ADVERTISEMENT

തിരഞ്ഞെടുപ്പിൽ ഒടുവിൽ ജോ ബൈഡൻ വിജയിച്ചാലും ട്രംപ് പ്രതിനിധീകരിക്കുന്ന വിഭജനത്തിന്റെയും പ്രകോപനത്തിന്റെയും രാഷ്ട്രീയത്തെ അമേരിക്ക തള്ളിക്കളഞ്ഞുവെന്ന് കരുതാനാകില്ല. ഇന്ത്യക്കും കരുതിയിരിക്കാൻ ചിലതുണ്ട് ഇതിൽ

അമേരിക്കയുടെ 46–ാം പ്രസിഡന്റായി ജോ ബൈഡൻ കടന്നുകൂടുമെന്നാണു തോന്നുന്നത്; എങ്കിലും നിയമവ്യവഹാരങ്ങളും പ്രതിഷേധങ്ങളും റീകൗണ്ടിങ്ങുമൊക്കെയായി നീണ്ടുപോയേക്കാവുന്ന, കുഴഞ്ഞുമറിഞ്ഞ നാടകീയതയും പ്രതീക്ഷിക്കണം. എന്തായാലും, യുഎസ് ചരിത്രത്തിൽ മറ്റൊരു പ്രസിഡന്റ് സ്ഥാനാർഥിയും നേടാത്തത്ര ജനകീയ വോട്ടുകൾ കരസ്ഥമാക്കിയ ബൈഡന് ആ ‘വലിയ സമ്മാനത്തിന്’ അർഹതയുണ്ട്.

അമേരിക്കൻ വിഭജിത നാടുകൾ 

ജയിക്കുകയാണെങ്കിൽ, ഡോണൾഡ് ട്രംപ് എന്ന പരാജിതനിൽനിന്ന് അടുത്ത ജനുവരി 20ന് ബൈഡന്റെ കയ്യിലെത്തുക വിഷം നിറഞ്ഞ ഒരു ചഷകമാണെന്നതാണു സത്യം. ബൈഡൻ നയിക്കേണ്ട അമേരിക്ക കഠിനമായ വിദ്വേഷത്താലും അവിശ്വാസത്താലും ആഴത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. വിഷമയമായ ഈ വിഭജനയുക്തി സമൂഹത്തിനാകെ ആഴത്തിൽ ഹാനികരമാകുമെന്നാണ് 11 സർവകലാശാലകളിലെ സാമൂഹിക ശാസ്ത്രജ്ഞന്മാർ പ്രശസ്തമായ ‘സയൻസ്’ ജേണലിൽ എഴുതിയത്.

ഈ വെറുപ്പിന്റെ അന്തരീക്ഷത്തിന് ഇന്ധനം പകരുന്ന പല ഘടകങ്ങളുണ്ട്; തൽപരകക്ഷികളുടെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്ന പക്ഷപാത സമൂഹമാധ്യമങ്ങൾ, വൈകാരിക വിഷയങ്ങളിൽ എതിരാളികളെ പൈശാചികവൽക്കരിക്കുന്ന രാഷ്ട്രീയക്കാർ, അധീശത്വ മനോഭാവമുള്ള വെളുത്തവർഗക്കാരെ ഒരു പക്ഷത്തും കുടിയേറ്റക്കാരെയും ആഫ്രിക്കൻ അമേരിക്കക്കാർ അടക്കമുള്ള വർഗ, ലൈംഗിക ന്യൂനപക്ഷങ്ങളെയും മറുപക്ഷത്തും നിർത്തുന്ന അയുക്തികമായ സ്വത്വരാഷ്ട്രീയം.

ചുവപ്പും വെള്ളയും നീലയും ഇടകലർന്ന ഏകീകൃത അമേരിക്കൻ ഐക്യനാടുകൾ എന്ന പഴയ ഐതിഹ്യത്തെ തച്ചുടയ്ക്കുന്നു ഇതെല്ലാം. അമേരിക്കൻ ഐക്യനാടുകൾ ഇന്ന് അമേരിക്കൻ വിഭജിത നാടുകളാണ്. ഒരുവശത്ത് ചുവപ്പ്. ഒരുവശത്തു നീല. മധ്യേ വെള്ള – രക്തക്കറ പുരണ്ട വെള്ള. യുഎസിലെ വിഭജനങ്ങൾ പല തലത്തിലുള്ളതാണ്. സാർവദേശീയ സ്വഭാവമുള്ള തീരപ്രദേശങ്ങളും യാഥാസ്ഥിതിക മുഖ്യഭൂമിയുമായി അതു മുറിഞ്ഞിരിക്കുന്നു; ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്നു പ്രഘോഷിക്കുന്നവരും അതിന്റെ യഥാർഥ അർഥം, ‘മെയ്ക് അമേരിക്ക വൈറ്റ് എഗെയ്ൻ’ എന്നാണെന്നു തിരിച്ചറിയുന്നവരും തമ്മിൽ, ഗ്രാമവും നഗരവും തമ്മിൽ, സമ്പന്നരും ദരിദ്രരും തമ്മിൽ, വിദ്യാസമ്പന്നരും വിദ്യാഭ്യാസം കുറഞ്ഞവരും തമ്മിൽ. സാർവലൗകിക ദൗത്യമെന്ന ചരിത്രപരമായ ബോധ്യത്താൽ പ്രചോദിതരായവരും ‘അമേരിക്ക ആദ്യം’ എന്നു ധിക്കാരപൂർവം ആണയിടുന്നവരും തമ്മിൽ.

ഇരുവശത്തുള്ളവരും മറുവശത്തെ നിന്ദിക്കുന്നു, വെറുക്കുന്നു. ഇരുപക്ഷവും പരാജയത്തെക്കുറിച്ചു ചിന്തിക്കാൻ പോലുമാകാത്ത, നിലനിൽപിനെത്തന്നെ ബാധിക്കുന്ന മരണക്കളിയായി ഇതിനെ കാണുന്നു. അതുകൊണ്ടാണ്, ബൈഡനോടു തോറ്റാൽ താൻ അമേരിക്ക വിടുമെന്ന് ട്രംപ് പറഞ്ഞത് (അയാൾ അങ്ങനെയൊന്നും ചെയ്യില്ലെന്ന് നമുക്കെല്ലാമറിയാമെന്നതു വേറെ കാര്യം. പകരം, തന്റെ തന്നെ വെർച്വൽ റിയാലിറ്റി ഷോയിലെ താരമായി സ്വയം മേനി നടിക്കാൻ ട്രംപ് തന്റെ പരാജയത്തെ പ്രയോജനപ്പെടുത്തിയേക്കും!).

എതിരാളികളെ ശത്രുക്കളായി കാണരുത് എന്നു ബൈഡൻ ട്വീറ്റ് ചെയ്തിരുന്നു. ലക്ഷക്കണക്കിനു വോട്ടുകൾ എണ്ണിത്തീരാനിരിക്കെ ട്രംപ് വിജയം പ്രഖ്യാപിച്ചതും ട്രംപ് അനുകൂലികൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറിയതും കാണുമ്പോൾ ബൈഡന്റെ അഭ്യർഥന ബധിരകർണങ്ങളിലാണു പതിച്ചതെന്നു കരുതണം.

താൽക്കാലിക പ്രതിഭാസമല്ല ട്രംപ്

2016ൽ ഹിലറി ക്ലിന്റൻ അനായാസം ജയിക്കുമെന്ന പ്രവചനങ്ങൾ മറികടന്ന്, ലോകത്തെ ഞെട്ടിച്ചുകൊണ്ടു ട്രംപ് അധികാരത്തിലെത്തിയപ്പോൾ അതൊരു ഒറ്റപ്പെട്ട വ്യതിചലനമായി തള്ളിക്കളയുകയായിരുന്നു യുഎസ് സംവിധാനങ്ങൾ. തന്റെ തീരുമാനങ്ങളിലൂടെയും പരാമർശങ്ങളിലൂടെയും പ്രസിഡന്റ് ട്രംപ് രാജ്യാന്തര നിരീക്ഷകരെ ഞെട്ടിച്ചപ്പോൾ അതിനെ ഒരു താൽക്കാലിക ശല്യമായി അവർ അവഗണിക്കാൻ ശ്രമിച്ചു. യഥാർഥ അമേരിക്കയെ പ്രതിനിധീകരിക്കുന്നില്ല അതൊന്നും എന്നവർ വിലയിരുത്തി.

എന്നാൽ, ട്രംപിസം എന്നത് ചിലർ പറഞ്ഞതുപോലെ ഒരു ‘അയഥാർഥ ഇടവേള’യല്ലെന്ന് ഈ തിരഞ്ഞെടുപ്പു വ്യക്തമാക്കുന്നു. അമേരിക്ക ഇന്ന് എന്താണോ അതിനെ കണ്ണാടിയിലെന്നവണ്ണം പ്രതിഫലിപ്പിക്കുന്നു ട്രംപ് – തദ്ദേശീയതയും സംരക്ഷണവാദവും ആഴത്തിലുള്ള വംശീയതയും സ്ത്രീവിരുദ്ധതയുമെല്ലാം അവിടെ തെളിയുന്നു. പക്ഷേ, നമ്മൾ കണ്ടുമുട്ടാനിടയുള്ള അമേരിക്കക്കാർ അവരെത്തന്നെ ഈ രീതിയിൽ കാണാൻ ആഗ്രഹിക്കുന്നുണ്ടാകില്ല. അവർ, ട്രംപിന്റെ സ്വഭാവരീതികളെ, വികാരമിളക്കിവിടുന്ന വാചാടോപതയെ ഒക്കെ ഒറ്റപ്പെട്ട വ്യക്തിയുടേതു മാത്രമെന്ന് നിസ്സാരവൽക്കരിക്കും. എന്നാൽ, അതല്ല വാസ്തവമെന്ന്, പാതിയോളം അമേരിക്കക്കാർ ഡോണൾഡ് ട്രംപിൽ – അയാളുടെ നിലപാടുകളിലും സ്വഭാവവിശേഷങ്ങളിലും – തങ്ങളെത്തന്നെ കാണുന്നുവെന്ന് ഈ തിരഞ്ഞെടുപ്പു തെളിയിക്കുന്നു.

ബൈഡന്റെ വിജയം പ്രവചിക്കപ്പട്ടപ്പോൾ അത് അമേരിക്കൻ ജീവിതം അതിന്റെ സാധാരണത്വത്തിലേക്കു മടങ്ങുന്നതിന്റെ ലക്ഷണമായി പലരും കരുതി. പ്രസിഡന്റ് എന്ന ശ്രേഷ്ഠപദത്തിലിരിക്കാൻ പ്രത്യക്ഷമായിത്തന്നെ യോഗ്യനല്ലാത്ത ഒരാളുടെ പിടിയിൽനിന്ന് രാജ്യത്തിന്റെ ആത്മാവിനെ തിരിച്ചുപിടിക്കലാണതെന്നു വിലയിരുത്തപ്പെട്ടു. എന്നാൽ, അതല്ല വാസ്തവം. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചകളും കയ്യടിച്ചു പ്രോത്സാഹിപ്പിച്ച വംശീതയയും അസമയത്തെ ട്വീറ്റുകളും ഭ്രാന്തമായ ആത്മാനുരാഗവുമൊക്കെയടങ്ങിയ ട്രംപിസം എന്ന വിപത്തിനെ തള്ളിക്കളയാൻ അമേരിക്കക്കാർ തയാറായിട്ടില്ല. ബൈഡൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാലും ട്രംപ് പ്രതിനിധീകരിക്കുന്ന വിഭജനത്തിന്റെയും പ്രകോപനത്തിന്റെയും രാഷ്ട്രീയം തുടരുകതന്നെ ചെയ്യും.

ഇഞ്ചോടിഞ്ചു മത്സരത്തിൽ ബൈഡൻ കഷ്ടിച്ചു കടന്നുകൂടുന്നത്, ട്രംപിസത്തെ നിരസിക്കലായി കണക്കാക്കാനാകില്ല.

ഇന്ത്യയിൽ പ്രതിഫലിക്കുന്നത്

രാഷ്ട്രീയ – തിരഞ്ഞെടുപ്പു സംവിധാനങ്ങൾ പാടേ വ്യത്യസ്തമാണെങ്കിലും യുഎസിൽ നമ്മൾ ഇപ്പോൾ കാണുന്നതിന്റെ പ്രതിധ്വനികൾ ഇന്ത്യയിലുമുണ്ട്. യുഎസ് എങ്ങനെ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നുവോ സമാനമായ വിഭജനം ഇന്ത്യയിലും സംഭവിച്ചിരിക്കുന്നു. ലിബറൽ ഭരണഘടനയാണ് അമേരിക്കയുടെ അടിസ്ഥാന മൂല്യസംഹിത. എന്നാൽ, അമേരിക്കയുടെ ആത്മാവിനുമേലുള്ള അതിന്റെ സ്വാധീനം ദുർബലമാവുകയാണ്. ഇന്ത്യയിലും സമാനമായ സാഹചര്യമുണ്ടെന്ന് ‘ദ് ബാറ്റിൽ ഓഫ് ബിലോങ്ങിങ്’ എന്ന എന്റെ പുതിയ പുസ്തകത്തിൽ ഞാൻ സൂചിപ്പിക്കുന്നുണ്ട്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന നാഗരിക ദേശീയതയിൽനിന്ന് ഹിന്ദുത്വവാദം ലക്ഷ്യമിടുന്ന ‘ഹിന്ദി – ഹിന്ദു – ഹിന്ദുസ്ഥാൻ’ എന്ന വംശീയ, മതാത്മക ദേശീയതയിലേക്കു രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് നമ്മുടെ ഭരണകൂടം നടത്തുന്നത്.

മതവും ജാതിയും ഇന്ത്യയുടെ ബഹുസ്വരതയെയും ലിബറൽ ജനാധിപത്യത്തെയും ദുർബലപ്പെടുത്തുന്നുവെങ്കിൽ, വംശീയത അമേരിക്കൻ രാഷ്ട്രീയത്തോടും അതുതന്നെ ചെയ്യുന്നു. രോഗസമാനമായ വിദ്വേഷങ്ങളെയും മുൻവിധികളെയും ഇരുരാജ്യങ്ങളിലും സമൂഹമാധ്യമങ്ങൾ ഊട്ടിയുറപ്പിക്കുന്നു. ആലോചനയില്ലാതെയും ക്ഷണികബുദ്ധിയോടെയും എടുത്തുചാടി തീരുമാനമെടുക്കുന്നവർ ഭരണസംവിധാനത്തെയാകെ അബദ്ധങ്ങളിലേക്കു നയിക്കുന്നു. നോട്ടുനിരോധനം, തൊഴിലില്ലായ്മ, കോവിഡ് കൈകാര്യം ചെയ്യൽ തുടങ്ങി ഇവിടെയും ലോകാരോഗ്യ സംഘടനയിൽനിന്നുള്ള പിന്മാറ്റം, താലിബാനു മുന്നിലെ കീഴടങ്ങൽ, കോവിഡ് മാനേജ്മെന്റിലെ വീഴ്ച എന്നിവയടക്കം അവിടെയും എത്രയോ ഉദാഹരണങ്ങൾ.

മുന്നറിയിപ്പ്

ഇന്ത്യയും അമേരിക്കയും ലോകത്തിനു മുന്നിൽ ധാർമിക ഔന്നത്യത്തോടെ നിലകൊണ്ട കാലമുണ്ടായിരുന്നു. മഹാത്മാ ഗാന്ധിയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ പൈതൃകവും ഇന്ത്യക്കു വലിയ ധാർമികബലം നൽകിയപ്പോൾ, യുഎസ്, സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ഉത്തമമാതൃകയായി നിലകൊണ്ടു. ആ ഔന്നത്യത്തിന് ദാരുണമായി മുറിവേറ്റിരിക്കുന്നു, രണ്ടിടത്തും. വിഷലിപ്തമായ ആഭ്യന്തര രാഷ്ട്രീയമാണ് ആ വിശ്വാസ്യതയെ തകർത്തത്, രണ്ടിടത്തും.

അമേരിക്ക, അതിന്റെ ശരിയായി പ്രവർത്തിക്കാത്ത തിരഞ്ഞെടുപ്പു പ്രക്രിയയ്ക്ക് അധികം വൈകാതെ തീർപ്പുണ്ടാക്കും. പക്ഷേ, 2020 ജനവിധിയുടെ രക്തക്കളത്തിൽനിന്നു മുറിവേറ്റ്, ആത്മാവിൽ ചോരപൊടിഞ്ഞാകും അതു പുറത്തുവരിക. തകർച്ചയുടെ ഒട്ടേറെ സമാനസൂചനകൾ ദൃശ്യമാകുന്ന ഇന്ത്യക്ക് ഒരു മുന്നറിയിപ്പാണത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com