൾ വന്നുതുടങ്ങും. നിശ്ചലമായാൽ എല്ലാം നിശ്ശബ്ദമാകും. 

എത്ര കുലീനമായി വിടവാങ്ങുന്നു എന്നത് എത്ര ശ്രേഷ്ഠമായി ജീവിച്ചിരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഒരാളെ ജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്താൻ കഴിയുക എന്നതാണ് അയാൾക്കു നൽകാനാവുന്ന ഏറ്റവും വലിയ പാഠം. പല്ലക്കിലേറിയാലും അവസാനയാത്ര ശവമഞ്ചത്തിലായിരിക്കുമെന്നുള്ള മുന്നറിയിപ്പ് എല്ലാ പ്രതാപശാലികൾക്കും മനുഷ്യനാകാനുള്ള ക്ഷണമാണ്. മരിക്കുന്നതിനു മുൻപു ‘ജീവിക്കണം’ എന്നത് പ്രചോദന വാചകം; ജീവിച്ചാലും ഇല്ലെങ്കിലും മരിക്കും എന്നതു ലോകനിയമം. 

ഒരേസമയം തന്നെ പ്രധാനവും നിസ്സാരവുമാണ് ജീവിതം. ഒരിക്കൽ അവസാനിക്കുമെന്നു കരുതി ഒന്നും ചെയ്യാതിരിക്കുന്നതിൽ അർഥമില്ല. ചിലർ നിസ്സാരതയിൽ മാത്രം അർഥം കണ്ടെത്തും. ഒന്നും ചെയ്യാതിരിക്കാനുള്ള ഒഴികഴിവായിരിക്കും അവരുടെ നിസ്സാരതാബോധം. ചിലർ ജീവിതത്തിന്റെ പ്രൗഢിയിൽ മാത്രം വിശ്വസിക്കും. എല്ലാം വെട്ടിപ്പിടിക്കാനുള്ള ന്യായീകരണമാകും അവർക്ക് ജീവിതത്തിന്റെ ക്ഷണികത. 

സ്വന്തം ജീവിതത്തിന്റെ പ്രാധാന്യവും നിസ്സാരതയും സ്വയം മനസ്സിലാക്കുന്നവർക്കു മാത്രമുള്ളതാണ് സംതൃപ്തി നിറഞ്ഞ ജീവിതം. നിസ്സാരമെന്നു കരുതി അവഗണിക്കാനോ അതിപ്രധാനമെന്നു കരുതി പിടിച്ചടക്കാനോ വേണ്ടിയല്ല ജീവിതം. ഓരോ നിമിഷത്തിലും അതതിന്റെ പ്രാധാന്യവും സന്തോഷവും കണ്ടെത്തി നിരന്തരം ഒഴുകിയാൽ മതി; നിശ്ചലമാകുന്നതുവരെ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com