‘ദുർഭരണം ഓർക്കാതിരിക്കാൻ ലാലുവിന്റെ ചിത്രം മാറ്റി: കൈവിട്ടത് ആ രാഷ്ട്രീയമനസ്സും’

owaisi
അസദുദ്ദീൻ ഉവൈസി, ദീപാങ്കർ ഭട്ടാചാര്യ
SHARE

ബിഹാർ തിരഞ്ഞെടുപ്പിന്റെ ഗതി മാറ്റിയതിൽ വലിയ പങ്കു വഹിച്ച രണ്ടു പേരാണ് സിപിഐ(എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യയും  എഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഉവൈസിയും. ഭോജ്പുർ - മധ്യ ബിഹാർ മേഖലകളിൽ നിതീഷിന്റെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തിയത് സിപിഐ (എംഎൽ) ആണെങ്കിൽ, സീമാഞ്ചൽ മേഖലയിൽ മഹാസഖ്യത്തിന് അനുകൂലമായിരുന്ന കളിനിയമം മാറ്റിയെഴുതിയത് ഉവൈസി ആണ് 

ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎയും മഹാസഖ്യവും തമ്മിലുള്ള അന്തരം, സീറ്റുകൾ സൂചിപ്പിക്കുന്നതിനെക്കാൾ വളരെ കുറവാണ്; കടുകിട എന്നുതന്നെ വേണമെങ്കിൽ പറയാം. ആകെ വോട്ടുകളിൽ 37.26% എൻഡിഎക്കു ലഭിച്ചപ്പോൾ മഹാസഖ്യത്തിനു 37.23% ലഭിച്ചു. ഏകദേശം 13,000 വോട്ടിന്റെ മാത്രം വ്യത്യാസം. ഇതിലും കടുത്ത നിയമസഭാ പോരാട്ടം ബിഹാറിൽ നടന്നിട്ടില്ല.

ബിഹാർ തിരഞ്ഞെടുപ്പിന്റെ ഗതി മാറ്റിയതിൽ വലിയ പങ്കു വഹിച്ച രണ്ടു പേരാണ് സിപിഐ(എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യയും എഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഉവൈസിയും. നിതീഷ്കുമാറിന്റെ ജെഡിയുവിനു നാടകീയമായ രീതിയിൽ സീറ്റുകൾ കുറഞ്ഞതിലും വിരലിലെണ്ണാവുന്ന സീറ്റുകളുടെ കുറവിൽ തേജസ്വി യാദവിനു മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടതിലും ഇവർക്കുള്ള പങ്കു വലുതാണ്.

ഭോജ്പുർ - മധ്യ ബിഹാർ മേഖലയിൽ എൻഡിഎയും സീമാഞ്ചൽ എന്നറിയപ്പെടുന്ന കിഴക്കൻ ബിഹാറിൽ മഹാസഖ്യവുമാണ് തിരഞ്ഞെടുപ്പുകളിൽ മുന്നിട്ടു നിൽക്കാറുള്ളത്. എന്നാൽ, ഇത്തവണ സ്ഥിതി കീഴ്മേൽ മറിഞ്ഞു. മഹാസഖ്യം ഭോജ്പുർ മേഖലയിൽ ശക്തമായ പ്രകടനം കാഴ്ചവച്ചു: അവിടെയുള്ള 68 സീറ്റുകളിൽ 48ലും അവർ വിജയിച്ചു. ബിജെപിക്കു വോട്ട് ചെയ്യാറുള്ള മുന്നാക്ക വിഭാഗങ്ങളും നിതീഷ്കുമാറിന്റെ വോട്ടുബാങ്കായി കണക്കാക്കുന്ന പിന്നാക്ക വിഭാഗങ്ങളും ദലിതരും ഉൾപ്പെടുന്ന ഈ പ്രദേശം 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പുവരെ എൻഡിഎയുടെ ശക്തികേന്ദ്രമായിരുന്നു.

1200-tejashwi-yadav-owaisi-bihar
തേജ്വസി യാദവ്, അസദുദ്ദീൻ ഉവൈസി

ഇവിടെ രണ്ടു ദശകം മുൻപുവരെ മുന്നാക്ക വിഭാഗങ്ങളും പിന്നാക്ക വിഭാഗങ്ങളും തമ്മിൽ രക്തരൂഷിത കലാപങ്ങൾ നടന്നിരുന്നു. അന്നു പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം നിന്നു പോരാടിയ നക്സൽ ഗ്രൂപ്പുകളിൽപെട്ടവരാണു പിൽക്കാലത്ത് ആയുധമുപേക്ഷിച്ചു സിപിഐ(എംഎൽ) രൂപീകരിച്ചത്. ദീപാങ്കർ ഭട്ടാചാര്യയുടെ നേതൃത്വത്തിൽ അവർ മഹാസഖ്യത്തോടൊപ്പം ചേർന്നപ്പോൾ പിന്നാക്ക സമുദായങ്ങളിൽപെട്ടവരുടെ വോട്ട് നിതീഷ്കുമാറിനു പോകാതെ മഹാസഖ്യത്തിനു ലഭിച്ചു. ഭോജ്പുർ - മധ്യ ബിഹാർ മേഖലകളിൽ നിതീഷിന്റെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തിയത് സിപിഐ (എംഎൽ) ആയിരുന്നെങ്കിൽ, മറ്റു പലയിടങ്ങളിലും അതു ചെയ്തത് ചിരാഗ് പാസ്വാന്റെ എൽജെപിയാണ്.

ബിഹാറിന്റെ അതിർത്തിയിലുള്ള, മുസ്‌ലിം ബാഹുല്യമുള്ള സീമാഞ്ചൽ എപ്പോഴും കോൺഗ്രസിനെയും ആർജെഡിയെയും തുണച്ചിരുന്നു. ഇത്തവണ ഉവൈസിയുടെ എഐഎംഐഎം അവിടത്തെ കളിനിയമങ്ങൾ മാറ്റി. സീമാഞ്ചലിൽനിന്നു പതിവുപോലെ സീറ്റുകൾ കിട്ടിയിരുന്നെങ്കിൽ മഹാസഖ്യത്തിനു നിശ്ചയമായും ഭൂരിപക്ഷത്തിലെത്താമായിരുന്നു. ഇതിനു മുൻപ് ഉവൈസിയുടെ പാർട്ടി രണ്ടു തവണ ബിഹാറിൽനിന്നു മത്സരിച്ച് ദയനീയമായി പരാജയപ്പെടുകയുണ്ടായി. മുസ്‌ലിംകളുടെ അരക്ഷിതാവസ്ഥ മനസ്സിലാക്കി ഉവൈസി പ്രവർ‌ത്തിച്ചതുകൊണ്ടാണ് ഇത്തവണ സ്ഥിതി മാറിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബംഗ്ലദേശിൽനിന്നുള്ള ‘നുഴഞ്ഞുകയറ്റക്കാരെ’ പുറത്താക്കുന്നതിനെപ്പറ്റി സംസാരിച്ചപ്പോഴും സീമാഞ്ചലിലെ വോട്ടെടുപ്പിനു തലേന്ന്, അമിത് ഷാ തൊട്ടയൽപക്കത്തെ ബംഗാളിൽനിന്ന് അതേ വിഷയത്തെപ്പറ്റി പ്രസംഗിച്ചപ്പോഴും പ്രതികരിച്ചത് ഉവൈസി മാത്രം.

നീറുന്ന അസ്തിത്വ പ്രശ്നങ്ങളെപ്പറ്റി തേജസ്വി യാദവ് മൗനം പാലിച്ചു. ലാലുപ്രസാദിന്റെ ദുർഭരണം ഓർമിക്കാതിരിക്കാൻ അദ്ദേഹത്തിന്റെ ചിത്രം പോസ്റ്ററുകളിൽനിന്നു മാറ്റിയ തേജസ്വി, കൂട്ടത്തിൽ കൈവിട്ടുകളഞ്ഞത് പെട്ടെന്നു ജനവികാരം മനസ്സിലാക്കി അതിനോടു പ്രതികരിക്കുന്ന ലാലുവിന്റെ രാഷ്ട്രീയമനസ്സു കൂടിയായിരുന്നു. ഒരുപക്ഷേ, ലാലുവിന്റെ സാന്നിധ്യമായിരുന്നിരിക്കണം ഉവൈസിയുടെ ആദ്യ ശ്രമങ്ങളെ പരാജയപ്പെടുത്തിയത്. ഉവൈസിയെ, എൻഡിഎയുടെ ബി ടീമെന്നു പറഞ്ഞു മഹാസഖ്യം വിമർശിക്കുന്നതിൽ കാമ്പില്ല; അദ്ദേഹം വോട്ട് ഭിന്നിപ്പിച്ചതുകൊണ്ട് എൻഡിഎ എവിടെയും ജയിച്ചതായി കണക്കുകൾ കാണിക്കുന്നില്ല. ഒരുപക്ഷേ അദ്ദേഹം, ഉത്തരേന്ത്യയിലെ ഭാവിയിലെ മുസ്‌ലിം രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയായിരിക്കും. ഏതായാലും എല്ലാ വിഭാഗങ്ങളിലെയും വോട്ടുബാങ്കുകളിൽ വിള്ളൽ വീഴ്ത്തിയാണു ബിഹാർ തിരഞ്ഞെടുപ്പ് കടന്നുപോയത്.

ലക്ഷ്യം വയ്ക്കുന്നത് എന്ത്? 

ഒടിടി പ്ലാറ്റ്ഫോമുകളെയും വാർത്താ പോർട്ടലുകളെയും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനായി ഈയിടെ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ്, പ്രധാനമായും 3 കാര്യങ്ങളെയാണു ബാധിക്കുക: ചലച്ചിത്രങ്ങൾ, ഡിജിറ്റൽ വാർത്താ സൈറ്റുകൾ, വാർത്താ പോർട്ടലുകൾ. ഇതിൽ സിനിമയെ സംബന്ധിച്ചാണെങ്കിൽ ചില ഒടിടി പ്ലാറ്റ്ഫോമുകൾ, സെൻസർ സർട്ടിഫിക്കറ്റോടുകൂടി മാത്രമേ ഇപ്പോൾ ഇന്ത്യൻ ചിത്രങ്ങൾ കാണിക്കുന്നുള്ളൂ. സർക്കാർ ലാക്കാക്കുന്നതു സിനിമയെക്കാൾ കൂടുതൽ വാർത്താ പോർട്ടലുകളെ ആയിരിക്കാം. 

സർക്കാരിന് അനുകൂലമായ ചില ചാനലുകളിൽനിന്നും വാർത്താ സൈറ്റുകളിൽ നിന്നും പുറത്തുവരുന്ന കപടവാർത്തകൾക്കും ദുഷ്പ്രചാരണത്തിനും ഇടയിൽ ചില വാർത്താ പോർട്ടലുകളിൽ നിന്നു മാത്രമേ ശരിയായ വാർത്ത അല്ലെങ്കിൽ, വ്യത്യസ്തമായ കാഴ്ചപ്പാട് വരുന്നുള്ളൂ എന്നതാണു വാസ്തവം.

മതസ്പർധ, ചൈൽഡ് പോൺ തുടങ്ങി സമൂഹത്തിൽനിന്ന് അകറ്റിനിർത്തേണ്ട 5 നിഷിദ്ധ ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചുകൊണ്ട് രാജ്യത്തെ 8 ഒടിടി പ്ലാറ്റ്ഫോമുകൾ കഴിഞ്ഞ വർഷം സ്വയം നിയന്ത്രണ കോഡ് രൂപീകരിച്ചതാണ്. ഒരു പരിഷ്കൃത ജനാധിപത്യ രാജ്യത്തിന് ഇത്രയും മതിയായിരുന്നു. ഇതിനെ മറികടന്നുകൊണ്ടാണു പുതിയ നിയമനിർമാണം.

യുഎസിൽ ഡിജിറ്റൽ ഉള്ളടക്കത്തെ നിയന്ത്രിക്കാൻ ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മിഷൻ എന്നൊരു സ്വതന്ത്ര സംഘടന പ്രവർത്തിക്കുന്നുണ്ട്. ഭരണഘടനയുടെ ആദ്യത്തെ ഭേദഗതിയിലൂടെ ആവിഷ്കാരസ്വാതന്ത്ര്യത്തെ മൗലികാവകാശമായി കൊണ്ടുനടക്കുന്ന ആ രാജ്യത്ത്, ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഈ കമ്മിഷൻ വളരെക്കുറച്ചേ ഇടപെടാറുള്ളൂ. എന്നാൽ, അത്തരം മര്യാദകൾ കുറവുള്ള ചൈന, സിംഗപ്പൂർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഇന്റർനെറ്റിനായി പ്രത്യേക സെൻസർഷിപ് നിയമങ്ങളുണ്ട്. ഇതിലേക്കുള്ള ആദ്യ പടിയാകുമോ ഇപ്പോഴത്തെ ഉത്തരവെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.

19–ാം നൂറ്റാണ്ടിലെ കൊളോണിയൽ ഭരണകൂടം നടപ്പിലാക്കിയ, ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് ആയിരുന്നു അടുത്ത കാലം വരെ ഇന്ത്യയിലെ ചാനലുകളെ നിയന്ത്രിച്ചിരുന്നത്. ഇന്ത്യയിൽനിന്ന് സ്വകാര്യ വ്യക്തികൾ അപ്‌ലിങ്ക് ചെയ്യാൻ പാടില്ല എന്നതായിരുന്നു അതിലെ ഒരു വ്യവസ്ഥ. അതിന്റെ ഫലമായി ഏഷ്യാനെറ്റ്, സ്റ്റാർ തുടങ്ങിയ ആദ്യകാല ടിവി ചാനലുകൾ തുടങ്ങിയ കാലത്ത് വിദേശത്തു നിന്നാണ് സംപ്രേഷണം ചെയ്തിരുന്നത്. ഇതിവിടെ പറയാൻ കാരണം, ഇപ്പോൾ ഇന്റർനെറ്റിലേക്ക് അപ്‌ലോഡ് ചെയ്യാനോ അതിൽനിന്ന് ഡൗൺലോഡ് ചെയ്യാനോ സാങ്കേതികമായി യാതൊരു ബുദ്ധിമുട്ടുമില്ല. അതിവിശാലമായ സൈബറിടത്തിൽ ഉള്ളടക്കം നിയന്ത്രിക്കുക പ്രയാസകരമാണു താനും. അതുകൊണ്ട് അടുത്ത പടിയായി ഇത്തരം കൊളോണിയൽ ഉപായങ്ങൾ അധികൃതർ തേടിപ്പോകാം എന്ന ആശങ്ക നിലനിൽക്കുന്നു.

സ്കോർപ്പിയൺ കിക്ക്: കോൺഗ്രസ് 70 സീറ്റിൽ മത്സരിച്ചതാണ് ബിഹാറിൽ മഹാസഖ്യത്തിന്റെ വിജയത്തിനു തടസ്സമായതെന്നു വിലയിരുത്തൽ.

കൈപ്പത്തിയിൽ കൊള്ളുന്നത് എടുത്താൽ പോരായിരുന്നോ?

Content Highlights: Bihar election analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA