ADVERTISEMENT

കടിഞ്ഞാണില്ലാതെ പായുന്ന ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് നിയന്ത്രണം കൊണ്ടുവരേണ്ടത് ആരോഗ്യകരമായ മാധ്യമസംസ്കാരത്തിന് ആവശ്യമാണ്. അവയ്ക്ക് അപരിമിത സ്വാതന്ത്ര്യം വേണമെന്ന വാദം അംഗീകരിക്കാനാവില്ല. നെറ്റ്ഫ്ലിക്സ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളെയും നിയന്ത്രണവിധേയമാക്കിയേ മതിയാവൂ. 

ഇവയെയൊക്കെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനു കീഴിലാക്കുകയാണു സർക്കാർ ചെയ്തത്. ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്ന സിനിമ, വിഡിയോ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം ഓൺലൈൻ വാർത്താ പോർട്ടലുക‌ളെയും നിയന്ത്രിക്കുകയാണു ലക്ഷ്യം. 

ഈ രണ്ടു മേഖലകളെയും ഒരേ മട്ടിൽ വിലയിരുത്തുന്ന സംവിധാനം ആശാസ്യമാണെന്നു പറയാനാവില്ല. ഓൺലൈൻ വാർത്താ പോർട്ടലുകൾക്കായി മന്ത്രാലയത്തിന്റെ നിർദേശാനുസരണം ഒരു സ്വതന്ത്ര ഏജൻസി ഉണ്ടാകുന്നതാകും അഭികാമ്യം. 

1970കളിൽ പത്രങ്ങളിൽ വന്ന ‘ഇന്ദ്രജാൽ കോമിക്സി’ൽപെട്ട മാന്ത്രികനായ മാൻഡ്രേക്ക് എന്ന ചിത്രകഥാ പരമ്പരയിൽ അൽപവസ്ത്രധാരിയായി (നീന്തൽ വേഷത്തിൽ) ഓടിനടന്നിരുന്ന നർദയും (മാൻഡ്രേക്കിന്റെ കാമുകി) മാൻഡ്രേക്കിന്റെ സുഹൃത്ത് ലോതറിന്റെ കാമുകി കർമയും പെട്ടന്നൊരു ദിവസം പൂർണ വസ്ത്രമണിഞ്ഞവരായി. കേന്ദ്രസർക്കാരാണ് ഈ നാണംമറയ്ക്കൽ നിർബന്ധിതമാക്കിയത്.

ഇന്ന് നർദയും കർമയും നീന്തൽവേഷത്തിൽ പ്രത്യക്ഷപ്പെടുന്നതു ശ്രദ്ധിക്കാൻ ഒരു ഭരണകൂടവും മെനക്കെടില്ല. സിനിമകളുടെ സെൻസർഷിപ്പിന്റെ കാര്യത്തിലും ഏതാനും പതിറ്റാണ്ടുകളിലെ മാറ്റം ശ്രദ്ധേയമാണ്. സദാചാരത്തിന്റെ അതിർവരമ്പ് എവിടെയായിരിക്കണം എന്ന കാര്യത്തിൽ സമൂഹത്തിൽ ഒരിക്കലും ഏകാഭിപ്രായം ഉണ്ടാകാനിടയില്ല. എന്നാൽ, എവിടെയെങ്കിലും അതിർവരമ്പ് ഉണ്ടായിരിക്കണമെന്ന കാര്യത്തിൽ ഏറെ ഭിന്നാഭിപ്രായം ഉണ്ടാകാനുമിടയില്ല.

പ്രാദേശിക തലത്തിലോ ദേശീയ തലത്തിലോ ഉള്ള സെൻസർ ബോർഡുകൾ പരിശോധിച്ചിട്ടു മാത്രം സിനിമകൾ പുറത്തിറക്കുന്ന നമ്മുടെ നാട്ടിൽ, ഒരു നിയന്ത്രണവും ഉത്തരവാദിത്തവുമില്ലാതെ ഒടിടി പ്ലാറ്റ്ഫോമിൽ കൂടി ഏതു സിനിമയും വിതരണം ചെയ്യാമെന്നു വരുന്നത് ശരിയല്ല. ഒടിടി സ്ട്രീമിങ് സേവനദാതാക്കളുടെ സാമ്പത്തിക താൽപര്യങ്ങൾക്കു വിഘാതമാകുന്നു എന്നതുകൊണ്ടു മാത്രം നിയന്ത്രണങ്ങളെ തള്ളിപ്പറയാനാകില്ല. നിയന്ത്രണങ്ങളുണ്ടായില്ലെങ്കിൽ പരമ്പരാഗത സിനിമാ വ്യവസായത്തിന്റെ ക്രമേണയുള്ള തകർച്ചയായിരിക്കും ഫലം. 

സിനിമകൾക്കു പുറമേ, കോവിഡ് കാലഘട്ടത്തിൽ ഏറെ പ്രചാരത്തിലായി വരുന്ന ഡിജിറ്റൽ ഉള്ളടക്കമാണ് വെബ് സീരീസുകൾ. അവയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവർ അത്തരം എല്ലാ സീരീസുകളും കുടുംബസദസ്സിലിരുന്നു കാണുമോ? 

ഇനി ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ കാര്യമെടുക്കാം. പരമ്പരാഗത അച്ചടിമാധ്യമങ്ങൾക്കായി പ്രസ് കൗൺസിലും വാർത്താ ചാനലുകൾക്കായി ന്യൂസ് ബ്രോ‍‍ഡ്കാസ്റ്റേഴ്സ് അസോസിയേഷനും (എൻബിഎ) സ്വയംനിയന്ത്രണ സംവിധാനങ്ങളായി പ്രവർത്തിക്കുന്നു. നിയന്ത്രണ സംവിധാനത്തിൽനിന്നു മാറിനിൽക്കാൻ ഓൺലൈൻ ആയതുകൊണ്ടു മാത്രം അനുവാദം നൽകാമോ? 

സിനിമയുടെ കാര്യത്തിലെന്ന പോലെ, കൂടുതൽ എരിവും പുളിയും ചേർത്ത് നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടലുകൾ വലിയ നിലവാരത്തകർച്ചയ്ക്കു വഴിയൊരുക്കും. ഒരു സ്വതന്ത്ര മേൽനോട്ട സംവിധാനത്തിനു കീഴിലേക്ക് ഇവയെ കൊണ്ടുവരികയാണ് ഉടനെ ചെയ്യേണ്ടത്. രാഷ്ട്രീയ താൽപര്യങ്ങൾക്കായി നിയന്ത്രണം ദുരുപയോഗം ചെയ്യപ്പെടുകയുമരുത്. 

(കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്‌സ് വകുപ്പു മേധാവിയാണു ലേഖകൻ)

Content highlights: Restrictions on Online news portals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com