തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നു

HIGHLIGHTS
  • കോവിഡ്കാല നിബന്ധനകൾ ഉറപ്പാക്കിയാവണം പ്രചാരണം
Vote
SHARE

തദ്ദേശ തിരഞ്ഞെടുപ്പിനു കാഹളം മുഴങ്ങിക്കഴിഞ്ഞു. പ്രചാരണരംഗത്തേക്കു നമ്മുടെ രാഷ്ട്രീയകക്ഷികൾ വീറും വാശിയും നിറഞ്ഞു പദമൂന്നുകയായി. കോവിഡുമായി ബന്ധപ്പെട്ട ആശങ്കകളുടെയും നിയന്ത്രണങ്ങളുടെയും സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ് എത്തുന്നത്. അതുകൊണ്ടുതന്നെ, അങ്ങേയറ്റം ആരോഗ്യജാഗ്രത പുലർത്തി വേണം പ്രചാരണവും വോട്ടെടുപ്പും എന്നതുതന്നെയാണ് ഈ തിരഞ്ഞെടുപ്പുകാലത്ത് എല്ലാവരും ഒരേസ്വരത്തിൽ പറയേണ്ട പൊതു മുദ്രാവാക്യം.

കോവിഡ്കാല ആശങ്കകൾ മൂലം നേരത്തേ രണ്ട് ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കുകയും തദ്ദേശ തിരഞ്ഞെടുപ്പു തന്നെ നീട്ടിവയ്ക്കുകയും ചെയ്തതാണ്. എങ്കിലും കോവിഡ്കാല വെല്ലുവിളികൾ നേരിട്ടുകൊണ്ടുതന്നെ സാധാരണ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ തിരഞ്ഞെടുപ്പുകളും കാലതാമസം കൂടാതെ നടത്തിയേ തീരൂ. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുഖവുരയായി കരുതാവുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുന്നണികൾക്കെല്ലാം നിർണായകവുമാണ്. ഡിസംബർ അവസാനത്തോടെ പുതിയ തദ്ദേശ ഭരണസമിതികൾ അധികാരത്തിൽ വരുന്നതിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അരങ്ങൊരുക്കവുമാകും.

മൂന്നു ഘട്ടങ്ങളായാണു നടത്തുന്നതെങ്കിൽപോലും സകല കാര്യങ്ങളിലുമുള്ള സൂക്ഷ്മശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്, ഈ തിരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ, മുൻപൊരിക്കലും വേണ്ടിവരാത്തവിധം, കടുത്ത നിയന്ത്രണങ്ങളോടെയും ജാഗ്രതയോടെയുമാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനും ഒരുങ്ങിയിട്ടുള്ളത്. മാസ്ക്കും സാനിറ്റൈസറും ഉപയോഗിച്ചും അകലം പാലിച്ചും മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും തിരഞ്ഞെടുപ്പു നടത്താനാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ മാർഗനിർദേശം. നിയന്ത്രണങ്ങളെല്ലാം കൃത്യമായി പാലിച്ച് ഈ കോവിഡ്കാല തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കി, വൈറസിനു ജനാധിപത്യത്തെ തോൽപിക്കാനാവില്ലെന്നു കേരളം മാതൃകാപരമായി തെളിയിച്ചേതീരൂ.

പഞ്ചായത്ത് രാജ് പരിഷ്കാരം ഏറ്റെടുത്ത കേരളം അധികാര വികേന്ദ്രീകരണത്തിൽ ഏറെ മുന്നേറിയെങ്കിലും വികസനരംഗത്തു പ്രതീക്ഷിച്ച മാറ്റം സൃഷ്ടിക്കാൻ നമുക്കായെന്നു പറഞ്ഞുകൂടാ. അതുകൊണ്ടുതന്നെ, പുതിയ സാരഥികളെ നാം തിരഞ്ഞെടുക്കേണ്ടതു കൃത്യമായ ലക്ഷ്യബോധത്തോടെയാവണം. പുതിയ തദ്ദേശസമിതികൾ എന്താകണം, എന്താകരുത് എന്ന ചോദ്യത്തിന് കഴിഞ്ഞ അഞ്ചു വർഷംകൊണ്ടു പല തദ്ദേശ സ്ഥാപനങ്ങളിൽനിന്നും നമുക്ക് ഉത്തരം ലഭിച്ചുകഴിഞ്ഞു. പുതിയ വികസനവഴികളിലൂടെ നമ്മുടെ നാടിനെ മുന്നോട്ടുനയിച്ച സമർപ്പിതരായ ഒരുപാടുപേർ നമ്മുടെ മുന്നിലുണ്ട്. അതോടൊപ്പം, വികസനത്തിനു പുറംതിരിഞ്ഞു നിന്നവരെയും സ്വാർഥലാഭക്കാരെയുമൊക്കെ നാം കാണുകയും ചെയ്തു. ജനകീയ പ്രതിബദ്ധതയുള്ളതും അഴിമതിക്കെതിരെ പോരാടുന്നതും വികസനോന്മുഖവുമായ പ്രാദേശിക ഭരണമാണു കേരളത്തിലെ ജനങ്ങളുടെ മനസ്സിലുള്ളത്.

സംസ്ഥാന ബജറ്റിന്റെ മൂന്നിലൊന്നോളം പ്രതിവർഷം തദ്ദേശ സ്ഥാപനങ്ങൾക്കായി വകയിരുത്തുന്നുണ്ട്. അതിനു പുറമേയാണു കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ ഒഴുകിവരുന്ന പണം. ഇത്രയും ഫണ്ടും അതു ചെലവഴിക്കാനുള്ള ആസൂത്രണ സ്വാതന്ത്ര്യവും ലഭിച്ചിട്ടും പല സ്ഥാപനങ്ങളും മികവു കാട്ടുന്നില്ലെന്നതു നിർഭാഗ്യകരംതന്നെ. പദ്ധതികളുടെ മെല്ലെപ്പോക്കിനും പാഴാകുന്ന പദ്ധതിവിഹിതത്തിനും ഇത്തവണ പഴിചാരാൻ കോവിഡിനെ സൗകര്യപൂർവം കിട്ടിയിട്ടുണ്ടെങ്കിലും അതു മാത്രമാണോ കാരണമെന്നു തദ്ദേശസ്ഥാപനങ്ങൾ ആത്മപരിശോധന നടത്തേണ്ടതുണ്ട്.

അടിസ്ഥാന വികസനത്തിൽ പല ഭരണസമിതികളും ശ്രദ്ധിക്കാത്തതിനാൽ നഗരവും ഗ്രാമവും ഒരുപോലെ വീർപ്പുമുട്ടൽ അനുഭവിക്കുകയാണെന്നതു മുന്നിൽവച്ചുവേണം ഈ തദ്ദേശ തിരഞ്ഞെടുപ്പിനെ കാണാൻ. അടിസ്ഥാനസൗകര്യ വികസനം പലയിടത്തും കുഴിയിൽ വീണുകിടക്കുന്നതു കാണാൻ നമ്മുടെ ദേശവഴികളിലേക്കു നോക്കിയാൽ മതി; അനാസ്ഥയുടെ ഉയരം അറിയാൻ വഴിയോരത്തുള്ള മാലിന്യക്കൂമ്പാരങ്ങളിലേക്കും. സമഗ്ര വികസനത്തിലേക്കു കൈപിടിച്ചു കൊണ്ടുപോകുമെന്ന പ്രതിജ്ഞയാണു പുതിയ തദ്ദേശ ഭരണസാരഥികളിൽനിന്നു നാടു പ്രതീക്ഷിക്കുന്നത്. കോവിഡ് അനന്തര കേരളത്തിന്റെ നിർമിതിയിൽ നേതൃപരമായ പങ്കു വഹിക്കേണ്ടവരെ തിരഞ്ഞെടുക്കുന്നതിനാണ് പോളിങ് ബൂത്തിലേക്കു പോകുന്നതെന്ന ബോധ്യം വോട്ടർമാർക്കുമുണ്ടാവണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA