കോവിഡ് അനന്തര ആരോഗ്യജാഗ്രത

HIGHLIGHTS
  • 'പോസ്റ്റ് കോവിഡ് സിൻഡ്രോം' ഗൗരവശ്രദ്ധ ആവശ്യപ്പെടുന്നു
teach-these-things-to-children-during-covid
Image Credits : R Kristoffersen / Shutterstock.com
SHARE

കോവിഡ് വന്നുപോയവരിൽ ചിലർക്കെങ്കിലും തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഉയർത്തുന്ന ആശങ്കകൾ അതീവ ഗൗരവമുള്ളതാണ്. കോവിഡ് ബാധിതരുടെ ചികിത്സയിലും പരിചരണത്തിലും ശ്രദ്ധയൂന്നുന്ന നമ്മുടെ ആരോഗ്യസംവിധാനങ്ങൾ ‘പോസ്റ്റ് കോവിഡ് സിൻഡ്രോം’ ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങൾ വേണ്ടരീതിയിൽ കാണുന്നുണ്ടോ എന്നതാണു സംശയം. 

കോവിഡ് മുക്തരിൽ കുറച്ചുപേർക്കെങ്കിലും  പക്ഷാഘാതം, അപസ്മാരം, പാർക്കിൻസൺസ്, അൽസ്ഹൈമേഴ്സ് തുടങ്ങിയവയുൾപ്പെടെ പല രോഗങ്ങളും വരാൻ സാധ്യതയുണ്ടെന്ന് യുഎസിലെ മേയോ ക്ലിനിക്കിന്റെയും ലോകാരോഗ്യ സംഘടനയുടെയും പഠനങ്ങൾ നേരത്തേതന്നെ കണ്ടെത്തിയിരുന്നു. കുട്ടികളിലും ചെറുപ്പക്കാരിലും പോലും നീണ്ടുനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്കു കോവിഡ് കാരണമായേക്കാമെന്നു സംസ്ഥാന ആരോഗ്യവകുപ്പും പറയുന്നുണ്ട്. കോവിഡ് മുക്തരായതിനുശേഷം പഴയ ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്ത ചിലരെങ്കിലുമുണ്ട്. 

കോവിഡ് വിവിധ അവയവങ്ങളെ ബാധിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ വ്യത്യസ്തമാണെന്നതിനാൽ, പോസ്റ്റ് കോവിഡ് സിൻഡ്രോം ഏറെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ, കോവിഡ് മുക്തരും അറിയാതെതന്നെ കോവിഡ് വന്നുപോയിട്ടുണ്ടാകാവുന്നവരും  തുടർചികിത്സ തേടേണ്ടിവരുമെന്നും അവർ മുന്നറിയിപ്പു തരുന്നുണ്ട്. താൻപോലും അറിയാതെ തനിക്കു കോവിഡ് ബാധിച്ചിരുന്നുവെന്നറിയാൻ ഹൃദയാഘാതത്തിന്റെ വക്കത്തുവരെയെത്തേണ്ടിവന്ന അനുഭവം ഇന്നലെ ‘മലയാള മനോരമ’യിൽ ഡോ. എസ്.എസ്.സന്തോഷ് കുമാർ എഴുതുകയുണ്ടായി. നേരത്തേ എന്തെങ്കിലും അസുഖമുണ്ടെങ്കിൽ അതു മൂർഛിക്കാൻ കോവിഡ് കാരണമായേക്കാം. കോവിഡ് വന്നുപോയ നാൽപതു വയസ്സു കഴിഞ്ഞവർ മറ്റു രോഗങ്ങളില്ലെങ്കിൽപോലും തുടർപരിശോധനകൾ നടത്തുകയും ആവശ്യമായ മരുന്നുകൾ കഴിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറയുന്നുണ്ട്. 

കോവിഡ് മുക്തി നേടിയവർക്കുള്ള മാർഗരേഖ സെപ്റ്റംബറിൽതന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിരുന്നു. ആശുപത്രി വിട്ടശേഷവും തളർച്ച, ശരീരവേദന, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾ പലരിലും കാണുന്നുണ്ട്. കോവിഡ് ഗുരുതരമായി ബാധിച്ചവരിലും മറ്റു രോഗങ്ങൾ നേരത്തേയുള്ളവരിലും പൂർണമുക്തിക്കു സമയമെടുക്കും. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്നും മുക്തി നേടിയാലും മാസ്ക്, അകലം തുടങ്ങിയവ തുടരണമെന്നും മാർഗരേഖയിൽ പറയുന്നു. 

പ്രായമേറിയവരിൽ കോവിഡ് സൃഷ്ടിക്കുന്ന മാനസികാഘാതം വളരെ കൂടുതലാണെന്നതു ഗൗരവമുള്ള മറ്റൊരു കാര്യമാണ്. സാമൂഹിക ഇടപെടലുകൾ കുറയുന്നതും പുറത്തേക്ക് ഇറങ്ങാൻ കഴിയാത്തതും അവരിൽ കടുത്ത മാനസിക പ്രശ്നങ്ങൾക്കു കാരണമാകുന്നു. കോവിഡ് മൂലം മാനസിക സമ്മർദം അനുഭവിക്കുന്നവർക്കു ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനു കേന്ദ്ര ആരോഗ്യ മന്ത്രാലയം മറ്റൊരു മാർഗരേഖ ഈയിടെ പുറത്തിറക്കുകയുണ്ടായി.

 കോവിഡ്‌ ഭേദമായവർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ചികിത്സിക്കുന്നതിനായി സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ തുറന്നിട്ടുണ്ട്. കോവിഡ് മുക്തരായവരിൽ ചിലർക്കു ലോങ് കോവിഡ്, പോസ്റ്റ് കോവിഡ് സിൻഡ്രോം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു വിദഗ്ധസമിതി സർക്കാരിനെ സെപ്റ്റംബർ അവസാനത്തോടെതന്നെ അറിയിച്ചിരുന്നു. കുടുംബാരോഗ്യ, പ്രാഥമികാരോഗ്യ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ തുറന്നത്. റഫറൽ ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്.

പോസ്റ്റ് കോവിഡ് സിൻഡ്രോം ഗുരുതരപ്രശ്നമായിക്കണ്ട്,  മുക്തി നേടിയവരും കോവിഡ് വന്നിരിക്കാൻ സാധ്യതയുള്ളവരും ഈ കേന്ദ്രങ്ങളിലെത്തി ഡോക്ടർമാരുടെ ഉപദേശത്തോടെ തുടർചികിത്സയ്ക്കു വിധേയരാകേണ്ടതുണ്ട്.  ഇപ്പോൾ വ്യാഴാഴ്ചകളിൽ പകൽ 12 മുതൽ രണ്ടു മണിക്കൂർ മാത്രമാണു പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവർത്തനമെന്നത് ഒട്ടും പര്യാപ്തമല്ല. ഏറെപ്പേർക്കു കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുമെന്നതു തിരിച്ചറിഞ്ഞ് എല്ലാ ദിവസവും, കഴിയുന്നത്രനേരം ഈ ക്ലിനിക്കുകൾ പ്രവർത്തിക്കേണ്ടതുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA