ADVERTISEMENT

തന്നെ എല്ലാവരും കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്നു എന്നതായിരുന്നു യുവാവിന്റെ പരാതി. അയാൾ സന്യാസിയോടു സങ്കടം പറഞ്ഞു. സന്യാസി ഒരു മോതിരം കൊടുത്തിട്ടു പറഞ്ഞു: ‘ഇതു ധരിക്കൂ. ഇനി ആളുകൾ താങ്കളെക്കുറിച്ചു നല്ലതു മാത്രമേ പറയൂ.’ മോതിരമണിഞ്ഞ സമയം മുതൽ തന്നെക്കുറിച്ച് നല്ലതു മാത്രം അയാൾ കേൾക്കാൻ തുടങ്ങി.

പക്ഷേ, കുറച്ചുനാൾ കഴിഞ്ഞപ്പോൾ യുവാവു സന്യാസിയുടെ അടുത്തെത്തി. മോതിരം തിരിച്ചുനൽകി പറഞ്ഞു: ‘ഇതെനിക്കു വേണ്ട. ആളുകൾ പുകഴ്ത്തിപ്പറയുന്നതു കേൾക്കുമ്പോൾ എന്നെക്കുറിച്ചു തന്നെയാണോ എന്നൊരു സംശയം. അഭിപ്രായവ്യത്യാസങ്ങളും എതിർപ്പുകളും ഇല്ലാത്തതുകൊണ്ട് ജീവിതം ബോറടിക്കാൻ തുടങ്ങി.’

വിമർശിക്കപ്പെടാതിരിക്കാൻ മാത്രമുള്ള പൂർണവളർച്ച ആരും ഒരിക്കലും കൈവരിക്കില്ല. പഴിചാരലിന്റെ എല്ലാ പഴുതുകളും അടച്ച് നന്മ ചെയ്യാനുള്ള ശേഷിയും ആർക്കുമുണ്ടാകില്ല. എത്ര വിശുദ്ധമെന്ന് അവകാശപ്പെട്ടാലും കുറവുകളുടെ അതിർവരമ്പിലൂടെ സഞ്ചരിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ?

ആരാലും നിരസിക്കപ്പെടാത്ത ഒന്നും പ്രപഞ്ചത്തിലുണ്ടാകില്ല. എല്ലാം എല്ലാവർക്കും ഇഷ്ടപ്പെടുന്നതോ   പ്രയോജനപ്പെടുന്നതോ അല്ല. പൂക്കളെ പ്രകീർത്തിക്കാത്ത പ്രാണികളും മഴയെ ആശ്രയിക്കാത്ത മരങ്ങളും സ്വാഭാവിക നിയമം മാത്രം. പ്രശംസകളിലൂടെയും വിമർശനങ്ങളിലൂടെയും ഒരേസമയം കടന്നുപോകുന്നവർക്കു മാത്രമേ, സന്തുലിത വളർച്ച നിലനിർത്താനാകൂ.

നാലു ദിക്കിൽനിന്നും പ്രശംസാവചനങ്ങൾ മാത്രമാണു കേൾക്കുന്നതെങ്കിൽ എത്രയും പെട്ടെന്ന് ആ സംഘത്തിൽനിന്നു രക്ഷപ്പെടണം. സ്തുതിപാഠകർ ഓമനിക്കുക മാത്രമേയുള്ളൂ; വളർത്തില്ല. എല്ലാ ദിശകളിൽനിന്നും കുറ്റാരോപണങ്ങളുടെ പ്രതിധ്വനികൾ മാത്രമേയുള്ളൂവെങ്കിൽ അവിടെനിന്നും ഒഴിഞ്ഞുമാറണം. വിമർശകരുടെ കാഴ്ചപ്പാടിന്റെ പരിമിതി നമ്മുടെ പ്രവർത്തനങ്ങൾക്കു പ്രതിബന്ധമാകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com