മായാവതിയുടെ മനസ്സിലിരിപ്പ്

mayawati
മായാവതി
SHARE

ഉത്തർപ്രദേശിൽ എസ്പിയെയും കോൺഗ്രസിനെയും തോൽപിക്കാൻ വേണ്ടിവന്നാൽ ബിജെപിയുമായും കൂട്ടുകൂടുമെന്ന മായാവതിയുടെ പ്രസ്താവന ദേശീയതലത്തിൽ ചർച്ചയായി. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നു മായാവതി പിന്നീടു വിശദീകരിച്ചെങ്കിലും യുപിയിലെ രാഷ്ട്രീയ യുദ്ധത്തിൽ അവരുടെ ഉന്നം വേറെയാണെന്നാണു വിലയിരുത്തൽ.

ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സ്ഥാപകനായ കാൻഷിറാമും അദ്ദേഹത്തിന്റെ പിൻഗാമിയായ മായാവതിയും ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ പല അദ്ഭുതങ്ങളും കാട്ടിയിട്ടുണ്ട്. സംസ്ഥാനത്തു നാലുവട്ടം മുഖ്യമന്ത്രിയായ ഏക വനിതയാണു മായാവതി. രാഷ്ട്രീയ എതിരാളികളായ ബിജെപി, കോൺഗ്രസ്, സമാജ്‌വാദി പാർട്ടി (എസ്പി) എന്നിവയുമായി വിവിധ സാഹചര്യങ്ങളിൽ സഖ്യമുണ്ടാക്കിയ ഏക കക്ഷി ബിഎസ്പിയും. ബിജെപിയുടെ യോഗി ആദിത്യനാഥ് സർക്കാർ മൂന്നര വർഷം പിന്നിടുമ്പോൾ, ബിജെപിയോട് അടുപ്പം കാട്ടുന്ന മായാവതി യഥാർഥത്തിൽ ഉന്നം വയ്ക്കുന്നതു മറ്റു പ്രതിപക്ഷ കക്ഷികളായ എസ്പിയെയും കോൺഗ്രസിനെയുമാണ്. 

ഈയിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ റാംജി ഗൗതമിന് യുപിയിൽ ഒരു രാജ്യസഭാ സീറ്റ് ഒഴിച്ചിട്ട് ബിജെപി എല്ലാവരെയും അമ്പരപ്പിച്ചു. കുറഞ്ഞത് 36 വോട്ടെങ്കിലും വേണം രാജ്യസഭയിലേക്കു ജയിക്കാൻ. ബിഎസ്പിക്ക് 18 എംഎൽഎമാർ മാത്രം. നാടകീയ സംഭവങ്ങൾക്കൊടുവിൽ 9 ബിജെപി സ്ഥാനാർഥികളും എസ്പിയുടെയും ബിഎസ്പിയുടെ യും ഓരോ സ്ഥാനാർഥി വീതവും തിരഞ്ഞെടുക്കപ്പെട്ടു. ബിഎസ്പി-ബിജെപി ധാരണ പൊളിക്കാൻ എസ്പി ഇറക്കിയ സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോവുകയും ചെയ്തു. എസ്പിയുടെ സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണച്ച നാലു വിമത എംഎൽഎമാരെ സസ്പെൻഡ് ചെയ്തശേഷമാണ് ആവശ്യം വന്നാൽ ബിജെപിയുമായും കൂടും എന്ന സൂചന നൽകിയത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപിക്കെതിരെ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയെങ്കിലും ഗുണം ചെയ്തില്ല. 80ൽ  64 സീറ്റും ബിജെപി നേടിയപ്പോൾ ബിഎസ്പിക്ക് 10 സീറ്റു കിട്ടി. എസ്പിക്ക് 5 എണ്ണം മാത്രം.

ബിജെപിയുടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളെപ്പറ്റി  മായാവതി മൗനം പാലിച്ചുവരികയാണ്. ഇടയ്ക്കു നടത്തുന്ന പ്രസ്താവനകൾ ഉന്നമിടുന്നതു പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസിനെയും. ലോക്‌ഡൗണിനിടെ മറ്റു സംസ്ഥാനങ്ങളിൽനിന്നു പലായനം ചെയ്യേണ്ടിവന്ന യുപിക്കാരായ തൊഴിലാളികളുടെ പ്രശ്നം ഏറ്റെടുത്തു രംഗത്തിറങ്ങിയതു പ്രിയങ്കയായിരുന്നു. ഡൽഹിയിലും രാജസ്ഥാനിലും കുടുങ്ങിയ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രിയങ്ക ബസുകളും ഏർപ്പെടുത്തി. എന്നാൽ മറ്റുകക്ഷികൾക്കുള്ളിൽ കുത്തിത്തിരിപ്പുണ്ടാക്കുകയാണു കോൺഗ്രസെന്നാണു മായാവതിയുടെ വിമർശനം. മധ്യപ്രദേശിലും രാജസ്ഥാനിലും ബിഎസ്പി എംഎൽഎമാരെ ചാക്കിട്ടുപിടിക്കലാണു കോൺഗ്രസിന്റെ തന്ത്രമെന്നും അവർ കുറ്റപ്പെടുത്തുന്നു. 

തന്റെ എതിരാളിയായ ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിനെ പ്രിയങ്ക പ്രോത്സാഹിപ്പിക്കുന്നതും മായാവതിയുടെ അസന്തുഷ്ടി വളർത്തി. കൂട്ട ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തിനു പിന്തുണയുമായി രാഹുലും പ്രിയങ്കയും ഹത്രസ് സന്ദർശിച്ചതിനെയും മായാവതി വിമർശിച്ചു. ആസാദിന്റെ  ഭീം ആർമി, പെൺകുട്ടിയുടെ കുടുംബത്തിനു സംരക്ഷണം നൽകാൻ മുന്നോട്ടുവന്നതു മായാവതിയെ അസ്വസ്ഥയാക്കി.

യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിക്കാതെ മായാവതി മറ്റു പ്രതിപക്ഷ പാർട്ടികളെ ഉന്നമിടുന്നതു ബിജെപിയെ സന്തോഷിപ്പിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന തന്റെ ദീർഘകാല നിലപാട് ഉപേക്ഷിച്ച് മധ്യപ്രദേശിലെ നിർണായകമായ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 28 സീറ്റുകളിലും മായാവതി ബിഎസ്പി സ്ഥാനാർഥികളെ നിർത്തിയതിനെ കോൺഗ്രസ് വിമർശിക്കുന്നു. ശിവരാജ് ചൗഹാന്റെ ഭാവി നിർണയിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചു ബിജെപിയെ സഹായിക്കുകയാണു മായാവതിയുടെ താൽപര്യമെന്നും ആരോപണമുയർന്നു. 

മധ്യപ്രദേശിൽ ബിഎസ്പിയുടെ തിരഞ്ഞെടുപ്പു ചുമതല വഹിച്ചതു റാംജി ഗൗതമാണ്. ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിച്ചതിനു പ്രത്യുപകാരമായിട്ടാണു ഗൗതമിനു രാജ്യസഭാ സീറ്റ് കിട്ടിയതെന്നും ആക്ഷേപമുണ്ടായി.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മായാവതിയും ആസാദും ചെറുകിട സഖ്യങ്ങളുടെ ഭാഗമായിരുന്നു. ഉപേന്ദ്ര ഖുഷ്‌വാഹയുടെ ആർഎൽഎസ്പി, അസദുദ്ദീൻ ഉവൈസിയുടെ എഐഎംഎം എന്നീ കക്ഷികളുമായി സഖ്യമുണ്ടാക്കിയാണു ബിഎസ്പി മത്സരിച്ചത്. ആസാദ് സമാജ് പാർട്ടി എന്ന കക്ഷിയുണ്ടാക്കിയ ചന്ദ്രശേഖർ ആസാദ്, ചെറുകിട പാർട്ടികളെ ഒരുമിച്ചുകൂട്ടി വേറൊരു സഖ്യവും ഉണ്ടാക്കി. ബിഎസ്പി വോട്ടുകൾ പിളർത്താനായി കോൺഗ്രസാണ് ആസാദിനെ പുതിയ പാർട്ടി രൂപീകരിക്കാൻ സഹായിച്ചതെന്നു നേതാക്കൾ ആരോപിക്കുന്നു. പക്ഷേ, ബിഹാറിൽ ബിഎസ്പിക്കു കാര്യമായ വേരോട്ടമില്ലെന്നതാണു യാഥാർഥ്യം.

ബിജെപിയുമായുള്ള മായാവതിയുടെ ഇപ്പോഴത്തെ അടുപ്പം 2022 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പുവരെ നീളുമോയെന്നതാണു പ്രധാന ചോദ്യം. ഒന്നര വർഷം പിന്നിടുമ്പോഴേക്കും മായാവതി അധികാരത്തിൽനിന്നു പുറത്തായിട്ട് ഒരു ദശകമാകും. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ തന്റെ പ്രസക്തി നിലനിർത്താനുള്ള പുതിയൊരു യുദ്ധതന്ത്രമാവും അപ്പോൾ മായാവതി പ്രയോഗിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA