കോവിഡിനെതിരെ സിക്സറടിച്ച്...

HIGHLIGHTS
  • സംഘാടന മികവിന്റെ ഐപിഎൽ മേള
ipl-cup
SHARE

ശുഭപര്യവസായിയായൊരു  അറേബ്യൻ കഥ പോലെ ക്രിക്കറ്റിന്റെ മഹാമേളയ്ക്ക് യുഎഇയിൽ കൊടിയിറങ്ങി. നിലവിലുള്ള ജേതാക്കളായ മുംബൈ ഇന്ത്യൻസ് അഞ്ചാം തവണയും കിരീടമുയർത്തി സമഗ്രാധിപത്യത്തിന്റെ പുതുചരിത്രം രചിച്ചു.  രാജ്യത്തിന്റെ കായിക കലണ്ടറിലെ ഏറ്റവും വലിയ ആഘോഷമായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 13–ാം എഡിഷൻ വിജയകരമായി പൂർത്തിയാകുമ്പോൾ, ഇന്ത്യയുടെ സംഘാടന മികവിനെ പ്രകീർത്തിച്ചു കരഘോഷം മുഴക്കുകയാണു കായികലോകം . കോവിഡ് മഹാമാരിയുടെ ദുരിതകാലവും പ്രതിസന്ധികളും തൊടുത്തുവിട്ട ബൗൺസറുകളെ വിജയത്തിന്റെ സിക്സറുകളായി പറത്തിവിട്ട ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്(ബിസിസിഐ) ഇക്കാര്യത്തിൽ എല്ലാ അഭിനന്ദനവും അർഹിക്കുന്നു. കഴിഞ്ഞ വേനലിൽ സംഘടിപ്പിക്കാനിരുന്ന ടൂർണമെന്റ് കോവിഡിന്റെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കേണ്ടിവന്നിട്ടും പ്രത്യാശ കൈവിടാതെ ബിസിസിഐ നടത്തിയ നീക്കങ്ങളാണ് ഈ വിജയത്തിന്റെ അടിസ്ഥാനം.

ടൂർണമെന്റിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ഇന്ത്യയിലെ എട്ടു നഗരങ്ങളിലും കോവിഡ് വ്യാപനം തുടരുന്നതിനാൽ ഐപിഎൽ ഒന്നടങ്കം യുഎഇയിലേക്കു പറിച്ചുനടുകയെന്ന തീരുമാനം നിർണായകമായിരുന്നു  . ഇക്കാര്യത്തിൽ ബിസിസിഐയോടു പൂർണമായി സഹകരിച്ച യുഎഇ ക്രിക്കറ്റ് അധികൃതരുടെ വിശാലമനസ്കതയും അഭിനനന്ദനാർഹമാണ്. ദുബായ്, അബുദാബി, ഷാർജ എന്നീ നഗരങ്ങളിൽ മാത്രമായി ഐപിഎലിലെ മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന അതിസങ്കീർണ ദൗത്യം പരാതികൾക്ക് ഇടം നൽകാതെയാണു പൂർത്തിയാക്കിയത്. പ്രസിഡന്റ് സൗരവ് ഗാംഗുലി അടക്കമുള്ള ബിസിസിഐ അധികൃതർ ഓരോ വേദിയിലും മത്സരനടത്തിപ്പിനു നേതൃത്വം നൽകി. 

ടൂർണമെന്റിനിടെ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ നടപ്പാക്കിയ ജൈവസുരക്ഷാ കുമിള (ബയോ സെക്യുർ ബബ്ൾ) സംവിധാനത്തിന്റെ മേൻമയും ലോകത്തിനു മാതൃകയാണ്.  ഐപിഎലിനു തൊട്ടുമുൻപു ചെന്നൈയിൽ നടത്തിയ പരിശീലന ക്യാംപിൽ ചെന്നൈ സൂപ്പർ കിങ്സ് സംഘത്തിലെ ഏതാനും പേർക്കു കോവിഡ് ബാധിച്ചതു വെല്ലവിളിയുയർത്തിയിരുന്നു. ഈ പ്രശ്നവും അതിജീവിക്കാൻ സംഘാടകർക്കു കഴിഞ്ഞു. കോവിഡ് ബാധിതനായശേഷം ടീമിൽ തിരിച്ചെത്തിയ ചെന്നൈ താരം ഋതുരാജ് ഗെയ്ക്‌വാദ് പിന്നീടു മിന്നുന്ന പ്രകടനം നടത്തിയതു ആരാധകർ കയ്യടികളോടെയാണു  സ്വീകരിച്ചത്. ഐപിഎലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസണുകളിലൊന്നായിരുന്നു ഇതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി കാണികൾക്കു പ്രവേശനം നൽകാതിരുന്നതിനാൽ, ആർപ്പുവിളികളും ആരവങ്ങളും മുഴങ്ങാത്ത മൈതാനങ്ങളിലാണ് ആവേശോജ്വലമായ മത്സരങ്ങൾ നടന്നതെന്നതും സവിശേഷതയാണ്. 

ഇന്നലെ രാത്രി നടന്ന ഫൈനലിൽ അതിഗംഭീര പ്രകടനത്തിലൂടെ ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടൂർണമെന്റിലുടനീളം പ്രകടിപ്പിച്ച സംഘബോധവും ആക്രമണോത്സുകതയും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. എട്ടു ടീമുകളും ടൂർണമെന്റിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ മികച്ച കളി പുറത്തെടുത്തതോടെ ആവേശം അവസാന ലീഗ് മത്സരം വരെ നീണ്ടു. റൺവേട്ടയിൽ മുന്നിലെത്തിയ പഞ്ചാബ് നായകൻ കെ.എൽ. രാഹു‍ൽ, ഡൽഹി ഓപ്പണർ ശിഖർ ധവാൻ, വിക്കറ്റ് നേടുന്നതിൽ മത്സരിച്ച ഡൽഹി പേസർ കഗീസോ റബാദ, മുംബൈ താരം ജസ്പ്രീത് ബുമ്ര, ഒറ്റ ഓവറിലെ വിസ്ഫോടനം കൊണ്ട് സൂപ്പർ ഹീറോ പരിവേഷം നേടിയ രാജസ്ഥാൻ ഓൾറൗണ്ടർ രാഹുൽ തെവാത്തിയ തുടങ്ങിയവരൊക്കെ ആരാധകർക്കു സമ്മാനിച്ചത് അവിസ്മരണീയ മൂഹൂർത്തങ്ങളാണ്.  ഹൈദരാബാദ് പേസർ ടി. നടരാജനും  കൊൽക്കത്ത സ്പിന്നർ വരുൺ ചക്രവർത്തിയും ഈ ഐപിഎലിന്റെ കണ്ടെത്തലുകളായി . ഉജ്വല പ്രകടനത്തിലൂടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ സഞ്ജു സാംസൺ ഒരിക്കൽക്കൂടി ഐപിഎലിൽ മലയാളികളുടെ അഭിമാനതാരമാവുകയും ചെയ്തു. ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ ടീം ഇന്ത്യയുടെ പടിവാതിൽക്കലെത്തി നിൽക്കുകയുമാണ്.

ഐപിഎൽ കൊടിയിറങ്ങിയെങ്കിലും ക്രിക്കറ്റിന്റെ ആവേശം അവസാനിക്കുന്നില്ല. ഓസ്ട്രേലിയയുമായുള്ള പര്യടനത്തിന് ടീം ഇന്ത്യ യാത്ര തിരിക്കുകയാണ്. 4 ടെസ്റ്റുകളും മൂന്നു വീതം ഏകദിന, ട്വന്റി20 മത്സരങ്ങളുമടങ്ങുന്ന പര്യടനം ഈ മാസം അവസാനം ആരംഭിക്കും. ക്രിക്കറ്റ് പ്രേമികളേ, ഓവർ ടു ഓസ്ട്രേലിയ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA