ADVERTISEMENT

ബിഹാറിൽ 15 വർഷം മുൻപു നിതീഷ് കുമാറിന്റെ ഭരണത്തിനു വഴിയൊരുക്കിയ ലോക് ജനശക്തി പാർട്ടി (എൽജെപി) തന്നെ ആ ഭരണത്തിന് അന്ത്യവും കുറിക്കുമോ? ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു ഫലം എൽജെപിയുടെ പ്രഹരശേഷി വെളിപ്പെടുത്തും. എൽജെപി ഇത്തവണത്തെ പോലെ 2005ൽ തനിച്ചു മത്സരിച്ചപ്പോഴാണു ഭരണമാറ്റത്തിനു ചാലകശക്തിയായി മാറിയത്. 2005ൽ എൽജെപി നേതാവ് റാം വിലാസ് പാസ്വാൻ നടത്തിയ അട്ടിമറി മകൻ ചിരാഗ് പാസ്വാനും ആവർത്തിക്കുമോ എന്നും നാളെയറിയാം.

സീറ്റു വിഭജനത്തിലെ കടുംപിടിത്തം

എൻഡിഎയിൽ നിയമസഭാ സീറ്റു വിഭജന ഘട്ടത്തിൽ ബിജെപിയെക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിക്കുകയും ബിജെപിയെക്കാൾ സീറ്റു നേടുകയും ചെയ്യുക എന്നതായിരുന്നു നിതീഷിന്റെ മുഖ്യലക്ഷ്യം. ബിജെപിയും ജെഡിയുവും തുല്യ എണ്ണം സീറ്റുകളിൽ മത്സരിക്കണമെന്ന അമിത് ഷായുടെ പിടിവാശിയിൽ നിതീഷ് അപകടം മണത്തു. ജെഡിയുവിനെക്കാൾ കൂടുതൽ സീറ്റുകൾ ബിജെപി നേടിയാൽ ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു വെല്ലുവിളിയാകുമെന്നും നിതീഷ് ഭയന്നു.

ബിജെപിയുടെ 50:50 ഫോർമുല അംഗീകരിച്ച നിതീഷ് മറുതന്ത്രം പ്രയോഗിച്ചു. ജെഡിയുവും ബിജെപിയും ആകെ സീറ്റുകൾ തുല്യമായി പങ്കിടും, സഖ്യകക്ഷികളെ ഉൾപ്പെടുത്തണമെങ്കിൽ സ്വന്തം ക്വോട്ടയിൽ നിന്നാകാം. ജെഡിയുവിനു 122, ബിജെപിക്കു 121 എന്നിങ്ങനെ സീറ്റുകൾ പങ്കിട്ടപ്പോൾ എൽജെപിയെ മുന്നണിയിൽ നിർത്തേണ്ട ഉത്തരവാദിത്തം ബിജെപിയുടെ ചുമലിലായി. 

ജെഡിയുവിന്റെ ക്വോട്ടയിൽ നിന്ന് എൽജെപിക്കു സീറ്റില്ലെന്നു നിതീഷ് കട്ടായം പറഞ്ഞു. നൂറിൽ താഴെ സീറ്റിൽ മത്സരിക്കാൻ ബിജെപിയും തയാറല്ലായിരുന്നു. ബിജെപി ക്വോട്ടയിൽ നിന്നു വാഗ്ദാനം ചെയ്ത 21 സീറ്റ് സ്വീകരിച്ചു മുന്നണിയിൽ തുടരാൻ താൽപര്യമില്ലെന്നു എൽജെപി നേതാവ് ചിരാഗ് പാസ്വാൻ വ്യക്തമാക്കി. വിട്ടുവീഴ്ചയ്ക്കു നിതീഷും തയാറായില്ല. 40 സീറ്റ് ആവശ്യപ്പെട്ട ചിരാഗ് പാസ്വാൻ 30 സീറ്റു കിട്ടിയിരുന്നെങ്കിൽ എൻഡിഎയിൽ തുടർന്നേനെ.

ഫലത്തിൽ എൽജെപിയെ മുന്നണിയിൽ നിന്നു പുകച്ചു പുറത്തുചാടിച്ച നിതീഷ് കുമാർ തന്നെ അതിന്റെ വിലയും കൊടുക്കേണ്ടി വരുന്നു. എൽജെപിയുടെ അഭാവത്തിൽ എൻഡിഎയിലെത്തിയ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് ജെഡിയു ക്വോട്ടയിൽ നിന്ന് 7 സീറ്റും വികാസ്ശീൽ ഇൻസാൻ പാർട്ടിക്ക് ബിജെപി ക്വോട്ടയിൽ നിന്നു 11 സീറ്റും നൽകിയെങ്കിലും പ്രയോജനമുണ്ടായില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്.

2005ൽ സംഭവിച്ചത്

റാം വിലാസ് പാസ്വാന്റെ എൽജെപി ബിഹാറിലെ 243 നിയമസഭാ സീറ്റുകളിൽ 204 എണ്ണത്തിൽ തനിച്ചു മത്സരിച്ചു. ലാലു റാബ്റി ഭരണം അവസാനിപ്പിക്കാനായി രൂക്ഷമായ പ്രചാരണവും റാം വിലാസ് പാസ്വാൻ നടത്തി. പത്തു സീറ്റുകളിൽ മാത്രമാണ് എൽജെപി വിജയിച്ചതെങ്കിലും ലാലുവിന്റെ ‘ജംഗിൾരാജ്’ അവസാനിപ്പിക്കണമെന്ന പ്രചാരണം ഏശി. ഏറെ മണ്ഡലങ്ങളിൽ യുപിഎ വോട്ടുകൾ ശിഥിലമാകാൻ എൽജെപി സ്ഥാനാർഥികൾ കാരണമായി. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ ബിഹാറിൽ അധികാരത്തിലേറി.

2020ൽ സംഭവിക്കുന്നത്

എൻഡിഎ സഖ്യത്തിൽ നിന്നു പുറത്തുവന്ന എൽജെപി നിതീഷ് സർക്കാരിന്റെ ഭരണപരാജയങ്ങൾ അക്കമിട്ടു നിരത്തിയത് ആർജെഡി നേതാവ് തേജസ്വി യാദവിന്റെ പ്രചാരണം സുഗമമാക്കി. നിതീഷിന്റെ ജനതാദൾ (യു) സ്ഥാനാർഥികളെ തോൽപിക്കുകയെന്ന ലക്ഷ്യത്തോടെയാണു ചിരാഗ് പാസ്വാൻ എൽജെപി സ്ഥാനാർഥി നിർണയം നടത്തിയത്. എൽജെപിയുടെ 137 സ്ഥാനാർഥികളിൽ 5 പേർ മാത്രമാണു ബിജെപിക്കെതിരെ മത്സരിച്ചത്. എൽജെപി സ്ഥാനാർഥികളില്ലാത്ത മണ്ഡലങ്ങളിൽ ബിജെപിക്കു വോട്ടു ചെയ്യാനും ചിരാഗ് പാസ്വാൻ പാർട്ടി അണികളോട് പരസ്യമായി ആഹ്വാനം ചെയ്തു. നിതീഷിനെ ഭരണത്തിൽ നിന്നു പുറത്താക്കുകയെന്നതായിരുന്നു ചിരാഗിന്റെ ഏകലക്ഷ്യം.

English Summary:  Bihar Assembly Elections 2020 result on tuesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com