അവയവദാനം: ഇനി വേണ്ടത് സുതാര്യത, നിരീക്ഷണം

organ
SHARE

അവയവദാനത്തിൽ നമുക്ക് ചൂണ്ടിക്കാട്ടാൻ നല്ല മാതൃകകൾ ഏറെയുണ്ട്. പക്ഷേ, പണം മാത്രം ലക്ഷ്യമിട്ട് അവയവക്കച്ചവട മാഫിയ പലയിടത്തും പിടിമുറുക്കിയിരിക്കുന്നു. തട്ടിപ്പ് തടയാൻ, അവയവദാനം ശക്തിപ്പെടുത്താൻ എന്തൊക്കെ ചെയ്യാനാകും? ഈ രംഗത്തെ അടുത്തറിഞ്ഞവരുടെ വാക്കുകളിലൂടെ...

2 മാസത്തിനുള്ളിൽ സൊസൈറ്റി
കെ.കെ.ശൈലജ, ആരോഗ്യമന്ത്രി
∙ സംസ്ഥാനത്ത് അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും സർക്കാർ നിയന്ത്രണത്തിലാക്കുന്നതിനു രൂപീകരിക്കുന്ന സൊസൈറ്റി ‘സ്റ്റേറ്റ് ഓർഗൻ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ’ 2 മാസത്തിനുള്ളിൽ നിലവിൽ വരും.
∙ ആയുസ്സു നീട്ടിക്കിട്ടാൻ അവയവം കാത്തിരിക്കുന്ന നിർധനർക്കു മുൻഗണന നൽകും. സൊസൈറ്റിക്ക് ഗവേണിങ് ബോഡിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഉണ്ടാകും. അവയവദാനത്തിന്റെ സന്ദേശം സമൂഹത്തിൽ എത്തിക്കാൻ വ്യാപക ബോധവൽക്കരണം നടത്തും.
∙ അവയവദാനം മഹത്തരമാണ്. അതു സ്വമേധയാ ചെയ്യേണ്ടതാണ്. അതിന് എല്ലാവരും തയാറാകണമെന്ന പ്രേരണയാണു സർക്കാർ നൽകുന്നത്. എന്നാൽ അവയവക്കച്ചവടം ക്രിമിനൽ കുറ്റമാണ്. അതിനെതിരെ കർശന നടപടി സ്വീകരിക്കും.

മസ്തിഷ്കമരണങ്ങൾ സർക്കാർ അറിയണം
ഡോ. ജോസ് ചാക്കോ പെരിയപ്പുറം
(ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ)

∙ സംസ്ഥാനത്തെ എല്ലാ മസ്തിഷ്കമരണങ്ങളും ‘മൃതസഞ്ജീവനി’യിൽ‌ റജിസ്റ്റർ ചെയ്ത് അവയവങ്ങൾ ദാനം ചെയ്യണമെന്ന നിയമം കൊണ്ടുവരണം. താൽപര്യമില്ലാത്തവർക്ക് ‘ഓപ്റ്റ് ഔട്ട്’ സൗകര്യം നൽകാം. ചില രാജ്യങ്ങളിൽ ഈ രീതിയുണ്ട്.
∙ അവയവദാനത്തിനു സന്നദ്ധരാകുന്നവർക്ക് ‘ഡോണർ കാർഡ്’ നൽകാം. അപകടത്തിൽ മരിച്ചത് അവയവദാന സന്നദ്ധത അറിയിച്ച ആളാണോ എന്ന് ഇതിലൂടെ മനസ്സിലാക്കാം. അവയവങ്ങൾ ആരിൽ വച്ചുപിടിപ്പിക്കുന്നു എന്നതുൾപ്പെടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം.
∙ സർക്കാർ മെഡിക്കൽ കോളജുകളുടെ നിലവാരമുയർത്തി കൂടുതൽ അവയവമാറ്റ ശസ്ത്രക്രിയകൾ സാധ്യമാക്കണം.

സമൂഹമാധ്യമങ്ങളിലെ ഓർഗൻ ‘ഷെയറിങ് ’
ഡോ. ഏബ്രഹാം വർഗീസ്
(സംസ്ഥാന പ്രസിഡന്റ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ)

∙ ‘മരിച്ചയാളുടെ വൃക്ക ലഭ്യമാണ്. ഈ വിവരം ആവശ്യക്കാരനു ഫോർവേഡ് ചെയ്യണം’ എന്ന മട്ടിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ കറങ്ങിനടക്കുന്നു. അവയവദാനത്തിനു കൃത്യമായ നടപടിക്രമങ്ങളുണ്ടെന്ന് ഇത് അയയ്ക്കുന്നവർ ചിന്തിക്കുന്നില്ല.
∙ അവയവദാന രംഗത്തു സർക്കാർ നടപ്പാക്കുന്ന കാര്യങ്ങൾക്കു നിയമത്തിന്റെ പിൻബലം വേണം. നിർഭാഗ്യവശാൽ ‘മൃതസഞ്ജീവനി’ക്കു നിയമസാധുത ഉണ്ടായിരുന്നില്ല.
∙ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിൽ കാലതാമസമുണ്ടാകരുത്. സർക്കാർ നിർദേശിച്ച പാനലിലെ ഡോക്ടർമാരുടെ ലഭ്യതക്കുറവു മൂലം ഈ തീരുമാനം വൈകാറുണ്ട്. അത് അവയവ കൈമാറ്റവും വൈകിപ്പിക്കും.

അവയവക്കച്ചവടം പാപം; ഉയിരെടുക്കുംപോലെ
സലിംകുമാർ (നടൻ)
ഉയിരെടുക്കുന്നതു പോലൊരു പാപമില്ല; ഉയിരു നൽകുന്നതുപോലൊരു പുണ്യവും. എന്നാൽ ഉയിരു നൽക‍ുന്നതിന്റെ പേരിൽ അവയവം ഒരാളോടു വിലപേശി വാങ്ങി മറിച്ചുവിറ്റു ലാഭം കൊയ്യുന്ന ഇടനിലക്കാർ ഓർക്കുക, ഉയിരെടുക്കുന്നതിനു തുല്യമായ പാപമാണത്. കടത്തിൽ മുങ്ങി നിസ്സഹായരായി നിൽക്കുന്ന മനുഷ്യരിൽ നിന്നെടുത്തു നടത്തുന്ന കച്ചവടമല്ല അവയവദാനമെന്നു സർക്കാർ ഉറപ്പുവരുത്തണം. അതേസമയം, അവയവം രോഗാതുരമായി മരണം മുന്നിൽ കാണുന്നവനു ജീവിതം നൽകുന്ന പുണ്യം തുടരുകയും വേണം. മൃതസഞ്ജീവനി പോലുള്ള പദ്ധതികൾ ശക്തിപ്പെടട്ടെ. ഉറ്റവർക്ക് അവയവം നൽകി ജീവിതത്തിലേക്കു കൈപിടിക്കാൻ എല്ലാവരും മത്സരിക്കട്ടെ. അവയവദാനത്തിന്റെ നല്ല സന്ദേശങ്ങൾ എല്ലായിടത്തുമുണ്ടാകട്ടെ. ഇക്കാര്യത്തിൽ തെറ്റായ സന്ദേശങ്ങൾ നൽകിയ സിനിമകൾ മലയാളത്തിലുമുണ്ടായി എന്നതു ഖേദകരം.
(2015ൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുണ്ട് സലിംകുമാർ)

ആശങ്കകൾ ദൂരീകരിക്കും; ചൂഷണം തടയും
ഡോ. നോബിൾ ഗ്രേഷ്യസ്
(നോഡൽ ഓഫിസർ, മൃതസഞ്ജീവനി പദ്ധതി)

∙ സംസ്ഥാനത്തു മരണാനന്തര അവയവദാനവും ജീവിച്ചിരിക്കുന്നവരിൽനിന്നുള്ള അവയവദാനവും ഒരു കുടക്കീഴിലാക്കുന്നതിനു സൊസൈറ്റി രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം ഇന്ത്യയിലെതന്നെ ആദ്യത്തെ ചുവടുവയ്‌പാണ്. അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികൾക്ക് അംഗീകാരം നൽകൽ, സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയകളുടെ ചെലവു നിരീക്ഷിക്കൽ, അവയവദാതാക്കളുടെയും സ്വീകർത്താക്കളുടെയും ആരോഗ്യ പരിരക്ഷ എന്നിവ സൊസൈറ്റിക്കു കീഴിൽ വരും.
∙ പുതിയ സംവിധാനം അവയവദാനത്തിൽ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാനും സഹായിക്കും. എല്ലാ കാര്യത്തിലും സർക്കാരിന്റെ പൂർണ മേൽനോട്ടമുണ്ടാകും.

പാവപ്പെട്ടവർക്ക് താങ്ങായി മൃതസഞ്ജീവനി
ബാബുരാജ് മുറ്റോളി
(സംസ്ഥാന പ്രസിഡന്റ്, ആശ്രയ കിഡ്നി പേഷ്യന്റ്സ് അസോസിയേഷൻ)

∙ ‘മൃതസഞ്ജീവനി’യിലൂടെയുള്ള അവയവദാനം ഉപകാരപ്പെടുന്നതു ദാതാക്കളെ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന പാവപ്പെട്ട രോഗികൾക്കാണ്. ഈ സംവിധാനം കാര്യക്ഷമമായി മുന്നേറിയാൽ അവയവക്കച്ചവട മാഫിയ തകരും.
∙ മസ്തിഷ്കമരണാനന്തര അവയവദാനത്തെപ്പറ്റി സമൂഹത്തിൽ തെറ്റിദ്ധാരണകൾ പടരുന്നുണ്ട്. ജനങ്ങളെ ബോധവൽക്കരിക്കാനും മൃതസഞ്ജീവനി പദ്ധതിയിലൂടെ സാധിക്കണം.

സ്വന്തം അവയവം ദാനം ചെയ്തു മാതൃക കാണിച്ചവർക്ക് പറയാനുള്ളത്...

വേണം, മൃതസഞ്ജീവനി ഇൻഷുറൻസ്
ഫാ. ഡേവിസ് ചിറമ്മൽ
(ചെയർമാൻ, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ)

∙ ‘മൃതസഞ്ജീവനി’യെക്കുറിച്ചുള്ള ആരോപണങ്ങളെ പ്രതിരോധിക്കാൻ സർക്കാരിനു സാധിക്കാതിരുന്നതാണു മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ നൽകുന്നതിൽനിന്നു ബന്ധുക്കൾ പിന്നോട്ടു പോകാൻ കാരണം. വിശ്വാസ്യതയുള്ള സാമൂഹികപ്രവർത്തകരെയും സംഘടനാപ്രതിനിധികളെയും ‘മൃതസഞ്ജീവനി’ ഉപദേശകസമിതിയിൽ ഉൾപ്പെടുത്തണം.
∙ അവയവദാനം നടത്തുന്നവരുടെ കുടുംബങ്ങൾക്കായി ‘മൃതസഞ്ജീവനി ഇൻഷുറൻസ്’ ഏർപ്പെടുത്തണം. ഓസ്ട്രേലിയയിലും യുഎസിലും അവർക്കു പ്രത്യേക പദവിയും ആനുകൂല്യങ്ങളുമുണ്ട്.
∙ വൃക്കയോ കരളോ തകരാറിലായവർക്ക് ബന്ധുക്കൾ അവയവങ്ങൾ നൽകുകയാണ് ഏറ്റവും എളുപ്പത്തിലുള്ള പരിഹാരം. അതിനുള്ള ക്യാംപെയ്ൻ വേണം.

സർക്കാർ തുടങ്ങണം, ട്രാൻസ്പ്ലാന്റ് സെന്റർ
ഉമ പ്രേമൻ
(ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ സാരഥി)

∙ അവയവം ‘മൃതസഞ്ജീവനി’യിലൂടെ ലഭിച്ചാലും സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയയ്ക്കു ലക്ഷങ്ങളാണ് ഈടാക്കുന്നത്. നിർധനർക്ക് ഇതു താങ്ങാനാകില്ല. വൻ ചികിത്സച്ചെലവു വഹിക്കാൻ കഴിയുന്നവർക്കു മാത്രമേ അവയവം മാറ്റിവയ്ക്കാൻ സാധിക്കുന്നുള്ളൂ.
∙ ‘മൃതസഞ്ജീവനി’യിലൂടെയുള്ള അവയവമാറ്റ ശസ്ത്രക്രിയകളെല്ലാം സർക്കാർ സൗജന്യമാക്കണം. ഇതിനായി പ്രത്യേക ട്രാൻസ്പ്ലാന്റ് സെന്ററുകൾ സ്ഥാപിക്കണം. കാരുണ്യ പദ്ധതിയിലൂടെയുള്ള തുക ഇതിനായി ഉപയോഗിക്കാം. ഇങ്ങനെ സുതാര്യത ഉറപ്പാക്കിയാൽ കൂടുതൽ ആളുകൾ അവയവദാനത്തിനു തയാറാകും.

ക്രോസ് ഡൊണേഷൻ പ്രോത്സാഹിപ്പിക്കണം
ബെന്നി കുന്നേൽ
(ചെയർമാൻ, ഓർഗൻ ഡോണേഴ്സ് അസോസിയേഷൻ)

∙ കേരളത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അവയവദാന രംഗത്തു വിപ്ലവം സൃഷ്ടിച്ച ക്രോസ് ഡൊണേഷൻ രീതി സർക്കാർ ഏറ്റെടുക്കണം. ചേർച്ചയുള്ള അവയവം ബന്ധുക്കളിൽനിന്നു ലഭിക്കാതെ വന്നാൽ മറ്റൊരു രോഗിയുടെ ബന്ധുവിന്റെ അവയവം സ്വീകരിക്കുകയും പകരം ആദ്യരോഗിയുടെ ബന്ധു അവയവം നൽകുകയും ചെയ്യുന്നതാണിത്.
∙ മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനത്തിനു സമ്മതിച്ച ബന്ധുക്കൾ അവയവക്കച്ചവടം നടത്തിയെന്ന ആക്ഷേപത്തിന് ഇരയാകുന്നുണ്ട്. ഇവരെ ആക്ഷേപിക്കുകയല്ല, സർക്കാരിന്റെ നേതൃത്വത്തിൽ സമ്മേളനം നടത്തി ആദരിക്കുകയാണു വേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA