ട്രംപിന് ഇനി എന്ത് അധികാരം; കളികൾ ഇനിയുമേറെ: ലക്ഷ്യം അട്ടിമറിയോ?

biden
SHARE

ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ വിജയം നേടിയ യുഎസ് തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന രാഷ്ട്രീയ, നിയമ യുദ്ധങ്ങൾക്ക് ഇനി എന്തു സംഭവിക്കും? ലോകമെങ്ങും ഉയരുന്ന സംശയവും ചോദ്യവുമാണിത്

ട്രംപിന് ഇനി എന്ത് അധികാരം?

2021 ജനുവരി 20 വരെയാണ് ട്രംപിന്റെ കാലാവധി. പ്രസിഡന്റ് എന്ന നിലയിലുള്ള എല്ലാ പൂർണാധികാരങ്ങളും അന്നുവരെ അദ്ദേഹത്തിനുണ്ട്. ബൈഡനു മുന്നിൽ മാർഗതടസ്സം സൃഷ്ടിക്കാൻ ഭരണ, രാഷ്ട്രീയ തലങ്ങളിൽ അദ്ദേഹത്തിനു സാധിക്കും. അതിന്റെ ഭാഗമായാണ് യുഎസ് പ്രതിരോധവിഭാഗമായ പെന്റഗണിന്റെ മേധാവി മാർക് എസ്പറെ മാറ്റിയത്. പെന്റഗണിൽ വിശ്വസ്തരെ ട്രംപ് നിയോഗിക്കുന്നുമുണ്ട്. തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നുവെന്ന ട്രംപിന്റെ ആരോപണം അന്വേഷിക്കാൻ അറ്റോണി ജനറൽ വില്യം ബാർ ഉത്തരവിട്ടിട്ടുണ്ട്. ഈ ഉത്തരവിട്ടില്ലെങ്കിൽ ഒരുപക്ഷേ, ബാറും പുറത്തായേനെ. എഫ്ബിഐ മേധാവി ക്രിസ്റ്റഫർ റേയ്ക്കു മേലും ട്രംപിന്റെ സമ്മർദം ഉണ്ടാകും.

തിരഞ്ഞെടുപ്പിൽ മറ്റൊരാൾ ജയിച്ചാൽ സുഗമമായ അധികാരക്കൈമാറ്റത്തിനു വഴിയൊരുക്കുകയാണ് അധികാരത്തിലുള്ള പ്രസിഡന്റുമാർ ചെയ്യാറുള്ളത്. അതാണു കീഴ്‌വഴക്കം. ട്രംപ് ഇപ്പോൾ സൃഷ്ടിക്കുന്ന മാർഗതടസ്സങ്ങൾ കീഴ്‌വഴക്കങ്ങൾക്കും ഭരണഘടനയുടെ അന്തഃസത്തയ്ക്കും നിരക്കുന്നതല്ല. എന്നാൽ, നിയമം ഇഴകീറി പരിശോധിച്ചാൽ അതിൽ പലതും നിയമവിരുദ്ധം ആയിരിക്കില്ല.

donald-trump-joe-biden-us-presidential-elections

ബൈഡൻ ഇപ്പോൾ ആരാണ്?

നിയുക്ത യുഎസ് പ്രസിഡന്റ് എന്ന വിശേഷണത്തിന് ജോ ബൈഡൻ അർഹനായോ? മാധ്യമങ്ങളും ലോകമൊന്നടങ്കവും അങ്ങനെ വിളിക്കുന്നെങ്കിലും ഔദ്യോഗികമായി ആ സ്ഥാനം ലഭിച്ചിട്ടില്ല. നിയുക്ത പ്രസിഡന്റ് എന്ന നിലയിലുള്ള പൂർണസുരക്ഷ ജോ ബൈഡന് ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, നേരത്തേ ഉള്ളതിനെക്കാൾ സുരക്ഷ യുഎസ് സീക്രട്ട് സർവീസ് നൽകുന്നുണ്ട്.

നിലവിൽ 7 സംസ്ഥാനങ്ങൾ മാത്രമേ വോട്ടെണ്ണൽ പൂർത്തിയാക്കി ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയിട്ടുള്ളൂ. ബാക്കി 43ൽ ഒരു സംസ്ഥാനത്തെ (മിസിസിപ്പി) ഫലം ഇന്നു പ്രഖ്യാപിക്കും. 24 സംസ്ഥാനങ്ങളിലെ സമയപരിധി ഈ മാസം 30 വരെയുള്ള പല തീയതികളാണ്. 14 സംസ്ഥാനങ്ങളിൽ ഡിസംബർ 1 മുതൽ 11 വരെ പല തീയതികളാണ്. ഡമോക്രാറ്റ് ഉരുക്കുകോട്ടയും ഏറ്റവുമധികം ഇലക്ടറൽ അംഗങ്ങളുള്ള (55) സംസ്ഥാനവുമായ കലിഫോർണിയ ആണ് ഏറ്റവും അവസാനം – ഡിസംബർ 11. നാലു സംസ്ഥാനങ്ങളിൽ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ല. പലയിടത്തും ഫലത്തെക്കുറിച്ചു തർക്കങ്ങളില്ലാത്തതിനാൽ അവ ശ്രദ്ധയിൽ വരുന്നില്ലെന്നു മാത്രം.

ഇലക്ടറൽ അംഗങ്ങൾ പ്രസിഡന്റിനു വോട്ട് ചെയ്യുക ഡിസംബർ 14ന് ആണ്. പാർലമെന്റിന്റെ സംയുക്ത സമ്മേളനം ചേർന്ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുക ജനുവരി 6ന്. വൈസ് പ്രസിഡന്റാണ് ഫലപ്രഖ്യാപനം നടത്തുക.

കളികൾ ഇനിയുമേറെ

പ്രസിഡന്റ് തിരഞ്ഞെടുപ്പു നിയമങ്ങളിൽ അവ്യക്തമോ വ്യാഖ്യാനിക്കപ്പെടാത്തതോ ആയ ഒട്ടേറെ മേഖലകളുണ്ട്. അതിലൊന്നു പറയാം. ഒരു സംസ്ഥാനത്ത് വിജയം നേടിയ പാർട്ടിയുടെ ഇലക്ടറൽ അംഗങ്ങളെ ഒഴിവാക്കി മറ്റൊരു പട്ടിക നൽകാൻ സംസ്ഥാനത്തെ ജനപ്രതിനിധി സഭയ്ക്ക് അധികാരമുണ്ട്. നിർണായകമായ പെൻസിൽവേനിയയിൽ (20 ഇലക്ടറൽ അംഗങ്ങൾ) ഡമോക്രാറ്റ് പാർട്ടിയാണു ജയിച്ചത്; 20 ഇലക്ടറർമാരെ ബൈഡനു ലഭിക്കും. എന്നാൽ, പെൻസിൽവേനിയ സംസ്ഥാന ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. അവർക്കു വേണമെങ്കിൽ ആ ഇലക്ടറൽ പട്ടിക സ്വീകരിക്കാതെ മറ്റൊരു പട്ടിക നൽകാം. ഈ പട്ടികയിൽ ഗവർണർ ഒപ്പുവയ്ക്കണമെന്നാണു ചട്ടം. പെൻസിൽ‌വേനിയ ഗവർണർ ടോം വോൾഫ് ഡമോക്രാറ്റ് പാർട്ടിക്കാരനാണ്. എന്നാൽ, ഗവർണറുടെ ഒപ്പില്ലാതെയും പട്ടിക അയയ്ക്കാം. അതു സ്വീകരിക്കാമോ എന്നത് പാർലമെന്റിന്റെ തീരുമാനമനുസരിച്ചിരിക്കും.

ജനവിധിക്കു വിരുദ്ധമായ പട്ടിക നൽകാൻ പൊതുവേ രാഷ്ട്രീയനേതാക്കൾ തയാറാകില്ല. എന്നാൽ, ഇതുപോലെ തർക്കമുണ്ടായ 1876ലെ തിരഞ്ഞെടുപ്പിൽ 3 സംസ്ഥാനങ്ങൾ ഇലക്ടറൽ പട്ടികയിൽ ഇങ്ങനെ മാറ്റങ്ങൾ വരുത്തിയാണ് നൽകിയത്. അന്ന് ഒരേയൊരു ഇലക്ടറൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റിപ്പബ്ലിക്കൻ നേതാവ് റൂഥർഫോഡ് ബി. ഹെയ്സ് ജയിച്ചത്.

ആർക്കും വഴങ്ങാത്ത ട്രംപിന്റെ രീതികളെ മുൻപ് റിപ്പബ്ലിക്കൻ പാർട്ടിയിൽ വലിയൊരു വിഭാഗം എതിർത്തിരുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഫലം അംഗീകരിക്കുന്നതാണു മാന്യത എന്ന് ബോധ്യപ്പെടുത്താൻ ഒരുവശത്തു ശ്രമം തുടരുന്നുണ്ടെങ്കിലും മറുവശത്ത് ട്രംപിന്റെ ആഗ്രഹങ്ങൾ സാധിപ്പിക്കാൻ തയാറായി നിൽക്കുന്നവരുമുണ്ട്. ജനവിധിക്കു വിരുദ്ധമായ പട്ടിക അയച്ചാൽ അതു കലാപത്തിന്റെ തുടക്കമാകും എന്ന ആശങ്കയുമുണ്ട്.

ഒരുക്കങ്ങളുമായി ബൈഡൻ

ഭരണത്തിനുള്ള ഒരുക്കങ്ങൾ ബൈഡൻ തുടങ്ങിക്കഴിഞ്ഞു. കോവിഡ് നേരിടാനുള്ള വിദഗ്ധസമിതിയെ നിയോഗിച്ചു. പ്രമുഖ പദവികളിലേക്കുള്ളവരുടെ പ്രാഥമിക പട്ടികയുമായി. സ്റ്റേറ്റ് സെക്രട്ടറിയായി സൂസൻ റൈസ്, ആരോഗ്യ സെക്രട്ടറിയായി ഇന്ത്യൻ വംശജനും കോവിഡ് സമിതി സഹാധ്യക്ഷനുമായ വിവേക് മൂർത്തി, തൊഴിൽ സെക്രട്ടറിയായി ബേർണി സാൻ‍ഡേഴ്സ് തുടങ്ങിയവർ പരിഗണനയിലുണ്ട്.

അധികാരക്കൈമാറ്റം എങ്ങനെ ?

2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ 8നായിരുന്നു. 9ന് വൈറ്റ്‌ഹൗസിൽ വാർത്താസമ്മേളനം വിളിച്ച അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ, താൻ തലേന്ന് ട്രംപിനെ വിളിച്ച് വൈറ്റ്ഹൗസിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചെന്നും അധികാരക്കൈമാറ്റത്തിനുള്ള നടപടികൾ സ്വീകരിക്കാൻ ഭരണതലത്തിൽ നിർദേശം നൽകിയെന്നും അറിയിച്ചു. 2008ൽ താൻ ജയിച്ചപ്പോൾ അന്നത്തെ പ്രസിഡന്റ് ജോർജ് ഡബ്ല്യു.ബുഷ് എന്തെല്ലാം കാര്യങ്ങളാണോ ചെയ്തത് അതേ മാതൃക പിന്തുടരാനാണ് ഒബാമ നിർദേശിച്ചത്. ഇതാണ് യുഎസിലെ കീഴ്‌വഴക്കം.

തിരഞ്ഞെടുപ്പു ഫലത്തിൽ തർക്കം ഉയരാമെങ്കിലും നിലവിലെ പ്രസിഡന്റ് താൻ ഒഴിയില്ല എന്നു പറയുന്ന സാഹചര്യം ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പു സംബന്ധിച്ച നിയമനടപടികൾ ഉണ്ടായാലും അനന്തമായി നീണ്ടുപോകില്ല. ജനുവരി 20നു മുൻപ് തീർപ്പാക്കണമെന്നാണു ചട്ടം.

സെനറ്റ് സമനിലയിലേക്കോ?

പാർലമെന്റിന്റെ (കോൺഗ്രസ്) അധോസഭയായ ജനപ്രതിനിധി സഭയിൽ (House of Representatives) ഡമോക്രാറ്റുകൾ ഭൂരിപക്ഷം നിലനിർത്തുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ, നിലവിലുള്ളതിനെക്കാൾ അംഗബലം കുറയും. 435 അംഗ സഭയിൽ 218 ആണു ഭൂരിപക്ഷത്തിനു വേണ്ടത്. കാലാവധി പൂർത്തിയാക്കുന്ന സഭയിൽ 232 പേരാണ് ഡമോക്രാറ്റുകൾക്ക് ഉണ്ടായിരുന്നത്. ജനുവരി 3നാണ് പുതിയ സഭ അധികാരമേൽക്കുക.

ഉപരിസഭയായ സെനറ്റിൽ 100 അംഗങ്ങളാണുള്ളത്. ഇതിൽ മൂന്നിലൊന്നു സീറ്റുകളിലാണ് ഓരോ ഇരട്ടവർഷങ്ങളിലും തിരഞ്ഞെടുപ്പ് (ഇത്തവണ 35 സീറ്റുകളിൽ). റിപ്പബ്ലിക്കൻ പാർട്ടിക്ക് 53, ഡമോക്രാറ്റുകൾക്ക് 45, സ്വതന്ത്രർ 2 എന്നതായിരുന്നു തിരഞ്ഞെടുപ്പിനു മുൻപത്തെ കക്ഷിനില. സ്വതന്ത്രർ 2 പേരും ഡമോക്രാറ്റുകളെ പിന്തുണയ്ക്കുന്നു. പുതിയ ഫലമനുസരിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് 50, ഡമോക്രാറ്റുകൾക്ക് 46, സ്വതന്ത്രർ 2 (ആകെ 50–48) എന്നതാണ് നില. ജോർജിയയിലെ 2 സെനറ്റ് സീറ്റുകളിൽ രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പ് ജനുവരി 5നാണ്. ഇതിൽ ഒന്നെങ്കിലും നേടിയാൽ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കും. രണ്ടും ഡമോക്രാറ്റുകൾ നേടിയാൽ സെനറ്റിൽ 50–50 എന്ന സ്ഥിതിയാകും. അപ്പോൾ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ട് നിർണായകമാകും (മിറ്റ് റോംനിയെപ്പോലുള്ള റിപ്പബ്ലിക്കൻ നേതാക്കൾ വിഷയത്തിന്റെ പ്രാധാന്യമനുസരിച്ച് ഡമോക്രാറ്റുകളെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്).

Content highlights: US election; Legal war

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA