ADVERTISEMENT

ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കുന്ന സിനിമകൾക്കും പരിപാടികൾക്കുമൊപ്പം ഓൺലൈൻ വാർത്താ പോർട്ടലുകളെയും വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിൽ കൊണ്ടുവരാനുള്ള നീക്കം ഒരേ സമയം ലജ്ജാകരവും ഹീനവുമാണ്.

രണ്ടു കാരണങ്ങളാ‍ൽ അതു ലജ്ജാകരമാണ്:

1. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരായ നഗ്നമായ കയ്യേറ്റമാണിത്. പ്രത്യേകിച്ച്, അധികാരകേന്ദ്രങ്ങളോടു മുഖാമുഖംനിന്നു സത്യം വിളിച്ചുപറയുന്ന കാര്യത്തിൽ കൂടുതൽ ധീരതയും വ്യക്തതയും ഓൺലൈൻ മാധ്യമങ്ങൾക്കാണെന്നിരിക്കെ.

2. അടിയന്തരാവസ്ഥക്കാലത്തു പത്രസ്വാതന്ത്യ്രത്തിനുമേലുള്ള കടന്നുകയറ്റത്തെ എതിരിട്ട ജയപ്രകാശ് നാരായണൻ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളെന്നു മേനി നടിക്കുന്ന നേതാക്കളുടെ പാർട്ടിയാണ് ഇതു ചെയ്യുന്നത് എന്നതുകൊണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി എന്തു ചെയ്തുവോ അതേ കാര്യം – മാധ്യമങ്ങളെ അധികാരകേന്ദ്രങ്ങളുടെ തടവിലാക്കുക – അവർ ഇന്നു ചെയ്യുന്നു.

പല കാരണങ്ങളാൽ ഇതു ഹീനവുമാണ്:

1. വാർത്താ മാധ്യമങ്ങളെയും, മുൻകൂർ സെൻസർഷിപ്പിനു വിധേയമാകുന്ന ഒരേയൊരു മാധ്യമമായ സിനിമയെയും അത് ഒരുമിച്ചു ചേർത്തുകെട്ടുന്നു. വാർത്താ മാധ്യമങ്ങൾ ഇതുവരെയും ഔദ്യോഗികമായെങ്കിലും മുൻകൂർ സെൻസർഷിപ്പിനു വിധേയമായിട്ടില്ല. അതേസമയം, ഭരണകൂടത്തെ വിമർശിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്താലുണ്ടായേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ചു മാധ്യമ മേഖലയിലുള്ളവർ അങ്ങേയറ്റം ബോധവാന്മാരാണു താനും.

2. മാധ്യമ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ചു സുപ്രീം കോടതിക്കു മുൻപിലുള്ള വിഷയങ്ങളെ ഒറ്റയടിക്ക് ഹൈജാക്ക് ചെയ്ത്, സർക്കാർ നിയന്ത്രണങ്ങളിലൂടെ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള നീക്കമാണിത്. 

വിദ്വേഷ പ്രചാരണത്തെ അഭിപ്രായ സ്വാതന്ത്ര്യമായി കണക്കാക്കണമെന്ന വാദമുന്നയിക്കപ്പെട്ടിരിക്കുന്ന സുദർശൻ ടിവി കേസാണ് ഇപ്പോഴത്തെ വിഷയം. എന്നാൽ, മുഖ്യധാരാ ടിവി ചാനലുകളെയല്ല, ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നാണു സർക്കാർ ആദ്യം കോടതിയോട് ആവശ്യപ്പെട്ടത്. ഒരു ടിവി ചാനൽ വിദ്വേഷം പ്രചരിപ്പിച്ചാൽ അതിനെതിരായ നടപടി മാധ്യമങ്ങളെ മൊത്തത്തിൽ നിയന്ത്രിച്ചു കൊണ്ടാകണമെന്ന കൗശലം ഇവിടെ പ്രയോഗിക്കപ്പെട്ടു. 

3. സ്വയംനിയന്ത്രണമല്ലാത്ത എല്ലാത്തരം നിയന്ത്രണങ്ങളും സെൻഷർഷിപ് തന്നെയാണ്. ഡിജിറ്റൽ മാധ്യമങ്ങളെ മന്ത്രാലയത്തിനു കീഴിൽ കൊണ്ടുവരാൻ സർക്കാർ പറയുന്ന ന്യായങ്ങളിലൊന്ന്, സ്വയം നിയന്ത്രണം സംബന്ധിച്ച് ആ മേഖലയിൽനിന്നുള്ളവർ നൽകിയ നിർദേശങ്ങൾ തൃപ്തികരമായിരുന്നില്ല എന്നതാണ്. (നിർദേശങ്ങൾ നൽകിയ സംഘടനകളുടെ പ്രാതിനിധ്യ സ്വഭാവവും നിർദേശം നൽകാനുള്ള അവരുടെ അവകാശവും തന്നെ ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നതു വേറെ കാര്യം)

4. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതു സംബന്ധിച്ചു സുപ്രീം കോടതിയുടെ മുന്നിലുള്ള പൊതുതാൽപര്യ ഹർജിയെയും സർക്കാർ തീരുമാനം ഹൈജാക്ക് ചെയ്യുന്നു.

ചുരുക്കിപ്പറഞ്ഞാൽ, കോടതികൾക്കു മുൻപിലുള്ള കേസുകളെ മറയാക്കുകയാണു സർക്കാർ. ഭരണകൂടത്തിനോ നിയമനിർമാണ സഭകൾ‌ക്കോ  അസാധുവാക്കാനോ   വക്രീകരിക്കാനോ കഴിയാത്ത ഭരണഘടനയുടെ അടിസ്ഥാന അവകാശങ്ങളാണ് മാധ്യമസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും. അവയെ മായ്ച്ചുകളയുന്നതിൽ കോടതിയെ, ആ ശ്രേഷ്ഠസ്ഥാപനമറിയാതെ, സൂത്രത്തിൽ പങ്കാളിയാക്കുകയാണു സർക്കാർ.

5. വിഭജിച്ചു ഭരിക്കുക എന്ന ദുഷ്ടലാക്കുകൂടിയുണ്ട് ഈ തീരുമാനത്തിനു പിന്നിൽ. നവ ഡിജിറ്റൽ മാധ്യമങ്ങളെയും പത്ര–ദൃശ്യമാധ്യങ്ങളെയും അതു രണ്ടായി വിഭജിക്കുന്നു. പത്രങ്ങൾക്കു പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും ടെലിവിഷനു ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും സ്വയം നിയന്ത്രണത്തിനുള്ള ഏജൻസികളായുണ്ടെന്നും അതുകൊണ്ട് ഓൺലൈൻ മാധ്യമങ്ങൾക്കും അത്തരമൊരു സംവിധാനം വേണമെന്നും അതു സർക്കാർ മന്ത്രാലയം തന്നെയാകണമെന്നുമുള്ള വാദം പരിഹാസ്യമാണ്.

പ്രഫഷനൽ കൂട്ടായ്മകളായ പ്രസ് കൗൺസിൽ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ എന്നിവയും കേന്ദ്രസർക്കാരിനു കീഴിലുള്ള വാർത്താവിനിമയ മന്ത്രാലയവും തമ്മിൽ യാതൊരു താരതമ്യവുമില്ല. ഉദാഹരണത്തിന്, ദൂരദർശന്റെയും ആകാശവാണിയുടെയും കാര്യം തന്നെയെടുക്കുക. പ്രസാർ ഭാരതി എന്ന സ്വയംഭരണാവകാശമുള്ള കോർപറേഷന്റെ കീഴിലുള്ള ഈ രണ്ടു മാധ്യമങ്ങളും എത്രമാത്രം സ്വതന്ത്രമാണെന്നു നമുക്കറിയാമല്ലോ!

കേന്ദ്ര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിനു കീഴിലുള്ള ഡിജിറ്റൽ മാധ്യമങ്ങൾക്കു പരിമിതമായ സാധ്യതകളേ മുന്നോട്ടുള്ളൂ. ആ നിയന്ത്രണം മേഖലയിലെ മാധ്യമപ്രവർത്തകരുടെയും സംരംഭകരുടെയും അന്ത്യവിധിയെഴുതും; ഒപ്പം, സമകാലിക മാധ്യമപ്രവർത്തനത്തിന് ഊർജസ്വലമായ മുഖം നൽകിയ ഒട്ടേറെ സ്റ്റാർട്ടപ്പുകളുടെയും. 

ധീരവും പോരാട്ടസജ്ജവുമായ മാധ്യമപ്രവർത്തനത്തിന്റെ പുതുകാല പ്രതീക്ഷകളെ മുളയിലേ നുള്ളുന്നതിനു തുല്യമാണ് ഈ നീക്കം. നമ്മുടെ ജനാധിപത്യത്തെ അതു ദരിദ്രമാക്കും. സർക്കാരിന്റെ നീക്കം, രാഷ്ട്രീയവും ധാർമികവുമായ അതിന്റെ ജീർണതയുടെ അടിസ്ഥാനത്തിൽ തന്നെ വിലയിരുത്തപ്പെടണം. ഭരണഘടനാവിരുദ്ധവും ഏകാധിപത്യപരവുമെന്ന നിലയിൽ ഇതിനെ നിയമപരമായിത്തന്നെ നേരിടുകയും വേണം.

ഈ നിലയിൽ പോയാൽ അടുത്തഘട്ടം സമൂഹമാധ്യമങ്ങളെ വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിൽ കൊണ്ടുവരാനാകും സർക്കാരിന്റെ ശ്രമമെന്നു ചിന്തിക്കാതിരിക്കാനാകില്ല.

സ്വതന്ത്രമായ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിന് എവിടെയാണ് അവസാനം?

(മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യൻ കോളജ് ഒാഫ് ജേണലിസം ചെയർമാനുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com