ADVERTISEMENT

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടത്തിനൊടുവിൽ നേരിയ ഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം നിലനിർത്തുമ്പോൾ എക്കാലത്തും പ്രസക്തമായ ചില രാഷ്ട്രീയ പാഠങ്ങൾ ബാക്കിയാവുന്നു. 

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്ത അഗ്നിപരീക്ഷയെയാണു മുഖ്യമന്ത്രി നിതീഷ്കുമാർ അതിജീവിച്ചത്. സ്വന്തം പാർട്ടിയായ ജെഡിയുവിനു സീറ്റുകൾ കുറഞ്ഞിട്ടുപോലും ബിജെപിയുടെ മികച്ച പ്രകടനത്തിലൂടെ സഖ്യം കേവലഭൂരിപക്ഷം നേടുകയായിരുന്നു. നിതീഷിന്റെ പ്രതിച്ഛായ മങ്ങുന്നതായി കണ്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രചാരണം ഏറ്റെടുത്തത് എൻഡിഎയെ തുണച്ചു. ജെഡിയുവിനെക്കാൾ കൂടുതൽ സീറ്റ് നേടിയെങ്കിലും നിതീഷ്കുമാർ തന്നെയാണു മുഖ്യമന്ത്രിയെന്നു ബിജെപി വ്യക്തമാക്കിയത് മഹാരാഷ്ട്രയിൽ സമാന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാതിരുന്നപ്പോൾ ശിവസേന മറുകണ്ടം ചാടി കോൺഗ്രസും എൻസിപിയുമൊത്തു സർക്കാരുണ്ടാക്കിയ അനുഭവംകൊണ്ടുതന്നെയാവണം. എന്നാൽ, ബിഹാർ രാഷ്ട്രീയത്തിലും സഖ്യത്തിലും നിതീഷ് തുടർന്നുവന്ന മേൽക്കോയ്മ ഇനി വിലപ്പോകുമോ എന്നതു കണ്ടറിയേണ്ട കാര്യം.

PTI05-11-2020_000131B
തേജസ്വി യാദവ് തിരഞ്ഞെടുപ്പു റാലിയിൽ. (ഫയൽ ചിത്രം: പിടിഐ)

മുപ്പത്തൊന്നുകാരനായ തേജസ്വി യാദവ് ചെറുകാലത്തിനുള്ളിൽ ബിഹാറിലെ അവഗണിക്കാനാകാത്ത നേതാവായി വളർന്ന അദ്ഭുതവും ഈ തിരഞ്ഞെടുപ്പിൽ കണ്ടു. 10 ലക്ഷം സർക്കാർ ജോലികൾ വാഗ്ദാനം ചെയ്തും ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ പാ‍ർട്ടിയെ പുനരുജ്ജീവിപ്പിച്ചും തേജസ്വി പ്രചാരണത്തിൽ നവോർജം കൊണ്ടുവന്നു. മഹാസഖ്യത്തിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) ഉജ്വലമുന്നേറ്റം നടത്തി 75 സീറ്റുമായി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിനു കിട്ടിയതു വെറും 19 സീറ്റ് മാത്രം. മഹാസഖ്യത്തിന്റെ വിജയസാധ്യതകൾ തകർത്തത് കോൺഗ്രസിന്റെ മങ്ങിയ പ്രകടനമാണ്.

ബിഹാറിലും  മറ്റു സംസ്ഥാനങ്ങളിലെ  മിക്ക ഉപതിരഞ്ഞെടുപ്പുകളിലും അടിതെറ്റി വീണതോടെ ദേശീയ രാഷ്ട്രീയക്കളത്തിൽ തലകുനിച്ചുനിൽക്കുകയാണ് കോൺഗ്രസ്. പ്രാദേശിക കക്ഷികൾക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ പ്രസക്തി നിലനിർത്തുക എന്ന വെല്ലുവിളി കോൺഗ്രസിനു മുന്നിൽ കൂടുതൽ ശക്തമാകുന്നു. ജനമനസ്സറിയാത്ത, ദുർബലമായ സംഘടനാ സംവിധാനവും പ്രചാരണരീതികളും കൊണ്ടാണ് ആ പാർട്ടി ബിഹാറിലടക്കം മങ്ങിപ്പോയത്. ബിഹാറിൽ സിപിഐ (എംഎൽ) ലിബറേഷൻ, സിപിഐ, സിപിഎം എന്നിവ മത്സരിച്ചതിൽ പകുതിയിലേറെ സീറ്റുകളിൽ ജയിച്ചതും ശ്രദ്ധേയമായി. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപിയിലേക്കു ചുവടുമാറിയ ജ്യോതിരാദിത്യ സിന്ധ്യയെ പാഠം പഠിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പു കളത്തിലിറങ്ങിയ മുൻ മുഖ്യമന്ത്രി കമൽനാഥ് നേരിട്ടതാവട്ടെ രാഷ്ട്രീയ ജീവിതത്തിലെ കനത്ത തോൽവികളിലൊന്നാണ്. 

PTI01-11-2020_000075B
ചിരാഗ് പാസ്വാൻ തിരഞ്ഞെടുപ്പു റാലിയിൽ. (ഫയൽ ചിത്രം: പിടിഐ)

  ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് സങ്കീർണ രാഷ്ട്രീയ തന്ത്രങ്ങളുടെ പ്രയോഗശാല കൂടിയായി. ഒപ്പമുള്ള സഖ്യകക്ഷികളെ ദുർബലമാക്കി മുന്നണിയിൽ ഒന്നാമതെത്താനുള്ള തന്ത്രങ്ങളും അവിടെ പ്രയോഗിക്കപ്പെടുന്നതു കണ്ടു. എൻഡിഎയുടെ ഭാഗമായിരുന്ന ലോക് ജനശക്‌തി പാർട്ടി (എൽജെപി) മുന്നണിവിട്ടു തനിച്ചു മത്സരിച്ച് ജെഡിയുവിനെ തകർക്കാൻ നടത്തിയ ശ്രമത്തിനും ബിഹാർ വോട്ടർമാർ സാക്ഷിയായി. മുന്നണിയിലെ രണ്ടാം കക്ഷിയായിരുന്ന ബിജെപിയെ ഒഴിവാക്കി ജെഡിയുവിനെ മാത്രം നേരിട്ട ചിരാഗ് പാസ്വാന്റെ രാഷ്ട്രീയക്കളിയിൽ ബിജെപി ഒന്നാം കക്ഷിയും ജെഡിയു രണ്ടാം കക്ഷിയുമായി മാറി.

ഭരണവിരുദ്ധ വികാരം പോലെ ഏതെങ്കിലുമൊരു ഘടകത്തെ മാത്രം ആശ്രയിച്ച് വിജയം ഉറപ്പിക്കാനാകില്ലെന്നു ബിഹാർ തെളിയിച്ചു; തിരഞ്ഞെടുപ്പു സംഘാടനമികവും നേതൃപ്രഭയും പ്രധാനമാണെന്നും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com