ADVERTISEMENT

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ അലസതയുടെ നിഴൽ വീണുകൂടാ. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവെന്ന ധാരണയും അതുമൂലമുണ്ടാകുന്ന അനാസ്ഥയും നമ്മെ വലിയ പ്രതിസന്ധിയിലേക്കാണു നയിക്കുക. കോവിഡ് നിയന്ത്രണവിധേയമായി എന്ന് ആശ്വസിച്ചിരുന്ന പല രാജ്യങ്ങളും രണ്ടാം തരംഗത്തിൽ പൂർണ ലോക്ഡൗണിലേക്കു മടങ്ങുന്ന കാഴ്ച നമുക്കുള്ള മുന്നറിയിപ്പാണ് – സ്വയംസുരക്ഷയിലും സാമൂഹിക നിയന്ത്രണങ്ങളിലും ഇളവുകൾ അനുവദിക്കാറായിട്ടില്ല എന്ന ഓർമിപ്പിക്കൽ. 

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ ഇപ്പോൾ കേരളത്തിലാണ്. കോവിഡ് വ്യാപനനിരക്കിലും നമ്മളാണ് ഒന്നാമത്. ആഴ്ചതോറും 0.6% വളർച്ചനിരക്കാണു ദേശീയതലത്തിൽ രേഖപ്പെടുത്തുന്നതെങ്കിൽ കേരളത്തിലിത് 1.6 ശതമാനമാണ്. മറ്റു സംസ്ഥാനങ്ങളിൽ വേണ്ടത്ര പരിശോധന നടക്കുന്നില്ലെന്നതും കൃത്യമായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നതും അടക്കമുള്ള വാദങ്ങൾ അംഗീകരിച്ചാലും ഈ കണക്കുകൾ ആശ്വാസകരമല്ല. ടെസ്റ്റുകൾ വേണ്ടത്രയില്ലെന്ന പോരായ്മയും റിപ്പോർട്ടിങ്ങിലെ അപാകതകളുമൊക്കെ കേരളത്തിലുമുണ്ട്. 

കോവിഡ് ബാധിതരെ തിരിച്ചറിയാൻ കേരളത്തിന്റെ ഇരട്ടിയോളം പരിശോധനകൾ നടത്തുന്ന ഡൽഹിയിൽ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം ഇവിടുത്തേതിനെക്കാൾ കുറവാണ് എന്നോർക്കണം. ഡൽഹിയിൽ 10 ലക്ഷത്തിൽ 3218 പേരിൽ പരിശോധന നടത്തുമ്പോൾ (ടെസ്റ്റ് പെർ മില്യൻ) കേരളത്തിൽ ഇത് 1724 മാത്രമാണ്. 

മരണനിരക്കിൽ ഏറ്റവും പിന്നിലാണെന്ന അവകാശവാദത്തിലും അത്രത്തോളം ആശ്വാസം കണ്ടെത്താനില്ല. മഹാരാഷ്ട്രയെപ്പോലുള്ള സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കിയാൽ സ്ഥിതി ഭേദമാണെങ്കിലും സർക്കാർ സ്ഥിരീകരിക്കാത്ത കോവിഡ് മരണങ്ങൾ ഏറെയുണ്ട്. മരണത്തിനു കീഴടങ്ങുന്നവരിൽ വയോധികർ മാത്രമല്ല, ചെറുപ്പക്കാരുമുണ്ടെന്നത് ഗൗരവത്തോടെ കാണണം. 

കോവിഡിനെതിരായ പ്രതിരോധം കാര്യക്ഷമമാകണമെങ്കിൽ പരിശോധനകളുടെ എണ്ണം വർധിപ്പിച്ച് രോഗബാധിതരെ എത്രയും വേഗം കണ്ടെത്തി നിരീക്ഷണത്തിലാക്കണം. പരിശോധനകൾ ഒരു ലക്ഷമെങ്കിലുമായി ഉയർത്തണമെന്ന് സർക്കാരിന്റെ വിദഗ്ധസമിതിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇവിടെ ഇപ്പോഴും പ്രതിദിന പരിശോധനകളുടെ ശരാശരി 50,000 മാത്രം. ഏറെ നാളുകൾക്കു ശേഷം ഇന്നലെ പരിശോധനകളുടെ എണ്ണം 70,000നു മുകളിലെത്തിയതു ശുഭസൂചനയാണ്. 

 വലിയ വെല്ലുവിളിയാണ് ഇനിവരുന്ന ദിവസങ്ങളിൽ കേരളത്തെ കാത്തിരിക്കുന്നത്. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കോവിഡ് വ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രചാരണത്തിൽ ഉൾപ്പെടെ കർശന മാർഗനിർദേശങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ കൃത്യമായി പാലിക്കപ്പെടുമോ എന്ന ആശങ്ക സ്വാഭാവികമാണ്. അധികൃതർക്കൊപ്പം പാർട്ടിപ്രവർത്തകരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ദീപാവലി ഉത്സവകാലത്തു കൂടുതൽ ജാഗ്രത ആവശ്യമാണ്. തണുപ്പുകാലം ഉത്തരേന്ത്യയിൽ വൈറസ് വ്യാപനത്തിനു കൂടുതൽ അനുകൂലമാകുമെന്ന ആശങ്കയുമുണ്ട്. ഉത്തരേന്ത്യയുമായുള്ള സമ്പർക്കംമൂലം ഇതരഭാഗങ്ങളിലേക്കു കൂടി വ്യാപനത്തിനുള്ള സാധ്യതയും കാണാതിരുന്നുകൂടാ. 

കോവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെയും സമൂഹത്തിന്റെയും ജാഗ്രതയിൽ കുറവുവന്നിട്ടുണ്ട്. കോവിഡിനെ അത്രത്തോളം പേടിക്കേണ്ടതില്ലെന്ന തോന്നൽ പൊതുവേ ഉണ്ടായിട്ടുണ്ട്. അനാവശ്യ ഭീതി വേണ്ടെങ്കിലും രോഗത്തിന്റെ ഗൗരവം കുറച്ചുകാണാനുള്ള ഈ പ്രവണത ശരിയല്ല. 

ഇനിയൊരു ലോക്ഡൗൺ നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കു താങ്ങാൻ കഴിഞ്ഞെന്നുവരില്ല. ലോക്ഡൗൺ കൊണ്ടു മാത്രം കോവിഡ് വ്യാപനം തടഞ്ഞുനിർത്താൻ കഴിയില്ലെന്നും മുൻ അനുഭവങ്ങളിൽനിന്നു ബോധ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യക്തിപരമായ സുരക്ഷാമാർഗങ്ങൾക്കു പ്രസക്തിയേറുന്നത്. 

കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർധിച്ചുതുടങ്ങിയപ്പോൾ നിയമംമൂലം മാസ്ക് ധാരണം കർശനമാക്കിയ രാജസ്ഥാൻ സർക്കാരിന്റേത് അനുകരണീയ മാതൃകയാണ്. മാസ്ക് ധരിക്കുന്നതു ശീലമാക്കിയ കിഴക്കനേഷ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം കുറഞ്ഞിരിക്കുന്നു എന്നതു ശ്രദ്ധിക്കേണ്ടതാണ്. മാസ്ക് ധരിക്കുന്നതിൽ ഒരു ഉപേക്ഷയും പാടില്ല എന്നതാണ് ഇതെല്ലാം നമ്മെ ഓർമിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com