വികസനത്തിന്റെ ജ്വാല തെളിയുമ്പോൾ

HIGHLIGHTS
  • എൽഎൻജി പൈപ്‌ലൈൻ: മുന്നിൽ സാധ്യതകളേറെ
SHARE

ഒരു തിരി തെളിഞ്ഞിട്ടേയുള്ളൂ; അതൊരു വികസന ജ്വാലയായി മാറണമെങ്കിൽ അധ്വാനമേറെ ഇനിയും വേണ്ടിവരും. ശ്രമകരമായ ദൗത്യത്തിനൊടുവിൽ കാസർകോട് ചന്ദ്രഗിരിപ്പുഴയും കടന്ന് കൊച്ചി – കൂറ്റനാട് – മംഗളൂരു പ്രകൃതിവാതക (എൽഎൻജി) പൈപ്‌ലൈൻ പൂർത്തിയായതു ശനിയാഴ്ച രാത്രിയാണ്. 3,300 കോടി രൂപ ചെലവിട്ടു പൂർത്തിയാക്കിയതു വെറുമൊരു പൈപ്‌ലൈനല്ല, വികസനപ്പുലരിയിലേക്കുള്ള 450 കിലോമീറ്റർ വാതകപ്പാതയാണ്.

പത്തു വർഷം മുൻപു കൊച്ചി പുതുവൈപ്പിൽ എൽഎൻജി ഇറക്കുമതി ടെർമിനൽ നിർമാണം തുടങ്ങിയപ്പോൾത്തന്നെ പുതിയൊരു ഊർജവിപ്ലവം വരവറിയിച്ചിരുന്നു. 2013 ഓഗസ്റ്റിൽ ടെർമിനൽ കമ്മിഷൻ ചെയ്തു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വ്യവസായ മേഖലകളിൽ വാതകം എത്തിക്കുന്നതിനുള്ള കൊച്ചി – കൂറ്റനാട് – ബെംഗളൂരു – മംഗളൂരു പൈപ്‌ലൈൻ (കെകെബിഎംപിഎൽ) പദ്ധതിയുടെ നിർമാണജോലികൾ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) ആരംഭിച്ചതു 2010ൽ. ടെർമിനൽ കമ്മിഷൻ ചെയ്തു പന്ത്രണ്ടാം ദിവസം ഫാക്ടും ബിപിസിഎൽ കൊച്ചി റിഫൈനറിയും ഉൾപ്പെടെയുള്ള വ്യവസായശാലകളിൽ പ്രകൃതിവാതകത്തിന്റെ ആദ്യ ഊർജസ്പർശമെത്തി.

പൈപ്‌ലൈൻ പദ്ധതി അതിവേഗം പൂർത്തിയാകുമെന്ന പ്രതീക്ഷ പക്ഷേ, തെറ്റി. ചില മേഖലകളിൽ ശക്തമായ എതിർപ്പുയർന്നു. 2013 അവസാനത്തോടെ പൈപ്പിടൽ പൂർണമായി സ്തംഭിച്ചു. ഗെയ്ൽ അധികൃതരും നിരാശയിലായി. എന്നാൽ, ശക്തമായ പിന്തുണയുമായി സംസ്ഥാന സർക്കാർ 2016ൽ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രത്യേക പ്രോജക്ട് സെൽ ആരംഭിച്ചു. ഒടുവിൽ, കഴിഞ്ഞ ശനിയാഴ്ച ബൃഹത്തായ ആ പദ്ധതിയുടെ ‘കേരള എഡിഷൻ’ പൂർത്തിയായി. ഇതിന്റെ തുടർച്ചയായ കൂറ്റനാട് – ബെംഗളൂരു ലൈനിൽ വാളയാർ വരെയാണു പൈപ്പിട്ടിട്ടുള്ളത്. തമിഴ്നാട്ടിൽ പലയിടങ്ങളിലും പദ്ധതിയോട് എതിർപ്പുള്ളതിനാലാണ് ബെംഗളൂരുവിലേക്കുള്ള പൈപ്പിടൽ പൂർണമാകാത്തത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിന്തുണയ്ക്കൊപ്പം, നേതൃത്വം നൽകിയ ഗെയ്ൽ ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതയുടെ കൂടി സമ്മാനമാണ് ഈ പദ്ധതി. 3 വർഷം നേരിട്ട എതിർപ്പിനെയും പിന്നീടെത്തിയ 2 പ്രളയ ദുരന്തങ്ങളെയും അതിജീവിച്ചാണ് അവർ അഭിമാനകരമായ രീതിയിൽ പദ്ധതി പൂർത്തിയാക്കിയത്. വ്യവസായ ഇന്ധനം, അസംസ്കൃത വസ്തു, വാഹന ഇന്ധനം, പാചകവാതകം എന്നിങ്ങനെ വ്യാപകമായി ഉപയോഗിക്കാൻ കഴിയുന്ന എൽഎൻജിക്കു ഗുണങ്ങളേറെയാണ്. ചെലവു കുറഞ്ഞ ഇന്ധനം; മലിനീകരണം കുറവായതിനാൽ പരിസ്ഥിതിസൗഹൃദവും. വ്യവസായശാലകളുടെ പ്രവർത്തനച്ചെലവു ഗണ്യമായി കുറയ്ക്കാൻ എൽഎൻജിക്കു കഴിയുമെന്നതിന്റെ ഉദാഹരണങ്ങൾ കൊച്ചി വ്യവസായ മേഖലയിലുണ്ട്. ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങൾ എൽഎൻജിയിലേക്കു മാറിയാൽ നേട്ടം ഉറപ്പാണെന്നാണു വിലയിരുത്തൽ.

സിറ്റി ഗ്യാസ് പദ്ധതിയാണു ജനങ്ങളെ നേരിട്ട് എൽഎൻജിയുമായി ബന്ധിപ്പിക്കേണ്ടത്. പൈപ്പിലൂടെ അടുക്കളയിലെത്തുന്ന പാചകവാതകമായും (പിഎൻജി), വാഹന ഇന്ധനമായും (സിഎൻജി) ഉപയോഗിക്കാം. എൽപിജിയെ അപേക്ഷിച്ചു 30 – 40% ചെലവു കുറവാണു പിഎൻജിക്ക്. 24 മണിക്കൂറും ലഭ്യം. സിഎൻജിയാകട്ടെ, വാഹനങ്ങൾക്ക് 25 – 30% അധിക മൈലേജ് നൽകും. പെട്രോൾ – ഡീസൽ ഇന്ധനങ്ങളെക്കാൾ ചെലവു കുറവ്.

പക്ഷേ, 4 വർഷം മുൻപാരംഭിച്ച സിറ്റി ഗ്യാസ് പദ്ധതിക്കു വേഗം കുറവാണ്. പിഎൻജിയും സിഎൻജിയും എറണാകുളത്തിനു പുറത്ത് എത്തിയിട്ടില്ല. കൊച്ചിയിൽത്തന്നെ കഷ്ടിച്ച് 3000ൽ താഴെ വീടുകളിലാണു കണക്‌ഷൻ ലഭിച്ചത്. 10 സിഎൻജി സ്റ്റേഷനുകളും കൊച്ചി പരിസരത്തുതന്നെ. എറണാകുളം ഉൾപ്പെടെ 8 ജില്ലകളിൽ പദ്ധതി നടപ്പാക്കുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡിനു തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള അനുമതികൾ ലഭിക്കാൻ വൈകുന്നുവെന്ന പരാതി പലവട്ടം ഉയർന്നതിനു പിന്നാലെ സർക്കാർ ഇടപെട്ടിരുന്നു. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസിഫിക് ലിമിറ്റഡാണു പദ്ധതി നടപ്പാക്കുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ അടുത്ത ഘട്ടത്തിൽ അനുമതി ലഭിച്ചേക്കും.

പൈപ്‌ലൈൻ പൂർത്തിയായതിന്റെ പ്രയോജനം ജനങ്ങൾക്കു പൂർണതോതിൽ ലഭിക്കണമെങ്കിൽ സിറ്റി ഗ്യാസ് പദ്ധതി സമയബന്ധിതമായി നടപ്പാക്കണം. ഒന്നിനു പിന്നാലെ ഒന്നായി, ചിലപ്പോഴൊക്കെ ഒരുമിച്ചും, എത്തിയ പ്രതിസന്ധികളെ മറികടന്ന് ആദ്യ ചുമർ നിർമിച്ചുകഴിഞ്ഞു, ഇനി, ചിത്രമെഴുതേണ്ട ചുമതല കേരളത്തിനാണ്. പ്രത്യേകിച്ച്, സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA