ജനാധിപത്യത്തിന്റെ യുഎസ് വിജയം

HIGHLIGHTS
  • ബൈഡൻ– കമല ടീമിന്റെ മുഖ്യദൗത്യം മുറിവുണക്കൽ
SHARE

‘യുഎസ് ജനാധിപത്യം ഏറ്റവും പ്രശോഭിതമാവുക ഏറ്റവും വലിയ പ്രതിസന്ധിയിലാണ്’ എന്നുപറഞ്ഞത് ചൈനീസ് ജനാധിപത്യ, മനുഷ്യാവകാശ നേതാവും സമാധാന നൊബേൽ ജേതാവുമായ ലിയു സിയാവോബോ ആണ്. ഏറ്റവുമധികം അമേരിക്കക്കാർ വോട്ടു ചെയ്ത ഈ തിരഞ്ഞെടുപ്പിന്റെ ചരിത്രപ്രാധാന്യം ജോ ബൈഡന്റെ വിജയത്തെക്കാൾ ഡോണൾഡ് ട്രംപിന്റെ തോൽവി ആണെന്നു പറയാം. സ്വാതന്ത്ര്യം, ജനാധിപത്യം, ബഹുസ്വരത, സത്യസന്ധത തുടങ്ങിയ മൂല്യങ്ങൾ ലോകമെങ്ങും വിലമതിക്കുന്നവരുടെ വിജയം കൂടിയായി ഇതു വിലയിരുത്തപ്പെടുന്നു. 

അമേരിക്കൻ ഐക്യനാടുകളുടെ 46–ാം പ്രസിഡന്റായി ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പം യുഎസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസ് ചരിത്രത്തിലെത്തുകയും ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പാരമ്പര്യം സ്വന്തമായുള്ള കമല ഹാരിസിന് ഈ നിയോഗം കൈവന്നതു നമുക്കും അഭിമാനകരമാണ്. 

ട്രംപിന്റെ നാലു വർഷത്തെ ഭരണം അമേരിക്കൻ ജനാധിപത്യത്തിനും മൂല്യങ്ങൾക്കും ഏൽപിച്ച മുറിവുകളുണക്കുകയും ലോകവേദികളിൽ യുഎസിനുള്ള പരിഗണന തിരിച്ചുപിടിക്കുകയുമാണ് ബൈഡൻ–കമല കൂട്ടുകെട്ടിനു മുന്നിലെ ഭാരിച്ച ദൗത്യം. പക്വതയും തെളിമയും സുതാര്യതയുമുള്ള അഞ്ചു പതിറ്റാണ്ടു കാലത്തെ പൊതുപ്രവർത്തനവും അതിലൂടെ ലഭിച്ച സന്തുലിത കാഴ്ചപ്പാടും ബൈഡന്റെ കൈമുതലാവുമ്പോൾ പൗരാവകാശപ്പോരാട്ടങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും കരുത്താണു കമലയ്ക്കൊപ്പമുള്ളത്. 

‘ആദ്യം അമേരിക്ക’ എന്നു പ്രഖ്യാപിച്ച് അധികാരത്തിലേറിയതാണു ട്രംപ്. യുഎസ് തൊഴിൽ, വ്യവസായ മേഖലകളിൽ അദ്ദേഹം ഉണർവു പകർന്നെങ്കിലും കോവിഡ് വ്യാപനത്തോടെ ഇതു തകിടംമറിഞ്ഞു. വംശീയവാദികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ട്രംപ്, ദുർബലവിഭാഗങ്ങളെ അവഗണിക്കുക മാത്രമല്ല, അവഹേളിക്കുകകൂടി ചെയ്തു. യുഎൻ സംഘടനകൾ ഉൾപ്പെടെയുള്ള ലോകവേദികളിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയത്, ആഗോളതലത്തിൽ യുഎസ് അവകാശപ്പെടുന്ന നേതൃസ്ഥാനത്തിനു നിരക്കാത്ത നടപടിയുമായി. 

സ്വന്തം തോന്നലുകൾക്കും ഇഷ്ടങ്ങൾക്കുമനുസരിച്ചു നിലപാടുകളെടുത്ത ട്രംപ്, നയതന്ത്രമര്യാദകൾ വകവച്ചില്ല. കുടിയേറ്റം, കാലാവസ്ഥ, ആരോഗ്യം തുടങ്ങി പല തലങ്ങളിൽ ലോകത്തിനുമുന്നിൽ വാതിലടച്ച് യുഎസിനെ സ്വയം ഒറ്റപ്പെടുത്തുകയും ചെയ്തു. ഇതേസമയം, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായുള്ള ഉച്ചകോടികൾ, ഗൾഫ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള സമാധാനക്കരാർ തുടങ്ങിയവ ലോകത്തിനു വിസ്മയമായി. സമീപകാലത്ത് ഏതെങ്കിലും രാജ്യത്തു പുതിയ യുദ്ധം തുടങ്ങാത്ത യുഎസ് പ്രസിഡന്റുമായി ട്രംപ്. 

നയങ്ങളും നിലപാടുകളും എന്തുമാകട്ടെ, ഒരു ഭരണാധികാരിക്കുവേണ്ട മാന്യതയും അന്തസ്സും പരസ്പരബഹുമാനവും പുലർത്തിയില്ല എന്നതാണു ട്രംപ് ഭരണകാലത്തിന്റെ ഏറ്റവും വലിയ കളങ്കം. കളവു പറയാനും വസ്തുതാപരമല്ലാത്ത പ്രസ്താവനകൾ നടത്താനും അദ്ദേഹം ഒരു മടിയും കാണിച്ചില്ല. കോവിഡ് പ്രതിസന്ധിവേളയിൽ വിദഗ്ധരുടെ ഉപദേശങ്ങളൊന്നും ചെവിക്കൊണ്ടില്ലെന്നുമാത്രമല്ല, ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയുമൊക്കെ പുച്ഛിക്കുന്ന പ്രസ്താവനകളുമിറക്കി. എല്ലാറ്റിനുമപ്പുറം, ജനാധിപത്യത്തിന്റെ ഉത്സവഭൂമിയായ യുഎസിൽ ഏകാധിപത്യത്തിന്റെ ലാഞ്ചനകൾ കാണിച്ച ട്രംപ്, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അധികാരത്തുടർച്ചയ്ക്കായി ജനവിധി തേടി പരാജയപ്പെട്ട ആദ്യ യുഎസ് പ്രസിഡന്റായി മാറുകയും ചെയ്തു. 

പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ വീണ്ടും ചേരുമെന്ന ബൈഡന്റെ പ്രഖ്യാപനം, ഭൂമിയുടെ നിലനിൽപ് ആഗ്രഹിക്കുന്നവർക്കെല്ലാം ആശ്വാസം പകർന്നിട്ടുണ്ട്. യുനെസ്‌കോ, ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) തുടങ്ങിയവയിലും യുഎസ് വീണ്ടും ചേർന്നേക്കാം. ഇറാൻ ആണവക്കരാറും പുനഃസ്ഥാപിച്ചേക്കാം. വീസ, കുടിയേറ്റ നയങ്ങളിൽ ട്രംപ് കൊണ്ടുവന്ന കാർക്കശ്യം കുറയ്ക്കുന്നത് ഇന്ത്യക്കാർ ഉൾപ്പെടെ ‘അമേരിക്കൻ സ്വപ്നം’ കാണുന്നവർക്കെല്ലാം ആശ്വാസകരമാകും. സൈനിക, സുരക്ഷാരംഗങ്ങളിൽ ഇന്ത്യയുമായുള്ള മികച്ച കൂട്ടുകെട്ട് ബൈഡൻ അതേപടി മുന്നോട്ടുകൊണ്ടുപോകുമെന്നും പ്രതീക്ഷിക്കാം.

English Summary: Victory of democracy in USA - editorial

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA