ADVERTISEMENT

വൃശ്ചികം പിറന്നു. വ്രതശുദ്ധിയോടെ, സമഭാവനയുടെ മന്ത്രങ്ങളുമായി ഭക്തർ മലകയറുന്ന ശബരിമല മണ്ഡല – മകരവിളക്കു തീർഥാടനത്തിനു തുടക്കമായി. തീർഥാടകരുടെ ആരോഗ്യസുരക്ഷയ്ക്കു വേണ്ടിയുള്ള ഒട്ടേറെ നിയന്ത്രണങ്ങളുടെയും മാർഗനിർദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്തവണത്തെ തീർഥാടനം.

സ്വന്തം ആരോഗ്യസുരക്ഷയ്ക്കൊപ്പം സഹതീർഥാടകരുടെ കാര്യത്തിലും ശ്രദ്ധയും കരുതലും ഉണ്ടാകണമെന്നതാണ് ഈ തീർഥാടനകാലത്തിനുള്ള ജാഗ്രതയുടെ ആകത്തുക. മല കയറുന്നതിലും ദർശനവേളയിലുമൊക്കെ തീർഥാടകർ ഇത്തവണ ആരോഗ്യജാഗ്രത പരമാവധി പാലിക്കേണ്ടതുണ്ട്. കോവിഡ് വ്യാപനത്തിനെതിരെയുള്ള നിയന്ത്രണങ്ങളുമായി തീർഥാടകർ സഹകരിക്കണമെന്നു സർക്കാരും ദേവസ്വം ബോർഡും അഭ്യർഥിച്ചിട്ടുമുണ്ട്.

മുൻകൂട്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്കു മാത്രമേ ഇത്തവണ ദർശനത്തിന് എത്താൻ കഴിയൂ. തിങ്കൾ മുതൽ വെള്ളി വരെ 1,000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 2,000 പേർക്കുമാണ് അനുവാദം. മണ്ഡലപൂജ, മകരവിളക്ക് ദിനങ്ങളിൽ 5,000 പേരെയും പ്രവേശിപ്പിക്കും. തുലാമാസപൂജയ്ക്ക് ട്രയൽ നടത്തിയപ്പോൾ ദർശനത്തിനെത്തുന്നവർ കോവിഡ് ഇല്ലെന്നു 48 മണിക്കൂറിനകം നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയായിരുന്നു. ഇപ്പോൾ അത് 24 മണിക്കൂറാക്കിയിട്ടുണ്ട്.

തീർഥാടകരെ കാത്തിരിക്കുന്ന ശരണപാതയ്‌ക്കു മുന്നിൽനിന്ന് ആ പതിവു ചോദ്യം ഇത്തവണയും ചോദിക്കേണ്ടി വരുന്നു: ഒരുക്കങ്ങൾ എവിടെവരെയായി? കോവിഡ് സാഹചര്യങ്ങളിൽ ആ ചോദ്യത്തിനു മുൻപെന്നെത്തെയുംകാൾ പ്രസക്തി കൈവരുന്നുണ്ട്.

നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ മാത്രമേ കോവിഡ് പരിശോധനയ്ക്കു നിലവിൽ സർക്കാർ സംവിധാനം ഒരുക്കിയിട്ടുള്ളൂ. ഇതിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. കോവിഡ് പരിശോധനയ്ക്കായി ഭക്തജനങ്ങൾ മണിക്കൂറുകൾ കാത്തുനിൽക്കുന്ന അവസ്ഥ ഉണ്ടാകരുത്. പതിനെട്ടാം പടിയിലടക്കം ഒരിടത്തും പൊലീസ് തീർഥാടകരെ പിടിച്ചുകയറാൻ സഹായിക്കില്ല. പരിശോധനാ കേന്ദ്രങ്ങളിൽപോലും തീർഥാടകരുടെ ദേഹത്തു സ്പർശിക്കരുതെന്നാണു പൊലീസിനു നൽകിയിരിക്കുന്ന നിർദേശം. ആരോഗ്യവകുപ്പിൽ നിന്ന് ആയിരത്തോളം ജീവനക്കാരെ വിവിധ ഘട്ടങ്ങളിലായി ശബരിമലയിൽ നിയോഗിക്കുന്നുമുണ്ട്.

സന്നിധാനത്തിൽ തീർഥാടകർക്കു വിരിവയ്ക്കാനും വിശ്രമിക്കാനും അനുവാദമില്ല. പമ്പയിൽനിന്നു കുത്തനെയുള്ള മലകയറി എത്തുമ്പോൾ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ വിശ്രമം ആവശ്യവുമാണ്. ഇതിനുവേണ്ടി എന്തു ചെയ്യാമെന്നു ദേവസ്വം ബോർഡും പൊലീസും ആരോഗ്യവകുപ്പും പരിശോധിക്കേണ്ടതുണ്ട്. തീർഥാടകർക്കു പമ്പയിൽ ഇറങ്ങി കുളിക്കാൻ അനുവാദമില്ല. പകരം, മണപ്പുറത്തെ ഷവറുകളിൽ കുളിക്കാം.

അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാൻ കാര്യമായ ഒരുക്കങ്ങൾ ഇല്ലാത്ത തീർഥാടനമാണ് ഇത്തവണത്തേത്. അട്ടത്തോടിനും ചാലക്കയത്തിനും മധ്യേ ശബരിമല പ്രധാനപാത ഇടിഞ്ഞുതാണ ഭാഗത്ത് റോഡ് ബലപ്പെടുത്തുന്ന പണികൾ നടക്കുന്നതേയുള്ളൂ. കെഎസ്ടിപി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി പുനലൂർ - പൊൻകുന്നം റോഡ് വികസനവും നടന്നുവരുന്നു. പുനലൂർ മുതൽ മണ്ണാരക്കുളഞ്ഞി വരെ ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്.

തീർഥാടകരുടെ എണ്ണം കുറവാകുമെന്നതിനാൽ പല ഇടത്താവളങ്ങളും കാര്യമായി ഒരുക്കങ്ങൾ നടത്തിയിട്ടില്ല. പരമാവധി ആരോഗ്യജാഗ്രത പാലിക്കാൻ ഇടത്താവളങ്ങളും ശ്രദ്ധിക്കണം. തീർഥാടകർക്കായുള്ള പ്രത്യേക സർവീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കെഎസ്ആർടിസി ഇനിയും വൈകിക്കൂടാ.

അയ്യപ്പദർശനം സുഗമവും സുരക്ഷിതവുമായി നടത്തുക എന്ന ലക്ഷ്യത്തോടെ അധികൃതർ മുന്നോട്ടുവച്ച നിർദേശങ്ങളൊക്കെയും പാലിക്കാൻ തീർഥാടകർ ആത്മാർഥമായി ശ്രദ്ധവച്ചേതീരൂ. മാതൃകാപരമായി ജാഗ്രത പാലിച്ച്, പരമാവധി സുരക്ഷ ഉറപ്പാക്കി കോവിഡ്കാലത്തെ ശബരിമല തീർഥാടനം സഫലമാക്കാം.

Content highlights: Sabarimala pilgrimage begins

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com