ADVERTISEMENT

മകൻ തെറ്റു ചെയ്താലും അവിഹിതമായി സ്വത്തു സമ്പാദിച്ചാലും അച്ഛനെയും പാർട്ടിയെയും പഴിക്കേണ്ടെന്ന ന്യായമാണു കേരളത്തിലെ സിപിഎമ്മിന്റേത്. ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതു കോടിയേരി ബാലകൃഷ്ണന്റെ കുഴപ്പമല്ല. എന്നാൽ, മൂന്നു വർഷം മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷനായിരിക്കെ, അദ്ദേഹത്തിന്റെ മകൻ ജയ് ഷായ്ക്കെതിരെ ആരോപണം ഉയർന്നപ്പോൾ ഇതായിരുന്നില്ല സിപിഎം നിലപാട്.

സിബിഐക്കും ഇഡിക്കും അന്നു സ്വാഗതം

സിബിഐക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) എതിരെ ഇന്ന് ഉറഞ്ഞുതുള്ളുന്ന സിപിഎമ്മിന്റെ അഖിലേന്ത്യാ മുഖപത്രമായ ‘പീപ്പിൾസ് ഡെമോക്രസി’ അന്ന് മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു: ‘ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉത്തമദൃഷ്ടാന്തമായി ജയ് ഷാ മാറിയിരിക്കുകയാണ്. അദ്ദേഹത്തിനെതിരെയുള്ള ആക്ഷേപങ്ങൾ സിബിഐയും ഇഡിയും അന്വേഷിക്കണം’. സിപിഎം നേതൃത്വം അതിനു മുൻപ് നരേന്ദ്ര മോദിയെ വെല്ലുവിളിച്ചിരുന്നു: ‘അന്വേഷണം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിക്കു ധൈര്യമുണ്ടോ?’.

ഇക്കഴിഞ്ഞ സിപിഎം കേന്ദ്രകമ്മിറ്റിയിൽ കോടിയേരി ബാലകൃഷ്ണനു പൂർണപിന്തുണ പ്രഖ്യാപിച്ച ബംഗാൾ ഘടകം അന്നു ട്വീറ്റ് ചെയ്തു: ‘നോട്ട് നിരോധനത്തിന്റെ മറവിൽ അമിത് ഷായുടെ മകൻ 16,000 ഇരട്ടി ലാഭം കൊയ്തിരിക്കുകയാണ്. ഇതാണോ അച്ഛേ ദിൻ?’

കേരളത്തിലെ പാർട്ടി സെക്രട്ടറിയായ കോടിയേരിയും മാറിനിന്നില്ല: ‘എൻഡിഎ ഭരിക്കുമ്പോൾ പാർട്ടിക്കാർക്കു ബിസിനസ് നടത്താനായി പണം വാരിക്കൂട്ടാം. നോട്ട് നിരോധനത്തിന്റെ ഗുണഭോക്താക്കളിലൊരാളായ ജയ് ഷാ സാധാരണക്കാരനല്ല, ബിജെപി ദേശീയ അധ്യക്ഷന്റെ മകനാണ്.’ സിപിഎമ്മിന്റെ അമരക്കാരനും മകനുമെതിരെ കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും ഉന്നയിക്കുന്ന അതേ ആക്ഷേപം.

മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവലിന്റെ മകൻ വിവേക് ഡോവലിനെതിരെ സമാനമായ ആരോപണം ഉയർന്നപ്പോഴും സിപിഎം അറച്ചുനിന്നില്ല. ജയ് ഷായ്ക്കും വിവേകിനുമെതിരെ അന്വേഷണ ഏജൻസികൾ എന്തെങ്കിലും തെളിവു നിരത്തിയപ്പോഴല്ല സിപിഎം ശബ്ദിച്ചത്. മറിച്ച് ‘കാരവൻ’ മാസിക ചില രേഖകൾ സഹിതം വാർത്ത പ്രസിദ്ധീകരിച്ചപ്പോഴായിരുന്നു. സർക്കാരിനെതിരെ കേരളത്തിലെ ബിജെപി ഘടകം പ്രഖ്യാപിച്ച ‘ജനരക്ഷാ മാർച്ച്’ ജയ് ഷായുടെയും കൂട്ടരുടെയും അഴിമതി മറച്ചുപിടിക്കാനാണെന്നും കോടിയേരി ആരോപിച്ചു. പറഞ്ഞതെല്ലാം ബൂമറാങ്ങായി തിരിച്ചടിക്കുന്ന കാലത്തിലൂടെ പാർട്ടി കടന്നുപോകുന്നു.

നഷ്ടപ്പെടുന്ന മുദ്രാവാക്യങ്ങൾ

രാഷ്ട്രീയ എതിരാളികളുടെ മക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴൊന്നും അവരും മക്കളും രണ്ടാണെന്ന സമീപനം സിപിഎം പുലർത്തിയിട്ടില്ല, മറിച്ച് അതിന്റെ പേരിൽ എതിരാളികളുടെ ചോരയ്ക്കായി ദാഹിക്കുന്ന നിലപാടു തന്നെയാണു സ്വീകരിച്ചുവന്നത്. ആ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി താമസിച്ചിരുന്ന വസതിയാണ് മകനെതിരായ തെളിവുകൾ ശേഖരിക്കാൻ ഇന്നലെ കേന്ദ്ര അന്വേഷണ ഏജൻസികൾ റെയ്ഡ് ചെയ്തത്.

ബിനീഷ് അറസ്റ്റിലായപ്പോൾ എകെജി സെന്ററിനു മുന്നിലേക്കു യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തുമെന്നു സൂചന വന്നതോടെ പാർട്ടി ആസ്ഥാനം പ്രതിരോധിക്കാൻ തടിച്ചുകൂടിയവരാരും ആ വസതിക്കു മുന്നിലുണ്ടായില്ല. ബിനീഷിന്റെ ചെയ്തികളോടും ബിനോയിയുടെ നടപടികളോടും പാർട്ടി നേതൃത്വത്തിലെ ആർക്കും കുറെ നാളായി യോജിപ്പില്ല. അതേസമയം തന്നെ കോടിയേരി അവർക്കെല്ലാം സ്വീകാര്യനുമാണ്. ആരോഗ്യപ്രശ്നങ്ങൾ കൂടി അലട്ടുന്ന ഈ സമയത്ത് അദ്ദേഹം എത്തിച്ചേർന്ന പ്രതിസന്ധിയിൽ എല്ലാവർക്കും പ്രയാസമുണ്ട്.

പാർട്ടിയും ഒരു ദശാസന്ധിയിലാണ്. അവർക്കു കോടിയേരിയെ തള്ളിപ്പറയാൻ കഴിയില്ല; അതേസമയം അഴിമതിക്കും മാഫിയാവൽക്കരണത്തിനും സ്വജനപക്ഷപാതത്തിനും ചങ്ങാത്ത മുതലാളിത്തത്തിനുമെല്ലാം എതിരെയുള്ള മുദ്രാവാക്യങ്ങൾ നഷ്ടപ്പെടുന്നതു നോക്കിയിരിക്കേണ്ടിയും വരുന്നു. അടിയന്തരാവസ്ഥക്കാലത്തു കോടിയേരിയെ ജയിലിൽനിന്നു വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ ഭാഗമായി സമരം ചെയ്ത സി.പി.ജോണും അദ്ദേഹത്തിന്റെ പാർട്ടിയും കോടിയേരിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഇപ്പോൾ സമരം ചെയ്യുന്നു – കാലം കാത്തുവച്ച വൈരുധ്യം! കള്ളപ്പണം വെളുപ്പിക്കൽ ഒരു ചെറിയ പാതകം മാത്രമാണെന്ന തരത്തിൽ ഇടതുപക്ഷ നേതാക്കൾ ന്യായീകരിക്കുന്ന കാലം കൂടിയാണിത്.

ബിനീഷ് അറസ്റ്റിലായ വാർത്ത പുറത്തുവന്ന ദിവസം, സിപിഎമ്മിന്റെ അന്തരിച്ച സമുന്നത നേതാവിന്റെ മകൾ മറ്റൊരു നേതാവിന്റെ മകനെ വിളിച്ചു ചോദിച്ചു: ‘നിങ്ങളെ ഇഡിയും സിബിഐയുമൊന്നും ചോദ്യം ചെയ്യുന്നില്ലേ? എന്തെങ്കിലും ഒപ്പിച്ചൂടേ?’ അതെന്താണ് അങ്ങനെയൊരു ചോദ്യമെന്നു തിരിച്ചു ചോദിച്ചപ്പോഴുള്ള പ്രതികരണം ഇങ്ങനെ: ‘അല്ല, അങ്ങനെയെങ്കിലും നമ്മളൊക്കെ ജീവിച്ചിരിക്കുന്നുണ്ടെന്ന് എല്ലാവരും ഓർക്കുമല്ലോ.’ ആ മറുപടിയിലെ കറുത്ത ഹാസ്യം കേരളത്തിലെ സിപിഎമ്മിനെയാകെ പൊതിഞ്ഞുനിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com