ഇതിലും വലിയ തലവേദനയോ?

kodiyeri
SHARE

‘സർ, ആസ് ഐ ആം സഫറിങ് ഫ്രം ഫീവർ ആൻഡ് ഹെഡെയ്ക്, പ്ലീസ് ഗ്രാന്റ് മി ലീവ് ഫോർ.... ഡേയ്സ്’ എന്നൊരു കത്തു മാത്രമേ കോടിയേരി സഖാവ് അവെയ്‌ലബിൾ പൊളിറ്റ്ബ്യൂറോക്കു (പിബി) നൽകിയുള്ളൂ. തലമുറകളിലൂടെ കൈമാറിയിട്ടും അന്യംനിന്നു പോകാതെ നിലനിൽക്കുന്ന കേരളത്തിന്റെ ഔദ്യോഗിക അവധി അപേക്ഷാ മാതൃക തന്നെയാണിത്. സമർപ്പിച്ചാലുടൻ അവധി കിട്ടുന്ന ഫോർമാറ്റ്. പ്യൂൺ തൊട്ടു ചീഫ് സെക്രട്ടറി വരെയും വിദ്യാർഥി മുതൽ പ്രിൻസിപ്പൽ വരെയും ഇപ്രകാരം കത്തു നൽകിയാണ് മിക്കവാറും അവധിയെടുക്കുന്നത്. കോടിയേരിയും അതു മാത്രമേ ചെയ്തുള്ളൂ. കേട്ടപാതി കേൾക്കാത്ത പാതി അവെയ്‌ലബിൾ പിബി അവധി അപേക്ഷ പാസാക്കി വിട്ടു. എത്ര ദിവസത്തേക്കാണെന്നു പോലും നോക്കിയിട്ടില്ല. ശൂന്യവേതനാവധി ആണോ ശമ്പളത്തോടെയുള്ള അവധിയാണോ എന്നൊന്നും പിബി വ്യക്തമാക്കിയിട്ടില്ല.

കോടിയേരി സഖാവ് നൽകിയ കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചു പക്ഷേ, പലരും പലതും പറയുന്നുണ്ട്. ‘ആസ് ഐ ആം സഫറിങ് ഫ്രം ഫീവർ ആൻഡ് ഹെഡെയ്ക്’ എന്നതിനു പകരം ‘ആസ് ഐ ആം സഫറിങ് ഫ്രം ബിനീഷ് ആൻഡ് ബിനോയ്’ എന്നാണു കത്തിലെ വാചകമെന്നു ചിലർ പ്രചരിപ്പിക്കുന്നു. രണ്ടായാലും അർഥത്തിൽ വലിയ വ്യത്യാസമൊന്നും വരില്ല. ഫീവർ ആൻഡ് ഹെഡെയ്ക് എന്നതിന്റെ പര്യായപദങ്ങളാണ് ബി ആൻഡ് ബി എന്നു പറയുന്ന ഭാഷാശാസ്ത്രജ്ഞന്മാർ ഏറെയാണ്. ഇവരിലും വലിയ തലവേദന വേറെ എന്തുണ്ടാവാൻ?

തലവേദന എന്താണേലും കോടിയേരിയോടു മാധ്യമങ്ങൾ കാട്ടിയ ഉദാരമനസ്സ് എടുത്തു പറയേണ്ടതാണ്. മരത്തിൽ കോടാലി വയ്ക്കും മുൻപ് അതിൽ വസിക്കുന്ന സർവ ചരാചരങ്ങളോടും മാപ്പു ചോദിക്കുന്ന പതിവു പലേടത്തും ഉണ്ട്. മണ്ണിൽ തൂമ്പ ഇറക്കുമ്പോഴും പലരും മനസ്സുകൊണ്ടു ക്ഷമ ചോദിക്കും. പാർട്ടി എത്രയൊക്കെ തള്ളിപ്പറഞ്ഞിട്ടും മാധ്യമങ്ങൾ പലതും കോടിയേരിയോടും അതുപോലെ മനസ്സുകൊണ്ടു ക്ഷമ ചോദിച്ചാണ് അദ്ദേഹത്തെ കീറിമുറിച്ചത്. ആ സൗമ്യമുഖം മാധ്യമങ്ങൾക്കു പ്രിയതരമായിരുന്നു. ബിനീഷ് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തൂക്കിക്കൊന്നോട്ടെ എന്നു ചങ്കുറപ്പോടെ പ്രഖ്യാപിക്കുമ്പോഴും ഉള്ളുപിടയുന്ന അച്ഛന്റെ മുഖം മാധ്യമങ്ങൾ കണ്ടില്ലെന്നുവച്ചില്ല.

 കമ്മിഷൻ കൂട്ടത്തിൽ...

കേരളത്തിൽ കാക്കത്തൊള്ളായിരം കമ്മിഷനുകളുണ്ട്. മനുഷ്യാവകാശം മുതൽ വിവരാവകാശം വരെ നീളും ആ പട്ടിക. ഭരിക്കുന്ന കക്ഷികളിൽ തിരഞ്ഞെടുപ്പിൽ സീറ്റു കിട്ടാത്തവർക്കും മത്സരിച്ചു തോറ്റവർക്കും 5 വർഷം കുളിച്ചുണ്ടു പാർക്കാനുള്ള ഇടമാണ് ഈ കമ്മിഷനുകളെന്നു പരക്കെ വിമർശനമുണ്ട്. ഈ കമ്മിഷനുകൾ പാസാക്കുന്ന ഉത്തരവുകൾ സെക്രട്ടേറിയറ്റിൽ എത്തിയാൽ ഉദ്യോഗസ്ഥർ അതു ചവറ്റുകുട്ടയിൽ പോലും ഇടാതെ പൊതുഭരണ വകുപ്പിൽ എത്തിച്ചു തീകൊളുത്താറാണു പതിവ്. അവിടെയാണെങ്കിൽ അഗ്നിരക്ഷാസേനയിൽ സിലക്‌ഷൻ കിട്ടാതെ പോയ ഒട്ടേറെ ജീവനക്കാരുണ്ട്. ഇടയ്ക്കിടെ എന്തെങ്കിലും കത്തിക്കുന്നത് അവർക്കു ഹരമാണ്. കത്തിക്കുന്നിടത്ത് ഇന്ധനം പകർന്ന ലഹരിയുടെ കുപ്പികളും കാണും. അവ പൊലീസ് നോക്കിയാലൊന്നും കാണില്ല. ഫൊറൻസിക്കുകാർ വന്നാൽ പക്ഷേ, പൊക്കിയെടുക്കും.

കമ്മിഷനുകളുടെ കൂട്ടത്തിൽ എന്തുകൊണ്ടും വേറിട്ടുനിൽക്കുന്ന സിങ്കമാണ് ബാലാവകാശ കമ്മിഷൻ. ‘മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണു നീ/മാസങ്ങളിൽ നല്ല കന്നിമാസം’ എന്ന പാട്ടെഴുതുന്ന കാലത്ത് ഇജ്ജാതി കമ്മിഷനുകൾ ഉണ്ടായിരുന്നെങ്കിൽ ‘അച്ചാറിൻ കൂട്ടത്തിൽ ഉപ്പുമാങ്ങ’ എന്ന വരിക്കു പകരം ‘കമ്മിഷൻ കൂട്ടത്തിൽ ബാലാവകാശം’ എന്നു ഗാനരചയിതാവ് എഴുതിപ്പിടിപ്പിച്ചേനെ.

ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കയറി അലമ്പുണ്ടാക്കുന്ന വിവരം അറിഞ്ഞപ്പോൾ ബാലാവകാശ കമ്മിഷന് ഇരിപ്പുറച്ചില്ല. ഒന്നുമില്ലെങ്കിൽ അവിടെ കോടിയേരി ബാലകൃഷ്ണൻ ഉണ്ടെങ്കിൽ അതു ബാലാവകാശ കമ്മിഷന്റെ പരിധിയിൽ വരുമെന്ന ഉറപ്പിലാണ് അങ്ങോട്ടു വച്ചുപിടിച്ചത്. കഷ്ടകാലത്തിനു കോടിയേരി സഖാവ് അവിടെ ഉണ്ടായിരുന്നില്ല. എന്നാൽ, കമ്മിഷനു നിരാശപ്പെടേണ്ടി വന്നില്ല. അവിടെ ബിനീഷിന്റെ മകനായ ബാലൻ ഉണ്ടായിരുന്നു. ഇഡിക്കാർ ബാലാവകാശം ലംഘിച്ചെന്നു കമ്മിഷൻ കണ്ടെത്തി. അവർക്കെതിരെ കേസെടുക്കണമെന്നു പൂജപ്പുര പൊലീസിനു പിടിച്ച പിടിയാലെ നിർദേശവും നൽകി. കല്ലേപ്പിളർക്കുന്ന കമ്മിഷൻ കൽപനയായതിനാൽ പൊലീസ് എടുപിടീന്നു നടപടി എടുക്കുകയും ചെയ്തു.

പിന്നെയാണു കഥയിൽ ട്വിസ്റ്റ് സംഭവിക്കുന്നത്. തങ്ങൾ ഇടപെട്ടതോടെ ബാലാവകാശം പൂർണമായി സംരക്ഷിക്കപ്പെട്ടു എന്നാണു കമ്മിഷൻ അംഗം പറഞ്ഞത്. കേരളത്തിലെ ഒരു കമ്മിഷന്റെയും ഉത്തരവ് രായ്ക്കുരാമാനം നടപ്പായ ചരിത്രമില്ല. ഇഡിക്കാർക്കെതിരെ കേസെടുക്കേണ്ടതില്ലെന്നും തങ്ങൾക്ക് ഒരു പരാതിയുമില്ലെന്നും കൂടി പറയാനുള്ള മഹാമനസ്കത കമ്മിഷൻ കാണിച്ചതു കഥയുടെ ക്ലൈമാക്സ് ഗംഭീരമാക്കി.

പണ്ടൊരു കുറുക്കനും കുറുക്കത്ത്യാരും തമ്മിൽ വഴക്കുണ്ടായപ്പോൾ തർക്കപരിഹാരത്തിനു പുലിയച്ചന്റെ സഹായം തേടിയ പോലെയായി കാര്യങ്ങൾ. കുറുക്കന്റെ മാളത്തിലെത്തിയ പുലിയച്ചൻ 6 കുറുക്കൻകുട്ടികളെ കണ്ട് നാവു നൊട്ടിനുണയുന്നതു കണ്ടപ്പോഴാണു കുറുക്കനും കുറുക്കത്ത്യാർക്കും അപകടം മണത്തത്. അതിബുദ്ധിമതിയായ കുറുക്കത്ത്യാർ പറഞ്ഞു: പുലിയച്ചാ ഞങ്ങടെ വഴക്കു തീർന്നു. ഇനി നിങ്ങൾക്കു പോകാം! അതിലപ്പുറമൊന്നും ബാലാവകാശ കമ്മിഷനും ചെയ്തിട്ടില്ല.

അതിനു പറ്റിയ കയറുണ്ടോ? 

മന്ത്രി കെ.ടി.ജലീൽ ഒരു കാര്യവും ആലോചിക്കാതെ ചെയ്യുകയോ പറയുകയോ ചെയ്യാറില്ല. അദ്ദേഹം എന്തു ചെയ്താലും അതിനു പിന്നിൽ ഒരുപാടു കാലത്തെ ചിന്തയും ഗവേഷണവും ഉണ്ടായിരിക്കും. അതുകൊണ്ടാണു തനിക്കെതിരെ കസ്റ്റംസ് അല്ല, ആരായാലും 10,000 കൊല്ലം അന്വേഷിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞത്.

ഗവേഷണത്തിന്റെ കാര്യത്തിൽ ജലീൽ സായ്‌വ് ഒരു പടുവാണ്. വാരിയൻകുന്നത്തിനെയും ആലി മുസല്യാരെയും കുറിച്ച് അദ്ദേഹം രചിച്ച ഗവേഷണ പ്രബന്ധം ബദർ പടപ്പാട്ടുകൾ പോലെ മലബാറിൽ പ്രചാരം സിദ്ധിച്ചതാണ്. അതിനെതിരെയാണ് ചില അസൂയക്കാർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഷണ്ടിക്കു മരുന്നു കണ്ടുപിടിച്ചതായി പണ്ടു കേട്ടിട്ടുണ്ട്. പക്ഷേ, അസൂയയുടെ മരുന്നു കണ്ടെത്താനുള്ള ഗവേഷണം ഇപ്പോഴും ശൈശവദശയിലാണ്.

തന്റെ കഴുത്തിൽ മുറുക്കാനുള്ള കുരുക്ക് മുറുക്കുന്നവരുടെ കൈ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നു സായ്‌വ് തന്നെ പറയുന്നത് ഊഹാപോഹങ്ങളുടെയോ കിംവദന്തികളുടെയോ അടിസ്ഥാനത്തിലല്ല. അദ്ദേഹം കുറെക്കാലമായി ചകിരിനാര്, നൂൽക്കയർ, ചൂടിക്കയർ, കയർ തുടങ്ങിയവ കൊണ്ടു കഴുത്തിൽ കുരുക്കിട്ടു തൂങ്ങി നോക്കിയതാണ്. ഒടുവിൽ കമ്പക്കയർ തന്നെ പരീക്ഷിച്ചു. എല്ലാ തവണയും കയർ പൊട്ടി സായ്‌വ് താഴെ വീണു. കമ്പക്കയർ പ്രയോഗം നടത്തിയപ്പോൾ കഴുത്തിലുണ്ടായ പാട് സായ്‌വിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർ കണ്ടിട്ടുണ്ട്. ഇതൊന്നും അറിയാത്തവരാണു കസ്റ്റംസിലും ഇഡിയിലുമിരുന്നു വെറുതേ കയറു പിരിക്കുന്നത്.

സ്റ്റോപ് പ്രസ്: ബിജെപി കേരള ഘടകത്തിൽ കലാപം.

‘മെയ്ക് ഇൻ കേരള’ പദ്ധതി പ്രകാരമുള്ള കലാപമാണ്!

Content highlights: Kodiyeri Balakrishnan's leave; reasons

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA