ADVERTISEMENT

തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച യുവജന പ്രാതിനിധ്യം എന്ന ആവശ്യം ഉന്നയിച്ചാണു യൂത്ത് കോൺഗ്രസ് പ്രതിനിധി സംഘം ഏതാനും ആഴ്ച മുൻപ് കോൺഗ്രസ് നേതൃത്വത്തെ കണ്ടത്. ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥനും പറയാതെ പറഞ്ഞതും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഊഹിച്ചെടുത്തതുമായ ഒരു കാര്യം കൂടി ആ കൂടിക്കാഴ്ചയിൽ അന്തർ‍ലീനമായിരുന്നു: യുവ സംഘം ഉന്നമിടുന്നതു തദ്ദേശതിരഞ്ഞെടുപ്പു മാത്രമല്ല, നിയമസഭാ സ്ഥാനാർഥിപ്പട്ടികയ്ക്കു പ്രസരിപ്പു നൽകുന്ന ചെറുപ്പം കൂടിയാണ്. 

വെറുതെ ചെന്ന് ആവശ്യം പറഞ്ഞു ബാക്കിയെല്ലാം പാർട്ടിക്കു വിടുക എന്ന പതിവുരീതി പ്രയോജനം ചെയ്യില്ലെന്നു കൂടിക്കാഴ്ചയ്ക്കു മുൻപ് അവർക്കിടയിൽ ധാരണയായി. അതുകൊണ്ട് തങ്ങൾ ‘പൊളൈറ്റ് ലി ഫേം’ ആയിരിക്കുമെന്നു വ്യക്തമാക്കാൻ തീരുമാനിച്ചു. ആ ഇംഗ്ലീഷ് വാക്കാണ് സംഘടനയുടെ മനോഭാവം കൃത്യമായി ബോധ്യപ്പെടുത്തുന്നത് എന്നു കണക്കുകൂട്ടി. ‘വിനയത്തോടെയും ദൃഢമായും’ ഉദ്ദേശിച്ചതു നേടിയെടുക്കുക എന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു ‌വരെയുള്ള ദൗത്യമാണു ചെറുപ്പക്കാരുടെ സംഘം തുടങ്ങിവച്ചത്. കെപിസിസി പ്രസിഡന്റിനെ കണ്ടശേഷം ഡിസിസി പ്രസിഡന്റുമാർക്കു തദ്ദേശ തിരഞ്ഞെടുപ്പിലെ യുവ പ്രാതിനിധ്യപട്ടിക അവർ കൈമാറി വരുന്നു.  

 പിന്നിൽ ‘വി’കാരം 

ഇതു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഒരു ദിവസം ചേർന്നപ്പോൾ ഉയർന്ന വികാരത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കമല്ല. കോൺഗ്രസിലെ യുവനേതാക്കൾ പങ്കുവയ്ക്കുന്ന വാദഗതിയാണ്. എ–ഐ വേർതിരിവിനപ്പുറം വി (we-ഞങ്ങൾ) എന്ന വികാരമുള്ള പുതുതലമുറ കൂട്ടായ്മ ഇന്നു കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റായ എ വിഭാഗത്തിലെ ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് ഐയിലെ കെ.എസ്. ശബരീനാഥനും ഗ്രൂപ്പ് വിലപേശലുകളിൽ വിട്ടുവീഴ്ച കാട്ടാറുണ്ടാകില്ല. എന്നാൽ പാർട്ടിയുടെ പൊതുവായ മുന്നേറ്റത്തിന് ഒരുമിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർക്കും ഒപ്പമുള്ളവർക്കും ഉത്തമബോധ്യമുണ്ട്. 

ഒരു മുഴം നീട്ടി ഈ ചെറുപ്പക്കാർ എറിഞ്ഞതിന് അവരുടേതായ കാരണങ്ങളുണ്ട്. എൽഡിഎഫിന്റെ തുടർഭരണ സാധ്യതയ്ക്കു മങ്ങലേറ്റതോടെ 2021ൽ അനായാസം നിയമസഭയിൽ എത്താം എന്ന പ്രതീക്ഷയിൽ പലരും ഇറങ്ങിപ്പുറപ്പെട്ടുകഴിഞ്ഞു. പല തവണ മത്സരിക്കുകയും ജയിക്കുകയും 2011ൽ വീണ്ടും തോൽക്കുകയും ചെയ്തവർ പോലും ഒരങ്കത്തിനു കൂടി ബാല്യം ഉണ്ടെന്ന വിചാരത്തിലാണ്. ജില്ലകൾ കേന്ദ്രീകരിച്ച് അക്കൂട്ടർ ‘പരസ്പര സഹായസംഘം’ തന്നെ രൂപീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിലെ ഉന്നത പദവികളിൽ മിക്കതും നേടിയവരും ഇവരിലുണ്ട്. കോൺഗ്രസിലൂടെ ഇതിനകം കൈവന്ന സൗഭാഗ്യങ്ങൾക്കു നന്ദി പറഞ്ഞ് അടുത്ത തലമുറയ്ക്കായി വഴിമാറിക്കൊടുക്കാനല്ല അവർ ഉദ്ദേശിക്കുന്നത്. മറിച്ച് തന്നെപ്പോലെ ഒരു നേതാവിനെ  അങ്ങനെയങ്ങു തഴയാമോ എന്ന സമ്മർദമാണു പയറ്റുന്നത്. 

വേണ്ടതു സ്വീകാര്യത 

കോന്നി, വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് സ്ഥാനാർഥിനിർണയം യുഡിഎഫിനു നൽകിയ വൻതിരിച്ചടി യുവാക്കളുടെ സംഘം ഉന്നത നേതൃത്വത്തിനു മുന്നിൽ വരച്ചുകാട്ടുന്നു. രണ്ടു ചെറുപ്പക്കാരെ നിർത്തി യുഡിഎഫിന്റെ രണ്ടു സിറ്റിങ് സീറ്റുകളും പിടിച്ചെടുത്തതു വഴി ലോക്സഭാ തിരഞ്ഞെടുപ്പ്  തോൽവിയിലൂടെ നഷ്ടമായ മേൽക്കൈ എൽഡിഎഫ് തിരിച്ചുപിടിച്ചു. നേതാക്കളോടും ഗ്രൂപ്പിനോടും കൂറുപുലർത്തുന്നവരെ തഴയേണ്ടതില്ല. 

പക്ഷേ, അങ്ങനെയുള്ളവരെ പാർട്ടിയിലോ ഭരണം ലഭിച്ചാൽ അവിടെയോ പരിഗണിക്കുന്നതിനു പകരം തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുന്നിലേക്കു പറഞ്ഞുവിട്ടു തിരിച്ചടി വാങ്ങരുത്. നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ചില വിഭാഗങ്ങളുടെ പിന്തുണയും മണ്ഡലത്തിന്റെ സ്നേഹവും ആർജിച്ച മുതിർന്ന നേതാക്കളെ പരിഗണിക്കണം. എന്നാൽ സീനിയോറ്റിയുടെ ബലവും ഗ്രൂപ്പിന്റെ പിന്തുണയും മാത്രം കൈമുതലാക്കിയവർക്കു പകരം സ്വീകാര്യരായ പുതുമുഖങ്ങൾക്ക് അവസരം നൽകണം എന്നതാണു പുതുതലമുറയുടെ ആവശ്യം. 

നിയമസഭയിലേക്കു തിരികെവരാനുള്ള കരുനീക്കം ആരംഭിച്ച ചില എംപിമാരുടെ മോഹം മുളയിലേ വെട്ടിയും തദ്ദേശ പട്ടികയിൽ ചെറുപ്പക്കാരെ ഉൾപ്പെടുത്തിയും നേതൃത്വം ആദ്യ ഐക്യദാർഢ്യ സൂചന നൽകിയിട്ടുണ്ട്. 

2010 പഞ്ചായത്തു തിരഞ്ഞെടുപ്പിലെ ശ്രദ്ധേയ വിജയങ്ങളാണ് ഐ.സി.ബാലകൃഷ്ണനും അൻവർ സാദത്തിനും പി.കെ.ജയലക്ഷ്മിക്കും പിറ്റേവർ‍ഷം നിയമസഭാ സ്ഥാനാർഥിത്വത്തിനു തന്നെ വഴിതുറന്നത്. അതിൽ ജയലക്ഷ്മി ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിയുമായി. തിരുവനന്തപുരം മേയർ പദവിയാണ് വി.കെ. പ്രശാന്തിനെ പിന്നീട് വട്ടിയൂർക്കാവ് എംഎൽഎ സ്ഥാനത്തെത്തിച്ചത്. യൂത്ത് കോൺഗ്രസ് ഇന്നു വാശിയോടെ പിടിച്ചുവാങ്ങുന്ന സീറ്റിൽ ജയിച്ചുവരുന്ന പഞ്ചായത്ത് അംഗം 2021 ൽ നിയമസഭാ സ്ഥാനാർഥി ആയിക്കൂടെന്നില്ല; ഒരുപക്ഷേ, മന്ത്രിയും. നിയമസഭയും മന്ത്രിസഭയും കൂടുതൽ ചെറുപ്പവും പുരോഗമനാത്മകവും ഭാവനാപൂർണവുമാകേണ്ടതിന്റെ ആവശ്യകതയാണു ലോകസാഹചര്യം കേരളത്തോടു മന്ത്രിക്കുന്നതും.

Content Highlights : Youth Congress, Local body elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT