ക്രമക്കേട് എന്ന ട്രംപ് കാർഡ്; കോടതി വ്യവഹാരങ്ങൾ ട്രംപിനു പുതുമയല്ല

HIGHLIGHTS
  • വോട്ടെണ്ണൽ മൂന്നാം ദിവസം പിന്നിടുമ്പോൾ പരാതിപ്രവാഹം
USA-ELECTION/TRUMP
ഇന്നലെ വൈറ്റ്ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചിത്രം: റോയിട്ടേഴ്സ്
SHARE

തിരഞ്ഞെടുപ്പു നടപടികളിൽ ക്രമക്കേടു നടന്നെന്ന ആരോപണം തെളിവുകളുടെ പിൻബലമില്ലാതെ ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡമോക്രാറ്റുകൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും തിരഞ്ഞെടുപ്പു കേസുകൾ ഒരുപാടു വരുമെന്നും ട്രംപ് പറഞ്ഞു. സുപ്രീം കോടതിയായിരിക്കും അന്തിമ ഫലം തീരുമാനിക്കുക എന്ന സൂചന നൽകാനാണു ട്രംപ് നോക്കുന്നത്. 

അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പ്രക്രിയ സുഗമമായി തുടരുകയാണ്. തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും തള്ളി. അടിസ്ഥാനമില്ലാത്തതിനാൽ, കേസുകൾ നിലനിൽക്കില്ലെന്നാണു ബൈഡന്റെ അഭിഭാഷകരുടെ പ്രതികരണം. 

കോടതി വ്യവഹാരങ്ങൾ ട്രംപിനു പുതുമയല്ല. പ്രസിഡന്റാകുന്നതിനു മുൻപ് ട്രംപ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും യുഎസിലെങ്ങും വിവിധ കോടതികളിൽ 3,500 കേസുകളിൽ പെട്ടിട്ടുണ്ടെന്നാണു യുഎസ്എ ടുഡേ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

മിഷിഗനിലും ജോർജിയയിലും പെൻസിൻവേനിയയിലും ട്രംപ് നൽകിയ ഹർജികൾ കോടതികൾ തള്ളി. ജോർജിയയിൽ 53 തപാൽ വോട്ടുകൾ സമയം കഴിഞ്ഞുവന്നതാണെന്ന ട്രംപിന്റെ പരാതിയാണു ജഡ്ജി തള്ളിയത്. വോട്ടുകൾ യഥാസമയം തന്നെയാണു ലഭിച്ചതെന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലം കോടതി അംഗീകരിച്ചു. പെൻസിൽവേനിയയിലെ ഫില‍ഡെൽഫിയയിൽ തപാൽവോട്ടുകളുടെ എണ്ണൽ നിർത്തിവയ്ക്കണമെന്ന അടിയന്തര ഹർജിയാണു ഫെഡറൽ കോടതി നിരസിച്ചത്. എന്നാൽ, എണ്ണൽ പ്രക്രിയ നിരീക്ഷിക്കാൻ റിപ്പബ്ലിക്കൻ ഏജന്റുമാർക്ക് അനുമതി നൽകി.  

നെവാഡയിൽ ലാസ്‌ വേഗസ് മേഖലയിൽ ക്രമക്കേട് ആരോപിച്ച് ഫെഡറൽ കോടതിയിൽ ട്രംപ് പ്രചാരണവിഭാഗം കേസ് ഫയൽ ചെയ്തിട്ടുണ്ട്. വിസ്കോൻസെനിൽ റീകൗണ്ട് ആവശ്യപ്പെടുമെന്നും പറയുന്നു. രണ്ടോ അതിലധികമോ സംസ്ഥാനങ്ങളിലെ ഫലം സുപ്രീം കോടതിയുടെ സഹായത്തോടെ തടയാനാണു ട്രംപിന്റെ നീക്കം.  

തിരഞ്ഞെടുപ്പ് അട്ടിമറിക്കു ശ്രമിക്കുന്നുവെന്ന ആരോപണം ട്രംപ് ഉന്നയിച്ചത് വൈറ്റ്ഹൗസ് വാർത്താസമ്മേളനത്തിലാണ്. ഇത് അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവും ആയതിനാൽ പ്രമുഖ യുഎസ് ചാനലുകൾ പത്രസമ്മേളനം ലൈവായി സംപ്രേഷണം ചെയ്യുന്നതു നിർത്തിവച്ചു. സിഎൻബിസി ചാനലിൽ അവതാരകൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട്, പ്രസിഡന്റ് പറയുന്നതിലൊന്നും വസ്തുതയില്ലെന്ന് ഓരോന്നും എണ്ണിപ്പറഞ്ഞു ചൂണ്ടിക്കാണിച്ചു.  ഇതിനിടെ, വിദ്വേഷ പ്രചാരണം നടത്തിയതിനു ട്രംപ് അനുകൂലികളുടെ ഒരു ഗ്രൂപ്പ് ഫെയ്സ്ബുക് പൂട്ടിച്ചു. 

നിർണായക സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിലാണ്. നെവാഡ (92%), പെൻസിൽവേനിയ (95%), അരിസോന (93%), ജോർജിയ (99%). വിജയശതമാനം നേരിയതായതിനാൽ ജോർജിയയിൽ നിയമപ്രകാരമുള്ള റീകൗണ്ട് നടത്തുമെന്നും വെള്ളിയാഴ്ച വൈകുന്നേരത്തിനു മുൻപേ കിട്ടുന്ന എല്ലാ തപാൽ വോട്ടുകളും എണ്ണുമെന്നും അധികൃതർ പറയുന്നു. 

English Summary: Donald Trump repeats illegal ballots claim

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA