പരിപാലിക്കാം, തിരിച്ചറിവോടെ

Image-5
SHARE

അതിരാവിലെ ന്യൂയോർക്ക് പൊലീസിന് സഹായ അഭ്യർഥനയുമായി അന്റോണിയോയുടെ ഫോൺ വിളിയെത്തി. പൊലീസെത്തിയപ്പോൾ അന്റോണിയോ രക്തത്തിൽ കുളിച്ച് മുറിക്കു പുറത്തു കിടക്കുന്നു. വളർത്തുനായ ആക്രമിച്ചതാണെന്നു പറഞ്ഞെങ്കിലും സംശയം തോന്നിയ പൊലീസ് വാതിലിലെ ദ്വാരത്തിലൂടെ നോക്കി. മുറിക്കുള്ളിൽ വലിയൊരു കടുവ. അവർ അതിനെ മയക്കുവെടി വെടിവച്ചു വീഴ്‌ത്തി. അന്റോണിയോയെ ആശുപത്രിയിലെത്തിച്ചു. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട ശേഷം അദ്ദേഹം പൊലീസിനോടു കുറ്റസമ്മതം നടത്തി. വർഷങ്ങൾക്കുമുൻപ് ഒരു കടുവക്കുഞ്ഞിനെ വളർത്താൻ കൊണ്ടുവന്നു. വളർത്തി വലുതാക്കിയ ആ കടുവ തന്നെയാണു തന്നെ ആക്രമിച്ചത്. 

സഹവസിക്കുന്നവയുടെ സ്വഭാവം അറിയില്ലെങ്കിൽ പിന്നെ സ്വയം സഹതപിക്കുകയേ മാർഗമുള്ളൂ. സന്തതസഹചാരികളുടെ സാന്നിധ്യത്തിലെ അപകടവും അനുഗ്രഹവും വേർതിരിച്ചറിയുക എന്നതാണ് എല്ലാ ബന്ധങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കൂടെ നിൽക്കുന്നവരെ മനസ്സിലാക്കാനോ സ്വഭാവസവിശേഷതകളെ തിരിച്ചറിയാനോ ആരും മെനക്കെടില്ല. പങ്കുവയ്‌ക്കപ്പെടുന്ന സന്തോഷ നിമിഷങ്ങളുടെ മാസ്‌മരികതയിൽ അറിയാതെയെങ്കിലും ചെന്നുപറ്റാൻ സാധ്യതയുള്ള അപകട മേഖലകളെക്കുറിച്ച് ഓർക്കില്ല. സ്വഭാവമായാലും സൗഹൃദമായാലും, ഒരാൾ എന്തിനെയൊക്കെ പരിപാലിക്കുന്നു എന്നത് അയാളുടെ ആയുർദൈർഘ്യവും ജീവിതനിലവാരവും തീരുമാനിക്കും. 

നടുന്നതും വിതയ്‌ക്കുന്നതും അവ വലുതാകുമ്പോൾ എന്തായിത്തീരുമെന്നു മനസ്സിലാക്കിയാണ്. വളർച്ച അറിയാത്തവർ വളർത്തിയാൽ വളരുന്നവയ്‌ക്കു ശോഷണവും വളർത്തുന്നവയ്‌ക്ക് അനർഥങ്ങളും സംഭവിക്കും. അടിസ്ഥാന സവിശേഷതകളെ അവഗണിക്കാനാകില്ല. തിരുത്തലിനും രൂപാന്തരത്തിനും പരിധികളും പരിമിതികളുമുണ്ട്. ചില സംരക്ഷണങ്ങൾക്ക് പ്രത്യേക പരിശീലനം തന്നെ സിദ്ധിക്കണം. എന്തിനെയാണ് പരിപാലിക്കേണ്ടതെന്നും എങ്ങനെയാണ് പരിപാലിക്കേണ്ടതെന്നും അറിയുക എന്നതാണു വളർത്തുന്നവരുടെ മുഖ്യ ഉത്തരവാദിത്തം. 

Content Highlight: Subhadinam 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA