നീല മതിൽ തിരിച്ചുപിടിച്ച് ബൈഡൻ; നിറം മാറി 5 സംസ്ഥാനങ്ങൾ

JOE BIDEN
ജോ ബൈഡൻ. ചിത്രം: എഎഫ്പി
SHARE

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളെ മാത്രം ജയിപ്പിക്കുന്ന സംസ്ഥാനങ്ങളെ വിശേഷിപ്പിക്കുന്ന പേരാണ് ‘നീല മതിൽ’ (ബ്ലൂ വോൾ). 1992–2012 കാലയളവിലെ 6 പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ഡമോക്രാറ്റുകളെ മാത്രം തുണച്ച 18 സംസ്ഥാനങ്ങളും ദേശീയ തലസ്ഥാനമേഖലയും ഡിസ്ട്രിക്ട് ഓഫ് കൊളംബിയ) ഉൾപ്പെടുന്നതാണു നീല മതിൽ.

ഇതിനിടയിൽ 2 തവണ റിപ്പബ്ലിക്കൻ നേതാവ് ജോർജ് ഡബ്ല്യു ബുഷ് പ്രസിഡന്റായെങ്കിലും അദ്ദേഹത്തിന് ഈ നീലമതിൽ മേഖലയിൽ ഒരിടത്തും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഈ നീലമതിൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവ. ഹിലറി ക്ലിന്റൻ അനായാസം ജയിക്കുമെന്നു കരുതിയിരുന്ന ഈ 3 സംസ്ഥാനങ്ങൾ ഡോണൾഡ് ട്രംപ് പിടിച്ചതാണ് 2016 ലെ വിധിയെഴുത്തിൽ നിർണായകമായത്. ഈ 3 സംസ്ഥാനങ്ങളിലും ഇത്തവണ ജോ ബൈഡൻ മുന്നേറ്റം നടത്തി.

മറുവശത്ത് 1992 നു ശേഷം ഒരിക്കലും ഡമോക്രാറ്റുകളെ ജയിപ്പിക്കാത്ത സംസ്ഥാനമാണു ജോർജിയ. അവിടെയും മേൽക്കൈ നേടി ബൈഡൻ ചരിത്രമെഴുതി.

ബൈഡന്റെ ജന്മനാട് പെൻസിൽവേനിയയിലെ സ്ക്രാൻടൻ ആണ്. ‘സ്ക്രാൻടൻ ജോ’ എന്നൊരു വിളിപ്പേരു ബൈഡനുണ്ട്. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലും വോട്ടെടുപ്പു ദിനവും അദ്ദേഹം പെൻസിൽവേനിയയിലാണു മുഴുവൻ സമയവും ചെലവഴിച്ചത്. 

നിറം മാറി 5 സംസ്ഥാനങ്ങൾ

വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തി‍ൽ ജോ ബൈഡനു കരുത്തു പകരുന്ന 5 സംസ്ഥാനങ്ങളും 2016 ലെ തിരഞ്ഞെടുപ്പിൽ ഡോണൾ‍ഡ് ട്രംപിന് ഒപ്പം നിന്നവ. ഹിലറി ക്ലിന്റനുമായുള്ള പോരാട്ടത്തിൽ ജോർജിയയിൽ 2,11,141 വോട്ടിന്റെ ഭൂരിപക്ഷമാണു നേടിയത്. അരിസോന (ഭൂരിപക്ഷം: 91,234), പെൻസിൽ‍വേനിയ (44,292), വിസ്കോൻസെൻ (22,748), മിഷിഗൻ (10,704) എന്നീ സംസ്ഥാനങ്ങളിലും 2016 ൽ ട്രംപിനായിരുന്നു ഭൂരിപക്ഷം.

English Summary: 'Joe Biden rebuilds Blue wall'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA