അന്ന് തുണച്ചത് എംജിആറിന്റെ കഴുത്തിൽ തുളച്ച വെടിയുണ്ട: മാസ് എൻട്രി കാത്ത് തമിഴകം

vijay-chandrasekhar
വിജയ്, എസ്.എ.ചന്ദ്രശേഖർ
SHARE

സിനിമയും രാഷ്ട്രീയവും തമ്മിലുള്ള അകലം വളരെ കുറഞ്ഞ തമിഴ്നാട്ടിൽസസ്പെൻസ് ‍അവസാനിക്കുന്നില്ല. താരങ്ങളുടെ വരവു കാത്ത് ആകാംക്ഷാഭരിതമായി രാഷ്ട്രീയക്കളം 

തമിഴ്നാട് രാഷ്ട്രീയത്തിന്റെ ദീർഘകാല സഖ്യകക്ഷിയാണു സിനിമ. ദ്രാവിഡകക്ഷികൾ നായകവേഷത്തിലേക്കു മാറിയതു മുതൽ സിനിമയോളം നാടകീയമാണു സംസ്ഥാനത്തെ രാഷ്ട്രീയവും. ഉത്സവ സീസണിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം പോലെ, ഓരോ തിരഞ്ഞെടുപ്പിലും തമിഴകത്തിനു ചർച്ചചെയ്യാനൊരു ‘താര’ റിലീസുണ്ടാകും. രണ്ടര പതിറ്റാണ്ടു മുൻപ് ആദ്യമായി മുഴങ്ങിയ ‘രജനീകാന്ത് വരുമോ’ എന്ന ചോദ്യം ഉത്തരം കിട്ടാതെ അന്തരീക്ഷത്തിലുണ്ട്. ആരാധകരുടെ ഇളയ ദളപതി വിജയ്‌ കൂടി ചർച്ചയിലേക്കു വന്നതോടെ, രണ്ടു സൂപ്പർതാര ചിത്രങ്ങൾ റിലീസ് ചെയ്യുന്ന പൊങ്കൽ കാലം പോലെ ആകാംക്ഷാഭരിതമാണു രാഷ്ട്രീയക്കളം. സൂപ്പർഹിറ്റ് ചിത്രത്തിനു പുതിയ ഭാഗമിറങ്ങുന്നതു പോലെ, തമിഴകത്തെ സിനിമാ - രാഷ്ട്രീയ ബന്ധത്തിലും പുതിയ പതിപ്പുകൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.

വെടിയുണ്ട വഴി അധികാരത്തിലേക്ക്

അര നൂറ്റാണ്ടു മുൻപ് 1967ൽ കോൺഗ്രസ് കുത്തക തകർത്തു ഡിഎംകെ തമിഴ്നാട് ഭരണം പിടിച്ചതിനു പിന്നിൽ ഒരു സിനിമാക്കഥയുണ്ട്. ഹിന്ദിവിരുദ്ധ വികാരത്തിനും ദ്രാവിഡ ആശയം നൽകിയ ആവേശത്തിനുമൊപ്പം, ഡിഎംകെയെ അധികാരത്തിലേക്കു നയിച്ചത് എംജിആറിന്റെ കഴുത്തിൽ തുളച്ചുകയറിയ വെടിയുണ്ടയായിരുന്നു. തിരഞ്ഞെടുപ്പിനു ഒരുമാസം മുൻപ് ജനുവരി 12നാണു നടൻ എം.ആർ.രാധ എംജിആറിനെതിരെ വെടിയുതിർക്കുന്നത്. കഴുത്തിൽ വലിയ കെട്ടുമായി ആശുപത്രിയിൽ കിടക്കുന്ന എംജിആറിന്റെ ചിത്രം മതിലുകളിലും ചുമരുകളിലും നിറഞ്ഞു. ഡിഎംകെ അധികാരത്തിലേറി. കരുണാനിധിയുമായി ഇടഞ്ഞ് എംജിആർ പിന്നീട് ഡിഎംകെ വിട്ടു. അണ്ണാഡിഎംകെ രൂപീകരിച്ചു തുടർച്ചയായ 3 തിരഞ്ഞെടുപ്പുകൾ വിജയിച്ചു. എംജിആറിനു ശേഷം ജയലളിത അണ്ണാഡിഎംകെയുടെ ‘താരപ്രഭ’ കാത്തു. അണ്ണാദുരൈയ്ക്കും എം.കരുണാനിധിക്കും സിനിമാ - നാടക പശ്ചാത്തലമുണ്ട്. എന്നാൽ, തിരയിലെ തിളക്കം നിക്ഷേപമാക്കി തിരഞ്ഞെടുപ്പിൽ വിജയം കൊയ്തവരിൽ എംജിആറും ജയലളിതയും തന്നെ മുന്നിൽ.

മിന്നുന്നതെല്ലാം വോട്ടല്ല

തമിഴകത്തെ സിനിമയും രാഷ്ട്രീയവും സൂപ്പർഹിറ്റുകളുടെ മാത്രം കഥയല്ല. സിനിമയിലെ മുടിചൂടാമന്നനായിരുന്ന നടികർ തിലകം ശിവാജി ഗണേശൻ രാഷ്ട്രീയത്തിരയിൽ സൂപ്പർ ഫ്ലോപ്പായിരുന്നു.ഡിഎംകെയിലാണു ശിവാജി തുടങ്ങിയത്. തിരുപ്പതിയിൽ ക്ഷേത്രദർശനം നടത്തിയതിന്റെ പേരിൽ രൂക്ഷവിമർശനം നേരിട്ടതോടെ മനംമടുത്തു കോൺഗ്രസിലെത്തി. ഇന്ദിരാഗാന്ധിയുടെ പിന്തുണയിൽ രാജ്യസഭാംഗമായി. കോൺഗ്രസുമായി പിണങ്ങി തമിഴക മുന്നേറ്റ മുന്നണിയെന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കി 1989ലെ തിരഞ്ഞെടുപ്പിൽ 50 സീറ്റിൽ മത്സരിച്ചു. ശിവാജി സ്വന്തം മണ്ഡലത്തിൽ തോറ്റു. ആദ്യ ദിനം തിയറ്റർ വിട്ട സിനിമപോലെ, പാർട്ടി എട്ടുനിലയിൽ പൊട്ടി. ജനതാദൾ തമിഴ്നാട് ഘടകം പ്രസിഡന്റായി പുതിയ വേഷം കെട്ടിയെങ്കിലും ശിവാജി പിന്നീടു രാഷ്ട്രീയത്തിൽ സജീവമായില്ല.

അച്ഛൻ - മകൻ സസ്പെൻസ്

സിനിമയിൽ രജനീകാന്തിന്റെ പിൻഗാമിയാണു വിജയ് - മാസ് സൂപ്പർ സ്റ്റാർ. വിജയ്‌യെ സൂപ്പർ സ്റ്റാറാക്കി മാറ്റിയതിനു പിന്നിൽ സംവിധായകൻ കൂടിയായ പിതാവ് എസ്.എ.ചന്ദ്രശേഖറിന്റെ കൃത്യമായ ആസൂത്രണമുണ്ട്. വിജയ് സൂപ്പർ സ്റ്റാറാകുന്നതിനു മുൻപേ ചന്ദ്രശേഖർ മകന്റെ പേരിൽ ഫാൻസ് അസോസിയേഷനുണ്ടാക്കിയിരുന്നു. അന്തർമുഖനായ വിജയ് പൊതുവേദികളിൽനിന്നു പരമാവധി വിട്ടുനിൽക്കാൻ ഇഷ്ടമുള്ളയാളാണ്. അതിന്റെ കുറവു കൂടി തീർക്കുന്ന ചന്ദ്രശേഖർ, കിട്ടുന്ന വേദികളിലെല്ലാം വിജയ്‌യുടെ രാഷ്ട്രീയപ്രവേശം ചർച്ചയാക്കി. മെർസൽ, സർക്കാർ എന്നീ ചിത്രങ്ങൾ കൃത്യമായ രാഷ്ട്രീയം പറഞ്ഞതോടെ വിജയ് ഇതാ എത്തിയെന്ന തോന്നലുണ്ടായി. 

actor-vijay-selfie

‘മാസ്റ്റർ’ സിനിമയുടെ ഷൂട്ടിങ്ങിനിടെ ആദായനികുതി വകുപ്പ് വിജയ്‌യെ മണി ക്കൂറുകൾ ചോദ്യം ചെയ്തതിൽ ആരാധകർക്കൊപ്പം നിരീക്ഷകരും രാഷ്ട്രീയം കണ്ടു. എന്നാൽ, സ്വന്തം സിനിമ വിജയിപ്പിക്കുന്നതിൽ കവിഞ്ഞ രാഷ്ട്രീയമൊന്നും വിജയ്‌ക്കില്ലെന്നാണു താരത്തോട് അടുപ്പമുള്ളവർ പറയുന്നത്.

1996ൽ രജനീകാന്തിനൊപ്പമുണ്ടായിരുന്ന ‘സമയം’ ഇപ്പോൾ വിജയ്ക്കൊപ്പമാണെന്നു ചന്ദ്രശേഖർ വിശ്വസിക്കുന്നു. രജനി സമയം കളഞ്ഞുകുളിച്ചു. വിജയ്ക്ക് ആ അബദ്ധം സംഭവിക്കരുതെന്ന ഉപദേശം ഫലിക്കുന്നില്ലെന്നു കണ്ടപ്പോഴാണ്, ‘അഖിലേന്ത്യ ദളപതി മക്കൾ ഇയക്കം’ എന്ന് മകന്റെ പേരിൽ രാഷ്ട്രീയപ്പാർട്ടി റജിസ്റ്റർ ചെയ്തത്. സിനിമ വിട്ടു രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കിറങ്ങാൻ ഇപ്പോൾ വിജയ്ക്കു താൽപര്യമില്ല. 

അച്ഛനുമായി അടുപ്പമുള്ളവരെ മാറ്റി ഫാൻസ് അസോസിയേഷനിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചാണു വിജയ് നിലപാടു വ്യക്തമാക്കിയത്. ഇപ്പോഴില്ലെന്നു മാത്രമാണു വിജയ് പറയുന്നത്, ഒരിക്കലുമില്ലെന്ന് അതിനർഥമില്ല.

kamalhasan-saradkumar-seeman
കമൽഹാസൻ, ശരത്കുമാർ, സീമാൻ, വിജയകാന്ത്

സിനിമാ പാർട്ടികൾ എവിടെ നിൽക്കുന്നു?

വിജയകാന്ത് (ഡിഎംഡികെ)

കറുത്ത എംജിആർ എന്നു വിളിപ്പേരുള്ള വിജയകാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം ഞെട്ടിപ്പിക്കുന്നതായിരുന്നു. 2005ൽ രൂപീകരിച്ച പാർട്ടി 2006 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച് 10% വോട്ടു നേടി. ജയലളിതയും കരുണാനിധിയും പ്രതാപത്തിൽ നിൽക്കെ തമിഴകത്തു മൂന്നാം ശക്തിയുടെ വരവ് രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചു. 2009 ലോക്സഭാ തിരഞ്ഞെടുപ്പിലും വോട്ട് 10 ശതമാനത്തിനു മുകളിൽ. 2011ൽ അണ്ണാഡിഎംകെയുമായി ൈകകോർത്ത് 29 സീറ്റുകൾ. വിജയകാന്ത് പ്രതിപക്ഷ നേതാവായി. 

വിജയകാന്തിന്റെ രോഗവും അപക്വമായ രാഷ്ട്രീയ നിലപാടുകളുമായതോടെ പിന്നീട് ഗ്രാഫ് താഴോട്ടായി. 2014ൽ ലോക്സഭയിൽ എൻഡിഎയ്ക്കൊപ്പവും 2016ൽ നിയമസഭയിൽ ജനക്ഷേമ മുന്നണിക്കു നേതൃത്വം നൽകിയും മത്സരിച്ചെങ്കിലും പച്ചതൊട്ടില്ല. 2019ൽ എൻഡിഎയിൽ തിരിച്ചെത്തി നാലിടത്തു മത്സരിച്ചെങ്കിലും സമ്പൂർണ പരാജയം.

  കമൽഹാസൻ (മക്കൾ നീതി മയ്യം)

സിനിമയിലേതു പോലെ പഞ്ച് ഡയലോഗുകളുമായാണു കമൽഹാസൻ രാഷ്ട്രീയത്തിലും സാന്നിധ്യമറിയിച്ചത്. വോട്ടു നേടാൻ പക്ഷേ, ഡയലോഗ് മാത്രം പോരാ സംഘടനാ സംവിധാനം വേണമെന്നു 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബോധ്യമായി. എങ്കിലും, കമൽഹാസനിലുള്ള അമിത പ്രതീക്ഷ മാറ്റിവച്ചാൽ ഒന്നരവർഷം മാത്രം പ്രായമുള്ള പാർട്ടിയുടേതു തരക്കേടില്ലാത്ത പ്രകടനമായിരുന്നു. ആകെ 3.77% വോട്ട്. 4 നഗര മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ. മാസിലേറെ ക്ലാസാണു കമൽഹാസൻ സിനിമകൾ. രാഷ്ട്രീയത്തിൽ ഇൻസ്റ്റന്റ് ഹിറ്റാകുന്നതിന് അദ്ദേഹത്തിനു മുൻപിലുള്ള പരിമിതിയും ഇതാണ്.

സീമാൻ (നാം തമിഴർ കക്ഷി)

വേലുപ്പിള്ള പ്രഭാകരനെ ആരാധനാപാത്രമാക്കി, തീവ്ര തമിഴ് നിലപാടുകളുമായി 2010ൽ രൂപം കൊണ്ട പാർട്ടിയാണു നാം തമിഴർ കക്ഷി. നടനും സംവിധായകനുമായ സീമാന്റെ പാർട്ടി തിരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിച്ചതു 2016ൽ. വൈകാരിക പ്രസംഗം യുവാക്കളെ വൻതോതിൽ ആകർഷിച്ചെങ്കിലും കിട്ടിയത് 1.1% വോട്ട്. 2019ൽ ഇതു 3.9% ആയി. എല്ലാ തിരഞ്ഞെടുപ്പുകളിലും 50% സീറ്റുകൾ വനിതകൾക്കു സംവരണം ചെയ്യുമെന്നതുൾപ്പെടെ വിപ്ലവകരമായ തീരുമാനങ്ങൾ ശ്രദ്ധേയം.

ശരത്കുമാർ (അഖിലേന്ത്യാ സമത്വ മക്കൾ കക്ഷി)

ഡിഎംകെയിലും അണ്ണാഡിഎംകെയിലും ചെറിയ ഇന്നിങ്സിനു ശേഷമാണു ശരത്കുമാർ സ്വന്തം രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ചത്. 2011ൽ അണ്ണാഡിഎംകെ സഖ്യത്തിൽ മത്സരിച്ച് എംഎൽഎയായി. നിലവിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗം.

വേഷം മാറാൻ നിമിഷങ്ങൾ

സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും അടിക്കടി വേഷം മാറാൻ മടിയില്ലാത്ത താരങ്ങൾ ഒട്ടേറെയുണ്ട് തമിഴകത്ത്. രാഷ്ട്രീയത്തിലിറങ്ങി 10 വർഷത്തിനിടെ ഖുഷ്ബു ഇപ്പോൾ മൂന്നാം പാർട്ടിയിലാണ്. ഡിഎംകെയിൽ തുടങ്ങി കോൺഗ്രസിലൂടെ ബിജെപിയിൽ. അണ്ണാഡിഎംകെ, ഡിഎംകെ വഴി നടൻ രാധാരവിയും ബിജെപിയിലെത്തി നിൽക്കുന്നു. 

മുക്കളത്തൂർ പുലിപ്പടൈ എന്ന പാർട്ടിയുമായി ഹാസ്യനടൻ കരുണാസ് അണ്ണാഡിഎംകെ മുന്നണിയിലുണ്ട്. മുഖമൊന്നു മിനുക്കാൻ ബിജെപി ഒരുപറ്റം താരങ്ങളെ ഈയിടെ പാർട്ടിയിലെത്തിച്ചു. ഖുഷ്ബുവിനും രാധാരവിക്കും പുറമേ, എസ്.വി.ശേഖർ, ഗൗതമി, നമിത, ഗായത്രി രഘുറാം എന്നിവർ സംസ്ഥാന ഭാരവാഹികളാണ്. നടൻ വിശാലുൾപ്പെടെയുള്ളവരും കാവിക്കൊടി പിടിക്കുമെന്ന അഭ്യൂഹംശക്തം.

ലേറ്റായെങ്കിലും ഒന്നു വരുമോ!

കോവിഡിന്റെ തുടക്കത്തിൽ തമിഴകത്തു വാട്സാപ്പിൽ വൻതോതിൽ പ്രചരിച്ച തമാശ ഇങ്ങനെയായിരുന്നു - ‘രജനിയുമായി സമ്പർക്കത്തിലായി. കൊറോണ ക്വാറന്റീനിൽ പോയി’. രാഷ്ട്രീയ പ്രവേശനം വേണ്ടെന്ന കടുത്ത തീരുമാനമെടുക്കാൻ കോവിഡ് അനിശ്ചിതത്വം രജനിയുടെ പ്രേരിപ്പിച്ചതായാണു പുതിയ വാർത്തകൾ. 

ഏഴു മാസത്തിനിടെ ഒറ്റത്തവണയാണു രജനി ജനത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പോയസ് ഗാർഡനിലെ വസതിക്കു മുന്നിൽ ജനങ്ങൾക്കു ദീപാവലി ആശംസയുമായി ഒരിത്തിരി നേരം. താരത്തിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചൊരു സിനിമയെടുത്താൻ നിറയെ ട്വിസ്റ്റുകളും ടേണുകളുമുണ്ടാകും.

ജയലളിത വീണ്ടും മുഖ്യമന്ത്രിയായാൽ ദൈവത്തിനു പോലും തമിഴകത്തെ രക്ഷിക്കാനാകില്ലെന്ന തകർപ്പൻ ഡയലോഗ് രജനിയിൽ നിന്നുണ്ടായത് 1996ലാണ്. വർഷം 24 കഴിഞ്ഞു. ഹാംലെറ്റിലെ പ്രശസ്തമായ ഷെയ്ക്സ്പിയർ വാചകം പോലെ, ‘ടു ബി ഓർ നോട് ടു ബി’ എന്ന സന്ദേഹത്തിലാണ് ഇപ്പോഴും സൂപ്പർ താരം. ഒടുവിൽ പാർട്ടി പ്രഖ്യാപനം എന്ന ക്ലൈമാക്സിലെത്തിയപ്പോഴാണു വില്ലനായി കോവിഡെത്തിയത്. 

രജനി മക്കൾ മൻട്രത്തിനു സംസ്ഥാനത്ത് ഒരു ലക്ഷം യൂണിറ്റുകളായി. ജില്ലാതലത്തിൽ ഭാരവാഹികളായി. അടിത്തറ ഭദ്രം. എങ്കിലും, രജനി പാർട്ടി തുടങ്ങുമോയെന്ന് അറിയാവുന്നത് ഒരാൾക്കു മാത്രം – രജനീകാന്തിന്.

English Summary: Tamil Nadu waiting for a ‘mass entry’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA