ADVERTISEMENT

അവയവക്കച്ചവടത്തിൽ കബളിപ്പിക്കപ്പെടുന്നവർ പോലും പരാതിപ്പെടാത്തതാണ് അന്വേഷണത്തിനു തടസ്സമെന്ന് പൊലീസ്. വർഷങ്ങൾക്കു മുൻപ് അന്വേഷിക്കാൻ അവസരം കിട്ടിയ കേസുകളുടെ അവസ്ഥയോ?

2009 ഡിസംബർ. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ കോതമംഗലത്ത് അപകടത്തിൽപെട്ടു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനു വൈകാതെ മസ്തിഷ്കമരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ ഞെട്ടി. യുവാവിന്റെ കരളും 2 വൃക്കകളും ശസ്ത്രക്രിയയിലൂടെ നീക്കിയിരിക്കുന്നു! പരാതിക്കാരില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്തു. പക്ഷേ, അന്വേഷണം മുന്നോട്ടുപോയില്ല. ഡോക്ടർമാർക്കു പിഴവില്ലെന്നായിരുന്നു ജില്ലാ മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ.

2016ൽ കേസ് വീണ്ടും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. മെഡിക്കൽ ബോർഡ് യോഗത്തിൽ പങ്കെടുക്കാത്ത തന്റെ ഒപ്പു വ്യാജമായി ഉൾപ്പെടുത്തിയെന്ന് ഒരു ഡോക്ടർ മൊഴിനൽകി. ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സംസ്ഥാന മെഡിക്കൽ ബോർഡിനു മുന്നിൽ നടപടിയില്ലാതെ കിടപ്പുണ്ട്. അവയവങ്ങൾ കാണാതായതു പോലെയാകുമോ റിപ്പോർട്ടിന്റെയും കാര്യം?

വേദനയുടെ മൊട്ടുകളാൽ കോർത്ത ‘പൂമാല’

19 വർഷം മുൻപാണ്. ഇടുക്കി തൊടുപുഴയ്ക്കു സമീപം വെള്ളിയാമറ്റം പഞ്ചായത്തിലെ പൂമാല, മേത്തൊട്ടി എന്നീ ഗ്രാമങ്ങൾ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന കുടുംബങ്ങളെത്തേടി വൃക്കത്തട്ടിപ്പുകാരെത്തി. ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് അവർ പറഞ്ഞു: കോഴിക്കോട്ടെത്തി വൃക്ക നൽകണം. ദുരിതങ്ങളിൽനിന്നു കരകയറാനുള്ള പിടിവള്ളിയായിക്കണ്ട് 8 പേർ കോഴിക്കോട്ടേക്കു വണ്ടികയറി.

വൃക്കദാനത്തിന് അനുമതി കിട്ടിയതും ഏജന്റിന്റെ മട്ടുമാറി. വൃക്ക സ്വീകരിക്കുന്നയാൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും 50,000 രൂപയേ നൽകൂ എന്നുമായി. അതോടെ പിന്മാറാൻ തീരുമാനിച്ചവരോടു ഭീഷണിയായി. പണം രഹസ്യമായി ആവശ്യപ്പെട്ടതിനും ഓതറൈസേഷൻ കമ്മിറ്റി മുൻപാകെ കള്ളം പറഞ്ഞതിനും 10 ലക്ഷം രൂപ പിഴയും കഠിനതടവുമാണു ശിക്ഷയെന്നു പറഞ്ഞതോടെ പാവങ്ങൾ വഴങ്ങി.

തട്ടിപ്പിനിരയായവരിൽ ഒരാൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കു പരാതി നൽകി. ഇതിനിടെ മറ്റൊരു പരാതിയിൽ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി അന്വേഷണത്തിനു നടക്കാവ് പൊലീസിനു നിർദേശം നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, 2012ൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. ഇടനിലക്കാർക്കൊപ്പം പരാതിക്കാരനും പ്രതിയായി. എന്തിനെന്നോ? പണം കൈപ്പറ്റി വൃക്ക നൽകിയതിന്! ആദ്യ കുറ്റപത്രം കോടതി മടക്കിയതോടെ പുതിയതു സമർപ്പിക്കാനൊരുങ്ങുകയാണു ക്രൈംബ്രാഞ്ച്.

dr-luke
ഡോ. ലൂക് നോയൽ

റിപ്പോർട്ടുണ്ട് അലമാരയിൽ

അവയവദാനം നിരീക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സംസ്ഥാനതല അതോറിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 2018ൽ സർക്കാരിനൊരു പഠന റിപ്പോർട്ട് ലഭിച്ചു. അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന സർക്കാർ – സ്വകാര്യ ആശുപത്രികളിലെ വിദഗ്ധരുമായി ചർച്ച നടത്തി ലോകാരോഗ്യ സംഘടനാ വിദഗ്ധൻ ഡോ. ലൂക് നോയൽ സമർപ്പിച്ച റിപ്പോർട്ട് അലമാരയിൽ പൊടിപിടിച്ചിരിക്കുന്നുണ്ട്. സർക്കാർതന്നെ ആവശ്യപ്പെട്ടു നടത്തിയ പഠനത്തിനാണ് ഈ അവസ്ഥ.

മസ്തിഷ്കമരണം സ്ഥിരീകരിക്കാനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് 2017ലെ‍ ഉത്തരവിൽ വ്യക്തത വരുത്തണമെന്ന നിർദേശം മാത്രമാണു നടപ്പാക്കിയത്. കേരള ഓർഗൻ – ടിഷ്യൂ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ അതോറിറ്റി രൂപീകരണം, അവയവങ്ങൾ ആവശ്യമുള്ളവരുടെയും ദാതാക്കളുടെയും കേന്ദ്രീകൃത റജിസ്റ്റർ, സർക്കാർ – സ്വകാര്യ ആശുപത്രികൾ തമ്മിൽ കൃത്യമായ ഏകോപനം, ശസ്ത്രക്രിയയുടെ ചെലവ് സർക്കാർ വഹിക്കുക, അവയവദാനം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക എന്നിങ്ങനെ ശ്രദ്ധേയമായ ഒട്ടേറെ നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്.

അതിർത്തി കടന്നും...

രണ്ടു പതിറ്റാണ്ടു മുൻപ് വൃക്കത്തട്ടിപ്പിന്റെ കേന്ദ്രം ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളായിരുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ അവയവക്കച്ചവടം കൂടുതൽ നടന്നതു തൃശൂരിലാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. കൊച്ചിയും അവയവത്തട്ടിപ്പിന്റെ ‘ഹബ്ബാണ്’. ഇവിടത്തെ ചില ആശുപത്രികളിൽ വൃക്കദാതാക്കളാകുന്നവരിൽ പശ്ചിമ കൊച്ചിയിലെ കോളനിനിവാസികളുണ്ട്. വൃക്ക തേടി ഏജന്റുമാർ ഇടയ്ക്കിടെ കോളനികളിലെത്തും. കടബാധ്യതയ്ക്കു പുറമേ, കോവിഡ് പ്രതിസന്ധിയിൽ പണിയും നഷ്ടപ്പെട്ടവരെയാണു വലയിലാക്കുന്നത്. മുണ്ടംവേലി സാന്തോം കോളനിയിൽ 5 മാസത്തിനുള്ളിൽ 6 സ്ത്രീകൾ വൃക്ക വിറ്റെന്ന വെളിപ്പെടുത്തലിനെത്തുടർന്ന് അന്വേഷണം നടത്താൻ കലക്ടർ നിർദേശിച്ചെങ്കിലും പൊലീസിന് അറിഞ്ഞ ഭാവമില്ല.

3 വർഷങ്ങൾക്കു മുൻപ് തമിഴ്നാട്ടിലെ ഈറോഡ് കാശിപാളയത്തെ സ്ത്രീ ജില്ലാ അധികൃതർക്കു പരാതി നൽകി: വൃക്കയെടുക്കാനായി ഭർത്താവിനെ കേരളത്തിലേക്കു കൊണ്ടുപോയി. അടിയന്തര ഇടപെടലുകളുണ്ടായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു തൊട്ടുമുൻപു പൊലീസെത്തി അയാളെ തിരികെക്കൊണ്ടു പോയി. കടം വീട്ടുന്നതിനായാണ് അയാൾ വൃക്ക വിൽക്കാൻ മുതിർന്നത്. 5 ലക്ഷം രൂപയായിരുന്നു വാഗ്ദാനം. അന്നുതന്നെ തമിഴ്നാട്ടിൽനിന്നുള്ള 3 പേരെക്കൂടി വൃക്കയെടുക്കാൻ കൊച്ചിയിലെത്തിച്ചിരുന്നു. പരാതി പിൻവലിച്ചതോടെ കേസിൽ തുടരന്വേഷണമുണ്ടായില്ല. തമിഴ്നാട്ടിലെ ഈറോഡ്, സേലം, നാമക്കൽ, തിരുപ്പൂർ എന്നിവിടങ്ങളിൽ വൻ റാക്കറ്റാണു പ്രവർത്തിക്കുന്നത്.

2 വർഷം മുൻപു സേലത്തു വാഹനാപകടത്തിൽ മരിച്ച പാലക്കാട് മീനാക്ഷിപുരത്തെ 2 യുവാക്കളുടെ അവയവങ്ങൾ തമിഴ്നാട്ടിലെ ആശുപത്രിയിൽ നീക്കംചെയ്ത സംഭവം വിവാദമായിരുന്നു. മസ്തിഷ്കമരണം സംഭവിച്ചവരുടെ ചികിത്സച്ചെലവ് അവയവദാനത്തിലൂടെ ഒഴിവാക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. സേലത്തെ കോടതിയിൽ കേസ് തുടരുന്നു.

സർക്കാർ മേഖലയിൽ മെല്ലെപ്പോക്ക്

സർക്കാർ ആശുപത്രികളിലെ അവയവമാറ്റ ശസ്ത്രക്രിയ സ്വകാര്യ ആശുപത്രികളിൽ നടക്കുന്നതിന്റെ പത്തിലൊന്നു മാത്രം. കരൾമാറ്റ ശസ്ത്രക്രിയയ്ക്കു ലൈസൻസുള്ള ഏക സർക്കാർ ആശുപത്രിയായ തിരുവനന്തപുരം മെഡിക്കൽ കോളജിൽ 5 വർഷത്തിനിടെ നടന്നത് ഒരേയൊരു ശസ്ത്രക്രിയ! 12 കോടി രൂപ മുടക്കി ഒരുക്കിയ കരൾമാറ്റ ശസ്ത്രക്രിയ യൂണിറ്റിനാണ് ഈ ഗതി.

ദാതാവുണ്ടെങ്കിലും സാമ്പത്തികക്ലേശം കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാകാത്തവർ നട്ടംതിരിയുമ്പോഴാണിത്. അവയവമാറ്റ രംഗത്ത് സർക്കാർ ആശുപത്രികളുടെ മെല്ലെപ്പോക്കു ഗുണമാകുന്നതു മാഫിയയ്ക്കുതന്നെ.

അവയവം മാറ്റിവയ്ക്കലിന് അനുമതി നിഷേധിക്കപ്പെട്ടു;  നൊമ്പരമായി ആരോഗ്യവകുപ്പ് മുൻ ഉദ്യോഗസ്ഥയുടെ വാക്കുകൾ...

subhadra
ഡോ. വി.കെ.സുഭദ്ര

മറ്റൊരാളുടെ മരണം ആഗ്രഹിക്കാൻ വയ്യ

നിയമത്തിന്റെ നൂലാമാലകൾ എനിക്കറിയാം. പക്ഷേ, നിങ്ങൾ ഈ ദാതാവിനെ അംഗീകരിച്ചില്ലെങ്കിൽ എനിക്കു വേറെയാളെ അന്വേഷിക്കുകയേ മാർഗമുള്ളൂ. അപ്പോഴും ഇതേ പ്രശ്നങ്ങൾ ബാക്കിയാകും. ദാതാവിന്റെ ഉദ്ദേശ്യശുദ്ധിയും സത്യസന്ധതയും ബോധ്യപ്പെട്ടതിനാലാണു ഞാനിതിനു സമ്മതിച്ചത്. അപകടത്തിൽ മരിച്ച ഒരാളുടെ കരളിനു വേണ്ടി കാത്തിരിക്കാൻ വയ്യ. അത്തരമൊരു മരണത്തിനായി അറിയാതെ പോലും പ്രാർഥിച്ചാൽ ക്രൂരതയാകും – 

ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്‌ടറായിരുന്ന ഡോ. വി.കെ.സുഭദ്ര, മരിക്കുന്നതിനു തൊട്ടുമുൻപ് എഴുതിയ കത്തിലെ വാചകങ്ങളാണിത്.

കരൾ മാറ്റിവയ്‌ക്കാൻ അനുമതി തേടിയുള്ള അപേക്ഷ എത്തിക്സ് കമ്മിറ്റി തള്ളിയതറിഞ്ഞായിരുന്നു നടൻ ടി.ജി. രവിയുടെ ഭാര്യയായ ഡോ. സുഭദ്രയുടെ കത്ത്. ബന്ധുക്കളുടെ കരൾ ചേരാത്തതിനാൽ മറ്റൊരു ദാതാവിനെ കണ്ടെത്തിയിരുന്നു. 2011 സെപ്റ്റംബർ 11നു മരിച്ചു. അവയവക്കച്ചവടത്തെപ്പറ്റിയും അവയവദാന നിയമത്തിന്റെ സങ്കീർണതകളെപ്പറ്റിയും നന്നായി അറിയുന്ന ഡോ. സുഭദ്ര, ജീവിതത്തിൽനിന്നു യാത്രയായത് അതേ നിയമത്തിന്റെ നൂലാമാലകളിൽ കുരുങ്ങി. 

മലബാറിൽ നടന്ന അവയവക്കച്ചവടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച സമിതിയിലെ അംഗവുമായിരുന്നു ഡോ. സുഭദ്ര.

ഒറ്റക്കുടക്കീഴിൽ ജീവദാനം; ഇടനിലക്കാർ പുറത്താകും 

സംസ്ഥാനത്തെ അവയവദാനത്തിനും അവയവമാറ്റ ശസ്ത്രക്രിയകൾക്കും  മേൽനോട്ടം വഹിക്കാൻ സൊസൈറ്റി രൂപീകരിക്കുന്നതോടെ,  അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളുടെ അംഗീകാരം, ശസ്ത്രക്രിയച്ചെലവിന്റെ നിരീക്ഷണം, ദാതാക്കളുടെ ക്ഷേമം എന്നിവ ആ സൊസൈറ്റിക്കു കീഴിൽ വരും. അവയവം കാത്തിരിക്കുന്നവർക്കായി തയാറാക്കുന്ന റജിസ്ട്രിയിൽ, റജിസ്റ്റർ ചെയ്യുന്നവരെ ദാതാക്കളെന്നും കൈവശമുള്ളവരും ഇല്ലാത്തവരും എന്നും തരംതിരിക്കും.

അവയവദാനത്തിനു ബന്ധുക്കൾ തയാറാണെങ്കിലും രോഗിയുടെ ശരീരത്തിന് അതു യോജിക്കണമെന്നില്ല. അങ്ങനെ വന്നാൽ റജിസ്ട്രിയിലുള്ള ആർക്കും ദാനം ചെയ്യാം. അങ്ങനെ പകരം ദാനം ചെയ്യുന്നയാളുടെ ബന്ധുവിന് റജിസ്ട്രിയിൽനിന്നുതന്നെ യോജ്യമായ ദാതാവിനെ കിട്ടിയാലേ അവയവദാനം നടക്കുകയുള്ളൂ എന്ന വ്യവസ്ഥയാണു സർക്കാർ പരിഗണിക്കുന്നത്.

നിലവിൽ മരണാനന്തര അവയവദാന ചുമതലയുള്ള കേരള നെറ്റ്‍വർക് ഫോർ ഓർഗൻ ഷെയറിങ്, പുതുതായി രൂപീകരിക്കുന്ന സൊസൈറ്റിയിൽ ലയിപ്പിക്കും.

ഇടനിലക്കാരെ ഒഴിവാക്കി, സർക്കാർ സംവിധാനം നിലവിൽ വരുന്നതോടെ അവയവദാനത്തിന്റെ പേരിലുള്ള തട്ടിപ്പുകൾ കുറയുമെന്നാണു പ്രതീക്ഷ.

ആരാണ് ഈ അജ്ഞാതർ

സംസ്ഥാനത്തെ അവയവത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിസ്ഥാനത്ത് ‘അജ്ഞാതർ’.

കഴിഞ്ഞ ഒക്ടോബർ 19നു ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത് നൽകിയ റിപ്പോർട്ടിൽ പറയുന്നത്: ‘വൃക്കത്തട്ടിപ്പാണു കൂടുതലായി നടന്നത്. ഒട്ടേറെപ്പേർ ഇരയായി. കുറ്റാരോപിതർ അജ്ഞാതരാണ്. സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്’.

22നു ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽനിന്ന്: ‘കഴിഞ്ഞ 2 വർഷത്തിനിടെ ഒരുപറ്റം അജ്ഞാതരായ വ്യക്തികൾ നിയമവിരുദ്ധമായി അവയവം മാറ്റിവയ്ക്കുന്നതിനു ഗൂഢാലോചന നടത്തി. വൃക്കത്തട്ടിപ്പായിരുന്നു കൂടുതലും.’

ആരാണ് ഈ ‘അജ്ഞാതർ’...? കേരളത്തിനറിയേണ്ടത് അതാണ്.

തയാറാക്കിയത്: ജയൻ മേനോൻ, സന്തോഷ് ജോൺ തൂവൽ,  എ.എസ്. ഉല്ലാസ്, എസ്.വി. രാജേഷ്, വിനോദ് ഗോപി.  സങ്കലനം: ജയ്സൺ പാറക്കാട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com